നാടകഗാനങ്ങൾ

കാരിരുമ്പാണിപ്പഴുതുള്ള

 

കാരിരുമ്പാണിപ്പഴുതുള്ള കൈകളേ
കാത്തരുളേണമേ ഞങ്ങളെ
പാരിന്റെ പാപങ്ങൾ പോക്കുവാൻ പ്രാണനും
ദാനമായേകിയോനേ
(കാരിരുമ്പാണി....)

ഇത്തിരി നൊമ്പരങ്ങൾ കൊച്ചുമെഴുതിരികൾ
കത്തിച്ചു വെച്ചു ഞങ്ങൾ
വിണ്ണിൻ കെടാവിളക്കേ നിൻ തിരുസന്നിധിയിൽ
കുമ്പിട്ടു നില്പൂ ഞങ്ങൾ
(കാരിരുമ്പാണി...)

മുൾച്ചെടിക്കാട്ടിനുള്ളിൽ മുന്തിരിനീരിനായി
ദാഹിച്ചു നില്പൂ ഞങ്ങൾ
സ്വർഗ്ഗത്തിൻ പൊൻ കിനാവേ ദുഃഖത്തിൻ രാവിലൊരു
നക്ഷത്ര രശ്മി തരൂ
(കാരിരുമ്പാണി...)

മിന്നുന്നതെല്ലാം പൊന്നല്ല

 

മിന്നുന്നതെല്ലാം പൊന്നല്ല
ചെഞ്ചുണ്ടിൽ വിരിയും പുഞ്ചിരിയെല്ലാം
നെഞ്ചിലെയമൃതല്ലാ
കാക്കപ്പൊന്നിനു കണ്ണഞ്ചിക്കും
കള്ളച്ചിരിയുണ്ട് കാലം
കൈവിരൽ തൊട്ടാൽ കറുത്ത വാവിൻ
കണ്മഷിയായ് മാറും
(മിന്നുന്നതെല്ലാം....)

മണ്ണിൻ കരളിൽ ഉറഞ്ഞിരിക്കും
കണ്ണുനീരുണ്ട് കാലം
കൈവിരൽ തൊട്ടാൽ തുടുത്തു മിന്നും
പൊൻ കനിയായ് മാറും’
(മിന്നുന്നതെല്ലാം...)

കാളരാവിലും കണ്ണു ചിമ്മും
നക്ഷത്രമുണ്ട്  പാരിൻ
നൊമ്പരം വിങ്ങും മനസ്സിനുള്ളിൽ
പൊൻ കിനാക്കൾ പാടും
(മിന്നുന്നതെല്ലാം...)

ആദിയിലാകാശവും

 

ആദിയിലാകാശവും ഭൂമിയും അലതല്ലും
ആഴിയും വിരചിച്ച സർഗ്ഗവേദനാനാളം
ആയിരം തിരികളിൽ പകർന്നതത്രേ ഞങ്ങൾ
ആ മഹാപ്രതിഭ തൻ ഗോപുരവിളക്കുകൾ

ആദിയില്ലന്തമില്ലാ സർഗ്ഗഗീതം
ആ സർഗ്ഗഗീതം
ആലപിച്ചീടുമനശ്വരർ ഞങ്ങൾ
അനശ്വരർ ഞങ്ങൾ

ആഴികൾ ഞങ്ങൾ തൻ ആനന്ദധാര
രാവുകൾ ഞങ്ങൾ തൻ നൊമ്പരധാര
താരകൾ ഞങ്ങൾ തന്നുൾക്കുളിർധാര
താരുകൾ സങ്കല്പ സംഗീതധാര

ഇന്ദ്രധനുസ്സിന്റെ പീലിക്കിരീടം
ഞങ്ങൾ തൻ മാനസം ചൂടും കിരീടം
കാലമീക്കൈകളിൽ കാഞ്ചനവീണ
താളലയങ്ങൾ തളിർത്തിടും വീണ
 

വാർമഴവില്ലിന്റെ മാല

 

വാർമഴവില്ലിന്റെ മാല കോർത്തു
കാർമുകിൽ പെണ്ണിനിന്നാരു തന്നൂ
നീലവിണ്ണിൻ കടവിൽ വന്നു
നീരാടാതെ നില്പതെന്തേ
നീയൊന്നു നീന്തിക്കളിക്കുകില്ലേ
നീർമണിയൊന്നിങ്ങെറിയുകില്ലേ

കാട്ടു മുല്ല തൻ വാർമുടിക്കെട്ടിൽ
നീ മലർച്ചെണ്ടുകൾ ചാർത്തുകില്ലേ
താഴെയീ മണ്ണിലെ പൊയ്കയിൽ നീ
താമരപ്പൂവൊന്നറിയുകില്ലേ

പൂഴിമണ്ണിൽ പുൽകൊടി നാമ്പിൽ
പൂമണിമുത്തുകൾ തൂകുമോ നീ
തേൻ മഴ പെയ്തു ചിരിക്കുകില്ലേ
കാർമുകില്‍പ്പെണ്ണേ മറയരുതേ

 

 

 

ഏകതന്തിയാം വീണയുമേന്തി

 

ഏകതന്തിയാം വീണയുമേന്തി
മൂകമാമീ രജനിയിൽ
ജീവിതത്തിൽ അനന്തമായുള്ളൊരീ
വിശാലമാം വീഥിയിൽ
നില്പതെന്തിനു നില്പതെന്തിനു
തപ്തബാഷ്പവുമായി നീ
നീലനീൾമിഴിപ്പീലിയിൽ
ലോലമാം നീർപ്പളുങ്കുമായ്
ആതിരമലർത്താരമെന്ന പോൽ
ആരെയും കാത്തു നില്പൂ നീ ആ...ആ‍ാ

വേദനകൾ വിളഞ്ഞിടും
ജീവിതത്തിൻ ഖനികളിൽ
നിൽക്കയാണു നീ നിൽക്കയാ‍ാണു നീ
കെട്ടു പോയി നിൻ കൈത്തിരി ആ..ആ

നിന്റെ വീണ വിമൂകമായീ
നിന്റെ ഗാനം ഉറക്കമായീ
നിന്റെ കണ്ണീർ പളുങ്കു പോലുമീ
മണ്ണിൽ വീണു തകർന്നു പോയീ

മലർത്തിങ്കൾ താലമേന്തും

 

മലർത്തിങ്കൾ താലമേന്തും
മധുമാസരാവേ
മണിച്ചിലമ്പൊലി തൂകി
അണയൂ നീ

നിറനിലവിളക്കുകൾ തെളിവേൽക്കും വിണ്ണിൽ
അരിമുല്ല മുകുളങ്ങൾ
തിരി വയ്ക്കും വിണ്ണിൽ
നറുനിലാപ്പാലൊളിയും പനിനീരുമായി
മധുമാസപ്പൊൻ കിനാവേ അണയൂ നീ

കുരുവികൾ കൂട്ടമായ്
കുളിർത്തെന്നൽ തേരിലേറി എഴുന്നള്ളൂ
അണിമലർത്തിരി നീട്ടി
തളിർത്താലി ചാർത്തി
ഒരു പൂജാനടനത്തിന്നൊരുങ്ങുവതാരേ
നറുനിലാപ്പാലൊളിയും പനിനീരുമായി
മധുമാസപ്പൊൻ കിനാവേ
അണയൂ നീ

തിരുമിഴിയിതൾ പൂട്ടി

 

തിരുമിഴിയിതൾ പൂട്ടി ഉറങ്ങുറങ്ങ്
ഒരു നല്ല കിനാവിന്റെ മലർ മഞ്ചലിൽ
തങ്കം ഉറങ്ങുറങ്ങ്

അറിയാത്തൊരാഴിയിൽ നീയലിഞ്ഞിറങ്ങി
അരിയ പൊൻ മുത്തു വാരിയണിഞ്ഞൊരുങ്ങ്
തങ്കം അണിഞ്ഞൊരുങ്ങ്

കനകനീർക്കുമിളകൾ വിരിഞ്ഞു നിൽക്കും
ഒരു മത്സ്യകന്യയെ പുണർന്നുറങ്ങ്
തങ്കം ഉറങ്ങുറങ്ങ്

കരിമിഴിമലർ വിരിഞ്ഞിനിയുണർന്നാൽ
കതിർ കാണാക്കിളിക്കുഞ്ഞേ കരഞ്ഞീടല്ലേ
തങ്കം കരഞ്ഞീടല്ലേ

സൽക്കലാകന്യകേ

സൽക്കലാ കന്യകേ
കാൽച്ചിലമ്പൊലി തൂവുകെൻ നെഞ്ചിൽ നീ
കാളിദാസന്റെ കാവ്യകുമാരികേ
കാർമുകിൽ പട്ടുറുമാലിലേതൊരു
കാമിനി തൻ മിഴിനീർ മലർ തുന്നി നീ
നൃത്തലോലയാം മാളവകന്യ തൻ
കാൽത്തളിരിൽ ചിലങ്കകൾ ചാർത്തി നീ

മഞ്ഞുമാമല പോറ്റിയ തയ്യലിൻ
നെഞ്ഞിലെ സ്നേഹയജ്ഞത്തെ വാഴ്ത്തി നീ
നാകവാടിക ചൂടിയൊരുർവശീ
രാഗസൂനമീ മണ്ണിൽ പതിയ്ക്കവേ
സ്വപ്നതല്പമൊരുക്കിയ ഭൂമി തൻ
ഉജ്ജ്വലസ്നേഹദീപ്തിയെ വാഴ്ത്തി നീ

മാനോടൊത്തു വളർന്ന ശകുന്തള
താമരത്തളിർത്താളിലെഴുതിയ
പ്രേമഗീതമേ തൂവുക തൂവുക
തൂമലർ മണമാ വനജ്യോത്സ്ന പോൽ
 

ചിരിക്കുടുക്ക ചിരിക്കുടുക്ക

 

ചിരിക്കുടുക്ക ചിരിക്കുടുക്ക
പഞ്ചാരച്ചിരിക്കുടുക്ക
കിലുങ്ങ്‌ണല്ലോ കിങ്കിലുക്കം
പഞ്ചാരച്ചിരിക്കുടുക്ക
കാശീപ്പോയൊരു മുത്തച്ഛൻ
കാവിയുടുത്തൊരു മുത്തച്ഛൻ
കാശു കൊടുത്തൊരു കുടുക്ക വാങ്ങി
തിരിച്ചു വന്നല്ലോ പണ്ട്
തിരിച്ചു വന്നല്ലോ

ഭസ്മവുമിട്ട് നിറച്ചിട്ട്
ചെപ്പുകുടുക്കയടച്ചിട്ട്
കണ്ണുമടച്ചേ ജപിച്ചിരുന്നു
നമ്മുടെ മുത്തച്ഛൻ പാവം
നമ്മുടെ മുത്തച്ഛൻ
ശങ്കരനേ ശിവശങ്കരനേ
ശംഭോ ശിവ ഗംഗാധരനേ

വസന്തഗായകരേ

 

വസന്തഗായകരേ വസന്തഗായകരേ
നവയുഗ വസന്തഗായകരേ
വസന്തമെത്തിയ കാവുകളിൽ
ഹൃദന്തവീണകൾ മീട്ടുന്നോരേ
വസന്ത ഗായകരേ നവയുഗ വസന്തഗായകരേ

വിണ്ണിലെ ഗംഗയെ മണ്ണിലൊഴുക്കീ
ഇന്നലെ നമ്മൂടെ മുത്തച്ഛൻ
വീണ്ടുമെഴുന്നള്ളുന്നൂ വിണ്ണി
ന്നഴകുകളീ രാവിൽ

നൂറു കുരുക്ഷേത്രങ്ങൾ രചിപ്പൂ
നൂതനമാമീതിഹാസം
കലയുടെ കൈത്തിരി കാട്ടുക
ജീവിത കഥാനുഗായികളേ മാനവയത്ന പതാകയുമേന്തി
വീണ്ടും നാമണയുന്നു
യുഗങ്ങൾ തൂകിയ കണ്ണീർമുത്തുകൾ
കൊരുത്തെടുക്കുക നാം മുത്തുകൾ
കൊരുത്തെടുക്കുക നാം