കലാഭവൻ മണി

Submitted by mrriyad on Sat, 02/14/2009 - 18:18
Name in English
Kalabhavan Mani
Date of Birth
Date of Death

അഭിനേതാവ്, ഗായകൻ

തൃശ്ശൂർ ചാലക്കുടി സ്വദേശി. മിമിക്രിയിലൂടെയും നാടൻപാട്ടിലൂടെയും കലാരംഗത്തു തുടക്കം കുറിച്ചു. മലയാളസിനിമയിൽ തുടക്കത്തിൽ കോമഡി വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീടു വില്ലനായും നായകനായും അഭിനയിച്ചു.  തമിഴ്, തെലുങ്ക് സിനിമകളിലും തൻെറ സാന്നിദ്ധ്യം അറിയിച്ചു.  നാടൻപാട്ടുകളെ ജനപ്രിയമാക്കുന്നതിൽ  മണി തന്റേതായ പങ്കു വഹിച്ചിട്ടുണ്ട്.

ദാരിദ്ര്യപൂർണ്ണമായ ചെറുപ്പകാലത്തെ മണി പലവേദികളിലും അനുസ്മരിച്ചിരുന്നു. ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ മിമിക്രിയിലും അഭിനയത്തിലും മാറ്റുരച്ചു. മോണോആക്ടിലും മിമിക്രിയിലും സ്കൂൾ യുവജനോത്സവങ്ങളിൽ മത്സരിച്ചു. 1987ൽ കൊല്ലത്തു നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോ ആക്ടിൽ മണി ഒന്നാംസ്ഥാനം നേടി.

പഠനത്തിനുശേഷം ഓട്ടോറിക്ഷ ഓടിച്ചും മിമിക്രി അവതരിപ്പിച്ചും അദ്ദേഹം വരുമാനം കണ്ടെത്തി. കൊച്ചിൻ കലാഭവനുമായി സഹഹരിക്കുവാൻ കഴിഞ്ഞത് മണിയുടെ ജീവിതത്തിലെ വഴിത്തിരിവായി.  'സല്ലാപം' എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പൻെറ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളും അദ്ദേഹം അവിസ്മരണീയമാക്കി. ദി ഗാർഡ് എന്ന ചിത്രത്തിൽ മണി മാത്രമായിരുന്നു അഭിനേതാവ്. മറുമലർച്ചി, വാഞ്ചിനാഥൻ, ബന്താ പരമശിവം, ജെമിനി തുടങ്ങിയ തമിഴ്ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. 

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് 2000ൽ ദേശീയ ചലചിത്ര പുരസ്കാര സമിതിയുടെയും സംസ്ഥാന തലത്തിലും (1999) പ്രത്യേക ജൂറി പരാമർശം ലഭിച്ചു.   2002ലെ ഫിലിം ഫെയറിൻെറ മികച്ച വില്ലൻ വേഷത്തിനുള്ള പുരസ്കാരം  ജെമിനി എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് ലഭിച്ചു.

നിരവധി നാടൻപാട്ടുകളുടേയും ഭക്തിഗാനങ്ങളുടേയും ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ചലച്ചിത്രഗാനങ്ങളും പാടിയിട്ടുണ്ട്. 

കരൾ രോഗത്തെത്തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ 2016 മാർച്ചിൽ അന്തരിച്ചു. 

അച്ഛൻ:കുന്നശ്ശേരി രാമൻ
അമ്മ:  അമ്മിണി
ഭാര്യ: നിമ്മി
മകൾ: ശ്രീലക്ഷ്മി

Image / Illustration : NANDAN