സൂര്യനും ചന്ദ്രനും താരാസഹസ്രവും
സാക്ഷിയായ് ഞാനിതാ ചൊൽ വൂ
ഹേ മഹാരാജൻ ഈ നില്പതു നിന്നുടെ
സ്നേഹാർഹനാം പ്രിയപുത്രൻ
നിന്റെ സിംഹാസനത്തിങ്കലിടം വേണ്ട
നിന്റെ പത്നീ പദം വേണ്ട
ഇല്ലെനിക്കാവിധം മോഹങ്ങൾ വന്നു ഞാൻ
നിൻ മകനെ തിരിച്ചേകാൻ നിന്റെ
പൊന്മകനെ തിരിച്ചേകാൻ
നിന്റെ രക്തത്തിൽ പിറന്നൊരീ പുത്രനെ
അന്തസ്സിൽ നീ സ്വീകരിക്കൂ
രാജോചിത വസ്ത്രഭൂഷകൾ നൽകിയീ
തേജസ്വിയെ ചേർത്തു നിർത്തൂ
അല്ലിവൻ ദുഷ്യന്തപുത്രനല്ലെന്നൊരാൾ
ചൊല്ലുകിൽ ഞാൻ പിന്മടങ്ങാം ഒന്നും
ചൊല്ലാതെ ഞാൻ പിന്മടങ്ങാം
മാമുനികന്യയെ വഞ്ചിച്ചതാരാണ്
പാവനസ്നേഹത്തിൻ പേരിൽ
സ്വന്തമാത്മാവോടു ചോദിച്ചറിയുക
സ്വന്തരക്തത്തെ തിരിച്ചറിയൂ
വത്സ നിന്നമ്മയ്ക്കിടം വേണ്ടിവിടെ നീ
അച്ഛനോടൊത്തിങ്ങു നിൽക്കൂ നിന്റെ
അച്ഛനോടൊത്തിങ്ങു നിൽക്കൂ