നാടകഗാനങ്ങൾ

മലർവള്ളികളേ

 

മലർവള്ളികളേ പ്രിയതരചന്ദന
തരുവരർ തൻ മണവാട്ടികളേ
മാനുഷസ്ത്രീകൾ ഞങ്ങളേക്കാളെത്ര
ഭാഗ്യശാലിനികൾ നിങ്ങൾ
ഭാഗ്യശാലിനികൾ

ഇഷ്ടതരുവരർ നിങ്ങൾക്കരികിൽ
നിൽ;പൂ സംഗമലോലർ
നിത്യസംഗമലോലർ
തമ്മിലുരുമ്മിപ്പുണരുമ്പോളാ
നിർവൃതി പൂവുകളാവുന്നു
മർമ്മരമായുതിരുന്നു കാറ്റിൻ
നർമ്മമധുമൊഴികൾ

തപ്തമാനസർ ഞങ്ങൾക്കുള്ളിൽ
കത്തും വിരഹവിഷാദം
നിത്യവിരഹവിഷാദം
ഒന്നു മുകർന്നു മറഞ്ഞൊരു കാറ്റിനെ
എന്തിനു വെറുതെ തിരയുന്നു
കൺകളിൽ വീണുടയുന്നു കിനാവിൻ
മഞ്ഞുനീർമണികൾ

പഥിക പോരിക

 

പഥിക പോരിക നീളുമീപ്പാതയിൽ
പടിയിറങ്ങിപ്പകൽ പോയ വേളയിൽ
കഥ പറയാം പഴയൊരു പാട്ടിലെ
കഥ പറയാം ഇവിടെയിരിക്കുക

അതിനു  നാന്ദിയായ് പാടേണ്ടൊരീരടി
പഥിക പോരൂ നമുക്കൊത്തു പാടാം
ഹൃദയവേദനയോടെയൊരമ്മയീ
വഴിയരിലിലുപേക്ഷിച്ച പൈതലിൽ
ചൊടിയിലിത്തിരിപ്പൂവിലെ തേൻ കണം
ചൊരിയുമാ ശകുന്തങ്ങളെ വാഴ്ത്തുക

അവളെയോമനപ്പുത്രിയായ് കൈക്കൊണ്ട
മുനി തൻ സ്നേഹവാത്സല്യങ്ങൾ വാഴ്ത്തുക
അവളെ മോഹിച്ചു കൈക്കൊണ്ടു പിന്നെയും
അവനിയിലൊരനാഥയായ് മാറ്റിയ
അരച നീതി തൻ നേർക്കു തീ പെയ്തിടും
അബലയല്ലാത്ത നാരിയെ വാഴ്ത്തുക

മച്ചിലിരിക്കുന്ന നക്ഷത്രക്കുഞ്ഞൊരു

 

മച്ചിലിരിക്കുന്ന നക്ഷത്രക്കുഞ്ഞൊരു
മഞ്ചലിൽ നമ്മുടെ വീട്ടിൽ വരും
ആലിലക്കണ്ണനെപ്പോലെ ചേലെഴും
ആരോമലുണ്ണി വരും
അന്നക്കിളിയെ ആടി വാരൂ
കുഞ്ഞിപ്പെങ്ങള് പാടി വരൂ

തൊട്ടിലു കെട്ടണം ചന്ദനക്കുളിരുള്ള
പട്ടുവിരിക്കേണം പിന്നെ
ആടും തൊട്ടിലിൽ ആരോമലുണ്ണിയെ
പാടിയുറക്കേണം പാടിപ്പാടിയുറക്കേണം
കൈവിരലുണ്ടു മയങ്ങും നേരത്താ
കവിളിലൊരുമ്മ കൊടുക്കണം

ഇന്ദ്രിയവാതിലിൽ മുട്ടിവിളിപ്പൂ

 

ഇന്ദ്രിയവാതിലിൽ മുട്ടിവിളിപ്പൂ
സുന്ദരനൂപുരനാദം
ഹേ വൈരാഗീ ഉണരൂ ഉണരൂ
ചേവടിയിൽ പൊൻ ചിലമ്പു ചാർത്തിയ
ദേവത മേനക വന്നു

തന്ത്രീലീനം തപോവിലീനം
മാനസതാമരമുകുളം
അതിന്നു ചുറ്റും പാറുകയാണൊരു
മധുകരികാമൃദുനാദം
നാദം നൂപുരമണിനാദം
ഝനന ഝനനന ഝനന ഝനനന
ഝനന ധീം ധീം ധീം

തേന്മാവു പൂത്തപ്പോളാ

 

തേന്മാവു പൂത്തപ്പോളാപ്പൂമധു നുകർ
ന്നാനന്ദമത്തനായ് തീർന്ന വണ്ടേ
എന്തേ മറന്നു നീ എന്നുമണയുമീ
സ്വർണ്ണനളിനീ ഭവനം

വന്നു വസന്തം നിരത്തുന്നു നിന്മുന്നിൽ
മുന്തിരിത്തേൻ കുടങ്ങൾ
വർഷാമയൂരം നിൻ മുന്നിൽ ചൊരിയുന്ന
മുത്തുകൾ കോർത്തെടുക്കൂ
മാറിലണിയുമാ മാലികയിൽ മാര
ദൂതികൾ പൊന്നൂഞ്ഞാലാടട്ടെ

കന്നിനിലാവു വിടർത്തുന്ന സിന്ദൂര
മഞ്ജരിയെന്ന പോലെ
നില്പൂ നിൻ പൂജയ്ക്കായെന്നും കൊതിക്കുമീ
ഹൃത്തടം കാഴ്ച വെയ്ക്കാം
മാണിക്ക്യപ്പൂവു പോലീ ഹൃദയം ഇതാ
കാണിക്ക വെയ്ക്കാം കൈക്കൊള്ളുകില്ലേ

ആരു നീ ആതിരത്താരം

 

ആരു നീ ആതിരത്താരം പോലെ
ആശാലതിക തൻ കലിക പോലെ
ആരും മുകരാത്ത മുകുളം പോലെ
ആരുമണിയാത്ത രത്നം പോലെ

ചഞ്ചലനയനേ നീയൊരു മുകിലിൻ
നെഞ്ചിലെ വിദ്യുല്ലതയോ
അഞ്ജനമെഴുതിയ നിൻ മിഴിമുനയെൻ
നെഞ്ചിലേൽക്കും മലർശരമായ്

ചമ്പകമലരോ നീ സുരതരുവിൽ
അമ്പൊടു തളിരിടുമഴകോ
ഇന്നെൻ ഹൃദയാകാശമതിൽ നീ
വന്നുദിക്കും പൗർണ്ണമിയോ

 

താമരത്താളിൽ സ്നേഹപരാഗത്താൽ

 

താമരത്താളിൽ സ്നേഹപരാഗത്താൽ
ഞാനീയീരടി കുറിച്ചു
പൂവിന്നുള്ളിലെ രാഗപരിമളം
ദേവാ നീയറിവീലേ

പുഷ്പശര ! ഭവാനെന്തിനീ കന്യ തൻ
ഹൃത്തടമെയ്തു മുറിച്ചു
താരിതൾ പോലൊരു മാനസമല്ലോ
താരമ്പേറ്റു പിടഞ്ഞു നിൻ
താരമ്പേറ്റു പിടഞ്ഞു

മുല്ലമലർക്കുടീരങ്ങളിലായിരം
വെള്ളിത്തിരികൾ തെളിഞ്ഞു
മാകന്ദശാഖിയിലാനന്ദലോലനായ്
പൂങ്കുയിൽ പാടിയുണർന്നു
പുള്ളിപ്പൂങ്കുയിൽ പാടിയുണർന്നൂ

കശകശ കശകശ

 

കശകശ കശകശ ചീട്ടു കശക്കി
കാവടി പോലെ കൈയ്യിൽ വിടർത്തി
ഒരു തിരനോട്ടം കണ്ണുമടച്ചു
ചീട്ടുകൾ വിതറുന്നു അവൻ
ചീട്ടുകൾ വിതറുന്നു
അകത്ത് അകത്ത് അകത്ത്
എതിരാളി എറിഞ്ഞതെല്ലാം
അക്കുത്തിക്കുത്തേ
 ആന വരമ്പത്ത്
അത് പുറത്ത് പുറത്ത് പുറത്ത്

വച്ചടി വച്ചടി കേറുന്നു
ജയിച്ചു കേറുന്നു
പുച്ഛത്തോടെ നിന്നവരെല്ലാം
ഓച്ഛാനിക്കുന്നു
ഓരോ പൈസത്തുട്ടിൽ നിന്നും
ഓരായിരം പവനുയരുന്നു

സൂത്രധാരാ ഇതിലേ

സൂത്രധാരാ ഇതിലെ ഇതിലേ
കൂത്തമ്പലമിവിടെ
ജീവിതമാകുമരങ്ങിൽ പുതിയൊരു
പാവക്കൂത്തു തുടങ്ങുകയായ്

കഥയറിയാത്തൊരു പാവകൾ ഞങ്ങൾ
കഥകളാടാനിവിടെ ഏതോ
കഥകളാടാനിവിടെ
കാണാച്ചരടുകൾ കൈകളിലേന്തിയ
കാരണ പുരുഷനല്ലേ നീ
ആരും കാണാതെവിടെ

കളിവിളക്കായ് ആളിക്കത്തും
കതിരോൻ പൊന്നമ്പിളിയും
തങ്കക്കതിരോൻ പൊന്നമ്പിളിയും
ചിത്തിരയവനിക കാലം നെയ്തു
നിവർത്തിയ നീലാകാശം
ഈ ചിത്രിത നീലാകാശം

ചന്ദനചർച്ചിത നീലകളേബരൻ

ചന്ദനചർച്ചിത നീലകളേബരൻ
വന്നതില്ലിന്നും തോഴീ
എന്നിനി വരുമെന്നറിവീല്ലാ
എന്തിനി ചെയ്‌വേനെന്നുമറിവീലാ

ആരാരും കാണാതെ ഈ നീലക്കടമ്പിന്മേൽ
ചാരി നിന്നുവോ മായാരൂപനവൻ
അല്ലെങ്കിൽ ഞൊടിക്കുള്ളിൽ
ചില്ലകൾ തോറും നൂറ്
ഫുല്ലസുമങ്ങൾ പൊട്ടിച്ചിരിചചതെന്തേ

മാനസമണിപത്മം ഹാ സഖീ തൊട്ടുണർത്തീ
സാരസനേത്രനെന്തേ പോയ് മറഞ്ഞൂ
മുല്ലക്കുടിലിന്നുള്ളിൽ
നർമ്മലോലമാമൊരു
സല്ലാപം കേട്ടുവോ നീ
പറയൂ തോഴീ