ഫാൽഗുനമാസത്തിൻ പൗർണ്ണമിയിൽ ഗംഗ
പാൽക്കടലായി നൃത്തമാടി
നാമിങ്ങൊഴുക്കിയൊരീ മൺ ചിരാതുകൾ
നീർമാതളപൂക്കൾ പോലെ
(ഫാൽഗുന....)
നെറ്റിയിൽ പൊന്നിന്റെ പൊട്ടുള്ള രണ്ടു
നീർപ്പക്ഷികളെന്നതു പോലെ
രണ്ടു മൺ ദീപങ്ങൾ തൻ മലർ നാളങ്ങൾ
തമ്മിൽ അടുക്കുന്നകലുന്നു
ഗംഗയിലവയൊഴുകുന്നൂ കാലത്തിൻ
ഗംഗയിലീ നമ്മേപ്പോലെ
(ഫാൽഗുന...)
മറ്റൊരു ഹൃത്തിലെ മൂകാനുരാഗത്തെ
തൊട്ടറിയാനെന്ന പോലെ
ആ തിരി നാളങ്ങൾ തമ്മിലടുത്തൊരേ
പുഷ്പദലം പോലുലയുന്നൂ
ഗംഗയിലവയുലയുന്നൂ കാലത്തിൻ
ഗംഗയിലീ നമ്മേപ്പോലെ
(ഫാൽഗുന...)