ലളിതസംഗീതം

പൂഹോയ് പൂഹോയ് പൂമാരി

 

പൂഹോയ് പൂഹോയ് പൂമാരി
നീലക്കടലിൽ നീന്തുന്ന മീനേ
ഞാലിപ്പൂവുള്ള പൂമീനേ
പൂഹോയ് പൂഹോയ് പൂമാരി

ആഴിപ്പെണ്ണിന്റെ കൊട്ടാരം കാണാം ദൂരെ
പവിഴപ്പൊന്നിന്റെ ഭണ്ഡാരം തേടുന്നോരേ
താമരക്കൈയ്യിൽ താലവുമായ്
താഴം പൂ പോലൊരു പെണ്ണുണ്ടോ

പൂഹോയ് പൂഹോയ് പൂമാരി
ആഴക്കടലിൽ നീന്തുന്ന മീനേ
ആടിത്തുള്ളണ പൂമീനേ
പൂഹോയ് പൂഹോയ് പൂമീനേ

നാഗം കാക്കുന്ന മാണിക്യം കാണാനുണ്ടോ
മാണിക്ക്യക്കല്ലു തേടി വരും രാജാവുണ്ടോ
മാരിവില്ലേന്തി മാരൻ വരുന്നേ
മാറിൽ പൂവമ്പെയ്തല്ലോ
 

ഗാനശാഖ

മണ്ണിൽ വിണ്ണിൽ

 

മണ്ണിൽ വിണ്ണിൽ മനസ്സിലാകെ
വർണ്ണങ്ങൾ വർണ്ണങ്ങൾ
അരുണപീത രജതരാഗ
ഹരിതശ്യാമങ്ങൾ

ഇത്ര വർണ്ണങ്ങളാരുടെ ഹൃദയത്തിൻ
ചെപ്പു തുറന്നെടുത്തൂ ചായ
ച്ചെപ്പു തുറന്നെടുത്തൂ
ഇത്ര സൗന്ദര്യമേതു ഹിരണ്മയ
പാത്രത്തിൽ നിന്നെടുത്തൂ
അക്ഷയപാത്രത്തിൽ നിന്നെടുത്തൂ
ചിത്രകാരാ പറയൂ

ചിത്രകാരനെ തേടി വന്നെത്തിയ
നേത്രശലഭങ്ങളോ നീല
നേത്ര ശലഭങ്ങളോ
സർഗ്ഗഭാവനയ്ക്കാടാൻ നിവർത്തിയ
ചൈത്രശ്രീ കംബളമോ ഇത്
ദൃശ്യമാം സംഗീതമോ
 

ഗാനശാഖ

പൂവുകളില്ലാതെ പൂനിലാവില്ലാതെ

 

പൂവുകളില്ലാതെ പൂനിലാവില്ലാതെ
ശ്രാവണമെന്തിനു വന്നൂ
പൂവിളിയില്ലാതെ പൂവടയില്ലാതെ
ശ്രാവണമീവഴി വന്നൂ
മാവേലി വന്നില്ല മഞ്ചലും കണ്ടില്ല
മാനം മലർക്കുട നീർത്തതില്ല
താഴത്തെ മുറ്റത്ത് ചന്ദനമെതിയടി
ത്താളവുമാരാരും കേട്ടില്ലാ

കാവിലെ വള്ളികൾ പൂമ്പട്ടുടുത്തില്ലാ
പൂവിളക്കേന്തി നിന്നാടിയില്ല
കൊക്കിലൊതുങ്ങാത്ത ദുഃഖക്കനിയുമായ്
കൊച്ചു രാപ്പാടികൾ തേങ്ങി മെല്ലെ
 

ഗാനശാഖ

വാവോ വാവോ

 

വാവോ വാവോ വാവാവോ
ഉണ്ണീ പൊന്നുണ്ണീ വാവാവോ
കുളിരു പെയ്തു മാനം
കുളിരു പെയ്തു
കിളിയുറങ്ങീ കൂട്ടിൽ
കിളിയുറങ്ങീ
ഒരു കിനാവിൻ മഞ്ചൽ
ഒരുക്കി നിർത്തീ
അതിലിരിക്ക് ഉണ്ണീ
അതിലിരിക്ക്
(വാവോ...)

ചിറകൊതുക്കീ തെന്നൽ
ചിറകൊതുക്കീ
തളിരുലഞ്ഞു കാറ്റ്
കളി പറഞ്ഞു
മലരുറങ്ങീ മിഴി
മലരുറങ്ങീ
ചിരി വിടർന്നു ചുണ്ടിൽ
ചിരി വിടർന്നു
ഇനിയൊരുമ്മ ഉണ്ണി
യ്ക്കിനിയൊരുമ്മ

ഗാനശാഖ

ആഴിയിൽ

 

ആഴിയിൽ നീരാഴിയിൽ നീരാടിയെത്തും കാറ്റേ
അക്കരെ മണലാഴിയിൽ നിന്നെത്തിടും ചുടു കാറ്റേ
ഇതിലേ വരൂ വരൂ വരൂ
ഇതിലേ വരൂ

പറയൂ നിൻ കൈക്കുടന്നയിൽ
വിരഹിയാമെൻ പ്രിയന്റെ
ചുടുകണ്ണീർമുത്തുകളില്ലേ
ഒരു കതിർക്കുല തേടി
പറന്നു പറന്നു പോയോ
രരുമയാം ഇണപ്രാവിൻ തേങ്ങലില്ലേ
ചൊല്ല് ചൊല്ല് കാറ്റേ നീ
ചൊല്ല് ചൊല്ല്

ഇളനീരിൻ കുടമേറ്റി
ഇളകും തൈത്തെങ്ങുകൾ തൻ
തണൽ തേടും കിളികളുണ്ടോ
പറന്നു പാടുവാൻ ഈന്തൽ
പ്പനനിഴൽ മാത്രമുള്ള
മണൽക്കാട്ടിലെന്റെ മൈന കേഴുന്നുണ്ടോ
ഒന്നു നില്ല് കാറ്റേ നീ
ഒന്നു ചൊല്ല്
 

ഗാനശാഖ

ആവണി വന്നു

 

ആവണി വന്നൂ പൊന്നോണനാൾ വന്നൂ
പൂവുകൾ വന്നൂ പൊൽ തുമ്പികൾ വന്നൂ
ഈ വഴി വന്നൊരു കാറ്റു പറഞ്ഞതു നേരോ
നീ വരില്ലേ

മണിമലത്താഴ്വരത്തണലത്ത് നാമൊത്തു
മലർ നുള്ളി തുള്ളിക്കളിച്ച കാലം
എതിരേൽക്കാൻ നമ്മളെ എതിരേൽക്കാൻ
പിന്നെയും
എഴുതിരിപ്പൂവിളക്കേന്തി വന്നു
ഈ മുളം തുമ്പിയും കാറ്റും പറഞ്ഞത്
നേരോ നീ വരില്ലേ
(ആവണി...)

ഗാനശാഖ

ഇനി നിൻ മനസ്സിന്റെ

 

ഇനി നിൻ മനസ്സിന്റെ കൂടു തുറന്നതിൽ
ഒരു മിന്നാമിന്നിയെ കൊണ്ടു വയ്ക്കാം
ഇറ്റു വെളിച്ചത്തിൻ തുള്ളികളാലതി
ലിത്തിരിപ്പൂക്കൾ ചൊരിയാം

ഒരു നുള്ള് മണിനെല്ലിതാർക്കു വേണ്ടി
കരുതി വെച്ചൂ കാത്തു കരുതി വെച്ചൂ
കൊത്തിക്കുടഞ്ഞിട്ട മാന്തളിർ കൊണ്ടതിൽ
കൊച്ചൊരു തല്പമൊരുക്കി വെച്ചൂ
നീയാർക്കു വേണ്ടിയുറക്കൊഴിച്ചൂ
(ഇനി നിൻ.....)

നിറനിലാപ്പൂക്കുല മീതെ വെച്ചു
പറ നിറച്ചു രാവ് പറ നിറച്ചു
സ്വപ്നത്തിൽ നിന്നു പിടഞ്ഞെഴുന്നേറ്റു നിൻ
സ്വർഗ്ഗത്തിൻ പൂമുഖം കണ്ട നേരം
നിന്റെ മനസ്സിലും പൗർണ്ണമിയായ്
(ഇനി നിൻ...)

ഗാനശാഖ

ക്ഷണേ ക്ഷണേ നവനവമായ്

 

ക്ഷണേ ക്ഷണേ നവനവമായ് മാറും
രമണീയതയാം കവിതേ
നരജീവിതമാം വേദന വാറ്റിയൊ
രമൃതമെനിക്ക് തരൂ

ഓരോ സൂര്യോദയവും പുതിയൊരു
ചാരുതയാവുന്നു
ഓരോ പൂവും ലാവണ്യത്തി
ന്നോരോ കുളിരോളം

കൂഹൂ കൂഹൂ കുയിൽ മൊഴി കേൾക്കെ
കേൾക്കെയൊരുന്മാദം
അതു കേൾക്കാൻ ഞാനേറെ നടന്നീ
തൊടികളിലണയുന്നു

കാണെക്കാണെ കൺ കുളിരുന്നൊരു
കാമിനിയീ ഭൂമി
ഉരുകുമുഷസ്സിനെ എരിയും സന്ധ്യയെ
ഇവിടെത്തിരയുന്നു

ഗാനശാഖ

ഒരു കമ്പിൾപൂമണം

ഒരു കുമ്പിൾപ്പൂമണം നേദിക്കയല്ലാതെ
ഒരു പനിനീർപൂവെന്തു ചെയ്യാൻ
കരൾ നൊന്തു മധുരമായ് പാടുകയല്ലാതെ
ഒരു വാനമ്പാടി മറ്റെന്തു ചെയ്യാൻ

മണ്ണിന്റെയാത്മാവിൽ സ്വർണ്ണമുരുകി
മഞ്ഞവെയിലായ് ഒഴുകുമ്പോൾ
പിന്നെയാ സന്ധ്യ തൻ താലങ്ങളിൽ നിന്നു
കുങ്കുമപ്പൂവുതിരുമ്പോൾ
മുന്നിൽ വിടരും അനന്ത സൗന്ദര്യമേ
എന്റെ നമോവാകം
(ഒരു കുമ്പിൾ...)

അജ്ഞാതഗന്ധരവഗാനമുണർത്തുമൊ
രപ്സരസ്സായ് ഭൂമി നിൽക്കുമ്പോൾ
മഞ്ഞണിരാവിലൊരേഴിലപാല പോൽ
വിണ്ടലം പൂവണിയുമ്പോൾ
കണ്ണിലുണരും അഭൗമലാവണ്യമേ
എന്റെ നമോവാകം
(ഒരു കുമ്പിൾ...)

ഗാനശാഖ

മനസ്സിന്റെ മടിത്തൊട്ടിലിൽ മയങ്ങും

 

മനസ്സിന്റെ മടിത്തൊട്ടിലിൽ മയങ്ങും
മയക്കത്തിലറിയാതെ ചിരിക്കും
ഒരു മലർപ്പൈതലിനായ്
താരാട്ടു പാടുവാൻ
ഉറങ്ങാതെയിരിപ്പൂ നിൻ മനുനം

സ്ത്രീയേ നിന്നാത്മാവ് തീരാത്ത ദുഃഖത്തിൻ
തീയിൽ വച്ചുരുക്കിയ പൊന്നു പോലെ
നീയേ ഈ പാഴ്മണ്ണിൽ പൊന്മുള നീട്ടുന്ന
ജീവന്റെ തൊട്ടിലും താരാട്ടും
ഇന്ദ്രസദസ്സിലെ മേനകയും ഈ
മണ്ണിലൊരമ്മ തൻ വേദനയായ്

ആരേ നിൻ ലാവണ്യപ്പാൽക്കടൽ തീരത്ത്
ദാഹത്തിൻ ഇലക്കുമ്പിൾ നീട്ടി വന്നൂ
ആരും നിൻ മാറിലെ വത്സലഭാവത്തിൻ
ആഴങ്ങൾ കണ്ടില്ലറിഞ്ഞില്ലാ
ഭൂമി തന്നോമനപ്പുത്രിയായ് നീ
പൂമകൾ തന്നവതാരമായ് നീ

ഗാനശാഖ