വേനൽക്കിനാക്കളിലാളിപ്പടരുന്ന

 

വേനൽക്കിനാക്കളിലാളിപ്പടരുന്ന
കാനനജ്വാലകൾ പോലെ
ഈ തറവാടിന്റെയോർമ്മ തൻ മുറ്റത്ത്
ചെത്തികൾ ചെന്തീക്കനലുതിർന്നു
ഒരു കുടന്ന പൂക്കനലും
കോരിയെടുത്തോടി വായോ

ഏലത്തിൻ വള്ളിയും ഏഴിലം പാലയും
പൂവിട്ടതിൻ മണമേറ്റി
കാറ്റു വിളിച്ചു അക്കരയ്ക്കുണ്ടോ
പോരൂ പോരൂ പോരൂ

കാക്കപ്പൊന്നല്ലാ കറുത്ത പൊന്നുണ്ടേ
കാക്ക വിരുന്നു വിളിച്ചൂ
പൊന്നിളനീർക്കുടം ഒക്കത്തെടുത്തു തൈ
തെങ്ങുകൾ മാടി വിളിച്ചു
ആ വിളി കേട്ടു വിരുന്നുകാർ വന്നു
ആതിഥ്യമേകി നാം സൽക്കരിച്ചു

പാടുകയായ് നാം അതിഥി ദേവോ ഭവ
വീടിതു കയ്യേറിയോരേ
മഞ്ചലിലേറ്റി നടന്നു നാമീ വഴി
പൂഹോയ് പൂഹോയ് പൂഹോയ്
പൂവിളിയാണിതെന്നാരു ചൊല്ലീ
കരൾപ്പൂമുള കീറുന്ന നാദം
പൂക്കളം മാഞ്ഞൊരീ അങ്കണമാരാന്റെ
പൂരക്കളിക്കളമായ്
ആട്ടിയൊഴിപ്പിച്ച പൂതങ്ങൾ നമ്മളെ
പാട്ടിലാക്കാനിതാ വന്നു വീണ്ടും