നാടകഗാനങ്ങൾ

എല്ലാരും പറയണ്

 

എല്ലാരും പറയണ് പറയണ്
ഏനിപ്പൊത്തിരി നന്നെന്ന്
കല്ലേം മാലേം കെട്ടീലെങ്കിലും
ഏക്കും തോന്നണ് നന്നെന്ന്

എല്ലാരും പറയണ് പറയണ്
ഏൻ കണ്ണിലു മീനെന്ന്
കണ്ണാടിത്തെളിനീറ്റിലു നോക്കുമ്പം
ഏക്കും തോന്നണു നേരെന്ന്

എല്ലാരും പറയണ് പറയണ്
ഏൻ ചുണ്ടിലു തേനെന്ന്
പൂവൻ വാഴേടെ തേൻ കുടിച്ചതി
നേൻ കേക്കണ പഴിയെന്നേയ്

ബന്ധങ്ങൾ സ്നേഹത്തിൻ

 

ബന്ധങ്ങൾ സ്നേഹത്തിൻ ബന്ധനങ്ങൾ
ബന്ധുരസൗവർണ്ണ പഞ്ജരങ്ങൾ
നീയും ഞാനുമീ നീലാകാശവും
മാത്രമായിരുന്നെങ്കിൽ

ഗഗനതലമകലെ
നറുകതിർമണികൾ നീട്ടി
പാടുവാൻ വീണ്ടും വിളിക്കുന്നു
തൂവൽത്തിരികളെരിഞ്ഞു പോയ
പാവം പറവകൾ നമ്മൾ

കദളിവനഹൃദയമൊരു
കനകമണിപീഠം
കാഴ്ചയായ് വച്ചു വിളിക്കുന്നു
പാടിപ്പതിഞ്ഞ സ്വരങ്ങൾ പോലും
പാടാൻ മറക്കുന്നു നമ്മൾ

ഒരു സ്വപ്നം വെറും

 

ഒരു സ്വപ്നം വെറും ഒരു സ്വപ്നം കൂടിയെൻ
ഹൃദയത്തിൻ ചിതയിൽ എരിഞ്ഞടങ്ങീ
ഒരു രാത്രി വെറുമൊരു രാത്രി പോയപ്പോൾ
അതു വീണ്ടും ചിറകടിച്ചെത്തി

ഇനി നിനക്കേകുവാനെന്റെ തളികയിൽ
കനികളും പൂക്കളുമില്ല
ഇനി നിനക്കേകുവാനെന്റെ മുരളിയിൽ
മധുരമാമീണങ്ങളില്ലാ
രാഗമധുരമാമീണങ്ങളില്ലാ

ഒരു മരുഭൂമിയ്ക്ക് പൂക്കാലമില്ലൊരു
ചെറുപൂവിൻ തേൻ വിരുന്നില്ല
പ്രിയതരസ്വപ്നമേ നിൻ മുന്നിൽ ഞാനിന്നു
വെറുമൊരു മൗനമായ് നില്പൂ നൊന്തു
പിടയുന്ന മൗനമായ് നില്പൂ

നിറപറ ചരിഞ്ഞു

 

നിറപറ ചരിഞ്ഞു
പൂക്കുല ചരിഞ്ഞു
നിലവിളക്കിൽ കരിന്തിരി പുകഞ്ഞു

ചുമരിലെ ചിത്രങ്ങൾ
മാറാല നെയ്തിട്ട
മുഖപടമണിഞ്ഞിരുന്നു
ഏറെ മുഷിഞ്ഞ മുഖവുമായ് ജീവിതം
ഏതോ വിചാരത്തിലിരുന്നു

നിഴലുകളാടും പൂമുഖത്തളത്തിൽ
വെറുമൊരു മൗനം തരിച്ചു നിന്നു
വിറ കൊള്ളുമധരത്തിൽ
സ്നേഹത്തിൻ മുദ്രകൾ
ശ്രുതി തെറ്റിത്തുടിച്ചിരുന്നു
ഏറെത്തളർന്ന മനസ്സുമായി ജീവിതം
ഏതോ വികാരത്തിലമർന്നു

ഭൂതങ്ങൾ ഒഴിക

 

ഭൂതങ്ങൾ ഒഴിക ഒഴിക
പ്രേതങ്ങൾ ഒഴിക ഒഴിക
ചൊല്ലഴകും നടയഴകും
ഉള്ള ദേവീ വരിക വരിക

കളമൊഴികൾ കിളിമൊഴികൾ
കവിത പാടും തിരുവരങ്ങിൽ
കളിവിളക്ക് കൊളുത്തി വെച്ച്
കഥ പറയാൻ വരിക വരിക

പൊന്നുടുക്കിൽ താളമിട്ട്
പിന്നിലൊരു പാണനുണ്ടേ
പാണന്റെ പഴമനസ്സിൽ
കാലമെത്ര കഥയെഴുതീ
അക്കഥയിലൊന്നു പാടീ
ഇക്കണ്ട മാളോർക്കായി
കളമെഴുതി കരു നിരത്തി
കളിയാടാൻ വരിക വരിക

അരുതെന്നോ

അരുതെന്നോ പാടുവാനരുതെന്നോ
പാടും ഞാൻ
മരണത്തിൻ നിമിഷം വരെ

മരണത്തിൻ ശീതള ചുംബനമുദ്രയാൽ
ഒരു മൗനമായ് ഞാൻ മാറുവോ‍ളം
നിശയുടെ നെഞ്ചിലെൻ പരുഷമാം
പാട്ടിന്റെ നിശിതശരങ്ങളെയ്യും
(അരുതെന്നോ....)

ഒരു കുമ്പിൾക്കഞ്ഞിയും പാഴ് കിനാവുമീ
ഇരുളിൻ തെരുവിലൂടെ
ഹൃദയത്തിൻ തകരത്തുടി കൊട്ടി നീങ്ങുമീ
പഥികനെ വിലക്കരുതേ

കാത്തു കാത്തു കാത്തിരുന്ന്

 

കാത്തു കാത്തു കാത്തിരുന്ന് നീ വന്നു നിന്റെ
കാലൊച്ച കാതിൽ സംഗീതമായ്
ഇരുനീലമത്സ്യങ്ങൾ പിടയുന്നുവോ മുന്നിൽ
നറുമുന്തിരിപ്പൂക്കൾ വിരിയുന്നുവോ

ചുരുൾ മുടി ചുംബിച്ച തെന്നൽ സ്നേഹ
സുരഭിലമെന്നെയും തഴുകീ
നിറമധുപാത്രമായീ നില്പൂ നീയെൻ
സിരകൾ തൻ ദാഹം കെടുത്താൻ

മടിയിൽ തല ചായ്ച്ചു നീയെൻ നിറ
മിഴികളിലുറ്റു നോക്കുമ്പോൾ
പുഴയോരം പൂക്കളാൽ മൂടി
ഹർഷപുളകങ്ങൾ നമ്മിലും തോഴീ

ഉണ്ണിപ്പൂവിനും കന്നിപ്പൂവിനും

 

ഉണ്ണിപ്പൂവിനും കന്നിപ്പൂവിനും
തിരുനാൾ തിരുനാൾ പൂപ്പിറന്നാൾ
ഉണ്ണിക്കതിരിനും കന്നിക്കതിരിനും
തിരുനാൾ തിരുനാൾ പൂപ്പിറന്നാൾ

ആടാടൂ ചാഞ്ചാടെന്നാകാശപ്പൂമുറ്റ
ത്താടുന്നൊരുണ്ണികൾക്കും
ആലിന്റെ കൊമ്പത്തെ കൂട്ടിലിരുന്നിടും
ആരോമല്‍പ്പൈങ്കിളിക്കും
ആരോമല്‍പ്പൈങ്കിളി പെറ്റു വളർത്തുന്നൊ
രായിരം കുഞ്ഞുങ്ങൾക്കും
തിരുനാൾ തിരുനാൾ പൂപ്പിറന്നാൾ

ആടിയ പാദം

 

ആടിയ പാദം തളരുമ്പോൾ
പാടിയ തന്തികൾ തകരുമ്പോൾ
ആരതിൻ വേദനയറിയുന്നു
ആത്മാവിൽ ചിതയെരിയുന്നു

പോയ വസന്തച്ചിറകടികൾ
പോലെൻ ഹൃദയം തുടിച്ചിടുമ്പോൾ
നെഞ്ചിടിപ്പറ്റൊരു ഗാനമായെൻ
നെഞ്ചിലീത്തംബുരു ചാഞ്ഞു
(ആടിയ....)

എന്തിനു വന്നു വിഭാതമേ നീ
എന്റെ വിഷാദസ്മൃതികൾ പോലെ
സ്വപ്നങ്ങളെ എന്നെ യാത്രയാക്കൂ
ദുഃഖങ്ങളേ തുണ പോരൂ
(ആടിയ...)

പുഷ്പപതാകകൾ പാറുന്ന

 

പുഷ്പപതാകകൾ പാറുന്ന തേരിലെൻ
ചൈത്രമേ നീയണയൂ
കൊട്ടും കുഴലും കുരവയുമായ്
വരവേൽക്കുന്നു ഭൂമികന്യ

നഗ്നശിഖരങ്ങൾ നവ്യമാം സിന്ദൂര
പത്രങ്ങൾ ചാർത്തിയല്ലോ
സ്നിഗ്ദ്ധഹരിതനിറം പകർന്നായിരം
പട്ടുക്കുട നിവർന്നൂ ആയിരം
പട്ടുക്കുട നിവർന്നൂ

ശബ്ദരഹിതമാം ശാലീനമാമൊരു
മുഗ്ദ്ധസംഗീതം പോലെ
ചുറ്റുമീപൂവുകളാരുടെ ചഞ്ചല
നൃത്തപദങ്ങൾ പോലെ