തെരുവിൽ രക്തം ചിന്തി വീണ ധീരസഖാവേ
വരിക വരിക നീ ഉയിർത്തെണീക്ക ഞങ്ങളിൽ
അമരരക്തസാക്ഷികൾ തൻ നിരയിൽ നിന്നുയർന്നുയർന്നു
വരിക വരിക നീ ഉയിർത്തെണീക്ക ഞങ്ങളിൽ
തെരുവരങ്ങിൽ നീ തുടങ്ങി വെച്ച നാടകം
തുടരുകയാണിന്നു ഞങ്ങൾ നിന്റെ സഖാക്കൾ
തിര മുറിയാതണ മുറിയാതലറിയാർത്തിടും
കരകൾ കാണാക്കടലു പോലെ നിൻ സഹജാതർ
പഥികരേ വരൂ വരൂ ഈ പെരുവഴിക്കാവിൽ
ചിതറി വീണ രുധിരധാരറ്റാരുടേതാണോ
അതു തെറിച്ചു വീണ സമയഭിത്തികൾ തോറും
തെളിയുകയാണിന്നു നാടിൻ പുതിയ ചരിത്രം
പഴയ നീതിമറകൾ ചീന്തിയകലെയെറിയുവാൻ
പുതിയ ലോകപ്പിറവി കാണാൻ പഥികരേ വരൂ
മൃതി കവർന്ന സഫ്ദറിന്റെ ചിതയിൽനിന്നിതാ
സട കുടഞ്ഞുണർന്നിടുന്നൊരായിരം സഫ് ദർ
ഒരായിരം സഫ്ദർ
ഒരായിരം സഫ്ദർ