എൻ എൽ ബാലകൃഷ്ണൻ

Submitted by nanz on Wed, 10/27/2010 - 12:44
Name in English
N L Balakrishnan

1943 മെയ് 11നു തിരുവനന്തപുരത്ത് പൌഡിക്കോളത്ത് കെ നാരായണന്റേയും എ. ലക്ഷ്മിയുടേയും ഏകമകനായി ജനനം. ചിത്രകലയിൽ താല്പര്യമുള്ളതുകൊണ്ട് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ചിത്രകല പഠിക്കാൻ ചേർന്നു. ആ കാലങ്ങളിലാണ് ഫോട്ടോഗ്രാഫിയോട് ഇഷ്ടം തോന്നുന്നത്.

ഫോട്ടോഗ്രാഫിയിൽ കഴിവു തെളിയിച്ച എൻ എൽ ബാലകൃഷ്ണൻ കേരളകൌമുദി ദിനപ്പത്രത്തിന്റെ ഫോട്ടോഗ്രാഫറായി. അതിനു ശേഷമാണ് സിനിമയിലേക്കുള്ള വരവ്. ‘കള്ളിച്ചെല്ലമ്മ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി തുടക്കം കുറിച്ചു. തുടർന്ന് സംവിധായകൻ അരവിന്ദന്റെ തമ്പ്, ഉത്തരായനം, കാഞ്ചനസീത തുടങ്ങിയ ഒരു ഡസനോളം ചിത്രങ്ങളിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി.

സംവിധായകൻ രാജീവ് അഞ്ചലിന്റെ ‘അമ്മാനം കിളി’ എന്ന ചിത്രത്തിലൂടെയാണ് ബാലകൃഷ്ണൻ നടനാകുന്നത്. പിന്നീട് കമൽ സംവിധാനം ചെയ്ത ഓർക്കാപ്പുറത്ത് എന്ന സിനിമയിലെ മോഹൻലാലിന്റെ അമ്മാവന്റെ വേഷത്തിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. സത്യൻ അന്തിക്കാടിനെ പട്ടണപ്രവേശം എന്ന ചിത്രത്തിൽ പക്ഷിശാസ്ത്രജ്ഞനായിരുന്നു ബാലകൃഷ്ണനെ ജനപ്രിയമാക്കിയത്.

മൂക്കില്ലാരാജ്യത്ത്, ഉത്സവ മേളം, ഡോക്ടർ പശുപതി തുടങ്ങി 2014ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ  വരെ എത്തിനിൽക്കുന്നു ബാലകൃഷ്ണന്റെ സിനിമാ സഞ്ചാരം.

‘ക്ലിക്ക്’ എന്ന പേരിൽ എൻ എൽ ബാലകൃഷ്ണന്റെ ആത്മകഥ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പ്രമേഹരോഗത്തിന്റെ ചികിത്സയിലായിരുന്ന എൻ എൽ ബാലകൃഷ്ണൻ 2014 ഡിസംബർ 25ന് രാത്രി മരണമടഞ്ഞു.