കല്ലറ ഗോപൻ

Submitted by Kiranz on Sat, 02/14/2009 - 18:19
Name in English
Kallara Gopan

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്ത് കല്ലറ എന്ന ഗ്രാമത്തില്‍ സുഭാഷിതന്‍ നായരുടെയും തങ്കമണി അമ്മയുടേയും മകനായ് ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഇലക്ട്രിക്കൽ എഞ്ചീനീയറിംഗ് ഡിപ്ളോമ പഠിച്ചു, തുടർന്ന്  സ്വാതിതിരുനാൾ സംഗീത കോളേജിൽ ഗാനപ്രവീണ ബിരുദം പൂർത്തിയാക്കി. പഠനത്തിനൊപ്പം തന്നെ ഗാനമേളകൾക്കും നാടകങ്ങൾക്കും ഒക്കെ ഗാനങ്ങൾ പാടിയിരുന്നെങ്കിലും 1983 മുതൽ സജീവമായിത്തന്നെ പ്രൊഫഷണൽ ഗാനമേളകളിലും പ്രൊഫഷണൽ നാടകങ്ങളും പാടിത്തുടങ്ങി.

1987 ൽ പുറത്തിറങ്ങിയ “ഓർമ്മയിൽ ഒരു മണിനാദം” എന്ന ചിത്രത്തിലെ” ശോശന്ന പുഷ്പങ്ങൾ കോര്‍ത്ത” എന്ന ഗാനമാണ് ഗോപൻ ആദ്യമായി സിനിമയിൽ പാടിയത്. സംഗീതകോളേജിലെ സഹപാഠിയായിരുന്ന കൈതപ്രം വിശ്വനാഥൻ വഴി കൈതപ്രം ദാമോദരൻ നമ്പൂതിരിയേപ്പരിചയപ്പെട്ടത് സിനിമയിൽ കൂടുതൽ അവസരങ്ങൾക്ക് സഹായകമായി. ജയരാജ് സംവിധാനം ചെയ്ത “കളിയാട്ടം” എന്ന ചിത്രത്തിലെ  “കതിവന്നൂർ വീരനെ” എന്ന ഗാനം സിനിമയിൽ കൂടുതൽ ശ്രദ്ധേയനാക്കി. മികച്ച സംഗീതസംവിധായകരായ ദേവരാജൻ, ദക്ഷിണാമൂർത്തി, അർജ്ജുനൻ മാസ്റ്റർ രാഘവന്‍ മാസ്റ്റര്‍ എന്നിവരോട് ചേർന്ന് പ്രവർത്തിച്ച പരിചയം സംഗീത സംവിധാന രംഗത്തും തുടക്കമിടുവാൻ ഗോപന് സഹായമായി. ഇന്റർനെറ്റ് ബ്ലോഗിൽ സജീവമായ ഗോപൻ  കവയത്രിയും ബ്ളോഗറുമായ ശ്രീജ ബലരാജിന്റെ കവിതകൾ സംഗീതം ചെയ്ത്  “ഋതുഭംഗി” എന്ന ആൽബമായി പുറത്തിറക്കിയിരുന്നു.

1979ൽ സംഘശക്തി എന്ന നാടകട്രൂപ്പിന്റെ ഭാഗമായി പ്രൊഫഷണൽ രംഗത്തേക്ക് കടന്നു വന്ന ഗോപൻ മികച്ച നാടകഗായകനുള്ള സംസ്ഥാന അവാർഡ് അഞ്ച് പ്രാവശ്യം കരസ്ഥമാക്കി. സംഗീത നാടക അക്കാദമി അവാർഡും നേടിയിരുന്നു. എം എ മ്യൂസിക്ക് ബിരുദം നേടിയ, ഗായികയുമായ ഷർമിളയാണ് ഭാര്യ. മഹാദേവൻ, നാരായണി എന്നിവരാണ് മക്കൾ.

മികച്ച നാടക ഗായകനുള്ള സംസ്ഥാന അവാർഡ് നേടിയെടുത്ത നാടകങ്ങൾ

  • 1994 ല്‍ സൌപർണ്ണികയുടെ "തേവാരം",
  • 1998ൽ സൗപർണ്ണികയുടെ “ദേവദൂത്”
  • 2001ൽ സംഘചേതനയുടെ “മഹാകാവ്യം”
  • 2007ൽ കെ.പി.എ.സി യുടെ “നഗരവിശേഷം”
  • 2011ൽ സൗപർണികയുടെ “നിഴൽക്കൂത്ത്"

കല്ലറ ഗോപനുമായുള്ള ഇന്റർവ്യൂകളും അദ്ദേഹമാലപിച്ച ചില ഗാനങ്ങളും കേൾക്കാം.