ബെസ്റ്റ് ആക്റ്റർ
ഗ്രാമീണനായ ഒരു അപ്പർ പ്രൈമറി സ്ക്കൂൾ അദ്ധ്യാപകനായ മോഹന്‍ (മമ്മൂട്ടി) എന്ന ചെറുപ്പക്കാരന്റെ സിനിമാ അഭിനയ മോഹവും അതിനുള്ള പരിശ്രമവുമാണ്‍ മുഖ്യപ്രമേയം. ഒരു ഗ്രാമീണന്റെ നിഷ്കളങ്കതയും പെരുമാറ്റ രീതികളുമെല്ലാം ഒരു പ്രമുഖ നടനാവുക എന്ന ആഗ്രഹത്തിനു തടസ്സമാകുന്നുവെങ്കിലും ഉറച്ച ആത്മവിശ്വാസത്തോടെയുള്ള നിരന്തരപ്രയത്നത്തിലൂടെ അയാള്‍ ഒടുവില്‍ ലക്ഷ്യം കണ്ടെത്തുന്നു.
ഗ്രാമത്തിലെ ഒരു അപ്പർ പ്രൈമറി സ്ക്കൂള്‍ അദ്ധ്യാപകനായ മോഹന്‍ (മമ്മൂട്ടി) സിനിമാ അഭിനയം മോഹമുള്ള വ്യക്തിയാണ്. അദ്ധ്യാപനത്തോടൊപ്പം ഗ്രാമത്തിലെ ഒട്ടു മിക്ക സാംസ്ക്കാരിക പ്രവർത്തനങ്ങളിലും വലിയ താല്പര്യത്തോടെ പങ്കെടുക്കുന്ന മോഹൻ ഭാര്യ സാവിത്രി (ശ്രുതി കൃഷ്ണൻ)യും മകന്‍ ഉണ്ണികുട്ടന്‍ (മാസ്റ്റർ വിവാസ്) അടങ്ങുന്ന ചെറുകുടുംബത്തോടെ സ്വസ്ഥതയോടെ ജീവിക്കുന്നുവെങ്കിലും സിനിമയില്‍ അഭിനയിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബത്തിനോടുള്ള ഉത്തരവാദിത്വങ്ങളെയും മറന്ന് പ്രമുഖ സംവിധായകരുടെ അടുക്കല്‍ അവസരം ചോദിച്ച് നടക്കുന്നതും സിനിമാ നടന്മാരെപ്പോലെ വേഷം കെട്ടി നടക്കുന്നതും സുഹൃത്തുക്കളുടെ ഇടയിൽ ചിരിയുയർത്തുന്നുവെങ്കിലും ഭാര്യ അയാളുടെ അഭിനയമോഹത്തെ പ്രോത്സാഹിപ്പിക്കുന്നു. അപ്രതീക്ഷിതമായി പ്രമുഖ സിനിമാ സംവിധായകനായ ശ്രീകുമാറിന്റെ (ശ്രീനിവാസന്‍) സിനിമാ ഷൂട്ടിങ്ങ് മോഹന്റെ സ്ക്കൂളില്‍ നടക്കുന്നു. സ്ക്കൂളിലെ പ്യൂണും മോഹന്റെ സുഹൃത്തുമായ മണി പ്രകാരം അതിലഭിനയിക്കാന്‍ ഒരു ചാന്‍സ് മോഹന്‍ കിട്ടുന്നു. പക്ഷെ അടുത്ത ദിവസം സെറ്റിലെത്തിയ മോഹനു വളരെ നിരാശപ്പെടേണ്ടിവന്നു. അപമാനിതനായി തിരിച്ചു പോന്ന മോഹന്‍ സുഹൃത്തുക്കളുടെ നിര്‍ദ്ദേശപ്രകാരം പഴയ സുഹൃത്തും സംവിധായകനുമായ ജയ്പ്രകാശ് പുല്ലേപ്പള്ളിയെ കാണാന്‍ നഗരത്തിലേക്ക് പോകുന്നു. പക്ഷെ, വയലന്റ് ആക്ഷന്‍ മൂഡിലുള്ള ഒരു ചിത്രത്തിനു മോഹന്റെ ഗ്രാമീണത പേറുന്ന കാഴ്ചപ്പാടും പെരുമാറ്റങ്ങളുമെല്ലാം തടസ്സമാകുന്നു. ഇത്തരം ചിത്രങ്ങളിലഭിനയിക്കാനുള്ള അനുഭവങ്ങളില്ല എന്ന കാരണം കൊണ്ട് അവിടേയും മോഹന്‍ പിന്തള്ളപ്പെടുകയാണ്. നിരാശനായ മോഹന്‍ വീട്ടിലേക്ക് തിരിച്ചു പോയി ഇനി സിനിമയില്‍ നല്ലൊരു വേഷം ലഭിച്ചേ മടങ്ങുകയുള്ളു എന്ന വാശിയില്‍ ഷൂട്ടിങ്ങിനെന്ന വ്യാജേന വീട്ടില്‍ നിന്നും പുറപ്പെടുന്നു. ചെന്നെത്തുന്നത് ഗുണ്ടാസംഘങ്ങളും സംഘട്ടനങ്ങളുമുള്ള ഫോര്‍ട്ട് കൊച്ചിയില്‍. അവിടെ മോഹന്‍ മറ്റൊരു വേഷമണിയുകയാണ്‍..
മാർട്ടിൻ പ്രക്കാട്ട് എന്ന സ്റ്റിൽ (ഫാഷൻ) ഫോട്ടോഗ്രാഫർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
- Read more about ബെസ്റ്റ് ആക്റ്റർ
- 2460 views