ചിത്രമിറങ്ങിയപ്പോൾ 1980-ൽ ആത്മഹത്യ ചെയ്ത നടി ശോഭയുടെ കഥയാണിതെന്ന പേരിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലേതു പോലെ ശോഭ സംവിധായകനായ മുൻപേ വിവാഹിതനായിരുന്ന ബാലു മഹേന്ദ്രയെ വിവാഹം ചെയ്യുകയും അതിനു ശേഷം അറിയപ്പെടാത്ത കാരണങ്ങളാൽ ആത്മഹത്യ ചെയ്യുകയുമാണുണ്ടായത്. വർഷങ്ങൾക്കു ശേഷം ചിത്രത്തിന്റെ കഥാതന്തു ശോഭയുടെ ജീവിതം ആണെന്നു കെ ജി ജോർജ്ജ് വെളിപ്പെടുത്തുകയുണ്ടായി.
ചിത്രത്തിലെ നായിക ലേഖയെപ്പോലെ ശോഭയും ചെറിയ പ്രായത്തിൽ തന്നെ മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയിരുന്നു.
ചിത്രത്തിൽ സംവിധായകൻ കെ ജി ജോർജ്ജ് ഒരു സീനിൽ ടെലിഫോൺ ചെയ്യുന്നതായി കാണിക്കുന്നുണ്ട്. സംവിധായകൻ ഭരതൻ, നടൻമാരായ രതീഷ്, മണിയൻപിള്ള രാജു, രാമു എന്നിവരും ചിത്രത്തിൽ ഏതാനും രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
"പ്രഭാമയീ പ്രാഭാമയി" എന്ന ഗാനം ഗായകൻ പി ജയചന്ദ്രൻ സ്റ്റുഡിയോയിൽ പാടുന്നതായി തന്നെ ചിത്രീകരിച്ചിരിക്കുന്നു.
സിനിമക്കുള്ളിലെ സിനിമ പ്രമേയമായി വരുന്ന മലയാളത്തിലെ ആദ്യചിത്രങ്ങളിലൊന്നാണിത്.
സിനിമയിൽ സൂപ്പർതാരം പ്രേം സാഗറായി അഭിനയിച്ച മമ്മൂട്ടി പിന്നീട് യഥാർത്ഥത്തിൽ സൂപ്പർതാരമായി മാറി.
സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ഇന്നസെന്റ് ചിത്രത്തിൽ അഭിനയിക്കുകയും പിന്നീട് പ്രശസ്ത നടനായി മാറുകയും ചെയ്തു.
സിനിമയുടെ കഥക്കു പ്രേരണയായ ശോഭ കെ ജി ജോർജ്ജിന്റെ "ഉൾക്കടൽ" എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ചിത്രം ചർച്ചാ വിഷയമാകുകയും ധാരാളം ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തെങ്കിലും ആ വർഷത്തെ സംസ്ഥാന അവാർഡുകളൊന്നും നേടാനായില്ല.
ഈ ചിത്രത്തിലെ ഗാനങ്ങൾ പാടിയ സെൽമാ ജോർജ്ജ് സംവിധായകൻ കെ ജി ജോർജ്ജിന്റെ ഭാര്യയാണു. അതു പോലെ ലേഖയുടെ അമ്മാവൻ നാണുക്കുട്ടന്റെ വേഷത്തിൽ അഭിനയിച്ച മോഹൻ ജോസ്, സെൽമ ജോർജ്ജിന്റെ സഹോദരനുമാണു.
ചിത്രത്തിൽ പ്രൊഡക്ഷൻ കൺട്രോളർ അൻസാരിയായി അഭിനയിച്ച പി എ ലത്തീഫ് പല ചിത്രങ്ങളുടേയും പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്തിട്ടുണ്ട്.