രാജാധിരാജ
മമ്മൂട്ടിയെ നായകാനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് രാജധിരാജ. നായിക ലക്ഷ്മി റായ്. കഥ തിരക്കഥ സംഭാഷണം സിബി കെ തോമസ്,ഉദയ് കൃഷ്ണ.
അശാന്തമായ ഭൂതകാലം മറന്ന് സ്വസ്ഥമായ കുടുംബജീവിതം നയിക്കുന്ന ശേഖരൻ കുട്ടിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ആകസ്മികമായ ദുരന്തങ്ങളും ശേഖരൻ കുട്ടി അതിനെ അതിജീവിക്കുന്നതുമാണൂ പ്രധാന പ്രമേയം
കേരള തമിഴ്നാട് അതിർത്തിയിലെ പാളയം എന്ന സ്ഥലത്തുള്ള പെട്രോൾ പമ്പ് മാനേജരാണു ശേഖരൻ കുട്ടി (മമ്മൂട്ടി) പമ്പിനോട് ചേർന്ന് ഒരു റെസ്റ്റോറന്റ് അയാളും ഭാര്യ രാധയും (ലക്ഷ്മിറായ്) നടത്തുന്നുണ്ട്. ഭാര്യയും കുഞ്ഞുമടങ്ങുന്ന സ്വന്തം കുടുബത്തോടെ ശേഖരൻ കുട്ടി സന്തോഷപൂർവ്വം ജീവിക്കുന്നു. അതിനിടയിലാണൂ ഭാര്യയുടെ അമ്മാവന്റെ മകൻ അയ്യപ്പൻ (ജോജു ജോർജ്ജ്) അവിടേക്ക് വരുന്നത്. ജോലിയൊന്നുമില്ലാതെ ചില്ലറ ഗുണ്ടാപ്പണിയുമായി നടക്കുന്ന അയ്യപ്പൻ വന്നത് ശേഖരന്റെ ജോലിക്കാരൻ കുട്ടപ്പൻ(നെൽസൺ) ശേഖരൻ കുട്ടിയുടെ പേരിൽ വ്യജ കത്ത് അയച്ചതോടെയാണൂ. അയ്യപ്പൻ ശേഖരൻ കുട്ടിയുടെ വീട്ടിൽ എത്തിയതോടെ അയാളുടെ മനസ്സമാധാനം നഷ്ടപ്പെടുന്നു. ഓരോ ദിവസവും അയ്യപ്പൻ ഓരോ പ്രശ്നങ്ങളുണ്ടാക്കുകയാണൂ. ഒരു രാത്രിയിൽ ഡി വൈ എസ് പി റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തുന്നതും രാധയെ ചീത്തപറഞ്ഞതും ആ പ്രശ്നത്തിൽ ഭീഷണിയുമായി അയ്യപ്പൻ ഇടപെട്ടതും ശേഖരൻ കുട്ടിക്ക് പ്രശ്നങ്ങളുണ്ടാക്കുന്നു.
മറ്റൊരു രാത്രിയിൽ ശേഖരൻ കുട്ടിയൂടെ സ്ഥിരം കസ്റ്ററായ സിക്കന്തർ ഭയ്യയൂടെ ലോറി റെസ്റ്റോറന്റിൽ വന്ന ഒരാളുടെ കാറിലിടിക്കുകയും അയാളും സിക്കന്ദർ ഭായിയുമായി വഴക്കുണ്ടാകുകയും ചെയ്യുന്നു. അതിൽ അയ്യപ്പൻ ഇടപെടുകയും കാർ ഉടമസ്ഥന്റെ തലയിൽ കമ്പികൊണ്ടടിക്കുകയും ചെയ്യുന്നു.
കാവിലെ ഉത്സവത്തിനിടയിൽ ചില ഗുണ്ടകൾ അയ്യപ്പനേയും ശേഖരൻ കുട്ടിയേയും ആക്രമിക്കുന്നു. അന്നു രാത്രി തന്നെ ശേഖരൻ കുട്ടിയുടേ വീട്ടിൽ നിന്ന് ആരോ മോഷണശ്രമം നടത്തുകയും ചെയ്യുന്നു. പിറ്റേ ദിവസം ഡി വൈ എസ് പി രാജശേഖരനെ ഒരു കേസിന്റെ പേരിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു കൊണ്ടുപോകുന്നു. എന്നാൽ അയാളുടെ അറസ്റ്റ് രേഖപ്പെടുത്താതെ അയാളെ മർദ്ദിക്കുകയായിരുന്നു ഉദ്ദേശ്യം. ബോംബെയിൽ നിന്നു വന്ന അഹമ്മദ് ഷാ എന്ന അധോലോകക്കാരനുവേണ്ടിയായിരുന്നു ഡി വൈ എസ് പി അതു ചെയ്തത്. അഹമ്മദ് ഷായും കൂട്ടരും തങ്ങൾക്ക് പരിചയമുള്ള രാജ എന്ന അധോലോക നായകനാണൂ ശേഖരൻ കുട്ടി എന്നു കരുതുന്നു. എന്നാൽ രാജയാണൂ ശേഖരൻ കുട്ടിയെന്നു തെളിയിക്കാനോ ശേഖരൻ കുട്ടിയെക്കൊണ്ട് സമ്മതിപ്പിക്കാനോ അവർക്ക് കഴിയുന്നില്ല.
പോലീസ് മർദ്ദനവും അധോലോകഗുണ്ടകളുടെ ആക്രമണവും മൂലം ശേഖരൻ കുട്ടിയും കുടുംബവും രാധയുടെ വീടായ ചെർപ്പുളശ്ശേരിയിലേക്ക് പോകുന്നു.അവിടെ നിന്നു പട്ടണത്തിലേക്കുള്ള വരവിൽ ശേഖരൻ കുട്ടിയും അയ്യപ്പനും സഞ്ചരിച്ച കാറിനെ വലിയൊരു വാഹന വ്യൂഹം പിന്തുടരുന്നു. ഒടുവിൽ അവർ ശേഖരൻ കുട്ടിയുടെ വാഹനത്തിനു മുന്നിലെത്തി ശേഖരൻ കുട്ടിയെ തടയുന്നു. മുംബൈയിൽ നിന്നുള്ള അധോലോക സംഘമായിരുന്നു അത്. അയ്യപ്പൻ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെങ്കിലും ശേഖരൻ കുട്ടി അവരെ എതിരിടുന്നു. അഹമ്മദ് ഷാ അവിടെഎത്തുമ്പോൾ അവർ അന്വേഷിക്കുന്ന രാജ താൻ തന്നെയെന്ന് ശേഖരൻ കുട്ടി സമ്മതിക്കുന്നു. എന്നാൽ താൻ ഇനി ബോംബെയിലേക്ക് ഇല്ല എന്ന് പറഞ്ഞു ശേഖരൻ കുട്ടി അയ്യപ്പനുമായി പോകുന്നു. ശേഖരൻ കുട്ടി ആരാണെന്ന അയ്യപ്പൻറെ ചോദ്യത്തിനു മറുപടിയായി അയാൾ തന്റെ കഥ പറയുന്നു.
നല്ലൊരു ജോലി തേടി ബോംബെയിൽ എത്തിയ ശേഖരൻ കുട്ടി ഒരു ടാക്സി ഡ്രൈവറായി മാറുന്നു. അവിചാരിതമായി ഒരു ദിവസം അഹമ്മദ് ഷാ പണവുമായി ശേഖരന്റെ കാറിൽ കയറുന്നു. കൃഷ്ണ വംശി എന്ന അധോലോക രാജാവിന് വേണ്ടി ജോലി നോക്കിയിരുന്ന അയാൾക്ക് പക്ഷേ പണത്തിന്റെ ബാഗ് മാറി പോകുന്നു. എന്നാൽ ആ ബാഗ് സുരക്ഷിതമായി തിരിച്ചേൽപ്പിക്കുന്ന ശേഖരൻ കുട്ടിയെ കൃഷ്ണ വംശിക്ക് ഇഷ്ടപ്പെടുകയും അയാളുടെ സംഘത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ആ കൂട്ടത്തിലെ പ്രധാനിയായ ചന്ദൃവിനു അത് ഇഷ്ടപ്പെട്ടില്ല, പക്ഷേ ചുരുങ്ങിയ സമയം കൊണ്ട് ശേഖരൻ രാജയായി, വംശിയുടെ വലം കൈയായി വളരുന്നു. സിക്കന്ദർ രാജയുടെ ഡ്രൈവറാകുന്നു. ആ സമയം മുംബൈയിൽ കുറെ ബോംബു സ്ഫോടനങ്ങൾ ഉണ്ടാകുന്നു. തീവ്രവാദികളേയും ഗുണ്ടകളേയും അമർച്ച ചെയ്യാൻ സർക്കാർ കളക്ടറായി മഹേന്ദ്ര വർമ്മയെ നിയമിക്കുന്നു. എന്നാൽ ചന്ദൃവിനു തീവ്രവാദികലളുമായി ബന്ധമുണ്ടെന്ന് രാജ മനസ്സിലാക്കുന്നു. മഹേന്ദ്ര വർമ്മയുടെ ഭാര്യ വിദ്യ രാജയുടെ നാട്ടുകാരിയായിരുന്നു. ആ വഴി മഹേന്ദ്ര വർമ്മയുമായി രാജ സൗഹൃദത്തിലാകുന്നു.
ചന്ദൃവിനെ തീവ്രവാദി ബന്ധം രാജ വംശിയെ അറിയിക്കുന്നുവെങ്കിലും അയാൾ രാജയെ അതിൽ ഇടപെടുന്നതിൽ നിന്നും വിലക്കുന്നു. അവർക്കെല്ലാം ഇതിൽ പങ്കുണ്ടെന്ന് മനസ്സിലാക്കുന്ന രാജ എല്ലാ വിവരങ്ങളും കളക്ടറോട് പറയുവാൻ തീരുമാനിക്കുന്നു. പക്ഷേ അത് അറിയുന്ന വംശിയും സംഘവും സിക്കന്ദരിന്റെ മകളുടെ പിറന്നാൾ സമ്മാനമായി രാജ നൽകുന്ന കേക്കിൽ ബോംബ് ഒളിപ്പിക്കുന്നു. അതിനോടകം രാജ ആരാണെന്ന് തിരിച്ചറിഞ്ഞ മഹേന്ദ്ര വർമ്മ, അയാളെ കാണാൻ ചെല്ലുന്ന രാജയെ അറസ്റ്റ് ചെയ്യുന്നു. സിക്കന്ദരിന്റെ കുടുംബം ബോംബ് സ്ഫോടനത്തിൽ മരിക്കുന്നു. തീവ്രവാദികളെ ഒളിപ്പിച്ചിരിക്കുന്ന സ്ഥലം രാജ കലക്ടര്ക്കും സംഘത്തിനും പറഞ്ഞു കൊടുക്കുന്നു. എന്നാൽ കളക്ടറുടെ മകളെ ബന്ദിയാക്കി ചന്ദ്രു തീവ്രവാദികളെയും വംശിയും അയാളുടെ വിശ്വസ്ഥരേയും രക്ഷിക്കാൻ ശ്രമിക്കുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്ന തീവ്രവാദികളെ പോലീസ് വധിക്കുന്നു. വംശിയും സംഘവും അറസ്റ്റ് ചെയ്യപ്പെടുന്നു. രാജ കളക്ടറേയും മകളെയും രക്ഷിക്കുകയും ചന്ദൃവിനെ കൊല്ലുകയും ചെയ്യുന്നു. തന്റെ മകളെ രക്ഷിച്ചതിന് പ്രത്യുപകാരമായി രാജ മരിച്ചതായി കലക്ടർ രേഖകൾ ഉണ്ടാക്കുകയും രാജയോട് എന്നന്നേക്കുമായി മുംബൈ വിട്ടു പോയി പുതിയൊരു ജീവിതം തുടങ്ങുവാനും പറയുന്നു. നാട്ടിലെത്തുന്ന രാജയെ ചന്ദ്രുവിനെ കൊന്ന കുറ്റബോധം പിടികൂടുന്നു. അയാൾ ചന്ദ്രുവിന്റെ അനുജത്തി രാധയെ വിവാഹം കഴിച്ച് സ്വസ്ഥമായ ജീവിതം തുടങ്ങുന്നു. അതിനിടയിലാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയ വംശിയും കൂട്ടരും രാജയെ തേടി എത്തുന്നത്.
- ഷാഫിയുടെ പ്രധാന അസോസിയേറ്റുകളിൽ ഒരാളായ അജയ് വാസുദേവ് സംവിധായകനാകുന്ന പ്രഥമ ചിത്രം
- ബൽറാം - താരാദാസ്, ഫേസ് റ്റു ഫേസ് ചിത്രങ്ങൾക്ക് ശേഷം എം കെ നാസർ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് രാജാധിരാജ
- ഒരിടവേളക്ക് ശേഷം ലക്ഷ്മി റായ് വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു.
- ചിത്രത്തിന്റെ കഥയ്ക്ക് 'ബാഷ' എന്ന രജനികാന്ത് ചിത്രത്തിന്റെ കഥയുമായുള്ള സാമ്യം, ചിത്രം റിലീസായ അവസരത്തിൽ ഒരു ചർച്ചാ വിഷയം ആയിരുന്നു.
- ചിത്രത്തിലെ ഭൂരിഭാഗം സീനുകളിലും വരുന്ന പെട്രോള്‍ പമ്പും വീടും റെസ്‌റ്റോറന്റും 35 ലക്ഷം രൂപ മുടക്കി നിർമ്മിച്ച സെറ്റായിരുന്നു. പൊള്ളാച്ചിയില്‍നിന്നും ധാരാപുരം റൂട്ടില്‍ കൊങ്കല്‍ നഗരത്തെ ഒരേ കോമ്പൗണ്ടിൽ മുപ്പത്തഞ്ചുദിവസംകൊണ്ടാണ് സെറ്റൊരുക്കിയത്.
- ഉണ്ണിമുകുന്ദൻ ഒരു ഗാന രംഗത്തിൽ മാത്രമായി ചിത്രത്തിലെത്തുന്നു.
- ബോളിവുഡ് താരങ്ങളായ മുകേഷ് ഖന്ന, റാസാ മുറാദ് എന്നിവരുടെ ആദ്യ മലയാള ചിത്രം
കൃഷ്ണ വംശി രാജയെ വിളിച്ച് അയാൾക്കായി ഒരു സഹായം ചെയ്യണമെന്നും ഇല്ലെങ്കിൽ കുടുംബത്തെ ഇല്ലാതാക്കുമെന്നും പറയുന്നു. രാജ അത് നിരാകരിക്കുന്നു. പിന്നീട് തന്റെ കുടുംബത്തെ ആക്രമിക്കാൻ വന്നവരെ രാജ അവരറിയാതെ നേരിടുന്നു. രാജ മുംബൈയിൽ പോയി കൃഷ്ണ വംശിയെ കാണുവാൻ തീരുമാനിക്കുന്നു. അവിടെയെത്തുന്ന രാജയെ അവർ ഭീഷണിപ്പെടുത്തി മഹേന്ദ്ര വർമ്മയെ കൊല്ലാനുള്ള ദൗത്യം ഏൽപ്പിക്കുന്നു. ആ സമയം തമിഴ് നാട് ചീഫ് സെക്രട്ടറിയായ വർമ്മ തന്റെ മകളുടെ വിവാഹ നിശ്ചയം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. രാജ വർമ്മയെ ചെന്ന് കാണുന്നു, വിവാഹ നിശ്ചയത്തിനു വർമ്മ രാജയും കുടുംബത്തെയും ക്ഷണിക്കുന്നു. ആ ചടങ്ങിന് സർക്കാർ സുരക്ഷ നൽകിയിരുന്നു. തന്റെ കുടുംബം സുരക്ഷിതമാണെന്ന് കാണുന്ന രാജ കൃഷ്ണ വംശിയെ വിളിച്ച് താൻ അവിടെ എത്തിയിരിക്കുന്നത് വർമ്മയെ കൊല്ലാൻ അല്ല എന്നും രക്ഷിക്കാനാണെന്നും പറയുന്നു. വംശിയും സംഘവും മറ്റൊരു പ്രൊഫഷണൽ കില്ലറെ അതിനായി നിയോഗിക്കുന്നു. എന്നാൽ രാജ അയാളെ കൊലപ്പെടുത്തുന്നു.
കാര്യമായ സെക്യൂരിറ്റി ഇല്ലാതെ വർമ്മ തന്റെ കുടുംബ ക്ഷേത്രത്തിലേക്ക് പോകുന്നു, അയാളുടെ സുരക്ഷയിലുള്ള ആശങ്ക മൂലം രാജയും അയാൾക്കൊപ്പം പോകുന്നു. വർമ്മക്ക് ഭീഷണികൾ ഉണ്ടെന്ന് രാജ പറയുന്നുവെങ്കിലും വർമ്മ അത് കാര്യമായി എടുക്കുന്നില്ല. അതിനിടയിൽ ഷോപ്പിംഗിനായി പോകുന്ന വർമ്മയുടെയും രാജയുടെയും കുടുംബത്തെ വംശിയുടെ ഗുണ്ടകൾ വളയുന്നു. വർമ്മയെ കൊല്ലുവാൻ അവർ രാജയോട് ആവശ്യപ്പെടുന്നു. രാജയ്ക്ക വർമ്മയെ കൊല്ലാൻ കഴിയുന്നില്ല. കാര്യങ്ങൾ തുറന്നു പറയുന്ന രാജയോട് വർമ്മ തന്നെ അവരുടെ അടുത്ത് എത്തിക്കാമെന്നു പറയുവാൻ ആവശ്യപ്പെടുന്നു. അവർ വർമ്മയെ എത്തിക്കേണ്ട സ്ഥലം പറയുന്നു. ഹോട്ടലിൽ നിന്നും തനിയെ ആ സ്ഥലത്തേക്ക് പോകാനിറങ്ങുന്ന കൃഷ്ണ വംശിയെ രാജയും സിക്കന്ദറും ചേർന്ന് കൊലപ്പെടുത്തുന്നു. വർമ്മയുമായി ലക്ഷ്യ സ്ഥാനത്തെത്തുന്ന രാജ അവിടെ അഹമ്മദ് ഷായേയും ഗുണ്ടകളേയും കണ്ടുമുട്ടുന്നു. തന്റെയും വർമ്മയുടേയും കുടുംബങ്ങൾ സുരക്ഷിതമാണെന്ന് രാജ ഉറപ്പു വരുത്തുന്നു. വംശിയുടെ വരവിനായി കാത്തിരിക്കുന്ന അവരോട് വംശി കൊല്ലപ്പെട്ടതായി രാജ പറയുന്നു. പിന്നീടുണ്ടാകുന്ന സംഘട്ടനത്തിൽ രാജ എല്ലാവരേയും കൊലപ്പെടുത്തുന്നു. സമാധാനപരമായ ഒരു കുടുംബ ജീവിതത്തിലേക്ക് രാജ/ ശേഖരൻ കുട്ടി മടങ്ങി പോകുന്നു.
- Read more about രാജാധിരാജ
- 1459 views