സകുടുംബം ശ്യാമള
ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ശ്യാമള (ഉര്‍വ്വശി) യെ വളര്‍ത്തി വലുതാക്കിയ സഹോദരന്റെ(നെടൂമുടി വേണു) അഭിലാഷങ്ങളെ ധിക്കരിച്ച് ശ്യാമള ഒരു ട്യൂട്ടോറിയല്‍ അധ്യാപകനെ (സായികുമാര്‍) പ്രണയിച്ച് വിവാഹം കഴിച്ച് ഒരു സാധാരണ വീട്ടമ്മയായി കഴിയുന്നു. അപ്രതീക്ഷിതമായ സംഭവങ്ങളോടെ ഒരു രാഷ്ട്രീയ തിരഞ്ഞെടുപ്പില്‍ ശ്യാമള മത്സരിക്കേണ്ടി വരികയും വിജയിക്കുകയും ഒടുവില്‍ സംസ്ഥാനത്തെ മന്ത്രിയാവുകയും ചെയ്തു. ശ്യാമളയുടെ അത്യാഗ്രഹങ്ങളും സ്വാര്‍ത്ഥതയുമൊക്കെ അധികാരമുപയോഗിച്ച് നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വജീവിതത്തില്‍ അതിനു നേരെ തിരിച്ചടികള്‍ വരികയും ഒടുവില്‍ പകയും വിദ്വേഷവും മറന്ന് ജീവിത യാഥാര്‍ത്ഥ്യത്തെ ശ്യാമള മനസ്സിലാക്കുകയും ചെയ്യുന്നു.
സെക്രട്ടറിയേറ്റിലെ റിക്കവറി സെക്ഷനിലെ വെറുമൊരു ക്ലാര്‍ക്കായ വാസുദേവന്റെ (സായികുമാര്‍) ഭാര്യയാണ് ശ്യാമള (ഉര്‍വ്വശി). ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ശ്യാമളക്ക് ഒരേയൊരു സഹോദരനായിരുന്നു സംരക്ഷണം. വിവാഹപ്രായമാകുമ്പോള്‍ ശ്യാമളയെ ഒരു അമേരിക്കന്‍ ചെറുക്കനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്ന സഹോദരന്റെ ആഗ്രഹത്തെ സഫലീകരിക്കാതെ ഒരു ട്യൂട്ടോറിയല്‍ അദ്ധ്യാപകനായ വാസുദേവനെ പ്രണയിച്ച് വിവാഹം കഴിക്കുന്നു ശ്യാമള. ഈയൊരു കാര്യത്തിനു വളരെ സ്നേഹത്തിലായിരുന്ന ശ്യാമളയും സഹോദരനും ശത്രുക്കളാകുന്നു. കാലം വാസുദേവനെ സെക്രട്ടറിയേറ്റിലെ ഒരു ക്ലാര്‍ക്ക് ആക്കുകയും ശ്യാമളയെ ഒരു വീട്ടമ്മയാക്കുകയും സഹോദരന്‍ ശേഖരന്‍ കുട്ടിയെ ഒരു ജില്ലാ കളക്ടര്‍ ആക്കുകയും ചെയ്തു. ശത്രുക്കളെങ്കിലും ഒരു മതിലിനു ഇരുപുറവുമുള്ള വീടുകളിലാണ് ശ്യാമളയും സഹോദരനും താമസം.നിറയെ പണവും പ്രതാവുമുണ്ടാവുകയും വിവാഹപ്രായമായ മകനെ ഒരു അമേരിക്കന്‍ പെണ്‍കുട്ടിയെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും അതുവഴി ബന്ധുജനങ്ങളോട് പ്രതികാരം ചെയ്യണമെന്നുമാണ് ശ്യാമളയുടെ ജീവിതാഭിലാഷം.
സെക്രട്ടറിയേറ്റിലേക്ക് പതിവുപോലെ ഭര്‍ത്താവിനു ഉച്ചയൂണുംകൊണ്ട് പോയ ശ്യാമള അപ്രതീക്ഷിതമായി കൊല്ലങ്കാട് പപ്പന്‍ നയിക്കുന്ന സെക്രട്ടറിയേറ്റ് ജാഥയില്‍ അകപ്പെടുകയും പോലീസിന്റെ മര്‍ദ്ദനമേല്‍ക്കുകയും ചെയ്യുന്നു. തന്റെ രാഷ്ട്രീയ വളര്‍ച്ചക്ക് ആ അവസരം ഉപയോഗപ്പെടുത്താന്‍ കൊല്ലങ്കോട് പപ്പന്‍ ശ്രമിക്കുകയും അത് മൂലം ചാനലുകളിലും പത്രങ്ങളിലും ശ്യാമള ബ്രേക്കിങ്ങ് ന്യൂസായി പോപ്പുലര്‍ ആവുകയും ചെയ്യുന്നു. തൊട്ടടുത്ത് വരുന്ന ഉപതിരഞ്ഞെടുപ്പില്‍ പപ്പന്റെ കേരള പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ശ്യാമളയെ നിശ്ചയിക്കുകയും തിരഞ്ഞെടൂപ്പില്‍ ശ്യാമള വിജയിക്കുകയും മന്ത്രിയാവുകയും ചെയ്യുന്നു. വീണ്ടുവിചാരമില്ലാത്ത വെറുമൊരു വീട്ടമ്മയായ ശ്യാമളക്ക് അധികാരം നല്ലരീതിയില്‍ വിനിയോഗിക്കാനാവുന്നില്ല എന്നു മാത്രമല്ല, കലക്ടര്‍ ആയ സഹോദരനെ ഈ അധികാരമുപയോഗിച്ച് പരസ്യമായി അവഹേളിക്കുകയും ചെയ്യുന്നു.
ഒടുവില്‍ തന്റെ അത്യാര്‍ത്ഥികള്‍ വിഫലമാകുകയും ഭര്‍ത്താവും മകനും മകന്റെ കാമുകിയും തന്റെ ജീവിതത്തിനു പുതിയൊരു വെളിച്ചം നല്‍കുമ്പോള്‍ തന്റേത് വെറും അത്യാഗ്രഹത്തിലുള്ള സ്വപ്ന ജീവിതമാണെന്ന തിരിച്ചറിവില്‍ നിന്ന് ശ്യാമള യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുവരുന്നു.
- Read more about സകുടുംബം ശ്യാമള
- 2065 views