നെടുമുടി വേണു

Submitted by mrriyad on Sat, 02/14/2009 - 18:57
Nedumudi Venu Photo
Name in English
Nedumudi Venu
Date of Birth

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണു. 1948 മെയ് 22ന് ആലപ്പുഴയിലെ നെടുമുടി എന്ന ഗ്രാമത്തിൽ കുഞ്ഞിക്കുട്ടിയുമ്മയുടേയും പി കെ കേശവൻ പിള്ളയുടേയും പുത്രനായി ജനിച്ചു. നെടുമുടിവേണുവിന്റെ സ്കൂൾ പഠനം എൻ എസ് എസ് ഹൈസ്കൂൾ നെടുമുടി, സെന്റ് മേരീസ് ഹൈസ്കൂൾ ചമ്പക്കുളം എന്നിവിടങ്ങളിലായിരുന്നു.  ആലപ്പുഴ എസ് ഡി കോളജിൽ നിന്ന് ബിരുദത്തിനു ശേഷം കലാകൗമുദിയിൽ അല്‍പ്പകാലം പത്രപവർത്തകനായി ജോലി ചെയ്തിരിന്നു. കുറച്ചുകാലം പാരലൽ കോളേജ് അദ്ധ്യാപകനായും അദ്ദേഹം ജോലിചെയ്തു.

വിദ്യാഭ്യാസകാലത്തുതന്നെ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. കാവാലം നാരായണപണിക്കരുടെ നാടകങ്ങളിലൂടെയാണ് നെടുമുടിവേണു തന്റെ അഭിനയജീവിതത്തിനു തുടക്കമിടുന്നത്. കാവാലത്തിന്റെ നാടകങ്ങളിലെ ഒരു പ്രധാന നടനായി അദ്ദേഹം ധാരാളം വേദികളിൽ തന്റെ അഭിനയമികവ് കാഴ്ചവെച്ചു.  തിരുവനന്തപുരത്ത് താമസിച്ചിരുന്ന സമയത്ത് അരവിന്ദൻ, പത്മരാജൻ, ഭരത്ഗോപി എന്നിവരുമായുള്ള സൗഹൃദം നെടുമുടിയ്ക്ക് സിനിമയിലേയ്ക്കുള്ള വഴിതുറന്നുകൊടുത്തു.  1978ൽ ജി അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമയിലൂടെ മലയാളസിനിമയിലേക്ക് അദ്ദേഹം കടന്നു വന്നു. ഭരതന്റെ ആരവം എന്ന സിനിമയിലെ നെടുമുടി വേണുവിന്റെ വേഷം വളരെ ശ്രദ്ധിയ്ക്കപ്പെട്ടു. തുടർന്ന് വിടപറയും മുൻപേ, തേനും വയമ്പും, പാളങ്ങൾ, കള്ളൻപവിത്രൻ,ആലോലം, അപ്പുണ്ണി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം.. എന്നിങ്ങനെ  വ്യത്യസ്ഥ സിനിമകളിൽ മലയാളികളും മലയാളസിനിമയും ഉള്ളിടത്തോളം കാലം നിലനിൽക്കുന്ന ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 500 ൽ അധികം സിനിമകളിൽ നെടുമുടിവേണു അഭിനയിച്ചിട്ടുണ്ട്.

കാറ്റത്തെ കിളിക്കൂട്,ഒരു കഥ ഒരു നുണക്കഥ,സവിധം, തുടങ്ങി എട്ടു ചിത്രങ്ങൾക്ക് കഥയെഴുതുകയും, പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.1991ൽ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. 2004 ൽ ദേശീയ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹനായി.1981,87,2003 എന്ന വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി. മലയാളം കൂടാതെ ചില തമിൾ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

നജിം അർഷാദ്

Submitted by Kiranz on Sat, 02/14/2009 - 18:56
നജിം അർഷാദ്
Alias
നജിം
Name in English
Najeem Arshad

തിരുവനന്തപുരം ജില്ലയിലെ വലിയവിളയിൽ ഷാഹുൽ ഹമീദിന്റെയും റഹ്മയുടെയും മൂന്ന് മക്കളിൽ ഇളയവനായി 1986 ജൂണ് എട്ടിന് ജനിച്ചു. ത്രിവിക്രമംഗലം ഗവണ്മെന്റ് എൽ പി എസ്, ഗവണ്മെന്റ് തിരുമല യുപി, എബ്രഹാം മെമ്മോറിയൽ ഹൈസ്കൂൾ എന്നീ സ്കൂളുകളിൽ നിന്ന് പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം സ്വാതി തിരുനാൾ കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.

സ്കൂൾ കാലഘട്ടം മുതൽ തന്നെ ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു. സംഗീതത്തിൽ നജീമിന്റെ ഗുരു ആര്യനാട് രാജുവാണ്. 2007ൽ ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാർ സിംഗർ എന്ന മത്സരത്തോടെയാണ് നജീമെന്ന പ്രതിഭയെ ലോകമറിഞ്ഞ് തുടങ്ങിയത്. “ഓ ദിൽ റൂബാ” എന്ന ഗാനത്തിന്റെ കവർ വേർഷനായിരുന്നു മത്സരത്തിൽ നജീം ആദ്യ ഗാനമായി ആലപിച്ചത്. ആദ്യ ഗാനത്തോടെ തന്നെ  ജഡ്ജസിന്റെയും കാണികളുടെയും പ്രശംസ പിടിച്ച് പറ്റിയ നജീമിന്  മത്സരത്തിൽപ്പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ഏവരുടെയും പ്രതീക്ഷയ്ക്കൊപ്പം മുന്നേറി ഐഡിയ സ്റ്റാർ സിംഗറിൽ വിജയിയായി മാറി.

ഇതിനോടകം തന്നെ തന്റെ ആദ്യ മലയാള സിനിമയിൽ നജീം പാടിക്കഴിഞ്ഞിരുന്നു. മേജർ രവി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രമായ മിഷൻ 90 ഡേയ്സിൽ ജയ്സൻ ജെ നായരുടെ സംഗീതത്തിൽ “മിഴിനീർ” എന്ന് തുടങ്ങുന്ന ഗാനമാണ് ആദ്യമായി പാടുന്നത്. തുടർന്ന് മലയാള സിനിമയിൽ അനേകം ഹിറ്റ് ഗാനങ്ങൾ ആലപിച്ചു തിരക്കേറിയ ഗായകനായി മാറി. 2012,2013,2014 വർഷങ്ങളിലൊക്കെ നജീമിന്റെ ഗാനങ്ങൾ ടോപ്പ് ചാർട്ടുകളിൽ ഇടം നേടി. 

മികച്ച ഗായകനുള്ള കേരള ഫിലിം ക്രിട്ടിക്ക് അവാർഡ്, ഏഷ്യാവിഷൻ അവാർഡ്,ഗൾഫ് മലയാളം മ്യൂസിക്ക് അവാർഡ്, അമൃത ടിവി അവാർഡ്, തിക്കുറിശ്ശി ഫൗണ്ടേഷൻ അവാർഡ് തുടങ്ങി അനേകം അവാർഡുകളും കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ നജീം കരസ്ഥമാക്കി.

കുടുംബ വിവരം :-  പിതാവ് ഷാഹുൽ ഹമീദ് വിജിലൻസിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു. അമ്മ സംഗീത അധ്യാപികയും. രണ്ട് ജ്യേഷ്ഠ സഹോദരന്മാർ ഉള്ള നജിം, തസ്നി താഹ എന്ന പെൺകുട്ടിയെ വിവാഹം കഴിക്കുവാൻ നിശ്ചയിച്ചിരിക്കുന്നു. 

എം എസ് രാജേശ്വരി

Submitted by mrriyad on Sat, 02/14/2009 - 18:55
Name in English
MS Rajeswarai

ആദ്യകാല ഗായികാനടിയായിരുന്ന ടി വി രാജസുന്ദരിയുടെ മകളാണ് രാജേശ്വരി.
ചലച്ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി എത്തിയ, ആദ്യഗായികാനടിയായിരുന്ന ടി.വി. രാജസുന്ദരിയില്‍ നിന്ന് പാരമ്പര്യമായി കിട്ടിയ വാസനയുടെ ഫലമായി, മകളായ രാജേശ്വരി ഏഴാം വയസ്സുമുതല്‍ പാടാന്‍ തുടങ്ങി. എ.വി.എം.ന്റെ ' നാം ഇരുവര്‍ ' എന്ന തമിഴ് ചിത്രത്തില്‍ ആദ്യമായി പാടി.

കുട്ടികളുടെ ശബ്ദത്തിൽ പാട്ട്പാടി പ്രശസ്തിയിലെത്തി രാജേശ്വരി. കമലഹാസന്റെ ആദ്യ ചിത്രമായ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലെ അമ്മാവും നീയേ അപ്പാവും നീയേ എന്ന ഗാനം ഇവരുടെ പ്രശസ്ത ഗാനങ്ങളിലൊന്നാണ്.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഉൾപ്പെടെ അയ്യായിരത്തിൽപ്പരം ഗാനങ്ങൾ പാടിയിട്ടുണ്ട് ഇവർ.