1929 സെപ്റ്റംബർ 27നു തിരുവനന്തപുരം തമ്പാനൂരിൽ കേശവവിലാസം എന്ന് പരിഷ്ക്കരിച്ച വിളപുത്തൻ വീട്ടിൽ കേശവപിള്ളയുടേയും ജാനകി അമ്മയുടേയും മകനായി ആയിരുന്നു വേലപ്പൻ നായർ എന്ന പുകഴേന്തിയുടെ ജനനം. ചെറുപ്പകാലത്ത് തന്നെ കേരളം വിട്ട് തമിഴ്നാട്ടിൽ ചെന്ന് സംഗീത ജീവിതം ആരംഭിക്കുകയായിരുന്നു. തമിഴ് സംഘകാല കവിയായിരുന്ന പുകഴേന്തിയുടെ പേരാണ് അപ്പു എന്ന് വിളിപ്പേരുണ്ടായിരുന്ന വേലപ്പൻ നായർ അപര നാമമായി സ്വീകരിച്ചത്.
തിരുവനന്തപുരത്ത് ചാലയിലെ വി എം യുപി സ്കൂളിൽ ആറാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം മാത്രമേ അദ്ദേഹത്തിനു നേടാൻ കഴിഞ്ഞുള്ളുവെങ്കിലും മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യാൻ നൈപുണ്യം നേടിയത് ജീവിത സാഹചര്യങ്ങളിൽക്കൂടിയാണ്.
സ്കൂൾ വിദ്യാഭ്യാസകാലത്ത് തമിഴ് നാടകങ്ങൾ അവതരിപ്പിക്കാൻ തിരുവനന്തപുരം സി പി സത്രത്തിൽ എത്തിയ ടി പി പൊന്നുപിള്ളയുടെ “മധുര ശ്രീബാലഗാനസഭയിൽ” ആകൃഷ്ടനായി പിന്നീട് മദ്രാസിൽ എത്തിപ്പെടുകയായിരുന്നു.ബാലഗാനസഭ നാടകസഭയായി മാറിയപ്പോൾ അതിൽ അംഗമായിരുന്ന ശിവാജി ഗണേശനൊപ്പം അഭിനയിക്കാനും മറ്റും അവസരം ലഭിച്ചിരുന്നു.ഏറെക്കാലത്തിനു ശേഷം ശക്തിനാടകസഭയിൽച്ചേർന്ന് അവിടെ സംഗീതജ്ഞനായിരുന്ന എം പി ശിവത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് ഹാർമ്മോണിയവും പഠിക്കാൻ തുടങ്ങി.ശക്തിനാടകസഭയുടെ “തോഴൻ” എന്ന നാടകത്തിനു സംഗീതം നിർവ്വഹിച്ചു കൊണ്ട് പുതിയ രംഗത്തേക്ക് പ്രൊഫഷണൽ കാൽവയ്പ്പ് നടത്തി.”പുകഴേന്തി”എന്ന പേര് സ്വീകരിച്ചു കൊണ്ട് മദ്രാസിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
സംഗീതസംവിധായകൻ സി എൻ പാണ്ടുരംഗത്തിന്റെ സഹായിയായി രണ്ടുവർഷക്കാലം ജോലി ചെയ്തു.ഇക്കാലയളവിലാണ് തന്റെ ഗുരു എം പി ശിവത്തിന്റെ സഹായത്താൽ തമിഴ് ചലച്ചിത്രസംഗീത സംവിധായകനായ കെ വി മഹാദേവനെ പരിചയപ്പെടുന്നത്.ഈ ഒരു കൂടിച്ചേരൽ ഒരു പക്ഷേ പുകഴേന്തിയുടെ തുടർന്നുള്ള പ്രൊഫഷണൽ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നെന്ന് പറയാം.കെ വി മഹാദേവനോടൊപ്പം തമിഴ്,തെലുങ്ക് മലയാളം ഭാഷകളിലായി ഏകദേശം 600ല്‍പ്പരം ചിത്രങ്ങളിൽ സഹായിയായി പ്രവർത്തിച്ചു.
മലയാളത്തിൽ പതിനൊന്ന് ചിത്രങ്ങൾക്ക് സ്വതന്ത്രസംഗീത സംവിധാനം നിർവ്വഹിച്ചു.എസ് ജാനകി പാടിയ “ ഗോപുരമുകളിൽ വാസന്തചന്ദ്രൻ” യേശുദാസിന്റെ “അപാരസുന്ദര നീലാകാശം” തുടങ്ങി ഒട്ടേറെ മനോഹര ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു.1965ൽ പുറത്തിറങ്ങിയ മുതലാളി എന്ന ചിത്രമാണ് പുകഴേന്തി മലയാളത്തിൽ ആദ്യ സ്വതന്ത്രസംഗീത സംവിധാനം നിർവ്വഹിച്ച സിനിമ.
വിവാഹിതനും,നാലു മക്കളുടെ പിതാവുമായ പുകഴേന്തി 2005 ഫെബ്രുവരി 27നു തിരുവനന്തപുരത്ത് വച്ച് അന്തരിച്ചു.
- 9562 views