ലളിതസംഗീതം

കൈയ്യിലെ പളുങ്കുപാത്രം

 

കൈയ്യിലെ പളുങ്കു പാത്രം
കാതരേ വീണുടഞ്ഞൂ
തകർന്ന ഹൃദയം പോലെ
വർണ്ണത്തരികൾ ചിന്നിച്ചിതറി വീണു

ആത്മഹർഷങ്ങളതിൽ നിറഞ്ഞിരുന്നൂ നിന്റെ
ആഹ്ലാദലഹരികൾ നിറഞ്ഞിരുന്നു
മോഹത്തിൻ മുന്തിരിനീർ നിറഞ്ഞിരുന്നു
നിന്റെ മോഹനസ്വപ്നമായിരുന്നു അതു
നിന്റെ മോഹനസ്വപ്നമായിരുന്നു

ആത്മഹർഷങ്ങളൊഴിഞ്ഞു പോയീ
ആഹ്ലാദലഹരികളൊഴിഞ്ഞു പോയി
മോഹിച്ച മുന്തിരിനീരുമൊഴിഞ്ഞു പോയി
ദാഹം മാത്രമെരിഞ്ഞു നിന്നൂ എന്റെ
ദാഹം മാത്രമെരിഞ്ഞു നിന്നൂ

ഗാനശാഖ

ഈയാകാശം പോലെ

 

ഈയാകാശം പോലെ
ഈ ജീവിതവുമപാരം
അനന്തമജ്ഞാതം

ഇരുണ്ട വിണ്ണിനു നക്ഷത്രം പോൽ
ഇവിടെ ദുഃഖങ്ങൾ
ചുവന്ന പുലരികൾ സന്ധ്യകൾ പോലെ
നിറന്ന മോഹങ്ങൾ നമ്മുടെ
നിറന്ന മോഹങ്ങൾ
(ഈയാകാശം പോലെ...)

എത്ര നിറങ്ങൾ എത്ര സ്വരങ്ങൾ
വിടർന്നു കൊഴിയുന്നു
നിശ്ശൂന്യതയുടെ നിശബ്ദതയുടെ
നീലിമ മൂടുന്നു ഏതോ
നീലിമ മൂടുന്നു
(ഈയാകാശം പോലെ...)

ഗാനശാഖ

ഇല്ലത്തെ തിരുമുറ്റത്തിന്നൊരു

 

ഇല്ലത്തെ തിരുമുറ്റത്തിന്നൊരു
പുള്ളോപ്പെൺ കൊടി വന്നൂ
വീണക്കുഞ്ഞിനോടൊപ്പം പാടാനൊ
രോണത്തുമ്പിയും വന്നൂ
നാലുകെട്ടിൻ നടുമുറ്റത്തേ അവർ
നാവോറു പാടിയിരുന്നൂ

ചിങ്ങം വന്നല്ലോ ഓണച്ചിന്തുകൾ പാടിയല്ലോ
കാണാനെന്തൊരു ചേലാണീ
മലനാടൊരു പൂക്കളമായീ
മലരിറുത്തങ്ങനെ
മടി നിറഞ്ഞങ്ങനെ
പൊലി പൊലി പാടാൻ വന്നാട്ടെ
കണ്മണിമാരാം സുമംഗലിമാരേ
കുമ്മിയടിക്കാൻ വന്നാട്ടെ
(വീര വിരാട കുമാര വിഭോ
ചാരു തരഗുണസാഗര ഭോ...)

ഗാനശാഖ

ഫാൽഗുനമാസത്തിൻ

 

ഫാൽഗുനമാസത്തിൻ പൗർണ്ണമിയിൽ ഗംഗ
പാൽക്കടലായി നൃത്തമാടി
നാമിങ്ങൊഴുക്കിയൊരീ മൺ ചിരാതുകൾ
നീർമാതളപൂക്കൾ പോലെ
(ഫാൽഗുന....)

നെറ്റിയിൽ പൊന്നിന്റെ പൊട്ടുള്ള രണ്ടു
നീർപ്പക്ഷികളെന്നതു പോലെ
രണ്ടു മൺ ദീപങ്ങൾ തൻ മലർ നാളങ്ങൾ
തമ്മിൽ അടുക്കുന്നകലുന്നു
ഗംഗയിലവയൊഴുകുന്നൂ കാലത്തിൻ
ഗംഗയിലീ നമ്മേപ്പോലെ
(ഫാൽഗുന...)

മറ്റൊരു ഹൃത്തിലെ മൂകാനുരാഗത്തെ
തൊട്ടറിയാനെന്ന പോലെ
ആ തിരി നാളങ്ങൾ തമ്മിലടുത്തൊരേ
പുഷ്പദലം പോലുലയുന്നൂ
ഗംഗയിലവയുലയുന്നൂ കാലത്തിൻ
ഗംഗയിലീ നമ്മേപ്പോലെ
(ഫാൽഗുന...)

ഗാനശാഖ

സ്വാതന്ത്ര്യം താനമൃതം

 

സ്വാതന്ത്ര്യം താൻ അമൃതം
അമൃതം അമൃതം
മർത്ത്യനു സ്വാതന്ത്ര്യം താൻ അമൃതം
അമൃതം അമൃതം

 ആ സ്വാതന്ത്ര്യത്തിൻ സംഗീതത്താൽ
ഞങ്ങളെയമൃതൂട്ടി
അസ്വാതന്ത്ര്യ്യത്തിൻ ഇരുളിൽ നിന്നും
സവിതാവിനെ വാഴ്ത്തീ
കവ്വേ നമോവാകം കുമാര
കവേ നമോവാകം
മർത്ത്യതയിന്നും കുമ്പിൾ നീട്ടി കഞ്ഞിയിരക്കുമ്പോൾ
മാറ്റുക മാറ്റുക ചട്ടങ്ങളെയെന്നിടി മുഴക്കം പോൽ
നിന്റെ മധുര ഗംഭീരനിനാദം ഞങ്ങൾ കേൾക്കുന്നു

വർണ്ണവിവേചനമിരുണ്ട ഭൂമിയിൽ
ഇന്നും വാഴുമ്പോൾ
ഇന്ത്യയുണന്നതിനെതിരേ സിംഹ
നാദമുയർത്തുമ്പോൾ
നിന്റെ ഹൃദയസ്പന്ദനമല്ലോ
ഞങ്ങൾ കേൾക്കുന്നു

ഗാനശാഖ

ഇലത്താളം തിമില

 

ഇലത്താളം തിമില മദ്ദള
മിടയ്ക്കയും ചേർന്നു പാട്
നിളയിൽ പൊന്നലകൾ പോൽ
സ്മൃതി ലഹരികൾ പാട്

കാലത്രയത്തെയളക്കുന്ന പൊൻ തുടി
താളമുയർന്നീടുന്നു
പൊന്നിലത്താളത്തിലെന്റെ നാടെന്റെ
നാടെന്റെ നാടെന്ന വായ് ത്താരി
ഭാരതമെന്ന പേർ കേട്ടാലഭിമാന
മാളും മനസ്സിൽ  മുഴങ്ങുന്നു

സ്വാതന്ത്ര്യ സൗരപ്രകാശത്തെ വാറ്റിയ
സൗന്ദര്യപൂനിനാലേ
ഈ നീളാതീരത്തെ ഓരോ പുൽക്കൊടി
നാളത്തിലും നൃത്തമാടൂ
കേരളമെന്ന പേർ കേട്ടാൽ തിളയ്ക്കുന്ന
ചോര തുടിയ്ക്കും ഞരമ്പുകളീൽ
നീയിന്നും പാടുന്നു
നീയിന്നും പാടുന്നു

ഗാനശാഖ

ഉദയവികിരണങ്ങൾ

ഉദയവികിരണങ്ങൾ തന്തികളായ്
മീട്ടുന്നതാരോ
ഹൃദയതാമര വീണ്ടുമുണരുകയായ്
തിന്തിമി ധിമി തിന്തിമിം ധിമി തിന്തിമിം തിമി ധിം

ധവളഹിമഗിരി വിണ്ണിലെന്നതു പോൽ
നിർഭയമനസ്സൊട്
തലയുയർത്തി നിവർന്നു നിൽക്കുക നാം
മൊഴികൾ നമ്മുടെ മൊഴികൾ സത്യത്തിൻ
ആഴങ്ങളിൽ നിന്നുണരുമൊരു കുളുർധാരയാവട്ടെ

ഇൻഡ്യ തൻ സ്വാതന്ത്ര്യമന്ത്രം നീ
മന്ദ്രശ്രുതിയിൽ
ഇന്നുമിവരിലുണർന്നിരിക്കുന്നു
ചൈത്രമംഗളഗാനമായ് വരൂ
താരസ്വരത്തിൻ
വിശ്വപൗരനുണർത്തു പാട്ടായ് നീ

ഗാനശാഖ

കാട്ടിലെ പൂവിനെ

 

കാട്ടിലെ പൂവിനെ പ്രേമിച്ചു  പാടുന്ന
കാറ്റേ വരൂ കുളിർ കാറ്റേ വരൂ
എന്നിൽ വിടരുന്ന മന്ദാരപുഷ്പത്തെ
ഒന്നു മുകർന്നു പോകൂ

എന്നിലെ കുങ്കുമച്ചെപ്പു തുറന്നൊരു
വർണ്ണതിലകമണിഞ്ഞു പോകൂ
എന്നിലെ പ്രേമവിപഞ്ചി തൻ തന്തികൾ
ഒന്നു മുറുക്കി തഴുകിപ്പോകൂ
കാറ്റേ കാട്ടുമുളകൾ പാടുകൾ
കാൽത്തള കിലുക്കും കാറ്റേ

കൊച്ചു ദുഃഖങ്ങളാം ശാരികപ്പൈതങ്ങൾ]
കൊക്കുരുമ്മി കേണു കേണുറങ്ങി
ഏതോ വിഷാദസ്മരണകൾ  പാടുവാൻ
ആവാതെയുള്ളിൽ ചിറകടിച്ചു
കാറ്റേ കാട്ടുകിളികൾ പാടുമ്പോൾ
കൈകൊട്ടിത്തുള്ളും കാറ്റേ
 

ഗാനശാഖ

ഓടക്കുഴലേ

 

ഓടക്കുഴലേ ഓടക്കുഴലേ
ഓമനത്താമരക്കണ്ണന്റെ ചുംബന
പൂമധു നുകർന്നവളേ
രാഗിണി നീ അനുരാഗിണി മറ്റൊരു
രാധയോ രുഗ്മിണിയോ

എത്ര മധുമയ ചുംബനപുഷ്പങ്ങൾ
ചാർത്തിച്ചു നിന്നെ കണ്ണൻ
ആനന്ദഭൈരവീരാഗനിലാവായ്
നിന്നാത്മാവിൽ അലിഞ്ഞൊഴുകി
നിന്റെയാത്മാവിലലിഞ്ഞൊഴുകി
(ഓടക്കുഴലേ....)

പൊന്നംഗുലികളാൽ നിൻ കണ്ണുപൊത്തുമ്പോൾ
നിന്നെ തഴുകിടുമ്പോൾ
നീലാംബരീ രാഗ നീഹാരശീകര
മാലകൾ നീയണിവൂ
മണിമാലകൾ നീയണിവൂ
(ഓടക്കുഴലേ...)

ഗാനശാഖ

പനിനീർപൂവുകളേ

 

പനിനീർപൂവുകളേ
അനുരാഗസുരഭിലഹൃദയത്തിൻ ദലങ്ങളേ
പനിനീർപ്പൂവുകളേ

മൗനവും ഗാനമാകും
മണ്ണും സുവർണ്ണമാകും
മായാപിഞ്ചികയുഴിഞ്ഞൂ
ഈ ലാവണ്യ ലഹരി
ഒരായിരം ഗാനമായെൻ
മാണിക്യ വീണയിൽ വിരിവൂ
(പനിനീർ...)

അജ്ഞാതകാമുകർക്കായി
കാലത്തിൻ കൈകൾ നീട്ടും
അർച്ചനാപുഷ്പങ്ങൾ നിങ്ങൾ
പാടിയകന്നുപോയൊ
രായിരം സ്വപ്നങ്ങൾ തൻ
പാദസരമണികൾ നിങ്ങൾ
(പനിനീർ....)

ഗാനശാഖ