പൂർണ്ണ നാമം ഇരുപ്പം വീട് ശശിധരൻ. 1948 മാര്‍ച്ച് 28 ന് ജനനം. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലത്തില്‍ ഡപ്ലോമ നേടി. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ഡിഗ്രിക്കു പഠിക്കുമ്പോളാണ് ഒരു കല്യാണവീട്ടില്‍ വച്ച് ബന്ധു കൂടിയായ എസ് കൊന്നനാട്ട് എന്ന പ്രശസ്തനായ കലാസംവിധായകനെ പരിചയപ്പെടുന്നത്. സിനിമ എന്ന സ്വപ്നത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞുവെങ്കിലും ആദ്യം പഠനം കഴിയട്ടെ എന്ന് പറഞ്ഞു കൊന്നനാട്ട് അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. ആയിടയ്‌ക്ക് കോളജില്‍ നിന്ന് അദ്ദേഹം സസ്പെന്‍ഡ് ചെയ്യപ്പെട്ടു. വീട്ടുകാരെ അഭിമുഖീകരിക്കാനുള്ള മടി കൊണ്ട് കൈയ്യിൽ കിട്ടിയതെല്ലാം പെട്ടിയിലാക്കി തൃശൂരുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് ട്രെയിന്‍ കയറി. എന്നാൽ വണ്ടി ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്നപ്പോള്‍ അടുത്ത പ്ളാറ്റ്ഫോമില്‍ കിടന്നിരുന്ന മാംഗ്ലൂര്‍- മദ്രാസ് ട്രെയിനിലേക്ക് ഒന്നും ആലോചിക്കാതെ അദ്ദേഹം കയറി. അങ്ങനെ ഇരുപതാം വയസ്സിൽ സിനിമയോടുള്ള അഭിനിവേശം അദ്ദേഹത്തെ മദ്രാസ്സിൽ എത്തിച്ചു.
മദ്രാസ്സിൽ എത്തി കൊന്നനാട്ടിനെ കണ്ടുപിടിക്കാനുള്ള ശ്രമം ഫലവത്തായില്ല. അതിനിടയിൽ സിനിമയുടെ ബാനറുകള്‍ വരയ്‌ക്കുന്ന ഒരു സംഘത്തെ പരിചയപ്പെടുകയും, ചിത്രകല പഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിച്ചപ്പോള്‍ വരയ്‌ക്കാൻ അദ്ദേഹത്തിനു അവസരം ലഭിക്കുകയും ചെയ്തു. എന്നാൽ വലിയ ബാനറുകൾ വരയ്‌ക്കുന്നതിലെ പരിചയക്കുറവ് അദ്ദേഹത്തിനു വിലങ്ങു തടിയായി. ഏറെ നാളുകൾക്ക് ശേഷം മാത്രമാണ് അദ്ദേഹത്തിനു കൊന്നനാട്ടിനെ കണ്ടെത്താൻ കഴിഞ്ഞത്. വീട് വിട്ടതിൽ അദ്ദേഹം ശശിയെ ശാസിച്ചുവെങ്കിലും അദ്ദേഹത്തിന്റെ സഹായിയായി തുടരാന്‍ അനുവദിച്ചു. കലാസംവിധാനത്തിന്റെ ബാലപാഠങ്ങൾ അദ്ദേഹം പഠിച്ചത് കൊന്നനാട്ടിന്റെ സഹായിയായ് അവസരത്തിലായിരുന്നു. ഒരിക്കൽ പ്രശസ്ത സംവിധായകന്‍ കെ എസ് സേതുമാധവന്റെ സിനിമയ്‌ക്കു വേണ്ടി സെറ്റിടാന്‍ തിരക്കുമൂലം കൊന്നനാട്ട് ശശിയോട് ആവശ്യപ്പെട്ടു. അന്ന് വളരെ റിയലിസ്റ്റിക്കായി ശശി ചെയ്ത ആ സെറ്റ് സേതുമാധവന് ഇഷ്ടപ്പെടുകയും പിന്നീടുള്ള അദ്ദേഹത്തിന്റെ സിനിമകളിൽ സഹകരിപ്പിക്കുകയും ചെയ്തു. 1968 ൽ പുറത്തിറങ്ങിയ എ ബി രാജിന്റെ കളിയല്ല കല്ല്യാണം എന്ന ചിത്രത്തിലൂടെ അദ്ദേഹം സ്വതന്ത്ര കലാസംവിധായകനായി. പിന്നീട് നിരവധി ചിത്രങ്ങള്‍ക്കു കലാസംവിധാനം ചെയ്തു. അതിനിടയിൽ ഛായാഗ്രഹണ സഹായിയായും പ്രവർത്തിച്ച ഐ വി ശശി, 1971 ൽ പുറത്തിറങ്ങിയ വിപിൻ ദാസ് ചിത്രമായ പ്രതിധ്വനിക്കു വേണ്ടി ക്യാമറ ചലിപ്പിക്കുകയും ചെയ്തു.
ശശിയുടെ സുഹൃത്തും കോളജില്‍ അദ്ദേഹത്തിന്റെ സീനിയറുമായിരുന്ന ഹരിഹരന്‍ അന്ന് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിരുന്നു. എ ബി രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ ഡീലക്സ് എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ജോലി, തിരക്കുമൂലം ഹരിഹരന്‍ ഐ വി ശശിയെ ഏല്‍പ്പിച്ചു. തുടക്കക്കാരനെന്ന നിലയിൽ അതിൽ സംഭവിച്ച പിഴവുകൾ അദ്ദേഹത്തിന്റെ തലയിലായി. അതോടെ സംവിധാനം പഠിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. ആര്‍ട്ട് ഡയറക്ടറുടെ ജോലി കഴിഞ്ഞ് ബാക്കി സമയം അദ്ദേഹം സംവിധായകരെ നിരീക്ഷിക്കാന്‍ തുടങ്ങി. അങ്ങനെ പതിയെ സംവിധാനം അദ്ദേഹം പഠിച്ചെടുത്തു. രണ്ടു സിനിമകള്‍ പേരു വയ്‌ക്കാതെ ചെയ്ത ശേഷമാണ് ഉത്സവം എന്ന ചിത്രം പേരു വച്ച് ചെയ്യാന്‍ അദ്ദേഹത്തിനു അവസരം വന്നത്. പ്രേം നസീറും മധുവും ഇല്ലാത്ത ഒരു ഹിറ്റ് ചിത്രത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവാത്ത കാലഘട്ടത്തില്‍ അദ്ദേഹം അന്നത്തെ സ്ഥിരം വില്ലനായിരുന്ന കെ പി ഉമ്മറിനെ നായകനാക്കിയാണ് ഉത്സവം എന്ന ചിത്രം ചെയ്തത്. ഐ വി ശശിയുടെ നിർബന്ധത്തിനു ആദ്യം വഴങ്ങാതിരുന്ന ഉമ്മർ, പിന്നീട് നായകനാകുവാൻ സമ്മതിച്ചു. ശ്രീവിദ്യ മാത്രമായിരുന്നു അതിൽ അറിയപ്പെടുന്ന നടി. സോമന്‍, രാഘവന്‍, സുകുമാരന്‍ തുടങ്ങി ചെറിയ റോളുകളില്‍ ഒതുങ്ങി നിന്നിരുന്നവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തത്. ഒരു വര്‍ഷത്തോളം വിതരണത്തിന് ആളെക്കിട്ടാതെ ആ ചിത്രം പെട്ടിയിലിരുന്നു. ഒടുവിൽ കലാനിലയം കൃഷ്ണന്‍ നായര്‍ ഈ ചിത്രം വിതരണം ചെയ്യുവാൻ തയ്യാറാകുകയായിരുന്നു. ആദ്യ ദിനങ്ങളിൽ കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ലെങ്കിലും പിന്നീട് ജനങ്ങൾ ഏറ്റടുത്തതോടെ ചിത്രം ഹിറ്റായി മാറി. രണ്ടാം സിനിമ അനുഭവം, ശ്രീദേവിയെ നായികയാക്കി മൂന്നാം ചിത്രം ആലിംഗനം എന്നിവയെല്ലാം ശ്രദ്ധിക്കപ്പെട്ടു. ഇതാ ഇവിടെ വരെ എന്ന സെറ്റിൽ ഒരു ചെറു വേഷത്തിൽ അഭിനയിക്കാനെത്തിയ ജയൻ പിന്നീട് ശശിയുടെ നല്ല സുഹൃത്തായി മാറി. ഇരുവരുമൊന്നിച്ച അങ്ങാടിയെന്ന ചിത്രത്തിലൂടെ ജയൻ ജനപ്രിയ നടനുമായി മാറി.
ജയനെ നായകനാക്കി തുഷാരം എന്ന ചിത്രം ചെയ്യാനിരിക്കെയാണ് ആകസ്മികമായ ജയന്റെ അപകടമരണം. ആ സമയമാണ് രതീഷിനെ അദ്ദേഹം ശ്രദ്ധിക്കുന്നതും അദ്ദേഹം തുഷാരത്തിൽ നായകനാകുന്നതും. ചിത്രീകരണത്തിനു മുന്നേ ഐ വി ശശിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം രതീഷിനെ ഫൈറ്റും നൃത്തവും പഠിപ്പിച്ചത്, ത്യാഗരാജന്‍ മാസ്റ്ററും രഘുറാം മാസ്റ്ററുമായിരുന്നു. തുഷാരം പുറത്തിറങ്ങിയതോടെ രതീഷും താരമായി. എം ടിയുടെ തിരക്കഥയിൽ തൃഷ്ണ എന്ന ചിത്രം ചെയ്തപ്പോള്‍ പുതുമുഖങ്ങളെ വച്ച് ചെയ്യണമെന്നാണ് ആദ്യം തീരുമാനിച്ചത്. അത് ശരിയാകാതെ വന്നപ്പോൾ രതീഷിനെ വിളിച്ചു. അന്ന് തിരക്കേറിയ താരമായിക്കഴിഞ്ഞിരുന്ന രതീഷ്, തനിക്ക് പകരം തന്റെ സുഹൃത്തായ മമ്മൂട്ടിയെയാണ് ഐ വി ശശിക്ക് നിർദ്ദേശിച്ചത്. തൃഷ്ണയിലെ മമ്മൂട്ടിയുടെ അഭിനയം ഐ വി ശശിയെ സ്വാധീനിക്കുകയും, അഹിംസ എന്ന അടുത്ത ചിത്രത്തലും അദ്ദേഹം മമ്മൂട്ടിയെ നായകനാക്കുകയും ചെയ്തു. ആ ചിത്രത്തിൽ വില്ലന്‍ മോഹന്‍ലാല്‍ ആയിരുന്നു. അഹിംസയിലൂടെ മമ്മൂട്ടിയും മോഹൻ ലാലിനെയും ഒരുമിപ്പിച്ച ആദ്യ സംവിധായകനായി ഐ വി ശശി മാറി. തങ്കപ്പന്‍ മാസ്റ്ററുടെ ഡാന്‍സ് സ്കൂളില്‍ വച്ചാണ് ആദ്യമായി ഐ വി ശശി, ശാന്തി എന്ന സീമയെ ആദ്യമായി കാണുന്നത്. നന്നായി നൃത്തം ചെയ്തിരുന്ന ശാന്തി, പിന്നീട് ഐ വി ശശി, ആലപ്പി ഷെരീഫ്, രാമചന്ദ്രൻ കൂട്ടുകെട്ടിന്റെ അവളുടെ രാവുകൾ എന്ന ചിത്രത്തിൽ നായികയായി. സെക്സിന് മലയാളത്തിൽ പുതിയൊരു ദൃശ്യാഖ്യാനം പകർന്ന ചിത്രമായിരുന്നു അവളുടെ രാവുകള്‍. അതിലൂടെ മലയാളത്തിലെ ഒന്നാം നിര നായികയായി മാറിയ സീമയെ പിന്നീട് ഐ വി ശശി തന്റെ ജീവിതപങ്കാളിയാക്കി.
ആലപ്പി ഷെരീഫ്, എം ടി, പത്മരാജൻ, ടി ദാമോദരൻ, ശ്രീകുമാരൻ തമ്പി, ജോൺ പോൾ, ലോഹിതദാസ്, രഞ്ജിത്ത് തുടങ്ങി നിരവധി പ്രതിഭകളുടെ തിരക്കഥകളിലൂടെ ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നമുക്ക് സമ്മാനിച്ചു. നിരവധി ആക്ഷൻ സിനിമകളും ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളും അദ്ദേഹത്തിന്റേതായി പുറത്ത് വന്നു. തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ ചെയ്തു. ദക്ഷിണേന്ത്യയിൽ നിന്ന് ആദ്യമായി അമേരിക്കയില്‍ ചിത്രീകരിച്ച ചലച്ചിത്രം ഏഴാം കടലിനക്കരെ എന്ന ഐ വി ശശി ചിത്രമാണ്. 150 ഓളം സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. 1977ല്‍ ഇതാ ഒരു മനുഷ്യന്‍, വാടകയ്ക്കൊരു ഹൃദയം, ഇനിയും പുഴ ഒഴുകും തുടങ്ങി പന്ത്രണ്ടു സിനിമകൾ അദ്ദേഹത്തിന്റേതായി പുറത്ത് വന്നു. അതിൽ എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റായി മാറി. ആലിംഗനം, അനുഭവം, അവളുടെ രാവുകള്‍, ഇതാ ഇവിടെ വരെ, മനസാ വാചാ കര്‍മ്മണാ, ഏഴാം കടലിനക്കരെ, ഈ നാട്, തുഷാരം, അഹിംസ, ഇന്നല്ലെങ്കില്‍ നാളെ, അതിരാത്രം, കാണാമറയത്ത്, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കരിമ്പിന്‍ പൂവിനക്കരെ, 1921, ആവനാഴി, ഇടനിലങ്ങള്‍, ഇൻസ്പെക്ടർ ബൽറാം, മൃഗയ, ദേവാസുരം തുടങ്ങി ഹിറ്റുകളുടെ ഒരു വലിയ നിര തന്നെ അദ്ദേഹത്തിന്റെ പേരിലുണ്ട്. ആവനാഴി എന്ന ചിത്രത്തിനു ഇൻസ്പെക്ടർ ബൽറാം, ബൽറാം vs താരാദാസ് എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ കൂടി അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്ത് വന്നു. അദ്ദേഹത്തിന്റെ മറ്റൊരു ചിത്രമായ അതിരാത്രത്തിന്റെ രണ്ടാം ഭാഗം കൂടിയായിരുന്നു ബൽറാം vs താരാദാസ്. മകൾ അനു ശശിയെ നായികയാക്കി സിംഫണി എന്നൊരു ചിത്രം അദ്ദേഹം സംവിധാനം ചെയ്തുവെങ്കിലും പ്രേക്ഷക ശ്രദ്ധ നേടാതെ പോയി.
1983 ൽ ആരൂഢത്തിന് ദേശിയോദ്ഗ്രഥനചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 1989 ൽ മൃഗയ എന്നാ ചിത്രത്തിന് മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നേടി. 1984 ൽ ആൾക്കൂട്ടത്തിൽ തനിയേ മലയാളത്തിലെ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. 1921 എന്ന ചിത്രം 1988 ലെ ജനപ്രീതി നേടിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടി. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2014ലെ ജെ സി ഡാനിയല്‍ പുസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.
- 3579 views