ആഗസ്ത് 13,1982ൽ തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് ശശികലയുടെയും സോമന്റെയും മകനായി ജനിച്ചു. പാട്ടുകൾ പാടുമായിരുന്ന പിതാവിൽ നിന്ന് തന്നെ മൂന്നാം വയസ്സ് മുതൽ കർണ്ണാടക സംഗീതത്തിലെ ബാലപാഠങ്ങൾ അഭ്യസിക്കുവാൻ തുടങ്ങി. സ്കൂൾ കാലഘട്ടത്തിൽ ഇരണിയൽ പെരുമാൾ, നെയ്യാറ്റിങ്കര സുരേന്ദ്രൻ, ചന്ദ്രബാബു , അമ്പലപ്പുഴ വിജയൻ എന്നിവരിൽ നിന്ന് ശാസ്ത്രീയ സംഗീത പാഠങ്ങൾ തുടർന്ന് അഭ്യസിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോഴാണ് സംഗീതത്തിന്റെ പ്രൊഫഷണൽ മേഖലകളിലേക്ക് കടക്കുന്നത്. കോളേജിലെ സീനിയറും വയലിനിസ്റ്റുമായ ബാലഭാസ്ക്കറും മറ്റ് സുഹ്രുത്തുക്കളുമൊത്ത് കൺ-ഫ്യൂഷൻ( കോൺസൻട്രേറ്റഡ് ഇൻ ഫ്യൂഷൻ) എന്ന സംഗീത ബാൻഡ് രൂപപ്പെടുത്തി കോളേജ് വേദികളിൽ പാടിത്തുടങ്ങി. “നീയറിയാൻ” എന്ന ക്യാമ്പസ് ആൽബം രൂപപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ തന്നെ മറ്റൊരു സീനിയറായിരുന്ന ജാസി ഗിഫ്റ്റിനൊപ്പമുള്ള സംഗീതയാത്രകളാണ് സിനിമാ മേഖലയിലേക്ക് വഴിതുറന്നത്. ജയരാജ് സംവിധാനം ചെയ്ത മ്യൂസിക്കൽ ചിത്രം “4 ദി പീപ്പിളിലെ” “ലജ്ജാവതി”യുടെ പിന്നണി ഗായകരായി ഇഷാനും ജാസിഗിഫ്റ്റും ഒന്നിച്ചു. ഗാനം ചിട്ടപ്പെടുത്തുന്നതിലും ഇഷാൻ പങ്ക് വഹിച്ചിരുന്നു. പിൽക്കാലത്ത് ദക്ഷിണേന്ത്യയിൽ ഏറ്റവും ഹിറ്റായി മാറിയ മലയാള ഗാനം എന്ന രീതിയിൽ “ലജ്ജാവതി” അറിയപ്പെടുന്നു. സംഗീതത്തിന്റെ മറ്റ് മേഖലകൾ സ്വന്തമായി സ്വായത്തമാക്കിയ ഇഷാൻ, സംവിധായകൻ ഷാജി കൈലാസിന്റെ “ദി ടൈഗർ” എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ തീം മ്യൂസിക്ക് ഒരുക്കിയാണ് സ്വതന്ത്ര സംഗീത സംവിധായകനായി മാറുന്നത്. മുൻപ് ഒരു പരസ്യത്തിനു വേണ്ടീ ചെയ്ത “കാളിയ വിഷാധര” എന്ന ഗാനം ഈ ചിത്രത്തിന്റെ ടൈറ്റിൽ ഗാനമായി ഉപയോഗിക്കുകയും ചെയ്തു. തുടർന്ന് മലയാളത്തിൽ “ചിന്താമണി കൊലക്കേസ്” , “സൗണ്ട് ഓഫ് ബൂട്ട്” , “ഡോൺ” , “ത്രില്ലർ” തുടങ്ങിയ ചിത്രങ്ങളിലൊക്കെ സംഗീതമൊരുക്കി.
തമിഴിൽ “കൈ “ എന്ന ചിത്രത്തിലൂടെ തുടക്കമിട്ടു. കന്നടയിലാണ് ഇഷാൻ ഏറെ ശ്രദ്ധേയനായി മാറുന്നത്. തമിഴിൽ സൂപ്പർഹിറ്റായി മാറിയ “മൈന” എന്ന ചിത്രത്തിന്റെ കന്നഡ റീമേക്ക് “ഷൈലുവിൽ” ജാസി ഗിഫ്റ്റിന്റെ സംഗീത സംവിധാനത്തിൽ ആലപിച്ച ടൈറ്റിൽ ഗാനം “ഷൈലൂ” കന്നഡയിൽ സൂപ്പർ ഹിറ്റായി മാറി. തുടക്കത്തിൽ ചിത്രത്തിന്റെ ഓർക്കസ്ട്രേഷൻ ഒരുക്കാനായി മാത്രം എത്തിയ ഇഷാന് ഈ ഗാനത്തിന്റെ പോപ്പുലാരിറ്റിക്കൊപ്പം കന്നഡിലെ മികച്ച ഗായകനും, മികച്ച പുതുഗായകനുമുള്ള മിർച്ചി മ്യൂസിക് അവാർഡുകളും ലഭ്യമായിരുന്നു. ഷാൻ എന്ന പേര് മാറ്റി ഇഷാൻ ദേവ് എന്ന പുതിയ പേരു സ്വീകരിക്കാൻ കാരണമായതും കന്നഡ ഗാനരംഗമാണ്. കന്നഡയിൽ നിലവിൽ ഷാൻ എന്നൊരു ഗായകൻ ഉണ്ടായതാണ് ഇത്തരമൊരു പേരു മാറ്റത്തിന് കാരണമായത്.
സംഗീതത്തിൽ സമാനതയുള്ള ഒരു കൂട്ടം ചെറുപ്പക്കാരുമൊത്ത് സ്വന്തമായി രൂപപ്പെടുത്തിയ സംഗീത ബാൻഡും ഇഷാന്റെ നേതൃത്വത്തിൽ സംഗീത ഷോകൾ നടത്തുന്നു. സംഗീതജ്ഞനും ഗായകനുമായി രംഗത്തുള്ള ഇഷാന്റെ ഭാര്യ : ജീന, മകൾ നൈനിക ജീ ഷാൻ. സഹോദരി ഷൈനിമോൾ. ഇഷാന്റെ അമ്മ ശശികല മരിച്ച് പോയിരുന്നു.
ഇഷാൻ ദേവിന്റെ
- ഫേബ് ബുക്ക് പ്രൊഫൈൽ : ഇവിടെയുണ്ട്
- സംഗീത ബാൻഡിന്റെ പേര് Music ID ഇവിടെ കാണാം.
അവലംബങ്ങൾ 1. ഹിന്ദു ആർട്ടിക്കിൾ 2. ടെക്നോപാർക്ക്.കോം ആർട്ടിക്കിൾ