നാടകഗാനങ്ങൾ

ജനനീ ജന്മഭൂമിശ്ച

 

ജനനീ ജന്മഭൂമിശ്ച
സ്വർഗ്ഗാദപിഗരീയസി
തേരിതു നിർത്തരുതേ അരുതേ
തേരിതു നിർത്തരുതേ
കർമ്മഭൂമിയുടെ കൈകളേ അരിയ
തേരിതു നിർത്തരുതേ

കൂഹൂ കൂഹൂ കുയിലുകൾ പാടിയ
വള്ളിക്കുടിലുകളിൽ
പുളകത്തിൻ പൂ വിരിയിച്ചൊരു
പുല്ലാങ്കുഴലിൻ നാദം
ഒരു ധർമ്മവിളംബരമരുളും
പാഞ്ചജന്യമായ് മാറിയ ഭൂമിയിൽ
(തേരിതു....)

വിഷാദമരുതേ അരുതേ
വില്ലിതെടുത്തു കുലയ്ക്കൂ
ശരം തൊടുക്കൂ ജീവിതശൈലികൾ
തിരുത്തിയെഴുതും തൂവൽ
ഒരു നവ്യ വിളംബരമരുളും
പാഞ്ചജന്യമിതു കേൾക്കുക ദൂരെ
(തേരിതു...)

പാനപാത്രം നീട്ടി നിൽക്കും

 

പാനപാത്രം നീട്ടി നിൽക്കും
പാതിരാമലരാണു ഞാൻ
വീണ തേടിത്തേടിയലയും
മൗനവേദനയാണു ഞാൻ

കടലു കാണാനോടി വന്ന
കാനനപ്പൂഞ്ചോല ഞാൻ
കടലല തൻ കരൾ മിടിപ്പുകള
കലെയെങ്ങോ കേൾപ്പൂ ഞാൻ
(പാനപാത്രം...)

ഒരു മലരിന്നിതൾ വിരിയിൽ
വീണുറങ്ങാൻ വെമ്പി ഞാൻ
വിരിമണലിൽ വീണു മായും
ഹിമകണികയാണു ഞാൻ
(പാനപാത്രം...)

നവവധുവിൻ നാണമോലും
മന്ദഹാസമല്ല ഞാൻ
വിരഹിണി തൻ വീണ മീട്ടും
വിധുരനാദമാണു ഞാൻ
(പാനപാത്രം...)

കാളിന്ദിയാറ്റിലിന്നലെ

 

കാളിന്ദിയാറ്റിലിന്നലെ
നീരാടാൻ പോയപ്പോൾ
ഒളികണ്ണാൽ കണ്ടല്ലോ
കായാമ്പൂ വർണ്ണനെ ഞാൻ
തളിർ വിരലിളകീ
കുഴൽ വിളിയുണ്ടേ
കിങ്ങിണിയരമണി കിലുകിലെയുണ്ടേ
കണ്ണനെൻ കരളിലിപ്പോഴുമുണ്ടേ
(കാളിന്ദിയാറ്റിലിന്നലെ...)

ഒന്നു മുങ്ങി ഞാൻ
പൊങ്ങി വന്നു ഞാൻ
ഓളമിട്ടു ഞാൻ
താളമിട്ടു ഞാൻ
ഒന്നു മുങ്ങി പൊങ്ങി വന്നു ഓളമിട്ടു താളമിട്ടു
വെള്ളിമത്സ്യമായ്
തുള്ളുമോടമായ്
നീന്തി നീന്തി ഞാൻ കടവിലണഞ്ഞു
കുത്തു ചേല കണ്ടില്ലാ
പട്ടുടുപ്പു കണ്ടില്ലാ
കള്ളനെൻ തുകിൽ കവർന്നവനാരോ
(കാളിന്ദിയാറ്റിലെ...)

കാവ്യദേവതേ ഇതിലേ

 

കാവ്യദേവതേ ഇതിലേ ഇതിലേ
മുത്തണിച്ചിലമ്പണിഞ്ഞു
പൂത്താലമേന്തി വന്നു
നൃത്തമാടൂ കാവ്യദേവതേ നീ

മമഹൃദയമലർക്കുടം
തിരുമുടിയിലണിയിക്കാം
നൃത്തമാടൂ കാവ്യദേവതേ നീ

മലർ വിരലാൽ മണിവീണ മീട്ടി
മധുമധുര സ്വരലഹരി തൂകി
നൃത്തമാടൂ നൃത്തമാടൂ നൃത്തമാടൂ
ഇതളിതളായ് വിരിയുക നിൻ
തളിരടിയിൽ താളങ്ങൾ
നൃത്തലോലേ നൃത്തലോലേ നൃത്തലോലേ
(മുത്തണിച്ചിലമ്പണിഞ്ഞു...)

വെണ്ണിലാച്ചോലയിലെ

വെണ്ണിലാച്ചോലയിലെ വെണ്ണക്കല്‍പ്പടവിങ്കൽ
മൺ കുടമേന്തി ഒരു പെണ്ണു വന്നൂ

മൺ കുടമഴകിന്റെ മന്ദാരമലർക്കുടം
പെൺകൊടി മെല്ലെ മെല്ലെ പടവിൽ വെച്ചൂ

താരകപ്പെണ്മണികൾ ആറാടും വെണ്ണിലാവിൻ
തീരത്താ മങ്കയെന്തോ മറഞ്ഞു നിന്നൂ
(വെണ്ണിലാച്ചോലയിലെ...)

കണ്വതപോവനത്തിൻ
കണ്മണിയെപ്പോലേതോ
പൊന്നിൻ കിനാവിലവൾ
മയങ്ങി നിൽക്കേ
പുള്ളിമാൻ പേടയുടെ
വർണ്ണച്ചിത്രമാർന്നൊരാ
മൺ കുടം മന്ദമന്ദം ഒഴുകിപ്പോയി
(വെണ്ണിലാച്ചോലയിലെ...)

കാലം കൈകളിലേറ്റു വാങ്ങിയ

 

കാലം കൈകളിലേറ്റു വാങ്ങിയ
കലാലാവണ്യമേ മാലിനീ
കൂലേ നിന്നു കുണുങ്ങുമേണമൃഗമൊ
ത്താഹ്ലാദമോലുന്നിതാ
നീളും കണ്മുനയാൽ കദംബമലർമാല്യം
ചാർത്തിയുൾത്താരിലെ
താളത്താൽ തുടികൊട്ടി നിൻ പുകൾ
പുലർത്തീടുന്നു നൂറ്റാണ്ടുകൾ

വരിക ഗന്ധർവ്വഗായകാ വീണ്ടും
വരിക കാതോർത്തു നിൽക്കുന്നു കാലം
തരിക മാനവാത്മാവിന്റെ ശോക
മധുരനാദമലർമഞ്ജരികൾ

ഇണയെ വേർപെട്ട പക്ഷി തൻ ദുഃഖം
ഇണ പിരിഞ്ഞൊരു യക്ഷന്റെ ദുഃഖം
ഇനിയും നിന്നു വിതുമ്പുമീ മണ്ണിൽ
ഇനി വരില്ലേ വരില്ലേ നീ വീണ്ടും

മുത്തുച്ചിലങ്കകൾ ചാർത്തുക

 

മുത്തുച്ചിലങ്കകൾ ചാർത്തുക ചാലേ
സപ്തസ്വര മധുരാംഗികളേ
വർണ്ണമനോഹരമലരുകൾ ചൊരിയുക
പൊന്നഴകിൻ പൂജാരികളേ
 
വിശ്വമോഹനശില്പിയെ വാഴ്ത്തിയ
വിശ്രുതവീണാതന്തികളിൽ
പുഷ്പാഞ്ജലികളൊരുക്കാനിന്നലെ
നർത്തനമാടിയ കന്യകളേ
സർഗ്ഗ സമുജ്ജ്വലഗാഥാമലരുകൾ
പൊൽക്കണി വെയ്ക്കും താലമിതാ
(മുത്തുച്ചിലങ്കകൾ...)

ഇന്നുമൊരോടക്കുഴല്ലിന്നോർമ്മകൾ
മിന്നും യമുനാഹൃദയത്തിൽ
സുന്ദര രാഗ വിപഞ്ചികയേന്തിയ
സന്ധ്യകൾ വീണു വണങ്ങുമ്പോൾ
അലകളിലലകളിലിളകുവതിന്നേ
തരിയ ചിലങ്കകളാലോലം
(മുത്തുച്ചിലങ്കകൾ...)

സത്യമായുള്ളവനേ

 

സത്യമായുള്ളവനേ
ദുഃഖിതർ തേടുന്ന
സത്യമായുള്ളവനേ

തെളിനീരു തേടിപ്പോം മാൻ പേട പോലെ നിൻ
തളിരടി തേടുന്നു ഞാൻ
നിൻ തിരുവാസത്തിൻ വാതുക്കൽ മുട്ടുന്നൊ-
രെന്നെ കൈക്കൊള്ളേണമേ
(സത്യമായുള്ളവനേ...)

അഭയം തന്നരുളുക ദേവാ നിൻ കാരുണ്യ
ചിറകിന്റെ പൂന്തണലിൽ
നിന്റെ മഹത്വത്തിൻ ഗോപുരത്തിങ്കലേ-
യ്ക്കെന്നെ നടത്തേണമേ
(സത്യമായുള്ളവനേ...)

പൂന്തിങ്കളെന്തേ മറഞ്ഞു

 

പൂന്തിങ്കളെന്തേ മറഞ്ഞു
വാർമുകിൽ ജാലകശ്ശീല തൻ പിന്നിൽ
പൂന്തിങ്കളെന്തേ മറഞ്ഞു

കേഴുക കേഴുക നീ രജനീ
കേഴുക കേഴുക നീ രജനീ
രംഗദീപങ്ങളെല്ലാമണഞ്ഞു

പാടി മുഴുമിച്ചതില്ല നിൻ ഗാനം
നീ ആടി മുഴുമിച്ചതില്ല നൃത്തം
വാടിയ താമരത്തന്റു പോലാക്കിളി
വാതിലിൻ പിന്നിൽ മയങ്ങി വീണു
നിന്റെ പാതിമെയ്യാമവൾ മാഞ്ഞൂ
(പൂന്തിങ്കളെന്തേ....)

കറുകക്കാട്ടിൽ മേഞ്ഞു നടന്നൊരു

 

കറുകക്കാട്ടിൽ മേഞ്ഞു നടന്നൊരു
കസ്തൂരിമാനേ ഞങ്ങൾ
തബലകൾ കൊട്ടി പാടുമ്പോളൊരു
സദിരു തുടങ്ങുമ്പോൾ
കണ്ണീരുമായി വന്നു നില്പതെന്തിനാണു നിന്റെ
കണ്ണിണ തേടുവതാരെയാണ്
(കറുകക്കാട്ടിൽ...)

കൂത്താടി നടക്കുവാൻ കാട്ടിലെനിക്കൊരു
കൂട്ടുകാരനുണ്ടായിരുന്നു
മെയ്യോടു മെയ്യുരുമ്മി
കൊമ്പോടു കൊമ്പുരുമ്മി
മേഞ്ഞു മേഞ്ഞു നടന്നല്ലോ ഞങ്ങൾ
മേഞ്ഞു മേഞ്ഞു നടന്നല്ലോ
(കറുകക്കാട്ടിൽ..)