കലാഭവൻ മണി

Submitted by mrriyad on Sat, 02/14/2009 - 18:18
കലാഭവൻ മണി-അഭിനേതാവ്
Name in English
Kalabhavan Mani
Date of Birth
Date of Death

അഭിനേതാവ്, ഗായകൻ

തൃശ്ശൂർ ചാലക്കുടി സ്വദേശി. മിമിക്രിയിലൂടെയും നാടൻപാട്ടിലൂടെയും കലാരംഗത്തു തുടക്കം കുറിച്ചു. മലയാളസിനിമയിൽ തുടക്കത്തിൽ കോമഡി വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീടു വില്ലനായും നായകനായും അഭിനയിച്ചു.  തമിഴ്, തെലുങ്ക് സിനിമകളിലും തൻെറ സാന്നിദ്ധ്യം അറിയിച്ചു.  നാടൻപാട്ടുകളെ ജനപ്രിയമാക്കുന്നതിൽ  മണി തന്റേതായ പങ്കു വഹിച്ചിട്ടുണ്ട്.

ദാരിദ്ര്യപൂർണ്ണമായ ചെറുപ്പകാലത്തെ മണി പലവേദികളിലും അനുസ്മരിച്ചിരുന്നു. ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ മിമിക്രിയിലും അഭിനയത്തിലും മാറ്റുരച്ചു. മോണോആക്ടിലും മിമിക്രിയിലും സ്കൂൾ യുവജനോത്സവങ്ങളിൽ മത്സരിച്ചു. 1987ൽ കൊല്ലത്തു നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോ ആക്ടിൽ മണി ഒന്നാംസ്ഥാനം നേടി.

പഠനത്തിനുശേഷം ഓട്ടോറിക്ഷ ഓടിച്ചും മിമിക്രി അവതരിപ്പിച്ചും അദ്ദേഹം വരുമാനം കണ്ടെത്തി. കൊച്ചിൻ കലാഭവനുമായി സഹഹരിക്കുവാൻ കഴിഞ്ഞത് മണിയുടെ ജീവിതത്തിലെ വഴിത്തിരിവായി.  'സല്ലാപം' എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പൻെറ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളും അദ്ദേഹം അവിസ്മരണീയമാക്കി. ദി ഗാർഡ് എന്ന ചിത്രത്തിൽ മണി മാത്രമായിരുന്നു അഭിനേതാവ്. മറുമലർച്ചി, വാഞ്ചിനാഥൻ, ബന്താ പരമശിവം, ജെമിനി തുടങ്ങിയ തമിഴ്ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. 

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് 2000ൽ ദേശീയ ചലചിത്ര പുരസ്കാര സമിതിയുടെയും സംസ്ഥാന തലത്തിലും (1999) പ്രത്യേക ജൂറി പരാമർശം ലഭിച്ചു.   2002ലെ ഫിലിം ഫെയറിൻെറ മികച്ച വില്ലൻ വേഷത്തിനുള്ള പുരസ്കാരം  ജെമിനി എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് ലഭിച്ചു.

നിരവധി നാടൻപാട്ടുകളുടേയും ഭക്തിഗാനങ്ങളുടേയും ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ചലച്ചിത്രഗാനങ്ങളും പാടിയിട്ടുണ്ട്. 

കരൾ രോഗത്തെത്തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ 2016 മാർച്ചിൽ അന്തരിച്ചു. 

അച്ഛൻ:കുന്നശ്ശേരി രാമൻ
അമ്മ:  അമ്മിണി
ഭാര്യ: നിമ്മി
മകൾ: ശ്രീലക്ഷ്മി

Image / Illustration : NANDAN

ജോസ് പ്രകാശ്

Name in English
Jose Prakash
Date of Birth
Date of Death

അഭിനേതാവ്,ഗായകൻ എന്നീ നിലകളിൽ കഴിഞ്ഞ നാലു പതിറ്റാണ്ടായി മലയാള സിനിമയിലെ സാന്നിദ്ധ്യം. ഗായകനാവാൻ സിനിമയിൽ എത്തി ഒരു നല്ല നടനായി മാറുകയായിരുന്നു ജോസ് പ്രകാശ്. 70 കളിലെ ഒട്ടു മിക്ക മലയാള സിനിമകളിലും  വില്ലൻ വേഷങ്ങളിൽ ജോസ് പ്രകാശ് കൈയടി നേടി. 90 കളോടെ സ്വഭാവനടൻ എന്ന മുഖച്ഛായയിലേക്ക് മാറി. 

എട്ടു വർഷത്തോളം ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിച്ചശേഷം വിരമിച്ച ജോസ് പ്രകാശ് പിന്നീട് ചെറിയ ബിസിനസുകളുമായി കഴിഞ്ഞിരുന്ന കാലത്ത് കോട്ടയം ആസ്ഥാനമാക്കി കോട്ടയം ആർട്ട്സ് ക്ലബ്ബ് എന്നൊരു ചെറിയ ട്രൂപ്പ് ഉണ്ടാക്കുകയും അതിൽ പ്രധാനഗായകനായി പ്രശസ്തനാവുകയും ചെയ്തു. അദ്ദേഹത്തിന്റെ പാട്ടു കേൾക്കാനിടയായ തിക്കുറിശ്ശി സുകുമാരൻ‌നായർ ‘ശരിയോ തെറ്റോ’ എന്ന ചിത്രത്തിൽ പാടാൻ ക്ഷണിക്കുകായിരുന്നു. 1953 ൽ പുറത്തിറങ്ങിയ ആ ചിത്രത്തിൽ ‘പാടു പെട്ടു പാടങ്ങളിൽ’ എന്ന ഗാനം ഭക്ഷിണാമൂർത്തിയുടെ സംഗീതസംവിധാനത്തിൽ ജോസ് പ്രകാശ് പാടി. ആ ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. 

1961 ൽ പുറത്തിറങ്ങിയ ‘ഭക്തകുചേല’ എന്ന ചിത്രത്തിലാണ് ജോസ് പ്രകാശിനു ആദ്യമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്യാൻ കഴിഞ്ഞത്. പക്ഷേ, 1969 ൽ ഇറങ്ങിയ ‘ഓളവും തീരവും’ എന്ന ചിത്രത്തിൽ ചെയ്ത വില്ലൻ വേഷത്തിലൂടെ മലയാള സിനിമയിൽ ഒരു പുതിയ താരോദയം ഉണ്ടായി. പിന്നീടങ്ങോട്ട് കുറേ വർഷക്കാലം മലയാളസിനിമയിലെ പ്രധാന പ്രതിനായകവേഷങ്ങളിൽ ജോസ് പ്രകാശിനു തിളങ്ങാ‍നായി. 

2003 ൽ അനാരോഗ്യം നിമിത്തം സജീവസിനിമയിൽ നിന്നകന്ന അദ്ദേഹത്തിന്റെ അവസാന മുഴുനീള വേഷം ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലായിരുന്നു. പിന്നീട് അദ്ദേഹത്തെ കാണുന്നത് 2011ൽ റിലീസ് ചെയ്ത “ട്രാഫിക്’ എന്ന ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്തുകൊണ്ടായിരുന്നു. 

കെ ജെ ജോസഫ് - ഏലിയാമ്മ ജോസഫ് ദമ്പതികളുടെ എട്ടു മക്കളിൽ മൂത്തവനായി കൊച്ചിയിലാണ് ജോസ് പ്രകാശ് ജനിച്ചത്. അദ്ദേഹത്തിന്റെ അനുജൻ പ്രേം പ്രകാശ് മലയാളസിനിമാരംഗത്ത് സജീവമാണ്. 

2012 ൽ ജെ സി ഡാനിയേൽ പുരസ്ക്കാരം നൽക്കി കേരള സർക്കാർ അദ്ദേഹത്തെ ആദരിച്ചു. പ്രായാധിക്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായും ചികിത്സയിലായിരുന്ന ജോസ്പ്രകാശ്,2012 മാർച്ച് 24ന് അന്തരിച്ചു.

ജിക്കി

Submitted by mrriyad on Sat, 02/14/2009 - 18:14
Jikki
Alias
ജി കൃഷ്ണവേണി
Name in English
Jikki
Date of Death

 മദ്രാസില്‍ ഗജപതി നായിഡുവിന്റെ മകളായി 1935ല്‍ ജനിച്ചു. മൂന്നാം ക്ളാസുവരെ പഠിച്ചു. ഏഴാമത്തെ വയസ്സുമുതല്‍ പാടാന്‍ തുടങ്ങി. വനമാല'യിലെ തള്ളി തള്ളി ഓ വെള്ളം തള്ളി... എന്നതാണ് ജിക്കിയുടെ ആദ്യ മലയാള ഗാനം. ഇതിനുമുമ്പ് സികാസല്‍ നിര്‍മ്മിച്ച തമിഴ്ജ്ഞാനസുന്ദരിയില്‍ ജിക്കി പാടിയിരുന്നു. ഏഴുവയസ്സുള്ള കുട്ടിക്കുവേണ്ടിയായിരുന്നു പാടിയത്. ഉമ്മ എന്ന ചിത്രത്തിലെ കദളിവാഴക്കൈയ്യിലിരുന്ന്... എന്ന ഗാനം ജിക്കിയുടെ ഏറ്റവും നല്ല ഗാനങ്ങളിലൊന്നാണ്. 'കടലമ്മ'യിലെ മുങ്ങി മുങ്ങി മുത്തുകള്‍ വാരും, ആയിത്തിന്‍ കൈത്തിരി തുടങ്ങി മലയാളം, തമിഴ്, കന്നട, സിംഹള ഭാഷകളിലായി അയ്യായിരത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്. 'ആന്‍' എന്ന ഹിന്ദി ചിത്രത്തിലും പാടിയിട്ടുണ്ട്. 

ചലച്ചിത്ര പിന്നണി ഗായകന്‍ എ എം രാജയാണ് ഭര്‍ത്താവ്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമുണ്ട്. അർബുദരോഗ ബാധിതയായി ദീർഘകാലം ചികിത്സയിൽ‍‍ കഴിഞ്ഞ ശേഷം 2004 ആഗസ്റ്റ്‌ 16 നു അവർ അന്തരിച്ചു.

ജെൻസി

Submitted by mrriyad on Sat, 02/14/2009 - 18:14
Jency Singer
Alias
ജെൻസി ഗ്രിഗറി
Jensy Gregory
Name in English
Jency

ഗായകരായ മാതാപിതാക്കളായ കൊച്ചി പള്ളുരുത്തി പിടിയഞ്ചേരില്‍ ആന്റണിയുടെയും സിസിലിയുടെയും മകളായി പിറന്ന ജെന്‍സിയ്ക്ക് സംഗീതം രക്തത്തില്‍ അലിഞ്ഞു  ചേര്‍ന്നതാണ്. സഹോദരന്മാരായ ജെര്‍സണ്‍ ആന്റണിയും ജോളി ആന്റണിയും അറിയപ്പെടുന്ന ഗായകരാണ്. നന്നേ ചെറുപ്പത്തില്‍ മലയാള പിന്നണിഗാന രംഗത്തെത്തിയ ജെന്‍സി തന്റെ മനോഹരമായ ആലാപന  ശൈലി കൊണ്ട് മലയാളികളുടെ മനം കവര്‍ന്നു. തന്റെ 14 ആം വയസ്സില്‍ അര്‍ജ്ജുനന്‍ മാസ്റ്റര്‍ ആണ് ജെന്‍സിയെ സംഗീത ലോകത്തേയ്ക്ക് കൈ പിടിച്ചുയര്‍ത്തിയത്.  " *വേഴാമ്പല്‍ " എന്ന സിനിമയിലെ " തിരുവാകചാര്‍ത്തിന്‍ മുഖ ശ്രീ വിളങ്ങും* " എന്ന ആദ്യ ഗാനം അന്നത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു.മലയാളക്കരയ്ക്ക് മറക്കാനാകാത്തവയാണു ജെന്‍സി പാടിയ പല പാട്ടുകളും.ഉദാഹരണമായി *കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ കന്നിപ്പൂമാനം ,വിസ എന്ന ചിത്രത്തിലെ താലീ പീലി കാട്ടിനുളില്‍.രാഗം താനം പല്ലവിയിലെ അത്തപ്പൂ,ചിത്തിര പ്പൂ, തുടങ്ങിയ പാട്ടുകള്‍. മലയാളത്തിന്റെ ഗാന ഗന്ധര്‍വന്‍ യേശുദാസ് വഴി ഈ ഗായികയെ ഇളയ രാജ ശ്രദ്ധിച്ചു.അദ്ദേഹം വഴി ഈ ഗായിക തമിഴകത്തിന്റെയും പ്രിയ ഗായിക ആയി.തന്റെ സിനിമകളില്‍ എല്ലാം ഒരു ഗാനം എങ്കിലും ഈ ഗായികയ്ക്കു നല്‍കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.ജെന്‍സി പാടിയാല്‍ ആ സിനിമ ഹിറ്റാകും എന്ന ഒരു ശ്രുതി കൂടി പരന്നതിനാല്‍ തെലുങ്കില്‍ നിന്നും ജെന്‍സി എന്ന ഗായികയേ തേടി സംഗീത സംവിധായകര്‍ എത്തിയിരുന്നു. 

പിന്നീട് കുടുംബ ജീവിതത്തിന്റെ  തിരക്കുകള്‍ക്കിടയില്‍ ജെന്‍സി സിനിമാ ലോകത്തു നിന്നും വിട്ടു നിന്നു.എങ്കിലും ഇപ്പോള്‍ " സെറ വെടി " എന്ന തമിഴ് ചിത്രത്തിലൂടെ തിരിച്ചു വരവിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ കലൂരില്‍ താമസിക്കുന്ന ജെന്‍സിയുടെ ഭര്‍ത്താവ് ഗ്രിഗറി. മകന്‍ നിതിന്‍ ഷാര്‍ജയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു.മകള്‍ നുബിയ എഞിനീയറിംഗിനു പഠിക്കുന്നു.മക്കള്‍ക്കും സംഗീതത്തില്‍ താല്പര്യം ഉണ്ട്." ശ്രീ കൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം എന്ന സിനിമയില്‍ ഇവര്‍ പാടി തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ജാസി ഗിഫ്റ്റ്

Submitted by mrriyad on Sat, 02/14/2009 - 18:12
Name in English
Jasy Gift

 ഒരു തരം പരുക്കൻ അലസ ശബ്ദത്തിൽ  ഒരു സദസ്സിനെ കൈയ്യിൽ എടുക്കുന്ന കൗശല വിദ്യ ജാസി ഗിഫ്റ്റിനു മാത്രം സ്വന്തമാണ്. ലജ്ജാവതിയേ എന്ന ഒറ്റ പാട്ടിലൂടെ ഒരു തരംഗമുയർത്തിയ ജാസി ഇന്നു തെക്കേയിന്ത്യ മുഴുവൻ കീഴടക്കുന്നു. തിരുവനന്തപുരം അരുവിക്കര സ്വദേശി ആണു ജാസി ഗിഫ്റ്റ്.

കേരള സർവകലാശാലയിൽ അസിസ്റ്റൻറ് രജിസ്ട്രാറായി വിരമിച്ച ഗിഫ്റ്റ്‌ ഇസ്രായേലിന്റെയും രാജമ്മയുടെയും മകനാണ്‌  ജാസി.പിതാവിന്റെ പിതാവ്  എൻ എ ഐസ്സക്ക് പാസ്റ്ററും സംഗീത സംവിധായകനും ആയിരുന്നു.അതു കൊണ്ട് തന്നെ നന്നേ ചെറുപ്പത്തിലേ ജാസിയുടെ മനസ്സിൽ പാശ്ചാത്യ സംഗീതം ഉണ്ടായിരുന്നു. ഫ്രെഡി മെർക്കുറി, റെഗേ സംഗീതജ്ഞനായ ബോബ് മെർലി എന്നിവരുടെ സംഗീതത്തെ പ്രണയിച്ച ജാസി മുക്കോല സെൻറ് തോമസ് സ്കൂൾ, മാർ ഇവാനിയോസ് കോളേജ്, യുണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലാണ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌.വിദ്യാർത്ഥിയായിരിക്കെ ദേശിയ യുവജനോത്സവത്തിൽ ഉൾപ്പെടെ പാശ്ചാത്യ സംഗീതത്തിന്‌ സമ്മാനങ്ങൾ നേടിയിരുന്നു.

പിൽക്കാലത്ത്‌ തിരുവനന്തപുരത്തെ ഒരു പാശ്ചാത്യ സംഗീത ട്രൂപ്പുമായി ചേർന്ന്‌ പ്രവർത്തിച്ചുതുടങ്ങി. ഹോട്ടൽ സൗത്ത്‌ പാർക്ക്‌, കോവളത്തെ ഐ.ടി.ഡി.സി ഹോട്ടൽ എന്നിവിടങ്ങളിൽ പതിവായി പാശ്ചാത്യ സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്നു. സൂര്യാ ടി.വി സംപ്രേഷണം ചെയ്ത 'സൂന സൂന' എന്ന ആൽബത്തിലൂടെയാണ്‌ ജാസിയുടെ സംഗീതം ആദ്യമായി ദൃശ്യ മാധ്യമരംഗത്ത്‌ എത്തിയത്‌.അത് പകുതി ഹിന്ദിയും പകുതി മലയാളവും ആയിരുന്നു.സംവിധായകൻ ജയരാജിന്റെ സഹോദരൻ മഹേഷ് ആ പാട്ട് കേട്ട് ജാസി ഗിഫ്റ്റിനെ പറ്റി ജയരാജിനോട് പറഞ്ഞു.അങ്ങനെ ജയരാജിന്റെ ഹിന്ദി ചിത്രമായ ബീഭത്സയിലൂടെ ചലച്ചിത്ര സംഗീത സംവിധാന രംഗത്ത്‌ അരങ്ങേറ്റം കുറിച്ചു. തുടർന്ന്‌ ബാലചന്ദ്ര മേനോന്റെ സഫലം എന്ന ചിത്രത്തിലും സംഗീതമൊരുക്കിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെയാണു ഫോർ ദ പീപ്പിൾ ഇറങ്ങിയത്. സംഗീത സംവിധായകനും ഗായകനുമെന്ന നിലിയിൽ ജാസിയുടെ കരിയറിൽ ആ സിനിമ ഒരു വഴിത്തിരിവായി. സാങ്കേതിക കാരണങ്ങൾ മൂലം ചിത്രത്തിന്റെ റിലീസ്‌ വൈകിയെങ്കിലും റഗേ സംഗീത്തിന്റെ ചുവടുപിടിച്ച്‌ ചിട്ടപ്പെടുത്തിയ ലജ്ജാവതിയേ... എന്ന ഗാനം വൻ തരംഗമായി മാറി. എത്തിനോ പോപ്‌ വിഭാഗത്തിൽ പെടുത്താവുന്ന വേറിട്ട സംഗീതവും പുതുമയുള്ള ശബ്ദവുമായിരുന്നു പാട്ടിന്റെ സവിശേഷത.കാസറ്റ് വില്പനയിൽ ഇൻഡ്യയിലെ സർവകാല റെക്കോഡായിരുന്നു ലജ്ജാവതിയുടേത് .കന്നഡയിൽ ലജ്ജാവതിയേ ഹിറ്റ് ആയപ്പോൾ തുടർച്ചയായി 3 ഹിറ്റുകൾ ഉണ്ടായി.കസെറ്റുകൾ നന്നായി പോയി.സാമ്പത്തികമായി നല്ല നേട്ടം ഉണ്ടാക്കിയത് കന്നഡ ആണെന്ന് ജാസി പറയുന്നു.മലയാളത്തിൽ ലജ്ജാവതി ഇറങ്ങി 3 വർഷം കഴിഞ്ഞാണു ജാസിക്ക് അവസരങ്ങൾ ലഭ്യമായത്. പുറത്തു നിന്നുള്ള ഓഫറുകൾ തുടങ്ങിയത് അപ്പോൾ ആണു.വിക്രം, വിജയ് , ചിരഞ്ജീബി, ശങ്കർദേവൻ പോലെയുള്ള വലിയ വലിയ സംഗീത സംവിധായകരുടെ കൂടെ പാടി.