ഗോഡ് ഫോർ സെയിൽ
പ്രസന്നൻ നായർ (കുഞ്ചാക്കോ ബോബൻ) എന്ന വ്യക്തിയുടെ രാഷ്ട്രീയ-മത വിശ്വാസ മാറ്റങ്ങളും സ്വാമി പൂർണ്ണാനന്ദ എന്ന ആൾദൈവമായുള്ള പരിവർത്തനവും 70കൾ മുതൽ 90ക്അൾ വരെയുള്ള കേരള സാമൂഹ്യ-രാഷ്ട്രീയ പരിസരങ്ങളാൽ അവതരിപ്പിക്കുന്നു.
കൊഴിഞ്ഞാമ്പാറയിലുള്ള ശ്രീ പൂർണ്ണാനന്ദ ആശ്രമം ഡി വൈ എഫ് ഐ പ്രവർത്തകരും ജനക്കൂട്ടവും ആക്രമിക്കുകയും സിദ്ധൻ ശ്രീ പൂർണ്ണാനന്ദയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. പോലീസ് പൂർണ്ണാനന്ദയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്നു. ടി വിയിൽ ഈ വാർത്ത കണ്ട് തിരുവനന്തപുരം മുക്കാലവട്ടത്തെ ഒരു സ്വകാര്യ സ്ഥപനത്തിലെ പ്യൂണായ ഭാസ്കരനും (സുരാജ് വെഞ്ഞാറമൂട്)ഭാര്യയും പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ വിവരങ്ങൾ അന്വേഷിച്ചെത്തുന്നു. അറസ്റ്റു ചെയ്യപ്പെട്ട പൂർണ്ണാനന്ദ എന്ന പ്രസന്നകുമാർ (കുഞ്ചാക്കോ ബോബൻ) തന്റെ ഇളയ സഹോദരനാണെന്ന് ഭാസ്കരൻ വെളിപ്പെടുത്തുന്നു. പ്രസന്നനെ അന്വേഷിക്കുന്ന ഭാസ്കരോട് പ്രസന്നൻ ഇപ്പോൾ നാർക്കോ അനാലിസിസിനു വിധേയനാണെന്നു ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. അർദ്ധമയക്കത്തിൽ കിടക്കുന്ന പ്രസന്നനോട് ഉദ്യോഗസ്ഥർ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ശ്രമിക്കുന്നു. പ്രസന്നൻ എന്ന പൂർണ്ണാനന്ദ തന്റെ ജീവിതകഥ പോലീസിനോട് പറയുന്നു.
70ൽ തിരുവനന്തപുരത്തെ ആറ്റിങ്ങലിലെ മുക്കലവട്ടം എന്ന ഗ്രാമത്തിലാണ് ദരിദ്രനായ അച്ഛൻ കമലാസനനും(സുരാജ് വെഞ്ഞാറമൂട്) ഭാര്യ തങ്കമണിയും(ലക്ഷ്മിപ്രിയ) ജ്യേഷ്ടൻ ഭാസ്കരനും(സുരാജ് വെഞ്ഞാറമൂട്) ജീവിച്ചിരുന്നത്. അന്ന് പ്രസന്നൻ ജനിച്ചിട്ടില്ല. അയ്യപ്പ ഭക്തനായിരുന്ന കമലാസനൻ വർഷം തോറും ശബരിമലക്ക് പോകുന്ന വലിയ വിശ്വാസിയായിരുന്നു. ശബരിമല വിളക്കാഘോഷങ്ങളിൽ ആഴി പൂജയിൽ ആഴിവാരുന്നത് കമലാസനനായിരുന്നു. മുക്കാലവട്ടം ജഗ്ഷനിലായിരുന്നു കമലാസനന്റെ തയ്യൽ കട. ആ ജംഗ്ഷനിലായിരുന്നു രാഷ്ട്രീയചർച്ചകൾ നടന്നിരുന്നതും മറ്റും.
ഒരു ദിവസം രാവിലെ കട തുറക്കാൻ കമലാസനൻ വന്നപ്പോൾ തന്റെ കടയുടെ മുന്നിൽ ഒരു സ്വാമി ഇരിക്കുന്നതു കണ്ടു. സിദ്ധൻ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ കാലിയായിരുന്ന തന്റെ മൺകുടം നിറഞ്ഞതായി കമലാസനൻ കണ്ടു. ഇയാൾ അത്ഭുതസിദ്ധികളുള്ള സിദ്ധനാണെന്നു മനസ്സിലാക്കിയ കമലാസനൻ തന്റെ വീട്ടിൽ ഒരു ആശ്രമം പണിത് സിദ്ധനു താമസമൊരുക്കി. അത്ഭുതപ്രവൃത്തികളുള്ള സിദ്ധന്റെ ആശ്രമത്തിലേക്ക് നാടിന്റെ നാനാഭാഗത്തും നിന്നും ആളുകൾ വന്നെത്തി. അതോടെ നാലാം ക്ലാസിൽ തോറ്റ് പഠിച്ചിരുന്ന ഭാസ്കരൻ പഠിപ്പ് നിർത്തി വീട്ടിൽ തന്നെ കൂടി. ആശ്രമത്തിന്റെ ഭാഗമായി അവിടെ ഒരു ക്ഷേത്രം പണിയുകയും അതിന്റെ ഉദ്ഘാടനം അതി ഗംഭീരമായി നടത്തുകയും ചെയ്തു. ഉദ്ഘാടനം കഴിഞ്ഞ് കാഥികൻ സാംബശിവന്റെ കഥാപ്രസംഗം ഉണ്ടായിരുന്നു. കലാപരിപാടികൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ കമലാസനൻ തന്റെ വീടിന്റെ ഒരു മുറിയിൽ ആരുടേയോ സംസാരം കേട്ടു. ജനൽ തുറന്നു നോക്കിയ കമലാസനൻ താൻ വിശ്വസിക്കുന്ന ഭാര്യയെ സിദ്ധനൊപ്പം കണ്ട് നടുങ്ങിപ്പോയി.
എന്നാൽ അടുത്ത പ്രഭാതത്തിൽ കുട്ടിയായ ഭാസ്കരൻ കണ്ട കാഴ്ച തന്റെ അച്ഛൻ കമലാസനൻ മുറ്റത്തെ മാവിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്.
വർഷങ്ങൾക്ക് ശേഷം 90കളിൽ, 23 വർഷങ്ങൾക്ക് ശേഷം ഭാസ്കരൻ വളർന്നു സ്വകാര്യ ബാങ്കിൽ പ്യൂണായി ജോലി കിട്ടുകയും അനുജൻ പ്രസന്നൻ(കുഞ്ചാക്കോ ബോബൻ) ഡിഗ്രി കഴിഞ്ഞു ജോലിയൊന്നും ലഭിക്കാത്തതിനാൽ കൂലിപ്പണിക്കു പോകുന്നു. ഒപ്പം ആർ എസ്സി എസ്സിന്റെ പ്രവർത്തകനുമാണ്. നന്നായി പ്രസംഗിക്കുന്ന പ്രസന്നനു സ്ക്കൂൾ കോളേജ് പ്രസംഗ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. അതിനാൽ നാട്ടിലെ സിനിമാ തിയ്യറ്ററുകളിൽ സിനിമാ അനൌൺസ്മെന്റിനും പ്രസന്നൻ പോകുന്നുണ്ട്. പ്രസന്നന്റെ ചെറുപ്പം അച്ഛന്റെ മരണത്തോടെ വീട്ടീൽ ദാരിദ്രമായി. കുട്ടിക്കാലത്ത് പ്രസന്നന്റെ കൂട്ടുകാരി കമല (ജ്യോതി കൃഷ്ണ)യായിരുന്നു സഹായിച്ചിരുന്നു. അവരുടെ പരിചയം പിന്നെ പ്രണയമായി. പ്രസന്നന്റെ ഡിഗ്രി പഠനത്തിനു ശേഷം അയാൾ കമലക്കൊപ്പം കൂലി പണിക്ക് പോയിത്തുടങ്ങി. ഇരുവരും വിവാഹിതരാകാൻ സ്വയം തീരുമാനിക്കുന്നു. ഒരു ദിവസം പണി സ്ഥലത്ത് വെച്ച് കൂടെയുള്ള തൊഴിലാളി സുരേന്ദ്രൻ (കൃഷ്ണപ്രസാദ്) പ്രസന്നന്റെ രാഷ്ട്രീയപ്രവർത്തനത്തെ കളിയാക്കുകയും അച്ഛന്റെ തൂങ്ങിമരണത്തെ പരാമർശിച്ച് പരിഹസിക്കുകയും ചെയ്യുന്നു. ദ്വേഷ്യം വന്ന പ്രസന്നൻ അയാളുമായി വഴക്കുണ്ടാക്കുകയും കയ്യിൽ കിട്ടിയതെടുത്ത് സുരേന്ദ്രന്റെ തലക്ക് പ്രഹരിക്കുന്നു. അത് പിന്നീട് പോലീസ് കേസാകുന്നു. പ്രസന്നനെ സ്റ്റേഷനിൽ നിന്നും പുറത്തിറക്കുന്നതിനു ഭാസ്കരനും കമലയും പരിശ്രമിക്കുന്നു. ഇൻസ്പെക്ടർക്ക് കൈക്കൂലി കൊടുക്കാൻ വേണ്ടിയുള്ള പണത്തിനു കമല തന്റെ മാല ഊരി വിൽക്കുന്നു.
അടുത്ത ദിവസം ഭാസ്കരന്റേയും പ്രസന്നന്റേയും അമ്മാവനായ വേലായുധനമ്മാവൻ വീട്ടിലെത്തുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു പോലീസ് കേസിൽ നാടുവിട്ട പഴയ സഖാവായിരുന്നു വേലായുധൻ. അന്ന് രാത്രി വേലായുധൻ പ്രസന്നനെ രഹസ്യമായി വിളിച്ചെഴുന്നേൽപ്പിച്ച് ചില രഹസ്യങ്ങൾ പറയുന്നു. പണ്ട് അച്ഛൻ കമലാസനൻ ആശ്രമത്തിന്റെ വകയായ രണ്ടര ലക്ഷം രൂപ താൻ തൂങ്ങിച്ചത്ത മാവിന്റെ ചുവട്ടിൽ കുഴിച്ചിട്ടുണ്ടെന്നും അത് പ്രസന്നൻ അവകാശപ്പെട്ടതാണെന്നും പറയുന്നു. ഒപ്പം അന്ന് ക്ഷേത്ര ഉദ്ഘാടനത്തിന്റെ രാത്രിയിൽ സംഭവിച്ചത് എന്താണെന്നും വെളിപ്പെടുത്തുന്നു. പണം കിട്ടിയ പ്രസന്നൻ തുടർ പഠനത്തിനായി നിയമ പഠനത്തിനു ചേരുന്നു.
ലോ കോളേജിൽ വെച്ച് എസ് എഫ് ഐ നേതാക്കളെ പരിചയപ്പെടുകയും അവരിലൊരു സഖാവിന്റെ ഹോസ്റ്റൽ റൂമിൽ താമസിക്കുകയും ചെയ്തു തുടങ്ങി. ഹരി(ദിനേശ്) എന്ന സഖാവ് ആശയപരമായി പ്രസന്നനെ വല്ലാതെ സ്വാധീനിക്കുന്നു. അതിന്റെ ഭാഗമായി ഹരിക്കൊപ്പം പാർട്ടി ജില്ലാ നേതാവായ സഖാവ് വർഗ്ഗീസിനെ(തിലകൻ) പരിചയപ്പെടുകയും തുടർന്ന് പ്രസന്നൻ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനാകുകയും ചെയ്തു. ലോ കോളേജിൽ പ്രസന്നൻ എസ് എഫ് ഐ യുടെ നല്ലൊരു പ്രവർത്തകനായി മാറി.
പാർട്ടിയുടെ ചാനൽ പ്രവർത്തനത്തിനു വേണ്ടി പണം പിരിയ്ക്കാൻ പ്രസന്നനും ഹരിയും സംഘവും നാട്ടിലെ സോമൻ മുതലാളി(കൊച്ചു പ്രേമൻ)നെ കാണുന്നു. ചാനലിനു പണം കൊടുക്കാം പകരം വരുന്ന തിരഞ്ഞെടുപ്പിൽ തന്റെ ഭാര്യയെ പാർട്ടി സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു സോമൻ മുതലാളിയുടെ നിലപാട്. ആ തിരഞ്ഞെടുപ്പിൽ സോമൻ മുതലാളിയുടെ ഭാര്യ പ്രിയദർശിനി(കലാരഞ്ജിനി) മത്സരിക്കുകയും ജയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രസന്നനും സോമൻ മുതലാളിയുടെ മകൾ അനു(അനുമോൾ)വുമായി പ്രസന്നൻ അടുപ്പത്തിലാവുന്നു. പ്രസന്നനോട് താല്പര്യമുള്ള സോമനും ഭാര്യ പ്രിയദർശിനിയും പ്രസന്നന്റെ ചേട്ടൻ ഭാസ്കരനെ വീട്ടിൽ വിളിച്ചു വരുത്തി പ്രസന്നന്റെ വിവാഹ കാര്യം സംസാരിക്കുന്നു. എന്നാൽ പ്രസന്നനു ആ വിവാഹത്തിൽ താല്പര്യം തോന്നിയിരുന്നില്ല. എന്നാൽ കമല പ്രസന്നനു വേണ്ടി ഒരുമിച്ചുള്ള ജീവിതത്തിനായി കാത്തിരിക്കുന്നു. എന്നാൽ കമലയുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായാണ് കാര്യങ്ങൾ സംഭവിച്ചത്.
*2008 മെയ് മാസത്തിൽ കേരളത്തിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട സ്വാമി അമൃത ചൈതന്യ എന്ന സന്തോഷ് മാധവന്റെ അറസ്റ്റും അതിനെ തുടർന്നുള്ള വാർത്തകളും പിന്നീട് കള്ള സന്യാസിമാരുടെ ആശ്രമങ്ങൾ പുരോഗമന പ്രസ്ഥാനങ്ങൾ തകർക്കുകയും “ആൾദൈവ”ങ്ങളെ അറസ്റ്റ് ചെയ്യിക്കുകയുമായുള്ള വാർത്തകളെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയുടെ മുഖ്യ പ്രമേയം.
*70-കൾ മുതൽ 90കൾ-2000 വരെയുള്ള കേരള രാഷ്ട്രീയ സാമൂഹ്യ അവസ്ഥകളെ ചിത്രത്തിൽ വരച്ചു കാണിക്കുന്നു.
*സുരാജ് വെഞ്ഞാറമൂട് അച്ഛനും മകനുമായി രണ്ടു വേഷങ്ങളിൽ അഭിനയിക്കുന്നു.
- Read more about ഗോഡ് ഫോർ സെയിൽ
- 786 views