എൻ ശ്രീകാന്ത്
തിരുവനന്തപുരം ജില്ലയിൽ കടയ്ക്കാവൂരിൽ 1950 ഇൽ ശ്രീകാന്ത് എന്ന എൻ. ശശിധരൻ ജനിച്ചു. അച്ഛൻ നടരാജഭാഗവതർ, അമ്മ പൊന്നമ്മ. ഒൻപതുമക്കളിൽ രണ്ടാമത്തെ മകനാണ്. ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. പത്താം ക്ലാസിൽ പഠിയ്ക്കുമ്പോൾ ആകാശവാണി യുടെ അഖിലേന്ത്യാ ലളിതഗാനമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പിന്നീട് ആകാശവാണിയിൽ പലതവണ പാടാൻ അവസരം ലഭിച്ചു. പ്രത്യേകിച്ചും എം. ജി. രാധാകൃഷ്ണൻ സംഗീതം നൽകിയ ഗാനങ്ങൾ.1973ൽ ദേവരാജനെ കാണുകയും അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ബാലമുരളീകൃഷ്ണയുടെ കീഴിലും സോമശേഖരബാബുവിന്റെ കീഴിലും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974ൽ റിലീസായ ‘ഭാര്യയില്ലാത്ത രാത്രി’ യിൽ ശ്രീകുമാരൻ തമ്പി എഴുതി ദേവരാജൻ സംഗീതമിട്ട “അഭിലാഷമോഹിനീ….’ എന്ന ഗാനം ആലപിച്ചുകൊണ്ട് സിനിമയിൽ തുടക്കമിട്ടു. അക്കൊല്ലം തന്നെ ഇറങ്ങിയ ‘ചുവന്ന സന്ധ്യകൾ‘ ഇലെ “ഇതിഹാസങ്ങൾ ജനിയ്ക്കും മുൻപേ” ഹിറ്റ് പാട്ടായി മാറി.
ആ സമയത്ത് ശശിധരൻ എന്ന പേരിൽ മറ്റൊരു ഗായകൻ ഉണ്ടായിരുന്നതിനാൽ വയലാർ രാമവർമ്മയുടെ നിർദ്ദേശപ്രകാരം പേർ ശ്രീകാന്ത് എന്ന് ആക്കുകയായിരുന്നു. ‘കൊട്ടാരം വിൽക്കാനുണ്ട്’ എന്ന ചിത്രത്തിലെ “ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം” പാടിപ്പഠിച്ച് റിഹേഴ്സലും കഴിഞ്ഞിരിക്കുമ്പോൾ നിർമ്മാതാവും സംഗീതസംവിധായകനും തമ്മിലുള്ള അഭിപ്രായവ്യ്ത്യാസത്താൽ കൈവിട്ടു പോയതാണെന്ന് ശ്രീകാന്ത് പറഞ്ഞിട്ടുണ്ട്. പി. ലീല, എസ്. ജാനകി, വാണി ജയറാം, മാധുരി, ജയച്ചന്ദ്രൻ എന്നിവരോടൊപ്പം ശ്രീകാന്ത് പാടിയിട്ടുണ്ട്. ഇപ്പോൾ നിരവധി റ്റി വി ചാനലുകൾക്ക് വേണ്ടി ശ്രീകാന്ത് പാടിക്കൊണ്ടിരിക്കുന്നു.
- Read more about എൻ ശ്രീകാന്ത്
- Log in or register to post comments
- 4073 views