മീശമാധവൻ
കുടുംബത്തിന്റെ പ്രാരബ്ധം കാരണം കള്ളനാകേണ്ടി വന്ന മാധവന്‍, തന്റെ ബദ്ധവൈരിയായ ഭഗീരഥന്‍ പിള്ളയുടെ കയ്യില്‍ നിന്ന് തന്റെ വീടിന്റെ ആധാരം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് മീശമാധവനിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
അച്ഛന്‍ വരുത്തിവെച്ച കടങ്ങള്‍ വീട്ടാനായി ചെറുപ്രായത്തിലെ കള്ളനാകേണ്ടി വന്ന മാധവന്‍(ദിലീപ്), വലുതാകുമ്പോള്‍ ചേക്ക് ഗ്രാമത്തിലെ ആസ്ഥാന കള്ളനായി മാറുന്നു. മാധവന് മീശമാധവനെന്ന വിളിപ്പേരും കിട്ടുന്നു.മീശമാധവന്‍ ആരെയെങ്കിലും നോക്കി മീശപിരിച്ചാല്‍ അന്നാവീട്ടില്‍ കയറി മോഷ്ടിച്ചിരിക്കും.
അച്യുതന്‍ നമ്പൂതിരിയുടെ(ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍) മകള്‍ പ്രഭയുടെ (ജ്യോതിര്‍മയി) കല്യാണത്തിനുവേണ്ടി മാധവന്‍ ഭഗീരഥന്‍ പിള്ളയുടെ (ജഗതി ശ്രീകുമാര്‍) അലമാരയില്‍ നിന്നും നമ്പൂരിച്ചന്റെ വീടിന്റെ ആധാരം മോഷ്ടിക്കുന്നു. ഇതിനിടക്ക് ഡിഗ്രിക്ക് പഠിക്കാന്‍ പോയ പിള്ളേച്ചന്റെ മകള്‍ രുക്മിണി(കാവ്യ മാധവന്‍) പഠനം കഴിഞ്ഞ് തിരിച്ചു വരുന്നു. പ്രഭക്ക് തന്നോട് ഇഷ്ടമുണ്ടായിരുന്നുവെന്ന് മാധവന്‍ അറിയുന്നു.പ്രഭയുടെ കല്യാണം കഴിഞ്ഞ് കടം വാങ്ങിയ പണം അച്യുതന്‍ നമ്പൂതിരി തിരിച്ചുകൊടുക്കുമ്പോഴാണ് ആധാരം മാധവന്‍ മോഷ്ടിച്ചെടുത്തത് പിള്ളേച്ചന്‍ മനസ്സിലാക്കുന്നത്. മാധവന്‍ തനിക്ക് തരാനുള്ള തുക മുഴുവനായി തിരിച്ചുകിട്ടാന്‍ പിള്ളേച്ചന്‍ വക്കീലിനെ സമീപിച്ച് കേസേല്‍പ്പിക്കുന്നു. ആധാരം മോഷ്ടിക്കാതിരിക്കാന്‍ അതും വക്കീലിനെ ഏല്‍പ്പിക്കുന്നു. മാധവനെതിരെ കേസ് കൊടുത്തകാര്യം മാധവനെ അഡ്വ.മുകുന്ദനുണ്ണി(സലിം കുമാര്‍) അറിയിക്കുന്നു.
പട്ടാളക്കാരന്‍ പുരുഷു (ജയിംസ്) ഒരു വര്‍ഷം കഴിഞ്ഞേ വരൂ എന്ന മാധവന്റെ വാക്കും വിശ്വസിച്ച് പുരുഷുവിന്റെ ഭാര്യയുമായി(ഗായത്രി) രഹസ്യബന്ധത്തിനു ശ്രമിക്കുന്ന പിള്ളേച്ചന് പുരുഷുവിന്റെ കയ്യില്‍ നിന്നും തോക്കിന്റെ പാത്തിക്ക് അടിവാങ്ങുന്നു. കഴുത്തുളുക്കിയ പിള്ളേച്ചന്‍ അത് ചെയ്തത് മാധവനാണെന്ന് ഭാര്യയേയും(അംബികാ മോഹന്‍) മകളേയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. അതു വിശ്വസിച്ച രുക്മിണി ഈരാറ്റു താഴത്തെ തമിഴന്‍ ചെക്കന്മാരെക്കൊണ്ട് മാധവനെ തല്ലിക്കാന്‍ ശ്രമിക്കുന്നു. അവരെ തല്ലിയോടിച്ച ശേഷം, മാധവന്‍ രുക്മിണിയെ നോക്കി മീശ പിരിക്കുന്നു. അന്നു രാത്രി മാധവന്‍, സുഹൃത്തായ സുഗുണന്റെയും(ഹരിശ്രീ അശോകന്‍) ,ലൈന്‍മാന്‍ ലോനപ്പന്റെയും (മച്ചാന്‍ വര്‍ഗ്ഗീസ്)സഹായത്തോടെ പിള്ളേച്ചന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്നതിനിടയില്‍ രുക്മിണിയൊരുക്കിയ കെണിയില്‍ കുരുങ്ങുന്നു.പിള്ളേച്ചന്റെ കഴുത്തുളുക്കിയത് എങ്ങനെയാണെന്ന് പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി മാധവന്‍ രക്ഷപ്പെടുന്നു.
പുതുതായി വന്ന സബ് ഇന്‍സ്പെക്ടര്‍ ഈപ്പന്‍ പാപ്പച്ചി(ഇന്ദ്രജിത്ത് സുകുമാരന്‍) മാധവനോട് മീശ വടിച്ചു കളയാന്‍ ആവശ്യപ്പെടുന്നു. മാധവന്‍ അമ്പലത്തിലെ ഉത്സവത്തിന് കാവടിയെടുത്തിരിക്കുന്നതിനാല്‍ അതില്‍ നിന്നും ഒഴിവാകുന്നു. വീണ്ടും തന്റെ വീട്ടില്‍ കയറി മോഷ്ടിക്കാന്‍ രുക്മിണി മാധവനെ വെല്ലുവിളിക്കുന്നു. മാധവന്‍ അന്നുരാത്രി രുക്മിണിയുടെ അരഞ്ഞാണം മോഷ്ടിക്കുന്നു. അതറിയുന്ന രുക്മിണിയും ഭഗീരഥന്‍ പിള്ളയും, സഹായി ത്രിവിക്രമനും(കൊച്ചിന്‍ ഹനീഫ) കൂടി ഈപ്പന്‍ പാപ്പിച്ചിയെക്കൊണ്ട് കള്ളക്കേസുണ്ടാക്കി മാധവനെ പിടിയിലാക്കാന്‍ ശ്രമിക്കുന്നു. അതിനിടയില്‍പ്പെട്ട് മാധവന്റെ സഹോദരി ലതയുടെ (കാര്‍ത്തിക ) കല്യാണാലോചന മുടങ്ങുന്നു. രുക്മിണി ഇതറിയുകയും, അമ്മയില്‍ നിന്ന് തന്റെയും, മാധവന്റെയും കുട്ടിക്കാലത്തെ ചങ്ങാത്തത്തെക്കുറിച്ച് കേള്‍ക്കുകയും ചെയ്യുന്നു. രുക്മിണി കുറ്റബോധംകൊണ്ട് മാധവനോട് മാപ്പ് പറയുന്നു. തുടര്‍ന്ന് മാധവനും രുക്മിണിയും പ്രണയബദ്ധരാകുന്നു.
രുക്മിണിയെ അപമാനിക്കാന്‍ ശ്രമിക്കുന്ന ഈപ്പന്‍ പാപ്പച്ചിയെ മാധവന്‍ അടിച്ചവശനാക്കുന്നു. മാധവനും, രുക്മിണിയും തമ്മിലുള്ള ബന്ധം ഈപ്പന്‍ പാപ്പച്ചി പിള്ളേച്ചനെ അറിയിക്കുന്നു. രുക്മിണിയെ പിള്ളേച്ചന്‍ മുറിയലടച്ചിടുന്നു. മാലതിയുടെ കല്യാണം ബാലനുമായി നിശ്ചയിക്കുന്നു.ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവെച്ചില്ലെങ്കില്‍ മാധവനെ അറസ്റ്റ് ചെയ്യുമെന്ന് മുകുന്ദനുണ്ണി മാധവനെ അറിയിക്കുന്നു. മാധവന്‍ പിള്ളേച്ചനുമായി ഒത്തുതീര്‍പ്പിനു ശ്രമിക്കുന്നു. തന്റെ മകളോടുള്ള പ്രണയം സത്യമല്ലെന്ന് അവളോട് പറഞ്ഞാല്‍ കേസില്‍ നിന്നൊഴിവാക്കാമെന്ന് പിള്ളേച്ചന്‍ പറയുന്നു. മാധവന്‍ പക്ഷേ അതിനു തയ്യാറാവുന്നില്ല. മാത്രമല്ല ഏതുവിധേനയും മാലതിയുടെ കല്യാണം നടത്തുമെന്നും മാധവന്‍ പറയുന്നു. കോടതിയില്‍ കെട്ടിവെക്കാനുള്ള പണം കണ്ടെത്താന്‍ വിഷമിക്കുന്ന മാധവനെ ബാലന്‍ പണം നല്‍കി സഹായിക്കുന്ന. അതാരോടും പറയരുതെന്നും ബാലന്‍ ആവശ്യപ്പെടുന്നു. ഇതിനിടയില്‍ അമ്പലത്തിലെ തേവരുടെ വിഗ്രഹം മോഷണം പോകുന്നു. അതു മാധവനാണ് മോഷ്ടിച്ചതെന്ന് നാട്ടില്‍ ശ്രുതി പടരുന്നു. മാധവന്‍ പോലീസ് പിടിയിലാവുന്നു. കോടതിയിലേക്ക് പോകുന്നവഴിക്ക് മാധവന്‍ പോലീസ് ജീപ്പില്‍ നിന്ന് പുഴയിലേക്ക് ചാടി രക്ഷപ്പെടുന്നു.
*‘രണ്ടാംഭാവം” എന്ന തന്റെ ചിത്രത്തിന്റെ പരാജയത്തിനു ശേഷം അതേ ടീമിന്റെ തന്നെ ഒരു വിജയചിത്രം ഒരുക്കുക എന്ന ലക്ഷ്യത്തില്‍ ലാല്‍ജോസ് ചെയ്ത ചിത്രം (ഈ വിവരം ലാല്‍ ജോസ് പല ഇന്റര്‍വ്യൂകളിലും പറഞ്ഞിട്ടൂണ്ട്)
*നിര്‍മ്മാതാവ് സുബൈര്‍ (വര്‍ണ്ണചിത്ര) സുധീഷ് (കലാസംഘം) എന്നിവര്‍ ആദ്യമായി ഒരുമിച്ചു ചെയ്ത ചിത്രം. ഇതിനു ശേഷം ലാല്‍ ജോസിന്റെ തന്നെ “പട്ടാളം” എന്ന ചിത്രം ഇവര്‍ ഇതേ ബാനറില്‍ ചെയ്തു. അത് പരാജയമായിരുന്നു. പിന്നീട് ഈ നിര്‍മ്മാതാക്കാള്‍ ഒറ്റക്കൊറ്റക്ക് സിനിമ നിര്‍മ്മിച്ചു. സുബൈര്‍ ‘മനസ്സിനക്കരെ’ യും സുധീഷ് ‘രസികനും’ ചെയ്തു. മനസ്സിനക്കരെ വിജയമായപ്പോള്‍ ‘രസികന്‍’ പരാജയമായിരുന്നു.
* ജനപ്രിയ നായകന്‍ എന്നൊരു പേര്‍ ദിലീപിനു മുന്‍പേ ചാര്‍ത്തിക്കൊടൂത്തിരുന്നെങ്കിലും മീശമാധവന്റെ വിജയത്തോടേയാണ് ‘ജനപ്രിയ നായകന്‍’ എന്ന പേരില്‍ ദിലീപെന്ന മറ്റൊരു (സൂപ്പര്‍) താരം പിറവിയെടുക്കുന്നത്.
പോലീസില്‍ നിന്നും നാട്ടുകാരില്‍ നിന്നും രക്ഷനേടാനായി മാധവന്‍ ഈപ്പന്‍പാപ്പച്ചിയുടെ വീട്ടില്‍ ഒളിക്കുന്നു. ഈപ്പന്‍ പാപ്പച്ചിയും,കൂട്ടരുമാണ് തേവരുടെ വിഗ്രഹം മോഷ്ടിച്ചതെന്നും,വിഗ്രഹം മുള്ളാണി പപ്പന്റെ(മാള അരവിന്ദന്‍) കിണറ്റിലാണെന്നും അവരുടെ സംഭാഷണത്തില്‍ നിന്നും മാധവന്‍ മനസ്സിലാക്കുന്നു. വിഗ്രഹം മോഷ്ടിച്ചവരെക്കൊണ്ടു തന്നെ എടുപ്പിക്കാന്‍ മാധവന്‍ മുള്ളാണി പപ്പനുമായി ചേര്‍ന്നൊരു തന്ത്രം മെനയുന്നു.
മാധവന്‍ ഈപ്പന്‍ പാപ്പച്ചിയേയും സംഘത്തേയും നേരിടുന്നു. അവര്‍ മാധവനെ ഈപ്പന്‍ പാപ്പച്ചിയുടെ വീട്ടില്‍ കെട്ടിയിടുന്നു. മാധവന്റെ കൂടെ ചാക്കില്‍ ഒളിച്ചുവരുന്ന മുള്ളാണി പപ്പന്‍ മാധവനെ അഴിച്ചു വിടുന്നു. ഈപ്പന്‍ പാപ്പച്ചിയും കൂട്ടരും വിഗ്രഹമെടുക്കാന്‍ കിണറ്റിലിറങ്ങുന്നു. ആ സമയത്ത് മാധവന്‍ നാട്ടുകാരെ ഈ കാര്യം അറിയിക്കുന്നു. ആദ്യം വിശ്വസിക്കുന്നില്ലെങ്കിലും, തുടര്‍ന്ന് അവര്‍ കിണറിനടുത്തേക്ക് നീങ്ങുന്നു. നാട്ടുകാര്‍ ഈപ്പന്‍ പാപ്പച്ചിയെ വിഗ്രഹവുമായി കാണുന്നു. അവിടെ വെച്ച് മാധവനും, ഈപ്പന്‍ പാപ്പച്ചിയുമായി ഒരു സംഘട്ടനമുണ്ടാകുന്നു. നാട്ടുകാര്‍ ഈപ്പന്‍ പാപ്പച്ചിയെ പോലീസ് വരുന്നതു വരെ മരത്തില്‍ കെട്ടിയിടുന്നു.
ഇതിനിടയില്‍ മാധവന്‍ രുക്മിണിയെ നോക്കി മീശ പിരിക്കുന്നു. മാധവന് രുക്മിണിയെ കല്യാണം കഴിച്ചുകൊടുത്തിലെങ്കില്‍ അവന്‍ രുക്മിണിയെ കടത്തിക്കൊണ്ടു പോകുമെന്ന് അച്യുതന്‍ നമ്പൂതിരി പറയുന്നു. അവസാനം ഭഗീരഥന്‍ പിള്ള മാധവന്റെയും രുക്മിണിയുടെയും വിവാഹത്തിനു സമ്മതിക്കുന്നു.
- Read more about മീശമാധവൻ
- Log in or register to post comments
- 5152 views