നാടകഗാനങ്ങൾ

ചന്ദനം പൂക്കുന്ന

 

ചന്ദനം പൂക്കുന്ന മണവും മാഞ്ഞു
മാങ്കനി പൂക്കുന്ന മണവും മാഞ്ഞു
പുന്നെല്ലിൻ മണം മാഞ്ഞു
പൂമുല്ല മണം മാഞ്ഞു
പിന്നേതു മണമുണ്ട് മായാതെ
ഒന്നുണ്ട് മായാതെ നിന്നെക്കുറിച്ചുള്ളോരോ
ർമ്മകൾ തൻ സുഗന്ധം
മായാത്തൊരോർമ്മകൾ തൻ സുഗന്ധം

സൂര്യനെ സ്വന്തമെന്നോർത്തോ

 

സൂര്യനെ സ്വന്തമെന്നോർത്തോ
ഒരു സൂര്യരശ്മി തൻ രാഗം
നിറുകയിൽ ചൂടി നീ
ഒന്നുമറിയാത്ത സൂര്യകാന്തീ
പാവം സൂര്യകാന്തീ

ഏതോ താമരപ്പൂവിലാ രശ്മികൾ
സാനന്ദമാടുന്നു
ആയിരം മന്ദാരപുഷ്പങ്ങൾക്കിളം
ചൂടു പകരുന്നു

ആരും സ്വന്തമല്ലന്യരുമല്ലെന്ന്
രാപ്പാടി പാടുന്നു
സാഗരം മാടി വിളിപ്പൂ യമുനയും
ഗംഗയുമോടുന്നു

വാത്സല്യത്തേനുറവാകും

 

വാത്സല്യത്തേനുറവാകും
വാർ തിങ്കൾ പൊൻ തിടമ്പേ
കന്നിനിലാവായൊഴുകി വരും
വിണ്ണിന്റെയാർദ്രത നീ

പൂക്കൾ ചിരിക്കുന്നു ഉണ്ണി
പൂക്കൾ ചിരിക്കുന്നു
പ്രാവുകൾ പാറുന്നു നിന്റെ
തൂ വെൺപിറാവുകൾ പോലെ

രാവു ചിരിക്കുന്നു
വെണ്ണിലാവു പരക്കുന്നു
കാവലിരിക്കുന്നു തിരി
താഴ്ത്തിയ ദീപവും നീയും

പായുന്നു സമയപ്രവാഹിനി

 

 

പായുന്നൂ സമയപ്രവാഹിനീയതിൻ
തീരത്ത് നാമിപ്പൊഴും
പാടുന്നു സുമനസ്സുകൾക്കമൃതമായ്
തീരുന്നിതപ്പാട്ടുകൾ
കാണുന്നൂ നിറമേഴുമാർന്ന നിറമി
ല്ലായ്മക്കു പേർ വെണ്മയെന്നാണെങ്കിൽ
തനി വെണ്മണൽത്തടമിതിൽ
വർണ്ണങ്ങളൊരായിരം

യാത്രയായ് നീയകലെ

 

യാത്രയായ് നീയകലെ രക്ത
സാക്ഷികൾക്കായ് സ്വർഗ്ഗവാതിൽ തുറന്നു
യാത്രയായ് യാത്രയായ് നീയകലെ

ഒരു ബലിക്കല്ലിന്റെ സാന്ദ്രമൗനങ്ങളിൽ
ഉരുകിയുറഞ്ഞതിന്നോർമ്മയുമായ്
കാത്തിരുന്നൂ ഞങ്ങൾ കാത്തിരുന്നൂ
കത്താത്ത ദീപങ്ങൾ പോലെ
അണയാത്ത വാഗ്ദത്ത ഭൂമി തേടി
അലയുന്ന നിഴലുകൾ പോലെ

ഒരു വിഷഭൂമിയിൽ വീണു മയങ്ങുവാൻ
വെറുതെ വെറുതെ വിളിച്ചുണർത്തീ
ആർത്തലച്ചു നെഞ്ചിലാർത്തലച്ചു
ദുഃഖത്തിൻ തീക്കടൽ മാത്രം
എവിടെ നിൻ സ്വാതന്ത്ര്യഗാനം ഇണ
ച്ചിറകാർന്നുയർന്നൊരാ വാനം

ഇന്നെന്റെ സൂര്യനീ

 

ഇന്നെന്റെ സൂര്യനീ
യാരക്ത സന്ധ്യ തൻ
നെഞ്ചിലെച്ചിതയിലെരിഞ്ഞൂ

ധീരതയ്ക്കുണ്ടോ മരണം
ബലിപീഠമേ നീ ചൊല്ലൂ
ഇറ്റിറ്റു വീണൊരാ രക്തത്തിൽ നിന്നല്ലീ
പുത്തൻ പ്രഭാതം വിടർന്നു

മാനസച്ഛായാതടത്തിൽ സ്മൃതി
ഗാനമായ് പോരൂ നീ പോരൂ
കത്തിച്ചു കാട്ടിയ  ദീപങ്ങളായ് രക്ത
പുഷ്പങ്ങൾ വീണ്ടും വിടർത്തു

പണ്ടു പണ്ടൊരു കാക്കയും

 

പണ്ടു പണ്ടൊരു കാക്കയും കഴുതയും
സംഗീതമത്സരത്തിൽ ചേർന്നു
പഞ്ചമം പാടും കുയിലിനൊപ്പം
സംഗീതമണ്ഡപത്തിൽ ചെന്നു അവർ
സംഗീതമണ്ഡപത്തിൽ ചെന്നു
മരത്തിന്റെ മണ്ടയ്ക്ക് മദ്ദളം കൊട്ടുന്ന
മരംകൊത്തിയാശാനും അവിടെപ്പോയീ
മത്സരവേളയിൽ വിധി പറയുന്നൊരു
മദ്ധ്യസ്ഥനായവനിരുന്നു

കാക്കയിരുന്നൊരു പാട്ടങ്ങു പാടീ
കാക്കകളതു കേട്ടു കൈയ്യടിച്ചൂ
കണ്ണുമടച്ചാ കഴുതച്ചൻ പാടീ
കണ്ടവർ കഴുതകൾ കയ്യടിച്ചൂ

കുയിലിന്റെ പാട്ടിനു കയ്യടിക്കാൻ
പെൺ കുയിലും മക്കളും വന്നില്ലാ
കയ്യടി കിട്ടാത്ത പാട്ടെന്തു പാട്ടെന്ന്
കാക്കയും കഴുതയും കളിയാക്കീ
 

അരിമുല്ലപൂക്കളാൽ

 

അരിമുല്ലപ്പൂക്കളാൽ മാല കോർത്തു
അണിയിച്ചു നീയെന്നെയലങ്കരിച്ചു
അളകങ്ങൾ മാടിമാടിയൊതുക്കി വെച്ചു
പുളകങ്ങൾ പൂത്തിരി വെച്ചു

നിറതിങ്കളുദിക്കുമാ താഴ്വരയിൽ
നിഴലുകൾ തങ്ങളിൽ പുണർന്നു നിന്നൂ
രണ്ടു നിഴലുകൾ തങ്ങളിൽ പുണർന്നു നിന്നൂ
ഒരു വാക്കും പറയാതെ നോക്കി നിന്നൂ ഈ
ഹൃദയത്തിൽ സംഗീതമുയർന്നൂ

അരളികൾ പൂക്കുന്ന കാവുകളിൽ
നിറമാർന്ന മണമാർന്ന സന്ധ്യയെപ്പോൽ
തങ്കനിറമാർന്ന മണമാർന്ന സന്ധ്യയെപ്പോൽ;
ഒരു പെൺകിടാവന്നു കാത്തു നിന്നൂ
നിമിഷങ്ങൾ ചിലങ്കകളണിഞ്ഞു

അഴികൾ ഇരുമ്പഴികൾ

 

അഴികൾ ഇരുമ്പഴികൾ
കാരിരുമ്പഴികൾ മാത്രം ചുറ്റും
ചിറകിൻ തൂവൽത്തിരികൾ മുറിഞ്ഞൊരു
കുരുവിക്കിനിയും മോഹം ഉയരെ
പ്പറന്നു പാടാൻ മോഹം

വിധിയുടെ അമ്പിൻ മുനയിൽ പിടയും
കിളിയുടെ വിലാപമുയരുന്നു
ഒരു കിളി നിൻ കരളിൽ പിടയുന്നു
ഇനിയൊരുയിർത്തെഴുന്നേല്പുണ്ടോ
ഇനിയൊരു മോചനമുണ്ടോ

ഒരു പിടിയോമൽ സ്മരണകൾ വീണ്ടും
കതിർ മണി നീട്ടി വിളിക്കുന്നു
ഒരു കതിർമണി കാട്ടി വിളിക്കുന്നു
ഇനിയുമൊരോണപ്പുകിലുണ്ടോ
ഇനിയൊരു പൂവനമുണ്ടോ

പുലർക്കാല കുളിർ പോലെ

 

പുലർക്കാല കുളിർ പോലെ
കുറുമൊഴിമുല്ലക്കണിപോലെ
കിളി പാടി വരും പോലെ എൻ
കിനാവിൽ വന്നൂ നീ

തളിരിട്ട തമാലവനങ്ങളിൽ
അരുണിമ പടരുകയായീ
കുളിർ ചൂടിയ കുങ്കുമവയലിൽ
കുയിലുകൾ പാടുകയായീ
സ്നേഹമേ നിൻ മുഖമൊരു സുന്ദര
പ്രഭാതപുഷ്പം പോലെ

കനിവാർന്നെൻ മൺകളിവീണയിൽ
ആരോ തഴുകുകയായീ
തരളിതമാമെൻ ഹൃദയത്തിൻ
സ്വരമതിലൊഴുകുകയായീ
സ്നേഹമേ നിൻ സ്വരമൊരു കിളിയുടെ
ഓമൽത്തേന്മൊഴി പോലെ