രചയിതാവ്-സംവിധായകൻ-നടൻ. തിരുവനന്തപുരത്ത് ജനിച്ചു വളർന്ന ശങ്കർ രാമകൃഷ്ണന് കുട്ടിക്കാലത്ത് തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സിനിമാ തീയറ്റർ ആണ് സിനിമയിലേക്കുള്ള ആദ്യ ആകർഷണം.തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ പഠനം സാഹിത്യത്തിലും സിനിമയിലുമുള്ള ശങ്കറിന്റെ താല്പര്യത്തിന് ഏറെ പ്രോത്സാഹനമേകി.നിയമത്തിൽ ബിരുദാനന്തരബിരുദധാരിയാണ് ശങ്കർ.തന്റെ ആദ്യകാല ഹ്രസ്വചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പാത്രസൃഷ്ടിയിൽ സൂക്ഷ്മത വരുത്തുവാൻ നിയമ പഠനം സഹായിച്ചിരുന്നു എന്ന് സ്വയം വിലയിരുത്തുന്നു. പഠനത്തിനു ശേഷം ബംഗളൂരിൽ ടൈംസ് ഓഫ് ഇന്ത്യയിൽ ജോലി ചെയ്തു. തിരുവനന്തപുരത്ത്,ക്യാമ്പസിലും യുവജനോത്സവ വേദികളിലും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനൂപ് മേനോനും പിന്നെ സിനിമയോടുള്ള താല്പര്യവും വീണ്ടും ശങ്കറിനെ തിരികെ നാട്ടിലെത്തിച്ചു.
സംവിധായകൻ രഞ്ജിത്തിന്റെ കയ്യൊപ്പ്,പാലേരി മാണിക്യം,തിരക്കഥ എന്നീ ചിത്രങ്ങളിൽ സംവിധാന സഹായിയായി.രഞ്ജിത്ത് അണിയിച്ചൊരുക്കിയ കേരളകഫെയിൽ തികച്ചും വ്യത്യസ്തമായ "ഐലന്റ് എക്സ്പ്രസ്" എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ പൃഥ്വീരാജിന്റെ നേതൃത്വത്തിൽ എത്തിയ ബിഗ് ബജറ്റ് ചിത്രമായ 'ഉറുമി"യുടെ രചന ശങ്കറിന്റേതായിരുന്നു. ശങ്കർ രാമകൃഷ്ണനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന "ലീല" ഇടക്കാലത്ത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. സുരാജ് വെഞ്ഞാറന്മൂടെന്ന ഹാസ്യനടനെ നായകനാക്കി "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ " എന്ന സിനിമ സംവിധാനം ചെയ്യുന്നെന്ന വാർത്തയും ശ്രദ്ധേയമായി.രഞ്ജിത്തിന്റെ തന്നെ ചിത്രമായ "സ്പിരിറ്റിലൂടെ" അഭിനയരംഗത്തും കഴിവ് തെളിയിച്ചു.
- 2024 views