കാലം കൈകളിലേറ്റു വാങ്ങിയ

 

കാലം കൈകളിലേറ്റു വാങ്ങിയ
കലാലാവണ്യമേ മാലിനീ
കൂലേ നിന്നു കുണുങ്ങുമേണമൃഗമൊ
ത്താഹ്ലാദമോലുന്നിതാ
നീളും കണ്മുനയാൽ കദംബമലർമാല്യം
ചാർത്തിയുൾത്താരിലെ
താളത്താൽ തുടികൊട്ടി നിൻ പുകൾ
പുലർത്തീടുന്നു നൂറ്റാണ്ടുകൾ

വരിക ഗന്ധർവ്വഗായകാ വീണ്ടും
വരിക കാതോർത്തു നിൽക്കുന്നു കാലം
തരിക മാനവാത്മാവിന്റെ ശോക
മധുരനാദമലർമഞ്ജരികൾ

ഇണയെ വേർപെട്ട പക്ഷി തൻ ദുഃഖം
ഇണ പിരിഞ്ഞൊരു യക്ഷന്റെ ദുഃഖം
ഇനിയും നിന്നു വിതുമ്പുമീ മണ്ണിൽ
ഇനി വരില്ലേ വരില്ലേ നീ വീണ്ടും

വരിക ഗന്ധർവഗായകാ വീണ്ടും
വരിക കാതോർത്തു നിൽക്കുന്നു കാലം
തരിക ഞങ്ങൾ തൻ കൈകളിലേക്കാ
മധുരനാദവിലോലമാം വീണ