നാടകഗാനങ്ങൾ

ഈശ്വർ അല്ലാഹ്

 

ഈശ്വർ അല്ലാഹ് തേരേ നാം
സബ്‌കോ സന്മതി ദേ ഭഗ്‌വൻ
സന്മതി സന്മതി ദേ ഭഗ്‌വൻ
സബ്‌കോ സന്മതി ദേ ഭഗ്‌വൻ

അഞ്ചു പതിറ്റാണ്ടിൻ  മുൻപൊരു സന്ധ്യ തൻ
നെഞ്ചിലെ രോദനമായ്
എല്ലാ മതങ്ങൾക്കും മന്ദിരമായൊരീ
ഇൻഡ്യൻ ആത്മാവിൻ പ്രാർത്ഥനയായ്
നമ്മളൊന്നിച്ചു പാടുന്ന പല്ലവിയായ്
(ഈശ്വർ......)

ഓംകാരനാദമേ പള്ളിമണികളേ
വാങ്കു വിളി തൻ പൊരുളേ
സ്നേഹസംഗീതമായ് പെയ്തു വരൂ
മതഭേദം മറന്നു മനുഷ്യനാകാൻ വെറും
കേവലർ ഞങ്ങൽക്ക് ശക്തി നൽകൂ
(ഈശ്വർ....)
 

പൂവണിക്കൊമ്പിൽ വന്നിരുന്ന്

 

പൂവണിക്കൊമ്പിൽ വന്നിരുന്ന്
പൊന്നോലക്കിളി കാമുകി
വന്നു കൂട്ടത്തിലൊന്നിച്ചിരിക്കാൻ
പൂങ്കിളിക്കാമുകനന്നേരം

തമ്മിൽ കൊക്കും ചിറകുമുരുമ്മി
തമ്മിൽ സ്വപ്നം കൈമാറീ
മുട്ടിച്ചേർന്നു കരളിൽ ഞരമ്പുകൾ
ഒന്നിച്ചങ്ങനെ ലയിച്ചു ഒന്നിച്ചങ്ങനെ ലയിച്ചു
ഒന്നായ് തമ്മിലലിഞ്ഞലിഞ്ജാത്മാവിൽ
ഒന്നായങ്ങനിരുന്നപ്പോൾ
വന്നൂ നിശ്ചലം നിന്നൂ
വില്ലും കുലച്ചൊരു കാട്ടാളൻ
ഉന്നം പിഴയ്ക്കാതമ്പൊന്നെയ്തു
നീച നിഷാദൻ
പച്ചപ്രാണനിൽ കൂരമ്പേറ്റു
ഓമൽ പെൺകിളി വീണു

സന്ധ്യകളിൽ സർവാംഗമനോഹരികൾ

 

സന്ധ്യകളിൽ സർവാംഗമനോഹരികൾ ചെമ്മുകിലുകൾ
സിന്ദൂരത്തുകിലുലയും നർത്തകികൾ
അഴകിലുണർന്നണയുമ്പോൽ ചക്രവാളങ്ങളിൽ
മിഴി നട്ടു നിൽക്കുവോരാണു ഞങ്ങൾ
കാവിയുടുത്തോരാത്മാവിനു പൂണൂലിട്ടിന്നേ വരെ
ആവോളം ഗീതയിലെ ശ്ലോകം മൂളി
തേവാരക്കിണ്ടിയുമായ് വന്നെത്തും നിങ്ങളിലെ
ചാവാത്ത പിശാചുക്കളെ ഞങ്ങൾ കണ്ടൂ
(സന്ധ്യ...)

നൂറ്റാണ്ടുകൾ മുൻപു മുതൽ ഞങ്ങൾ തൻ കാലുകളിൽ
പൂട്ടിത്തളച്ചിട്ട ചങ്ങലകൾ
തരിതരിയായ് പൊട്ടിച്ച് അടർത്തിയിട്ടവയാലി
ന്നരിവാളുകൾ തീർക്കുകയാണിവിടെ ഞങ്ങൾ
(സന്ധ്യ...)

വരികയാണിനി ഞങ്ങൾ

 

വരികയാണിനി ഞങ്ങൾ കൊന്തയും പൂണൂലും
വരിയാത്ത മാനവഭാവനകൾ
പുതിയ യുഗത്തിന്റെ സന്ദേശവാഹകർ
പുതിയ സംസ്കാരത്തിൻ ഗായകന്മാർ

സ്മൃതികൾ തൻ ശ്രീകോവിലിലായുധം നിർമ്മിക്കും
കൃതയുഗ വേദാന്ത വാദികളേ
മുരടിച്ച മതവാഴ്ചക്കിവിടെല്ലാമാത്മീയ
തിരി കത്തിച്ചു നിൽക്കും വിഡ്ഡികളേ
ഹരേരാമ ഹരേ കൃഷ്ണാ ഹരേ രാമ ഹരേ കൃഷ്ണാ
അല്ലാഹു അക്ബർ ലായിലാഹി അല്ലാഹു അക്ബർ
ശംഭോ ശംഭോ ശംഭോ ശിവശംഭോ

മതമാണിതിലേ വരുന്നതിപ്പോൾ
മരണായുധങ്ങളും തോളിലേന്തി
ജനകീയ മുന്നണിക്കൊന്നുമില്ല
ജപമാലയല്ലാതെ കൈയ്യിലൊന്നും

കുരുക്കുത്തിമുല്ല കുണുക്കിട്ട മുല്ല

 

കുരുക്കുത്തിമുല്ല കുണുക്കിട്ട മുല്ല
കിലുകിലെ ചിരിക്കണ മുല്ല
കല്യാണപ്പെണ്ണിനു മുങ്ങിക്കുളിക്കാൻ
കിങ്ങിണിമുല്ലപ്പൂമഴ
വെളുപ്പാങ്കാലത്ത് കുളിച്ചൊരുങ്ങേണം
കസവുമുണ്ടുടുക്കേണം,
ചനദപ്പൊട്ടിൽ സിന്ദൂരം തൊട്ട്
ചന്തം വരുത്തേണം
വലതുകാൽ വെച്ച് തോഴിമാരൊത്ത്
പന്തലിലെത്തേണം
പെണ്ണ് പന്തലിൽ എത്തേണം
(കുരുക്കുത്തി...)

നാദസ്വരത്തിൻ മേളത്തിനൊത്ത്
നായകൻ വന്നീടും
പുടവ കൊടുത്ത് മോതിരമിട്ട
പൊൻ താലി ചാർത്തീടും
നിൻ കൈ പിടിച്ചു നിറപറ ചുറ്റി
വലം വെച്ചു നടന്നീടും പെണ്ണ്
നാണിച്ചു നടന്നീടും
(കുരുക്കുത്തി...)

കിളിവാണി അളിവേണി

 

കിളീവാണി അളിവേണി
എന്നെല്ലാം ചൊല്ലിയെന്നെ
കളിയാക്കാൻ വിരുതേറും മുകിൽ വർണ്ണനേ
കരളിന്നു കുളിരേകും കാളിന്ദീപുളിനത്തിൽ
കളിയാടാൻ വിളയാടാൻ വരികയില്ലെ
അരികത്തു പോരാനും അധരപ്പൂ ചൂടാനും
അമൃതല്പം നൽകാനും തിടുക്കമില്ലേ
അലർബാനമെയ്തെയ്തെൻ
അകക്കാമ്പു മുറിക്കാനും
പരവശയാക്കാനും കൊതിക്കുന്നില്ലേ
(കിളീവാണി...)

മുരളിയിൽ ചാഞ്ചാടും മൃദുലാംഗുലികളാലെൻ
മദനപ്പൂമേനി മീട്ടാൻ സമയമില്ലേ
വനമാല പോലെന്നെ വിരിമാറിൽ ചാർത്താനും
സുഗന്ധം നുകരുവാനും തുടിയ്ക്കുന്നില്ലേ
(കിളിവാണി...)

സിന്ധുഗംഗാതടങ്ങളിൽ

 

സിന്ധുഗംഗാതടങ്ങളിൽ
വിന്ധ്യഹിമാചലപദങ്ങളിൽ
ഇൻഡ്യയിലാകെയിരമ്പുന്നു
യുവകോടികളുടെ ശബ്ദം
തൊഴിൽ തരൂ തൊഴിൽ തരൂ
തൊഴിലില്ലെങ്കിൽ ജയിൽ തരൂ

ജന്മനാടിൻ പ്രതീക്ഷകൾ
ഞങ്ങളുത്തരമില്ലാ പരീക്ഷകൾ
നാടിനെയൂട്ടാൻ പിറന്നവർ
സ്വയമൂട്ടാനൊരു വഴിയില്ലാത്തവർ
ഒട്ടിയ വയറുകൾ ഒഴിഞ്ഞ കൈകൾ
മുഷ്ടി ചുരുട്ടി വിളിക്കുന്നു ഒരു
വിപ്ലവഗാനം പാടുന്നു
തൊഴിൽ തരൂ തൊഴിൽ തരൂ
തൊഴിലില്ലെങ്കിൽ ജയിൽ തരൂ

ഉയിർത്തെഴുന്നേൽക്കേണമേ

ഉയിർത്തെഴുന്നേൽക്കേണമേ
ഉള്ളിൽ വിളങ്ങണമേ
മൂന്നാം നാളിൽ വരുമെന്നരുളിയ
മുൾമുടി ചൂടിയ നാഥാ
ദുഃഖം മെഴുതിരിയായുരുക്കിയ
മഗ്ദലനയിലെ മേരി
കാൽത്തളിർ ചുംബിച്ചുണർത്തുവാനായി
കാൽ വരിക്കുന്നിലെത്തീ
നാഥാ നാഥാ ശ്രീയേശുനാഥാ
നഷ്ടസ്വപ്നങ്ങൾ ചിറകിട്ടടിക്കുമീ
അസ്ഥിക്കിളിക്കൂട്ടിൽ നിന്നും
തപ്തനിശ്വാസശ്രുതിയിൽ പാടി
പക്ഷിയായ് വന്നെത്തി ഒരു
പക്ഷിയായ് വന്നെത്തീ
നാഥാ നാഥാ ശ്രീയേശുനാഥാ