നാടകഗാനങ്ങൾ

തെരുവിൽ രക്തം ചിന്തി

 

തെരുവിൽ രക്തം ചിന്തി വീണ ധീരസഖാവേ
വരിക വരിക നീ ഉയിർത്തെണീക്ക ഞങ്ങളിൽ
അമരരക്തസാക്ഷികൾ തൻ നിരയിൽ നിന്നുയർന്നുയർന്നു
വരിക വരിക നീ ഉയിർത്തെണീക്ക ഞങ്ങളിൽ

തെരുവരങ്ങിൽ നീ തുടങ്ങി വെച്ച നാടകം
തുടരുകയാണിന്നു ഞങ്ങൾ നിന്റെ സഖാക്കൾ
തിര മുറിയാതണ മുറിയാതലറിയാർത്തിടും
കരകൾ കാണാക്കടലു പോലെ നിൻ സഹജാതർ

പഥികരേ വരൂ വരൂ ഈ പെരുവഴിക്കാവിൽ
ചിതറി വീണ രുധിരധാരറ്റാരുടേതാണോ
അതു തെറിച്ചു വീണ സമയഭിത്തികൾ തോറും
തെളിയുകയാണിന്നു നാടിൻ പുതിയ ചരിത്രം

കേളീവനമേ

 

കേളീവനമേ എൻ നീലാളകങ്ങളെ
ലാളിച്ചു തഴുകുന്നതാരോ
സ്വർണ്ണച്ചുരുൾമുടിയിഴകൾക്കിടയിൽ
വർണ്ണപുഷപ്ങ്ങളുമായി
നീയെൻ ദേവിയെപ്പോലെ എന്റെ
ജീവന്റെ നിർവൃതി പോലെ

കേളീവനമേ നിൻ നീല ശിലാതലത്തിൽ
ചേലിൽ ശയിക്കുവതാരോ
മന്ദഹസിക്കുമീ പൂവുകളാരുടെ
പൊന്നിൻ കിനാവുകളോ
ആലസ്യമാർന്നെന്റെ ദേവനുറങ്ങുമ്പോൾ
ആരുമുണർത്തരുതേ അരുതേ
ആരുമുണർത്തരുതേ.....

വിജയദേവതേ നിൻ കരസ്പർശത്താൽ
വിഷമിതെൻ വിജയാമൃതമാക്കൂ
മരണദേവതേ നിൻ ചുംബനത്തിനാൽ
ഇവനെ നീ നിത്യനിദ്രയിലാഴ്ത്തൂ
മൃതിയുടെ കല്‍പ്പടവിതാ പോകൂ
പ്രിയ സഹജാ വിട പോയ് വരൂ നീ

 

ഞാനൊരു മുകിലിൻ

 

ഞാനൊരു മുകിലിൻ മഞ്ചലിലേറി
വാനിലലയും ജലബിന്ദു
ഏതോ കൈകൾ എന്റെ നെറുകയിൽ
ഏഴു നിറങ്ങൾ ചൂടിച്ചു
(ഞാനൊരു...)

സഞ്ചരിച്ചു ഞാനോരോരോ
സ്വപ്നസുരവീഥികളീൽ
അങ്ങകലെ അങ്ങകലെ
സംഗീതത്തിൻ ചിറകുകളിൽ
(ഞാനൊരു...)

വന്നു പതിച്ചു ഞാനിന്നേതോ
വൻ മരുഭൂവിൻ മാറിൽ
പൊന്നുരുകും പോലെയിതാ
പൊള്ളും മഞ്ഞമണൽത്തരികൾ
(ഞാനൊരു...)
 

ഒഫീലിയാ ഒഫീലിയാ

 

ഒഫീലിയാ ഒഫീലിയാ
ഒരു ഹൃദയത്തിൻ പൂപ്പാലികയിൽ
നിറയും സുവർണ്ണ ദാലിയാ
നീയൊരു സുവർണ്ണ ദാലിയാ
നിർമ്മലമെന്നനുരാഗത്തിൻ കഥ
എങ്ങനെ പറയേണ്ടൂ നിന്നോടെങ്ങനെ
ഞാൻ പറയേണ്ടൂ

വിണ്ണിൽ നിന്നൊരു പൊന്നിൻ താരക
എന്നെ വിളിക്കും പോലെ
മഞ്ജുരശ്മികളാകും മലരുകൾ
എൻ നേർക്കൊഴുകി വരുന്നു
നിന്നനുരാഗം പോലെ
എന്റെ കിനാവുകൾ പോലെ

കൺ തിരുമ്മിയുണർന്നു ചിരിച്ചൂ
കുഞ്ഞു ലില്ലിപ്പൂക്കൾ
മഞ്ഞല ചിന്നിയ രാവിൽ നിലാവിൽ
മഞ്ജിമയലിയുകയായീ
എന്നനുരാഗം പോലെ
നിൻ മൃദുഹസിതം പോലെ

കൊട്ടാരത്തിരുമുറ്റത്തിന്നൊരു

കൊട്ടാരത്തിരുമുറ്റത്തിന്നൊരു
കൊടിമരമുണ്ടല്ലോ ഓ
തെറ്റിപ്പോയ് തെറ്റിപ്പോയ്

ആ കൊടിമരമിന്നൊരു
കൊലമരമാണല്ലോ
കൊടിമരമടിമുടി സ്വർണ്ണം പൂശാൻ
കല്പനയായല്ലോ നമ്മുടെ
ചക്രവർത്തിത്തിരുമനസ്സിൻ
കല്പനയാണല്ലോ

പൊന്നു തരൂ പൊന്നു തരൂ നൃപ
കിങ്കരരെങ്ങും പായുന്നു
നാട്ടാരോടിയൊളിക്കുന്നു പൊൻ
വേട്ടക്കാർ പിന്തുടരുന്നൂ

കാപ്പും കമ്മലും പൊന്നരഞ്ഞാണവും
കൈയ്യോടഴിച്ചവർ വാങ്ങുന്നൂ
ഓ കൈയ്യോടഴിച്ചവർ വാങ്ങുന്നൂ
പാവം പെണ്ണിന്റെ ഇത്തിരിപ്പൊന്നിന്റെ
താലിയും പൊട്ടിച്ചെടുക്കുന്നു
താലീം പൊട്ടിച്ചെടുക്കുന്നു

അഭിരാമമോഹന

 

അഭിരാമമോഹനമാരൂപമെന്നുള്ളിൽ
നിറവാർന്നു നില്പൂ തോഴീ
മായാത്ത മാരിവിൽ പോലെ കാലം
മായ്ക്കാത്ത ചിത്രം പോലെ തോഴീ

ഞാനതിൻ മുന്നിലിരുന്നൂ
ആനന്ദനേത്രങ്ങളാൽ
ആരതിയുഴിയുകയായീ
അർച്ചനാഗീതികളാം ആയിരം സൂര്യകാന്തി
പുഷ്പങ്ങൾ വിരിയുകയായീ ആത്മാവിൽ
നൈവേദ്യമായ്

മാനസം പൊൻ തുടിയായ്
സോപാനഗീതങ്ങൾ തൻ
മാധുരി ചൊരിയുകയായീ
പുള്ളിമാൻ പേടകളായ്
ചെല്ലക്കുതൂഹലങ്ങൾ
തുള്ളിക്കളിക്കുകയായ്
ആത്മാവിൽ മേളിക്കയായ്

ആ‍ടാം ചിലങ്കകളണിയാം

 

ആടാം ചിലങ്കകളണിയാം
പാടാം തംബുരു മീട്ടാം
വർഷാമേഘധ്വനി കേട്ടുണരും
സർപ്പകന്യകൾ പോലെ

തരുനിരയുലയുമ്പോൾ കാറ്റിൽ
കരിയില പോലെ കിളികൾ പാറി
പ്പറന്നു കേഴുപോൾ ചിറകുകൾ
തളർന്നു വീഴുമ്പോൾ
ആത്മതന്തിയിൽ താളമുണർത്തുവ
താനന്ദഭൈരവിയല്ല
കരളിലുണർന്നു താളവിലോലം
കദനകുതൂഹലരാഗം

കമലദളം വിരിയേ നീല
ക്കുരുവികളായ് നിറമിഴികളതിന്മേൽ
ഉഴന്നു പാറുമ്പോൾ തനുലത
തളർന്നു ചായുമ്പോൾ
മൂക നൊമ്പരം മൂടിയൊതുക്കിയ
സൗവർണ്ണപാത്രങ്ങൾ നമ്മൾ
ശരപഞ്ജരമിതു പിളരുവതെന്നോ
കിളി തൻ മോചനമെന്നോ
 

ശാരികേ ശാരികേ

 

ശാരികേ ശാരികേ തുഞ്ചന്റെ ശാരികേ പോരിക
ഈ രംഗമഞ്ചത്തിൽ നീ വന്നിരിക്കൂ
ആയിരത്തൊന്നല്ല രാവുകൾ നിൻ കഥാ
ഗാനത്താൽ കോരിത്തരിച്ചു
(ശാരികെ.....)

ഭൂവിലൊരിക്കൽ വന്നെന്തോ നടിച്ചു പോം
പാവം മനുഷ്യരെപ്പറ്റി
പാടുകെന്നോമലേ ജീവിതമാം തുടർ
നാടകത്തിൻ നാന്ദിഗീതം
നാന്ദിഗീതം നാന്ദിഗീതം

പൂവണിമേടും വയണയുംവാകയും
കാവടിയാടുന്ന കാവും
ദുഃഖങ്ങളും മധുപർക്കമായ് മാറ്റും നിൻ
സൽക്കാരമേൽക്കാൻ കൊതിപ്പൂ

മണ്ണിന്റെയുപ്പും മധുരവും കൈപ്പുമായ്
കണ്മണീ വീണ്ടും വരൂ
വാളിനെ വെല്ലുന്ന വാക്കിൻ തിരിയിട്ട
താലവുമായിവർ നില്പൂ പോരൂ
 

വേനൽക്കിനാക്കളിലാളിപ്പടരുന്ന

 

വേനൽക്കിനാക്കളിലാളിപ്പടരുന്ന
കാനനജ്വാലകൾ പോലെ
ഈ തറവാടിന്റെയോർമ്മ തൻ മുറ്റത്ത്
ചെത്തികൾ ചെന്തീക്കനലുതിർന്നു
ഒരു കുടന്ന പൂക്കനലും
കോരിയെടുത്തോടി വായോ

ഏലത്തിൻ വള്ളിയും ഏഴിലം പാലയും
പൂവിട്ടതിൻ മണമേറ്റി
കാറ്റു വിളിച്ചു അക്കരയ്ക്കുണ്ടോ
പോരൂ പോരൂ പോരൂ

കാക്കപ്പൊന്നല്ലാ കറുത്ത പൊന്നുണ്ടേ
കാക്ക വിരുന്നു വിളിച്ചൂ
പൊന്നിളനീർക്കുടം ഒക്കത്തെടുത്തു തൈ
തെങ്ങുകൾ മാടി വിളിച്ചു
ആ വിളി കേട്ടു വിരുന്നുകാർ വന്നു
ആതിഥ്യമേകി നാം സൽക്കരിച്ചു

സൂര്യനും ചന്ദ്രനും

 

സൂര്യനും ചന്ദ്രനും താരാസഹസ്രവും
സാക്ഷിയായ് ഞാനിതാ ചൊൽ വൂ
ഹേ മഹാരാജൻ ഈ നില്പതു നിന്നുടെ
സ്നേഹാർഹനാം പ്രിയപുത്രൻ

നിന്റെ സിംഹാസനത്തിങ്കലിടം വേണ്ട
നിന്റെ പത്നീ പദം വേണ്ട
ഇല്ലെനിക്കാവിധം മോഹങ്ങൾ വന്നു ഞാൻ
നിൻ മകനെ തിരിച്ചേകാൻ നിന്റെ
പൊന്മകനെ തിരിച്ചേകാൻ

നിന്റെ രക്തത്തിൽ പിറന്നൊരീ പുത്രനെ
അന്തസ്സിൽ നീ സ്വീകരിക്കൂ
രാജോചിത വസ്ത്രഭൂഷകൾ നൽകിയീ
തേജസ്വിയെ ചേർത്തു നിർത്തൂ
അല്ലിവൻ ദുഷ്യന്തപുത്രനല്ലെന്നൊരാൾ
ചൊല്ലുകിൽ ഞാൻ പിന്മടങ്ങാം ഒന്നും
ചൊല്ലാതെ ഞാൻ പിന്മടങ്ങാം