പഥിക പോരിക നീളുമീപ്പാതയിൽ
പടിയിറങ്ങിപ്പകൽ പോയ വേളയിൽ
കഥ പറയാം പഴയൊരു പാട്ടിലെ
കഥ പറയാം ഇവിടെയിരിക്കുക
അതിനു നാന്ദിയായ് പാടേണ്ടൊരീരടി
പഥിക പോരൂ നമുക്കൊത്തു പാടാം
ഹൃദയവേദനയോടെയൊരമ്മയീ
വഴിയരിലിലുപേക്ഷിച്ച പൈതലിൽ
ചൊടിയിലിത്തിരിപ്പൂവിലെ തേൻ കണം
ചൊരിയുമാ ശകുന്തങ്ങളെ വാഴ്ത്തുക
അവളെയോമനപ്പുത്രിയായ് കൈക്കൊണ്ട
മുനി തൻ സ്നേഹവാത്സല്യങ്ങൾ വാഴ്ത്തുക
അവളെ മോഹിച്ചു കൈക്കൊണ്ടു പിന്നെയും
അവനിയിലൊരനാഥയായ് മാറ്റിയ
അരച നീതി തൻ നേർക്കു തീ പെയ്തിടും
അബലയല്ലാത്ത നാരിയെ വാഴ്ത്തുക