ആദിശില്പി

ആദിശില്പി കണ്ണീരിൽ കുഴച്ച്

കളിമണ്ണിൽ മെനഞ്ഞൊരു രൂപം

അബലയെന്നോതി അതിനു നൽകിയവൻ

അഭിശപ്തമാമൊരു ജന്മം (ആദിശില്പി..)

 

ആദിമമനുഷ്യനും ആധുനിക മനുഷ്യനും

അവളുടെ ജീവിതത്തിലൊരു പോലെ (2)

അവളിൽ പുരുഷന്റെ ആവേശമൊക്കെയും

അംഗലാവണ്യത്തിൽ മാത്രം (ആദി..)

 

അവളുടെ ചുറ്റും ചിറകടിച്ചു നിത്യം

പുരുഷന്റെ കാമാർത്ത ഭാവം (2)

കതിർമണ്ഡപത്തിലും ഗണികാലയത്തിലും

സ്ത്രീയെ നിരന്തരമടിമയാക്കി പിന്നെ

അവളുടെ ചേതനയെ അവഗണിച്ചൂ (ആദി..)

ഏകാന്തസ്വപ്നത്തിൻ

ഏകാന്തസ്വപ്നത്തിൻ മരതകദ്വീപിൽ

ഏതോ ശരത്കാല നീലിമയിൽ

മുന്തിരിത്തേൻ കിണ്ണം ചുണ്ടിലൊതുക്കീ

മാലാഖയായ് നീ വന്നൂ എന്നിൽ

ആദ്യരോമാഞ്ചമായ് വിടർന്നൂ (ഏകാന്ത..)

 

വെൺ മേഘകന്യകകൾ ആകാശപ്പള്ളിയിൽ

മെഴുകുവിളക്കുകൾ കൊളുത്തുമ്പോൾ

തൂവെള്ളിച്ചിറകുമായ് അരികിലണഞ്ഞ്

ശോശന്നപ്പുഷ്പങ്ങളണിയിക്കൂ എന്നിൽ

ഒരു മൗന ലഹരിയായ് നീ നിറയൂ (ഏകാന്ത..)

 

സ്വപ്നങ്ങളഞ്ജനം ചാർത്തിയ മിഴിയിൽ

സ്വർഗ്ഗീയനീലിമയുണരുമ്പോൾ

ഒരു നീലരാവിന്റെ അരമനക്കുള്ളിലെൻ

അനുഭൂതിയോർമ്മയിൽ തുളുമ്പുന്നൂ അതിൽ

ഒരു മനസ്സമ്മതം നീ നൽകൂ (ഏകാന്ത...)

എഴാമുദയത്തിൽ

ഏഴാമുദയത്തിലോമല്ലൂർ കാവിൽ

എഴിലകുറി ചാർത്തി നിന്നവളേ നിന്റെ

പവിഴാധരത്തിൽ പതിവായ് തുളുമ്പും

പഞ്ചാക്ഷരീ മന്ത്രം പിണങ്ങി (ഏഴാമുദയ..)

 

പൂക്കില ഞൊറി വെച്ച പട്ടുടയാടയിൽ

പൂക്കൈത നിറമുള്ള ചന്ദനമേനിയിൽ (2)

വരമഞ്ഞൾക്കുറിയിൽ മണിക്കാതിലയിൽ

തമ്പുരാട്ടീ ഞാനെന്നെ മറന്നു പോയീ

പുണർന്നാട്ടെ ഒന്നു നുകർന്നാട്ടേ

മോഹം തീരാത്ത മോഹം (ഏഴാമുദയ..)

 

കനകത്തളികയിൽ അഷ്ടമംഗല്യവും

വെള്ളോട്ടുക്കിണ്ടിയും അർഘ്യപൂജാദിയും  (2)

മച്ചകത്തളത്തിൽ ചന്ദനക്കട്ടിലിൽ

തമ്പുരാട്ടീ പുഷ്പമഞ്ചമൊരുക്കാമോ

ഗോപികാവസന്തം

ഗോപികാവസന്തം മരന്ദം തൂകി

കോമള യമുനാ ഭൂവിൽ

ആധിയാലേ  രാധയാരാധനയുമായി

ആതിര നോറ്റു കാത്തിരുന്നു കൃഷ്ണാ

കാർത്ത്യായനീ പൂജ കഴിഞ്ഞിട്ടും നിന്നെ

അടയാനിനിയും വിളംബമെന്തേ

മദനനിണങ്ങിയൊരുങ്ങുമെന്നിൽ

നിറയൂ നീ വന്നലിയൂ (ഗോപികാ..)

 

മധുമതി പൊഴിയും വെണ്ണിലാവിനു

കുളുർമ്മ പോരാ മനം തപിപ്പൂ

മൃദുല മൃണാള കരങ്ങളാലെന്നെ

പൊതിയൂ ഗാഢം പുണരൂ (ഗോപികാ..)

പല്ലവകോമള

പല്ലവ കോമള പാണിതലം കൊണ്ടെൻ

മേനി തൊട്ടു ചാരത്തുരുമ്മി നിന്നൂ

കാമോപവൻ അവനെൻ കമനൻ (പല്ലവ..)

 

നാണം കൊണ്ടാ മുഖത്തു ഞാൻ നോക്കിയില്ല

ആരാനും കണ്ടാലോ മാറില്ലീ പേടി പോലും

മധുരം തരും വിങ്ങലായ് ..... വിങ്ങലായ്... (പല്ലവ..)

 

അധരം വിരിഞ്ഞു വിറ കൊണ്ടു

ആകെ ഞാൻ വെമ്പി

തേനഞ്ചും ചുംബനം തേനെഴും മുദ്ര ചാർത്തി

മെയ് മറന്നു നിന്നു ഞാൻ... നിന്നു ഞാൻ... (പല്ലവ..)

ഒരുവനൊരുവളിൽ

ഒരുവനൊരുവളിൽ ഉള്ളമലിഞ്ഞൂ

തേടീ ഞങ്ങൾ നിങ്ങളെ

ഓർത്തിട്ടുമോർത്തിട്ടും തീരാത്ത

ഓർമ്മയായ് ഞങ്ങൾ (ഒരുവനൊരു...)

 

കളമൊഴിയവളുടെ പൂന്തേൻ വഴിയുന്ന

കഥകളിൽ മുഴുകുമ്പോൾ

തരിക്കും ചുണ്ടിന്റെ ദാഹം പോലും ഞാൻ

മറന്നതറിഞ്ഞില്ലാ (ഒരുവനൊരു...)

 

ഒരുമയിലിരുമെയ്യുമമൃതം പൊഴിയുന്ന

യാമങ്ങൾ കടന്നേറി

ഇരവിൻ വഴിക്കിത്ര നീളം കുറഞ്ഞതിൽ

കോപം കൈമാറീ (ഒരുവനൊരു...)

എന്നെ നീ അറിയുമോ

എന്നെ നീ അറിയുമോ

എന്നിൽ നീ അലിയുമോ

പിടി കിട്ടാത്തൊരു വേദന ഞാൻ

പിടയുന്ന ചേതന ഞാൻ (എന്നെ..)

 

 

ഏതു കടൽ കുടിച്ചാൽ മാറും

എന്നന്തരംഗത്തിൻ ദാഹം

ഏതമൃതം നുകർന്നാൽ തീരും

എന്നുള്ളിലുണരുന്ന മോഹം

ഉന്മാദിനീ ഞാനൊരുന്മാദിനീ (എന്നെ..)

 

 

ആകാശഭൂമികൾക്കിടയിൽ

അലയുകയാണെന്റെ സ്വപ്നം

ഏകാന്ത ദുഃഖത്തിൻ ചിറകിൽ

എങ്ങോ പറന്നു ഞാൻ പാറി

ഉന്മാദിനീ ഞാനൊരുന്മാദിനീ (എന്നെ..)

 

നൃത്തകലാ

നൃത്തകലാദേവിയോ നീയൊരു

മത്തമയൂരമോ മലർക്കൊടിയൊ

മാനസപ്പൊയ്കയിലെ മണിഹംസമോ

നീ മായാമരീചികയോ (നൃത്തകലാ..)

 

മാനത്തെ മണ്ഡപത്തിൽ പുതുമിന്നൽക്കൊടി പോലെ

മതിമറന്നാരോമലാടി

മാദകലഹരിയിൽ അലിഞ്ഞലിഞ്ഞെൻ മനം

മധുമയഗാനങ്ങൾ പാടീ ..പാടീ  (നൃത്തകലാ..)

 

ചലിക്കുന്ന താളത്തിൽ ചിരിക്കുന്ന ചിലങ്കകൾ

ച്ഛല ച്ഛല നാദങ്ങളുണർത്തീ

കനകാംഗുലിയുടെ മുദ്രകൾ കൊണ്ടൊരു

കമനീയ സ്വർഗ്ഗം നീയൊരുക്കി ഒരുക്കീ.. (നൃത്തകലാ..)

മറക്കാൻ കഴിയാത്ത

മറക്കാൻ കഴിയാത്ത ഗാനം ഇത്

മരിക്കാത്ത പ്രേമഗാനം

കാലമാം ശില്പിയുടെ ആത്മാവിലുണരും

കദൻ മനോഹര ഗാനം (മറക്കാൻ..)

 

ഹൃദയങ്ങൾ മൂടി വെച്ച മധുരാഭിലാഷങ്ങൾ

വിധിയുടെ വിരിമാറിലലിഞ്ഞൂ

നിമിഷത്തിൻ പൊൻ പൂക്കൾ നിത്യതയിൽ കൊഴിഞ്ഞാലും

കാലം വസന്തങ്ങളുണർത്തും വീണ്ടും

കാലം വസന്തങ്ങളുണർത്തും  ഉണർത്തും (മറക്കാൻ..)

 

മനസ്സിന്റെ ചുമരിന്മേൽലൻഉരാഗം കൊത്തി വെച്ച

പ്രതിമകൾ പാഴ് മണ്ണിൽ മറഞ്ഞൂ

കണ്ണുനീരിലലിഞ്ഞാലും കരളുകൾ തകർന്നാലും

പ്രേമം വൈജയന്തിയുണർത്തും വീണ്ടും

പ്രേമം വൈജയന്തിയുണർത്തും  ഉണർത്തും (മറക്കാൻ..)

 

ദുഃഖമാണു ശാശ്വതസത്യം

ദുഃഖമാണു ശാശ്വത സത്യം

മർത്ത്യന്നതിൻ കളിപ്പാട്ടം

ദുഃഖമാണു  വസ്തു സുഖം നിഴൽ മാത്രം

വെറും നിഴൽ മാത്രം (ദുഃഖമാണു ..)

 

സുഖത്തിന്റെ കാനൽ ജലത്തിൽ

കളിത്തോണിയിറക്കുവാൻ

കുതിക്കുന്നു രാവും പകലും

മാനവലോകം (ദുഃഖമാണു ..)

 

മോഹത്തിൻ മൂടൽമഞ്ഞാൽ

ശോകത്തിൻ വൻ മരു മർത്ത്യൻ മൂടുന്നു

മൃഗതൃഷ്ണ തേടുന്നു (ദുഃഖമാണു ...)

 

 

അകലുന്ന സുഖത്തിനെ

അടയുവാൻ വെമ്പുന്നോരെൻ

അരിപ്പയിൽ തേൻ നിറയ്ക്കും

വിടുവിഡ്ഢി വെറും വിടുവിഡ്ഢി  (ദുഃഖമാണു ...)