മദ്ധ്യാഹ്നസ്വപ്നങ്ങൾ

മദ്ധ്യാഹ്നസ്വപ്നങ്ങൾ വിടർന്നു എന്റെ
മധുരിക്കും ഇരുപതാം വയസ്സിൽ
നറുമണം ലഹരിയായ് തുടിച്ചു
നാണം കൊണ്ടതു ചൊല്ലാൻ മടിച്ചു (മധ്യാഹ്ന..)

പൂക്കൈത പൂക്കുന്ന രഹസ്യം
പൂങ്കാറ്റിന്നധരത്തിൽ പരസ്യം
കാറ്റല കാണാതെയൊളിച്ചു എന്റെ
പകൽ കിനാവുകളിൽ ചിറകടിച്ചു
എൻ ഹൃദയം എന്റെ പ്രപഞ്ചം
എന്നോർമ്മ ഞാൻ മയങ്ങും മഞ്ചം (മദ്ധ്യാഹ്ന..)

പാടാത്ത പാട്ടിന്റെ മധുരം
പാടിയ പാട്ടിനേക്കാൾ ഹൃദ്യം
രാ‍ഗങ്ങൾ കണ്ണീരായുതിർന്നൂ എന്റെ
ചിരിയുടെ തൂവാലകൾ നനഞ്ഞൂ
എൻ ഹൃദയം എന്റെ പ്രപഞ്ചം
എന്നോർമ്മ ഞാൻ ഉറങ്ങും മഞ്ചം (മദ്ധ്യാഹ്ന..)

എന്റെ മനസ്സിൻ ഏകാന്തതയിൽ

എന്റെ മനസ്സിൻ ഏകാന്തതയിൽ
ഞാനൊരു തടവുകാരൻ
സ്വപ്നങ്ങൾ വില നൽകി നേടിയ സ്വർഗ്ഗത്തിൽ
ദുഃഖിക്കും തടവുകാരൻ (എന്റെ...)

അരികിലുണ്ടമൃത സരോവരമെങ്കിലും
അന്തർദ്ദാഹമല്ലോ എനിക്കെന്നും
അന്തർദ്ദാഹമല്ലോ
ആകാശഗംഗാതീർത്ഥവുമായി
ആഷാഡം വന്നീടിലും
ഒരു വർഷം മുകളിൽ ഒരു സരസ്സരികിൽ
ഒരു തുള്ളിയെനിക്കില്ലല്ലോ (എന്റെ...)

മദം പൊട്ടിയുണരും നിലാവിന്റെ പൂവുകൾ
ഒന്നും ചൂടാറില്ലാ എൻ മേനി
ഒന്നും ചൂടാറില്ല
ആ വർണ്ണ വസന്തം ചാർത്തുന്ന ഗന്ധം
ആറാടി നിന്നതില്ലാ
പല കോടി വിളയും രോമാഞ്ചമുളകൾ
ഒരു മൊട്ടുമെനിക്കില്ലല്ലോ (എന്റെ..)

കതിർമണ്ഡപത്തിൽ കാത്തു നിന്നു

Title in English
Kathirmandapathil kaathu

കതിർമണ്ഡപത്തിൽ കാത്തു നിന്നു ഞാൻ
കല്യാണമാല്യം ചാർത്തി വന്നു നീ
പ്രണയവീണയിൽ ശ്രുതി ചേർത്തവൾ ഞാൻ
മദനരാഗം മീട്ടിയതിൽ നീ
(കതിർ...)

കൊതിച്ചു ഞാൻ കോർത്തൊരനുരാഗമാല്യം
കവർന്നെടുത്തു നീ അണിഞ്ഞെങ്കിലെന്തേ
നിനക്കു നേരുന്നു ഞാൻ മംഗളങ്ങൾ
നിറഞ്ഞ സ്വപ്നത്തിൻ മധുമാധവങ്ങൾ
പോയ് വരൂ പോയ് വരൂ പ്രിയ സോദരീ
(കതിർ..)

വിടർന്ന പൊൻപൂക്കൾ പൊയ്പോയ ദുഃഖം
നുകർന്നു ഗ്രീഷ്മത്തെ വരവേൽക്കാമിനി ഞാൻ
നിനക്കു നേരുന്നു ഞാൻ ഭാവുകങ്ങൾ
നിരന്ന സൗഭാഗ്യ ദീപാങ്കുരങ്ങൾ
പോയ് വരൂ പോയ് വരൂ പ്രിയ സോദരീ
(കതിർ..)

കുടുകുടു പാടിവരും

കുടു കുടു കുടു പാടി വരാം
കുറുമ്പുകാരികളേ നിങ്ങടെ
കുശുമ്പു മാറ്റാൻ മരുന്നു തരാം
കുവലയ മിഴിമാരേ
കുടു കുടുകുടു പാടി വരാം
പിടിവാശിക്കാരേ നിങ്ങൾ
തോറ്റാൽ മീയയെടുത്തിടാമോ കോങ്കണ്ണന്മാരേ
പിടിച്ചാലും പിടി മുറ്റാത്തൊരു പർവതമോ ഇതു
മരിച്ചാലും ജീവൻ വെയ്ക്കും ദേവതയോ
എറിഞ്ഞു വീഴുത്തും പശുവാണല്ലോ സൂക്ഷിച്ചോ
ചിരിച്ചു പോയാൽ നമ്മളു വീഴും നോക്കിക്കോ
തളർന്നാലും വമ്പു വിടാത്തൊരു ഫയൽ‌വാനോ ഇതു
ചിരിച്ചോണ്ടു കഴുത്തറക്കും സുന്ദരനോ
പ്രണയം കാട്ടാൻ മിടുക്കനാണേ സൂക്ഷിച്ചോ
മടിച്ചു നിന്നാൽ കടന്നു കളയും നോക്കിക്കോ

കണ്മണിയേ ഉറങ്ങ്

Title in English
Kanmaniye urangu

കണ്മണിയേ ഉറങ്ങ് എൻ
കണിമലരേ ഉറങ്ങ്
കണ്മണിയേ ഉറങ്ങ് എൻ
കണിമലരേ ഉറങ്ങ്
മതി മതി നിനക്കിളയവരിനി
വരികയില്ല നീയുറങ്ങ് - നീയുറങ്ങ്
(കണ്മണിയേ..)

ആരാരിരോ...ആരാരിരോ..
ആരാരിരോ..ആരാരിരോ..ആരാരിരോ

ചിരിയിലല്ലേ തുടക്കം പിന്നെ
പ്രതിജ്ഞയെല്ലാം മുടക്കം
ചിരിയിലല്ലേ തുടക്കം പിന്നെ
പ്രതിജ്ഞയെല്ലാം മുടക്കം
കള്ളക്കണ്ണും കോട്ടുവായും
അപകടത്തിൻ തുടക്കം
നോക്കാതെ എന്നെ നോക്കാതെ
നോക്കാതെ എന്നെ നോക്കാതെ
ഈ നോട്ടത്തിലെൻ ബ്രഹ്മചര്യം
കാഷായം വലിച്ചെറിയും
ആരാരിരോ...ആരാരിരോ..
ആരാരിരോ..ആരാരിരോ..ആരാരിരോ

പൊട്ടിക്കരഞ്ഞുകൊണ്ടോമനേ

Title in English
Pottikkaranju

പൊട്ടിക്കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം
മനസ്സിനെ താമരയാക്കിയ ലക്ഷ്‌മീ
മാപ്പുതരൂ എനിക്കുനീ മാപ്പുതരൂ
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം

ചിലങ്ക കെട്ടിയാൽ

Title in English
Chilanga Kettiyal

ചിലങ്ക കെട്ടിയാൽ പ്രതിമതൻ കാലിൽ
ചിലമ്പുമോ താളം - താളം
തളർന്നുറങ്ങും ഹൃദയവീണയിൽ
തുളുമ്പുമോ രാഗം - രാഗം
തുളുമ്പുമോ രാഗം
ചിലങ്ക കെട്ടിയാൽ പ്രതിമതൻ കാലിൽ
ചിലമ്പുമോ താളം - താളം

കറുത്തവാവിനെ പൗർണമിയാക്കാൻ കൊതിക്കുകില്ലാ ഞാൻ
കറുത്തവാവിനെ പൗർണമിയാക്കാൻ കൊതിക്കുകില്ലാ ഞാൻ
ഇരുളലയെന്നെ വിലപേശിവാങ്ങി
മലർ ഞാൻ പാഴ് നിഴലായി
വസന്തത്തിൻ ഗദ്ഗദമായി
വസന്തത്തിൻ ഗദ്ഗദമായി
(ചിലങ്ക..)

അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

Title in English
Agniparvatham pottitherichu

അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു
അഗ്നിശലാകകള്‍ പാറിനടന്നു (2)
ഈ ദുഃഖജ്വാലതന്‍ തീരഭൂമിയില്‍
ഇനിയെന്തു ചെയ്യും ചിറകറ്റ കുരുവീ
(അഗ്നിപര്‍വ്വതം..)

കൂടപ്പിറപ്പിന്‍ ജീവിതവല്ലരി
പൂവിട്ടു കാണാന്‍ നീയെത്ര കൊതിച്ചു (2)
ഓടിയ നിന്‍ കാലിടറിപ്പോയി
ഒരു കൊച്ചുമോഹം തകര്‍ന്നേ പോയ്
(അഗ്നിപര്‍വ്വതം..)

അപമാനത്തിന്‍ തീച്ചുഴിത്തിരയില്‍
എരിയാനാവില്ലിനിയൊരു നിമിഷം (2)
അന്തം കാണാവഴികളിലൂടെ
അലയുകയോ നീ അനിയത്തീ
(അഗ്നിപര്‍വ്വതം..)

കണ്ണിൽ എലിവാണം കത്തുന്ന

Title in English
Kannil elivaanam

കണ്ണില്‍ എലിവാണം കത്തുന്ന കാലത്ത്
പെണ്ണിനു തോന്നീ മൊഹബ്ബത്ത്
കണ്ണില്‍ എലിവാണം കത്തുന്ന കാലത്ത്
പെണ്ണിനു തോന്നീ മൊഹബ്ബത്ത്
പെണ്ണിനു തോന്നീ മൊഹബ്ബത്ത്

നെയ്ച്ചോറും വേണ്ടാ പാൽച്ചോറും വേണ്ടാ
പശിയില്ലാതുള്ളൊരു ഹാലത്ത്
കാനേത്തു ചെയ്യേണ്ട നേരത്ത്
കണ്ണീരു ചോരുന്ന ഹാലത്ത്
അള്ളോ കണ്ണീരു ചോരുന്ന ഹാലത്ത്

മൊഹബ്ബത്തിന്‍ സിര്‍വ്വും ഹഖീഖത്തും
മൊഞ്ചത്തിപ്പെണ്ണല്ലാതാരറിയും
ആ... ആരറിയും...
ആമോദപ്രായം പതിനാറ് - അള്ളോ
കഞ്ചകത്തേന്‍ചാറ്
മാണിക്യത്താമരപ്പൂമോള്
മാറോടണയ്ക്കേണ്ട പൂങ്കാവ്

അമ്മമാരെ വിശക്കുന്നു

Title in English
Ammamaare vishakkunnu

അമ്മമാരേ വിശക്കുന്നു
അഞ്ചു പൈസാ തരണേ
വയറുകത്തിപ്പുകയുന്നു
വരണ്ട നാവും കുഴയുന്നു
കുടിക്കാനിത്തിരി കഞ്ഞി വേണം
ഉടുക്കാനൊരു മുഴം തുണി വേണം
അമ്മമാരേ വിശക്കുന്നു
അഞ്ചു പൈസാ തരണേ

ഞങ്ങളെ ദൈവം കൈവെടിഞ്ഞു
ഞങ്ങളനാഥരായ് പെരുവഴിയിൽ
ഞങ്ങളെ ദേവിയും കൈവെടിഞ്ഞു
ഞങ്ങടമ്മയും പോയ് മറഞ്ഞു
കരച്ചിൽ ഞങ്ങൾക്കു പാട്ടായി ഇന്ന്
കണ്ണീരു ഞങ്ങൾക്കു കൂട്ടായി
അമ്മമാരേ വിശക്കുന്നു
അഞ്ചു പൈസാ തരണേ