ജോഷ്വ ന്യൂട്ടൺ

Submitted by Kiranz on Sat, 01/15/2011 - 13:29
Name in English
Joshua Newton

1969ൽ കേരളത്തിൽ ജനിച്ച ഇൻഡോ-ആംഗ്ലിയൻ എഴുത്തുകാരൻ. 2005ലെ ഇവാഞ്ചലിക്കൽ പ്രസ്സ് അസ്സോസിയേഷൻ അവാർഡ് ( ഫീച്ചർകഥാ വിഭാഗം),സ്പെയിനിൽ നിന്നുള്ള ലൂയിസ് വാൾട്വേന ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ ഫോട്ടോഗ്രാഫി അവാർഡ് എന്നിവ കരസ്ഥമാക്കിയ ആദ്യ ഏഷ്യക്കാരൻ കൂടിയാണ് ജോഷ്വ.ഏകദേശം ഇരുപത് വർഷത്തിലധികം വിവിധമേഖലകളിലായി പത്രപവർത്തന പരിചയവും വെബ്ബിലും പ്രിന്റ് മീഡിയയിലുമായി അറുപതോളം പബ്ലിക്കേഷനുകളും സ്വന്തമായി ഉണ്ട്. മെൻസ് ഹെൽത്ത്,യു എ ഇ ഡൈജസ്റ്റ് എന്നിവക്ക് ഫീച്ചർ എഡിറ്ററായും കേരളത്തിലെയും വിവിധ ഇന്ത്യൻ പത്രങ്ങളായ ഹിന്ദുസ്ഥാൻ ടൈംസ്,ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ,ഹിന്ദു തുടങ്ങിയ പത്രങ്ങളിലും റിപ്പോർട്ടറായി ജോലി നോക്കിയിട്ടുണ്ട്.

സ്വന്തമായി എഴുതി ചിത്രീകരിച്ച “ബിയോൺ‌ഡ്” എന്ന ചെറുഫിലിം കണ്ട് സംവിധായകൻ ശ്യാമപ്രസാദ് പുതിയ സിനിമക്ക് കഥയെഴുതുവാൻ ക്ഷണിക്കുകയായിരുന്നു. 2009 ആഗസ്റ്റിൽ പുറത്തിറങ്ങിയ “ഋതു” എന്ന മലയാളചലച്ചിത്രമാണ് ആ കൂട്ടുകെട്ടിൽ ഉണ്ടായത്. ഐ ടി രംഗത്തെ മൂന്ന് ചെറുപ്പക്കാരുടെ വികാരവിചാരങ്ങളെ തുറന്നു കാട്ടുന്ന സിനിമ എന്ന നിലയിൽ “ഋതു” പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ശ്യാമപ്രസാദിനോടൊത്ത് പുതിയ സിനിമയുടെ പണിപ്പുരയിലാണ് ജോഷ്വ. ഒരു സൈക്കോളജിക്കൽ ത്രില്ലറാവുന്ന പുതിയ സിനിമ ജോഷ്വയുടെ തിരക്കഥകളിൽ നാലാമത്തേതു കൂടിയാണ്.

റേഡിയോ ജേർണലിസ്റ്റായ ഭാര്യ ബിനിയും, യഥാക്രമം പതിനൊന്നും രണ്ടും വയസ്സും പ്രായമുള്ള മകനും മകളുമടങ്ങുന്ന ചെറിയ കുടുംബവുമൊത്ത് ജോഷ്വ കൊച്ചിയിലാണ് താമസവും ജോലിയും. ഇന്റർനെറ്റിൽ സമയം ചിലവഴിക്കാറുള്ള ജോഷ്വയുടെ മറ്റ് വർക്കുകളും ചിത്രങ്ങളും ബ്ലോഗുമൊക്കെ ജോഷിന്റെ  http://joshcafe.com/ എന്ന വെബ്ബ് സൈറ്റിൽ ലഭ്യമാണ്.