നാടകഗാനങ്ങൾ

ഇറ്റലീ നീ

 

ഇറ്റലീ നീ കടലിന്റെ നൊമ്പരം
കൈക്കുടന്നയിൽ കോരിയെടുക്കയോ
നിൻ പുരാതന പ്രേമകഥകൾ തൻ
ഗന്ധമുണ്ടിങ്ങു വീശുന്ന കാറ്റിലും

തപ്തനിശ്വാസമില്ലാതെ ലൗകിക
ദുഃഖചിന്ത തൻ ചിന്തുകളില്ലാതെ
ഈയൊലീവു മരങ്ങൾ തൻ ചില്ലയിൽ
ഊയലാടുവാൻ മോഹിച്ചതെന്തിനോ

ഞങ്ങൾ പൊട്ടിച്ചെറിഞ്ഞ വിലങ്ങുകൾ
ഞങ്ങളെത്തന്നെ വേട്ടയാടുന്നുവോ
ഞങ്ങൾ ചുണ്ടോടടുപ്പിച്ച മുന്തിരി
പൊൻ ചഷകമെടുത്തു മാറ്റുന്നുവോ

ആദിമപാപം

ആദിമപാപം പിൻ തുടരുന്നു
ആദമിൻ മക്കളെയിന്നും
ശാപവും ശാപവിമോചനവും
തുടർനാടകമാവുന്നു

പാഴ് ശിലയായൊരഹല്യ തൻ ജീവനീ
പാഴ് മുളം തണ്ടിലും മൂളുന്നു
പാപവിമുക്തിക്കായ് വന്നണയും പുണ്യ
പാദങ്ങളെവിടെ എവിടെ
തിരയുകയാണവിരാമം എന്നും
തിരകളീ തീരത്തെന്ന പോലെ

പൂവിന്റെയാത്മാവ് മറ്റൊരു പൂവിന്റെ
ജീവരേണുക്കൾക്കായ് ദാഹിക്കെ
ആദിമപാപമെന്നാരാരോ അതി
ന്നോമനപ്പേരിട്ടു വെറുതെ
ഒഴുകുകയാണവിരാമം
ഓരോ നദിയും സാഗരം തേടി
 

ഭൂമിയിൽ മുത്തുകൾ

 

ഭൂമിയിൽ മുത്തുകൾ പെയ്യും മുകിൽ പാടീ
ഓമനേ നീയിതെടുത്തു കൊൾക
ഏറെത്തപിക്കും നിൻ മാറിടത്തിൽ കുളിർ
കോരിപ്പകർന്നു ഞാൻ പെയ്തു തീരാം

പൂമൊട്ടിൽ മഞ്ഞുനീർ തൂകും നിശ പാടീ
ഓമനേ നീയിതണിഞ്ഞു കൊൾക
നിന്റെ നിശ്വാസത്തിൻ സൗരഭത്താൽ കുളിർ
മഞ്ഞുതിരും പനീർത്തുള്ളിയാക്കൂ

ആഴി തൻ പൂമുഖം പുൽകും നദി പാടീ
ആടിത്തളരാത്ത നിന്റെ മാറിൽ
കാണാസ്വയംവരമാലയായ് ഞാൻ സ്വയം
കാണിക്കയായ് വീണലിഞ്ഞു പോകാം

സ്വർഗ്ഗനായകാ നിന്റെ

സ്വർഗ്ഗനായകാ നിന്റെ മന്ദിര

മാക്കുകെങ്ങൾ തൻ മാനസം

ഏകഭാവനാശീലരാക്കുക

സ്നേഹരൂപ നിൻ മക്കളെ

ഇല്ല ജാതിമതവിഭേദങ്ങൾ

നല്ലയൽക്കാരായ് വാഴേണം

അന്യർ തൻ ദുഃഖമെന്റേതാകണം

അന്യർ തൻ സുഖമെൻ സുഖം

ഈ മലകളും താഴ്വരകളും

ഈയനന്തമാം വാനവും

ജീവനാനന്ദഗീതി പാടും നിൻ

വീണയാക്കുക മൽ പ്രഭോ

 

 

ആലിലമേൽ അരയാലിലമേൽ

 

ആലിലമേൽ അരയാലിലമേൽ
ആടിക്കാർവർണ്ണൻ മയങ്ങുമ്പോൾ
രാരീരം പാടുന്ന കാറ്റേ നീ എന്റെ
മാറിലെ മുത്തിനായൊന്നു പാട്
രാരീരം രാരീരം രാരീരം

പാലൊത്ത താമരപ്പൂവിരിയും
പാൽക്കടലിൻ തിരച്ചാർത്തിലൂടെ
പാട്ടിന്റെ മുത്തണിത്തോണി തുഴയുന്ന
കാറ്റേ രാരീരം പാടി വാ വാ

ആരിതെന്നോമനത്തിങ്കളല്ലേ
ആ തിങ്കൾ പോറ്റുന്ന പൊന്മാനല്ലേ
കാട്ടിലെ കാർകുയില്‍പ്പാട്ടിലലിയുന്ന
കാറ്റേ രാരീരം പാടി വാ വാ
 

ഉറങ്ങൂ രാജകുമാരീ

 

ഉറങ്ങൂ രാജകുമാരീ ഉറങ്ങൂ
ഉറങ്ങൂ...
പ്രേമസുരഭിലസ്വപ്നനഗരിയിൽ
ഓമനേ പോയി വരൂ നിദ്രയിൽ
ഓമനേ പോയി വരൂ

ചെമ്മുന്തിരി നീരു പോലെ തുടുക്കുവ
തെന്തേ കവിളിണ ദേവീ
മാറ്‌ തുടിക്കുവതെന്തേ പ്രിയതര
മാരേ മാറോടണച്ചൂ

നിൻ തിരുവുടലിന്നെന്തേ ഉരുകും
തങ്കത്തകിടായ് ദേവീ
മേനി തളിർക്കുവതെന്തേ പുളകിത
യാമിനി പാടുവതെന്തേ
 

പച്ചവെളിച്ചവും കെട്ടൂ

 

പച്ചവെളിച്ചവും കെട്ടൂ
പവിഴ വെളിച്ചവും കെട്ടൂ
നാൽക്കവലയിലെ വിളക്കു കെട്ടൂ
വഴി വക്കിലിരുട്ടിൽ നീ നിന്നൂ

പാതകൾ നീളുമപാരതയിൽ ഒരു
താരവും വഴി കാട്ടിയില്ല
ഒരു കരിമ്പാറയിൽ തട്ടിപ്പിടയുന്നൊര
രുവി തൻ പൊട്ടിക്കരച്ചിൽ കേട്ടു ദൂരെ
അരുവി തൻ പൊട്ടിക്കരച്ചിൽ കേട്ടു

ആ കൈയ്യിലീക്കൈയ്യിലേതു കൈയ്യിൽ
ഉയിർ കാക്കും മണിക്കല്ലെവിടെ
കുറവന്റെ പൈങ്കിളീ ചീട്ടൊന്നും കൊത്താതെ
വെറുതേ നീലാകാശം മാത്രം കണ്ടൂ നീ
വെറുതേ നീലാകാശം മാത്രം കണ്ടൂ

 

വാതിൽക്കൽ വന്നു

വാതില്ക്കൽ വന്നു മറഞ്ഞു നിൽക്കുന്നൊരു
കാതരമോഹത്തിൻ മൗനം നീയൊരു
കാതരമോഹത്തിൻ മൗനം

അന്തരംഗത്തിന്റെയാരുമേ കാണാത്ത
പഞ്ജരത്തിൽ ശരപഞ്ജരത്തിൽ
ഏതോ പുലരി തൻ പൊൻ മുഖം ധ്യാനിച്ചു
ശാരിക മിണ്ടാതിരുന്നു നിന്റെ
ശാരിക മിണ്ടാതിരുന്നു

എന്തിനും മീതേ ഞാൻ സ്നേഹിപ്പൂ നിന്നെയെ
ന്നെൻ മുഖത്തേക്കുറ്റു നോക്കി
താരകൾ സാക്ഷിയായ്
താരുകൾ സാക്ഷിയായ്
ആ രണ്ടു നേത്രങ്ങൾ ചൊല്ലീ എന്തോ
ആ രണ്ടു നേത്രങ്ങൾ ചൊല്ലീ

നീലയമുനാതീരവിഹാരീ

 

നീലയമുനാതീരവിഹാരീ
ഗോവർദ്ധനഗിരിധാരീ
നീയണയാനിനി വൈകുവതെന്തേ
ഗോപീഹൃദയ വിഹാരീ

കാളിയമർദ്ദനകേളീ നർത്തന
വിലോല ചഞ്ചല ചരണ
കാരുണ്യാംബുദ കളായസുമതതി
സമാന മോഹന വദന

ശ്രീധരാ മുരഹര ജലധരസുന്ദര
പീതാംബരധര ബാല
ശ്രീലജന പ്രിയ വിലാസലതികാ
സമാനനർത്തന ശീല

വർഷാമംഗലഗീതവുമായ്

 

വർഷാമംഗലഗീതവുമായ് വന്ന
പക്ഷീ ജാലകപ്പക്ഷീ
നിൻ മണിക്കൊക്ക് തുറന്നു പാടൂ എന്റെ
കണ്മണിക്കായൊരു ഗാനം
ഗാനം ഗാനം ഗാനം

ദേവാങ്കണങ്ങളിൽ നിന്നു ഞാനീ നറും
ശേഫാലികാപുഷ്പം കോർത്തു
ഇന്നിതു നിൻ മാറിൽ ചാർത്തുന്ന വേളയിൽ
പൊന്നിന്നു പൂമണം ഭൂഷണമായി

ഓമലേ നിൻ മഞ്ജുരൂപമെൻ കൺകളിൽ
താമസമാക്കുകയാലോ
നിദ്രയുമെന്നൊട് യാത്ര പറഞ്ഞു പോയ്
അത്രമേൽ നിന്നെ ഞാൻ സ്നേഹിക്കയാൽ