നാടകഗാനങ്ങൾ

ചെമ്പരത്തിപ്പൂവു പോലാം

ചെമ്പരത്തിപ്പൂവു പോലാം
നിന്റെ കൈയ്യിൽ ഭാഗ്യത്തിൻ
തങ്കരേഖ തെളിഞ്ഞുവല്ലോ
നെഞ്ചിലെപ്പൊൻ കൂട്ടിനുള്ളിൽ
വളർത്തും നിൻ മണിത്തത്ത
ചെഞ്ചുണ്ടാൽ വരച്ചതാണോ
(ചെമ്പരത്തി....)

മയിലാഞ്ചി ചാർത്തിയപ്പോൾ
ചൊകചൊകെപ്പൂവണിഞ്ഞത്
മണിവിരലോ നിൻ മനസ്സോ
മനസ്സിലെ മയില്‍പ്പേട
മലർ കണ്ടു മദിച്ചപ്പോൾ
മധുരമായ് പറഞ്ഞതെന്തേ
(ചെമ്പരത്തി....)

ഒരു പേരു തുന്നിവെച്ചോ
രുറുമാലിൽ ഉമ്മ വയ്ക്കെ
കവിളാകെ തുടുത്തതെന്തേ
കരളിന്റെയിഴ തോറും
ഒരു പേരിൻ സ്വരമെതോ
കുളിരായിപ്പടർന്നുവല്ലോ
(ചെമ്പരത്തി....)

മഞ്ജുതരസ്വരകന്യകളേ

 

മഞ്ജുതരസ്വരകന്യകളേ സ്വര
രാഗകന്യകളേ
മംഗളനൂപുരമണിയൂ എൻ പ്രിയ
സന്നിധിയിൽ ഞാൻ പാടട്ടെ ഞാൻ
ഒന്നിനിയാടട്ടെ
(മഞ്ജുതര...)

ജന്മങ്ങളിനിയും ഇനിയുമുണ്ടെങ്കിൽ
നിൻ മുന്നിൽ മാത്രം ഞാൻ ചിലമ്പണിയും
കണ്മുനക്കോണുകളിൽ
കൈവിരൽത്തുമ്പുകളിൽ
എൻ മനഃസ്പന്ദനങ്ങളിതൾ വിടർത്തും
(മഞ്ജുതര...)

വെൺ പട്ടു ചുരുളിൽ ഒരു കാവ്യമെഴുതി
നിൻ മുന്നിൽ മാത്രം ഞാൻ നിവർത്തു വെച്ചു
സുന്ദരപദങ്ങളിൽ
ആത്മാവിൻ മന്ത്രങ്ങൾ
പഞ്ജരശൂകികളായ് ചിറകടിച്ചു
(മഞ്ജുതര...)
 

കായൽത്തിരകളേ

 

കായൽത്തിരകളേ കൈനീട്ടിക്കൈനീട്ടി
പായുവതെവിടേയ്ക്കോ
കാതരയാകും തീരഭൂമിയെ
കൈതപ്പൂ ചാർത്തുവാനോ
(കായൽത്തിരകളേ...)

കാറ്റും കിളിയും പൂമരവും ഒരേ
പാട്ടു മൂളുന്നു ഒരേ
പാട്ടു മൂളുന്നു
കാത്തിരിപ്പിൻ മൗനം പൊട്ടി
പൂക്കൾ ചിതറുന്നൂ
(കായൽത്തിരകളേ...)

പട്ടും വളയും പൂങ്കുടയും ഇതാ
കാഴ്ച വെയ്ക്കുന്നു ഇതാ
കാഴ്ച വെയ്ക്കുന്നു
എറ്റു വാങ്ങാനേതോ കൈകൾ
നീട്ടിയണയുന്നു
(കായൽത്തിരകളേ...)

 

ഹൃദയശാരികേ പ്രിയനോടെങ്ങനെ

 

ഹൃദയശാരികേ പ്രിയനോടെങ്ങനെ
വിട ചോദിക്കും നീ
കതിർ മണികൾ പോൽ മധുരസ്മരണകൾ
കാലം കണി വെയ്ക്കുമ്പോൾ
(ഹൃദയ.....)

വിരഹം വേനല്‍പ്പൂവുകൽ പോലെ
കരളിൽ ജ്വാല വിടർത്തുന്നു
എരിയും കൂടു വെടിഞ്ഞൊരു കിളിയായ്
അഭയം തിരയുന്നു നീ
അഭയം തിരയുന്നു
(ഹൃദയ....)

ഇനിയും മേഘപൂന്തുടി പാടും
ഇരവിൻ മാത്രകളടരുമ്പോൾ
ചിറകിൽ ചോര പൊടിഞ്ഞൊരു കിളി നീ
വെറുതേയുഴറുന്നൂ പാടാൻ
അരുതാതുഴറുന്നൂ
(ഹൃദയ...)

കന്നിനിലാവിൻ കവിളിലെന്തേ

 

കന്നിനിലാവിൻ കവിളിലെന്തേ
കറുത്ത മുകിലിൻ മറുക്
പൂവിനു നൃത്തം ചെയ്യാനെന്തേ
മുള്ളുകൾ കൊണ്ട് കളിത്തട്ട്
കൽക്കണ്ടത്തരി തന്നൂ പിറകേ
കൈപ്പുനീരിൻ നിറപാത്രം
ജീവിതമേ നീ തരുന്നതെല്ലാം
തേൻ വിരുന്നല്ലല്ലോ

പൂക്കണിമാസം പോയീ പിറകെ
തീക്കനൽ പോലെ വെയിലായീ
ജീവിതമേ നിൻ തൊടികളിലെല്ലാം
പൂന്തണലുകളല്ലല്ലോ

 

Film/album

ഉക്രേനിയാ ഉക്രേനിയാ

 

ഉക്രേനിയാ ഉക്രേനിയാ
മക്കൾക്കായ് നിൻ മക്കൾക്കായ്
മദമുള്ള വീഞ്ഞും മധുരക്കനിയും
മഞ്ഞിലലിഞ്ഞ നിലാവും നൽകും
ഉക്രേനിയാ ഉക്രേനിയാ

നെറ്റി വിയർപ്പിൻ ഉപ്പു പുരട്ടിയൊ
രപ്പം തിന്നു വളർന്നവർ ഞങ്ങൾ
പാടുന്നു പാടിപാടിചുവടുകൾ വെയ്ക്കുന്നു
ഉക്രേനിയാ ഉക്രേനിയാ

കൊയ്തു കൊയ്തു കൊയ്തെടുത്തു
കോതമ്പക്കതിർമണികൾ
നെയ്തു നെയ്തു നെയ്തെടുത്തു
സ്വപ്നനീലിമകൾ
നീലിമയിൽ ആ നീലിമയിൽ വെൺ
പ്രാവുകൾ പാറുന്നൂ
ആശകൾ പോലെ സമാധാനത്തിൻ
ദൂതികളെപ്പോലെ
ഉക്രേനിയാ ഉക്രേനിയാ

ആടിക്കാറ്റിനെ ഞങ്ങൾക്കെതിരെ

 

ആടിക്കാറ്റിനെ ഞങ്ങൾക്കെതിരേ
ആരേ ഭൂമിയിലേക്കയച്ചൂ
കൈയ്യിലിടിവാളും മിന്നലുമായി
കാർമുകിൽ കുതിരപ്പുറത്തു വരും

കായൽത്തിരകളിൽ ഞങ്ങടെ തോണികൾ
ആടിത്തളർന്നുവല്ലോ
ശക്തി തരൂ ശക്തി തരൂ
ഇക്കൊടും കാറ്റിലും ഇക്കൊച്ചു തോണികൾ
അക്കരെക്കടവിലണയ്ക്കാൻ

ഈറനാം കണ്ണുകൾ തീരങ്ങളിൽ സ്നേഹ
ധാര ചുരന്നു നിൽക്കെ
ശക്തി തരൂ ശക്തി തരൂ
ഞങ്ങടെ നെഞ്ചിലെയീ മൺ വിളക്കിലെ
പൊൻ തിരി പൊലിയാതിരിക്കാൻ

വിഗ്രഹഭജ്ഞകരേ

 

വിഗ്രഹഭഞ്ജകരേ നിൽക്കൂ
നിൽക്കൂ നിൽക്കൂ
വിഹ്രഹഭഞ്ജകരേ ഈയൊരു
വിഗ്രഹം ഞങ്ങൾക്ക് നൽകൂ
തച്ചു തകർക്കാനുയർത്തിയ ചുറ്റിക
താഴ്ത്തൂ കനിവാർന്നു താഴ്ത്തൂ

പഞ്ചലോഹങ്ങളിൽ വാർത്തെടുത്തു പിന്നെ
ചന്ദനത്തിൽ ദേവദാരുവിലും
ഞങ്ങൾ കടഞ്ഞു കടഞ്ഞെടുത്തു മഞ്ജു
മംഗളവിഗ്രഹങ്ങൾ
ആരാധിക്കാൻ ഞങ്ങൾക്കാരാധിക്കാൻ
ആത്മാവിൻ ദാഹം ശമിക്കാൻ

കൃഷ്ണശിലകളിൽ കൊത്തി വെച്ചൂ ബോധി
സത്വസമാധി തൻ സൗന്ദര്യത്തെ
ശക്തിയെ ശാന്തിയെ കണ്ടു നിന്നൂ ഞങ്ങൾ
ആ ദിവ്യമൂർത്തികളിൽ
തച്ചുടയ്ക്കാൻ വീണ്ടും
തച്ചുടയ്ക്കാൻ
ചുറ്റികയോങ്ങുന്നു നിങ്ങൾ

 

തമസ്സിന്റെ ദുർഗ്ഗം

 

തമസ്സിന്റെ ദുർഗ്ഗം തകർക്കും കരുത്താർന്ന
താരുണ്യമേ പാടിയുണരൂ
ഉഷസ്സിൻ കൊടിക്കൂറ നീർത്തുന്നൊരാഗ്നേയ
ലാവണ്യമേ പാടിയുണരൂ

വരൂ ഞങ്ങൾ തൻ പാനപാത്രങ്ങളിൽ നീ
വരൂ ഞങ്ങൾ തൻ പ്രാണനാളങ്ങളിൽ
വരൂ ഞങ്ങൾ തേടും പ്രഭാതങ്ങളിൽ നീ
വരൂ ഞങ്ങൾ പാടുന്നൊരീണങ്ങളിൽ

തുറക്കൂ ത്രിനേത്രം തിളയ്ക്കുന്ന തീയിൽ
ദഹിപ്പിക്കുകീ ദൈത്യദുർഗ്ഗങ്ങളാകെ
മരിക്കാത്ത മർത്ത്യാഭിലാഷങ്ങളെന്നും
തളിർക്കട്ടെ നിൻ തേരുൾപ്പാട്ടു കേൾക്കെ

കടക്കണ്മുന കൊണ്ട്

 

കടക്കൺ മുന കൊണ്ട് കത്തിയേറു നടത്തുന്ന
കാമുകരേ പ്രിയകാമുകരേ ഈ
കളരിപ്പയറ്റിന്റെ നാട്ടിലെപ്പെണ്ണിന്റെ
കരളിൽ തറയ്ക്കൂലാ ഇത്
വെറുതെ വെറുതെ വെറുതെ

ഞാണിന്മേൽ കളിക്കുമ്പോൾ
പ്രാണൻ പിടയ്ക്കുമ്പോൾ
കാണാൻ നിങ്ങൾക്ക് ചേലാണ്
ചൂളമടിക്കണതാരാണ് ഒരു
ചുംബനസീൽക്കാരം ഊതിപ്പറത്തുന്ന
ചൂളമടിക്കണതാരാണ്

നൂലിന്മേൽ തല കീഴായ്
നൂണു നൂണിറങ്ങുമ്പോൾ
ആലോലം ഊഞ്ഞാലാടുമ്പോൾ
മൂളിപ്പാടണതാരാണ് ഒരു
മൂരി ശൃംഗാരപ്പൂവിളിയീണത്തിൽ
മൂളിപ്പാടണതാരാണ്