2011ലെ കഴിഞ്ഞ ഏഴുമാസത്തെ കണക്കെടുപ്പ് പരിശോധിച്ചാല്‍ മലയാള സിനിമ ഏറിയ പങ്കും പുതുമകളിലേക്കുള്ള പ്രയാണം തുടങ്ങിയിരിക്കുന്നുവെന്ന് പറയാം. പഴയ പ്രതാപകാലം അയവിറക്കിയിരിക്കുന്ന താരപ്രതിഭകളും സാങ്കേതികപ്രതിഭകളുമൊക്കെ സിനിമാത്തറവാടിന്റെ ഉമ്മറപ്പടിയില്‍ നാലുകൂട്ടി മുറുക്കി ഗതകാലസ്മരണകള്‍ അയവിറക്കിയിരിക്കുമ്പോള്‍ പുതിയ തലമുറ പഴയ പ്രതാപത്തിന്റെ ക്ലാവു പിടിച്ച അരണ്ട നിലവറയിലെ മുഷിഞ്ഞ പൌരാണിക വേഷങ്ങള്‍ ഉരിഞ്ഞെറിഞ്ഞ് കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം വെച്ചുപിടിക്കുന്നത് കാണാം. തീര്‍ച്ചയായും ആശാവഹവമായ ഈ മാറ്റങ്ങള്‍ക്കിടയിലും പുതിയ തലമുറയെ പാരമ്പര്യത്തിന്റെ അളിഞ്ഞ അടുക്കളിയിലേക്ക് വലിച്ചടുപ്പിക്കാന്‍ ശ്രമിക്കുന്ന അമ്മാവന്മാരുടെ വിജയിക്കാത്ത ശ്രമങ്ങളുമുണ്ട്. എങ്കിലും പ്രതീക്ഷയില്‍ തന്നെയാണ് പ്രേക്ഷകനും, പുതിയ തലമുറ കാലത്തിന്റെ ഗതിവിഗതികള്‍ക്കൊപ്പം മാറ്റങ്ങളോട് ചേര്‍ന്ന് നിന്നു കൊണ്ട് പുതിയ പാത വെട്ടിത്തെളിക്കുമെന്നതില്‍.
കാലം മാറിയെന്ന വിളംബരവുമായി 2011ലെ പുലരി പിറന്നത് “ട്രാഫിക്” എന്ന സിനിമയോടേയാണ്. പഴയ പ്രമേയങ്ങളും സട കൊഴിഞ്ഞ സിംഹങ്ങളുടെ വളിച്ച പ്രണയ ലീലകളും ചര്വ്വിതചര്വ്വണങ്ങളാകുന്ന വിരസ സിനിമകള്‍ക്കിടയിലേക്കാണ് താരപ്രഭയില്ലാത്ത അഭിനേതാക്കളും നായക-പ്രതിനായക സ്വഭാവങ്ങളെ പരസ്പരം ഇണചേര്‍ക്കുന്ന കഥാപാത്രങ്ങളുമായി തികഞ്ഞ സാങ്കേതിക പുതുമയില്‍ ട്രാഫിക് അവതരിക്കുന്നത്. അമ്പേ പരാജയപ്പെട്ടൊരു ആദ്യചിത്രത്തിന്റെ സംവിധായകന്റെ (രാജേഷ് പിള്ള) രണ്ടാമത്തെ ചിത്രം, വിരലിലെണ്ണാന്‍ മാത്രം തിരക്കഥകളെഴുതിയ ബോബി-സഞ്ജയ്, ഷൈജു ഖാലിദ് എന്ന ക്യാമറാമന്റെ ആദ്യ സ്വതന്ത്ര ചിത്രം അങ്ങിനെ ഒട്ടനവധി പുതുമുഖങ്ങളും അത്ര പരിചിതമല്ലാത്ത അഭിനേതാക്കളും പ്രേക്ഷകരെ നിരാശപ്പെടൂത്തിയില്ല എന്നല്ല, പ്രതീക്ഷകളുടെ അപ്പുറേത്തേക്ക് നല്ലൊരു ത്രില്ലിങ്ങ് സിനിമ സമ്മാനിച്ചു. അക്ഷരാര്‍ത്ഥത്തില്‍ സിനിമയിലെ മാടമ്പിമാര്ക്കേറ്റ പ്രഹരമായിരുന്നു പുതിയ ചെറുപ്പക്കാരുടെ ഈ കൂട്ടായ ശ്രമം.
തുടര്‍ന്നിങ്ങോട്ട് മലയാള സിനിമയിലെ നവതരംഗങ്ങള്‍ എന്നു പറയാന്‍ സാധിക്കില്ലെങ്കിലും ഏറെയും പുതിയ ചില മുന്നേറ്റങ്ങളും വഴിമാറ്റങ്ങളും കാണാന്‍ സാധിച്ചു, ഇടക്ക് തറവാട്ടിലെ മുരട്ട് കാരണവന്മാരെ ഓര്‍മ്മിപ്പിക്കുന്ന ചില ക്ലാവ് പിടിച്ച ചിന്താ-ദൃശ്യങ്ങളാവട്ടെ, പ്രേക്ഷകന് പുറംകാലുകൊണ്ട് തൊഴിച്ചു കളയുകയും ചെയ്തു ( ഇതുവരെവന്ന പഴയ മൂശകളിട്ടു വാര്‍ത്ത മിക്ക സിനിമകളും രണ്ടോ അതിലധികമോ വര്‍ഷം മുന്‍പ് നിര്‍മ്മാണം തുടങ്ങിയവയുമായിരുന്നു)
ട്രാഫിക്കിനു ശേഷം വന്ന ‘ഉറുമി’ ചരിത്ര സിനിമ എന്ന നിലയിലും സന്തോഷ് ശിവന്, പൃഥീരാജ്, പ്രഭുദേവ, ജനീലിയ, തബു, വിദ്യാബാലന് എന്നിവയാലും ബിഗ് ബജറ്റിലൂന്നിയ സമ്പന്ന സിനിമയായിരുന്നു. ചരിത്രവുമായി ചിത്രം നീതിപുലര്ത്തുന്നില്ലെങ്കിലും സാങ്കേതിക മേന്മയുടേ കാര്യത്തില്‍ (മാത്രം) വലിയൊരു മുന്നേറ്റമായിരുന്നു ചിത്രം. വലിയ സാങ്കേതിക മേന്മയുള്ള ചിത്രം തിയ്യറ്റര്‍ ആസ്വാദനത്തില്‍ മാത്രം പൂര്‍ണ്ണത നേടുന്നതായി. കഥയും ചരിത്രവും ഇഴ ചേര്‍ക്കുന്നതിലും, അഭിനേതാക്കളുടെ അപാര പ്രകടനത്തില്‍ പരാജയപ്പെടുന്നെങ്കിലും വിഷ്വല്‍ ട്രീറ്റ് മെന്റിലൂന്നിയ ഈ സന്തോഷ് ശിവന് ചിത്രം മലയാള ചിത്രങ്ങള്‍ മാത്രം കണ്ടു ശീലിച്ച നല്ലൊരു ശതമാനം പ്രേക്ഷകരേയും തൃപ്തിപ്പെടൂത്തി. വാണിജ്യ വിജയത്തിലും, താര സിംഹാസനത്തിനു ചുറ്റും വട്ടമിട്ടൂ നടക്കുന്നതിലും നിന്നും ഭേദമായിരുന്നു സിനിമ
പിന്നീട് വന്ന മാധവ് രാംദാസിന്റെ മേല്‍ വിലാസം പ്രേക്ഷക പ്രീതി നേടുന്ന വലിയ വിജയമല്ലെങ്കിലും പുതുമയുള്ള സിനിമ ഇഷ്ടപ്പെടൂന്ന പ്രേക്ഷകനെ തൃപ്തിപ്പെടൂത്താന്‍ സാധിച്ചു, സൂര്യകൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നാടകം സിനിമയാക്കിയപ്പോള്‍ അതിനെ മുഴുവന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലും സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ മാര്‍ക്കറ്റിങ്ങ് സിനിമയെ മാസ്സ് പ്രേക്ഷകനില്‍ നിന്നകത്തി. അതോടൊപ്പം തന്നെ പുറത്തിറങ്ങിയ കമല്‍ എന്ന സംവിധായകന്റെ കാവ്യാ മാധവന് പ്രധാന വേഷത്തിലഭിനയിച്ച ‘ഗദ്ദാമ‘ മലയാള സിനിമക്ക് പുതുമയുള്ളൊരു വിഷയമായിരുന്നു. എങ്കിലും വാണിജ്യവിജയങ്ങളോട് കൂടെ നില്ക്കാന് ശ്രമിക്കുന്ന, കലാ പൂര്‍ണ്ണതയോട് നീതിപുലര്‍ത്താന്‍ കഴിയാത്ത കമല്‍ എന്ന സംവിധായകന്റെ പാതി വെന്ത സിനിമയായി ‘ഗദ്ദാമ’. പ്രമേയപരമായി പുതുമ സമ്മാനിക്കുന്നുവെങ്കിലും രുചിശീലങ്ങളില്‍ നിന്ന് വിട്ടൂമാറാനുള്ള വിഷമവും കലയുടെ മൂര്ത്താവിഷ്കാരവും സിനിമയെ നിലവാരത്തിന്റെ പിന്നിലേക്ക് തള്ളി.
2011ല്‍ പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘രതി നിര്‍വ്വേദം’ ആദ്യ ദിനങ്ങളില്‍ കനത്ത ജനതിരക്ക് ഉണ്ടാക്കിയെങ്കിലും പഴയ പത്മരാജന്- ഭരതന്- ജയഭാരതി കൂട്ടുകെട്ടില്‍ പിറന്ന ഭേദപ്പെട്ടൊരു സിനിമയുടെ വികൃതാനുകരണം മാത്രമായേ പരിണമിച്ചുള്ളു. എഴുപതുകളുടേ അവസാനത്തില്‍ പിറന്ന രതി നിര്‍വേദം കലയുടേ കച്ചവടത്തിന്റേയും കൃത്യമായ അനുപാത വിജയമായിരുന്നെങ്കില്‍ ടി കെ രാജീവ് കുമാറിന്റെ പുതിയ രതി നിര്‍വ്വേദം നായികാനടി ശ്വേതാമേനോന്റെ ഉടലളവുകള്‍ ഒപ്പിയെടുക്കുന്ന കച്ചവട തന്ത്രമായിമാറി എന്നുള്ളതാണ് വാസ്തവം. ലൈംഗികതൃപ്തി വരാത്ത കേരള പുരുഷ സമൂഹത്തിന്റെ കാമനകളെ ഉദ്ധരിപ്പിക്കാന്‍ പോന്ന വികൃത സൃഷ്ടിയായി പഴയ നല്ലൊരു ചിത്രം (ക്ലാസ്സ്ക് എന്നു പറയരുത്). എങ്കിലും മറ്റു മലയാളി നടികളെ താരതമ്യം ചെയ്യുമ്പോള്‍ പുതിയ രതിചേച്ചിയായി മേനി പ്രദര്‍ശനത്തില്‍ മാത്രമല്ല അഭിനയത്തിലും തനിക്കൊപ്പം തല്ക്കാലം മറ്റൊരു നടിയില്ല എന്നു തോന്നിപ്പിക്കുമാറ് മികച്ച പ്രകടനം ചെയ്യാന്‍ ശ്വേതക്കായി. രതി നിര്‍വ്വേദം സാമ്പത്തികമായി വിജയമാണേന്നാണ് അണിയറ റിപ്പോര്‍ട്ടുകള്‍, എങ്കില്‍ തീര്‍ച്ചയായും പഴയ രതി ചിത്രങ്ങളെ ‘പഴയ ക്ലാസിക്ക്’‘ എന്ന മുദ്രകുത്തി പുതിയ വിപണിയിലിറക്കാന്‍ അണിയറപ്രവര്‍ത്തകരെ ഇത് ആശ്വാസം കൊള്ളിക്കുന്നുണ്ടാകും.
രഞ്ജിത് കഥയെഴുതി പ്രിയനന്ദനന് എന്ന ദേശീയ ബഹുമതി നേടിയ സംവിധായകന്റെ ‘ഭക്തജനങ്ങളുടെ ശ്രദ്ധക്ക്’ എന്ന സിനിമ ആള്‍ദൈവങ്ങളെ പരിഹസിക്കുന്നതാണെങ്കിലും പ്രേക്ഷകന്റെ ശ്രദ്ധ പിടീച്ചുപറ്റാനായില്ല. സുകുമേനോന്റെ ‘കളഭ മഴ’യും, ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘മൊഹബത്തും’ ജഗതി സുരാജ് ടീമിന്റെ ‘ലക്കി ജോക്കേഴ്സും’ കലാഭവന്‍ മണിയുടേ ‘ആഴക്കടലും’ വിജിതമ്പിയുടെ ‘നാടകമേ ഉലക’മൊന്നും വന്നതും പോയതും പ്രേക്ഷകനറിഞ്ഞില്ല. പഴയ് ഹിറ്റ് മേക്കര്‍ ഫാസില്‍ ‘ലിവിങ്ങ് ടുഗദര്‍’ എന്നൊരു ചിത്രവുമായി വന്നെങ്കിലും ഫാസിലിന്റെ കരിയറിലെ ഏറ്റവും പരാജയവും നിലവാരമില്ലാത്തതുമായി ആ ചിത്രം. ഇതില്‍പ്പരം ഒരു ഹിറ്റ് മേക്കര്‍ക്ക് തരം താഴാനാവില്ല എന്നതിന്റെ ദൃഷ്ടാന്തം. സിനിമാ ഫീല്‍ഡില്‍ വിവാദങ്ങളുണ്ടാകുകയും ഒറ്റപ്പെടുകയും ചെയ്ത സംവിധായകന് വിനയന്റെ ‘രഘുവിന്റെ സ്വന്തം റസിയ’യും പ്രേക്ഷകനു സ്വന്തമല്ലാതെ പോയതിനു ഉത്തരവാദിത്വം പ്രതിഭ തൊട്ടുതീണ്ടാത്ത സംവിധായകനാണ്. പാസഞ്ചര്‍ എന്നൊരു ഭേദപ്പെട്ട ചിത്രമെടുക്കുകയും അത് പ്രേക്ഷകനെ തൃപ്തിപ്പെടൂത്തുകയും ചെയ്ത സംവിധായകന് രഞ്ജിത്ത് ശങ്കറൈന്റെ രണ്ടാമത്തെ ചിത്രം ‘അര്ജ്ജുനന് സാക്ഷി’ താരം പൃഥീരാജും പുതിയ നായിക ആന്‍ അഗസ്റ്റിനും ഉണ്ടായിട്ടും കനത്ത പരാജയമായി. ലോജിക്കില്ലാത്ത മണ്ടത്തരങ്ങള്‍ നിറഞ്ഞ സിനിമ കൂവലുകളോടേയാണ് ജനം തിയ്യറ്ററില്‍ നിന്ന് തിരിച്ചയച്ചത്.
രണ്ടു തവണ റിലീസ് തിയ്യതി മാറ്റിവെച്ച് മൂന്നാം തവണ പ്രേക്ഷകനറിയാതെ തിയ്യറ്ററില്‍ എത്തിയ ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ‘സിറ്റി ഓഫ് ഗോഡ്’ ഭേദപ്പെട്ടൊരു നോണ്‍ ലീനിയര്‍ ചിത്രമായിരുന്നുവെങ്കിലും മോശം മാര്‍ക്കറ്റിങ്ങു മൂലം കനത്ത പരാജയത്തിലായി. ട്രാഫിക്കിനു ശേഷം നോണ്‍ ലീനിയര്‍ വിഭാഗത്തില്‍ പെടൂത്താവുന്ന താര ജാഡകളില്ലാത്ത, സംവിധായകന്റെ സാന്നിദ്ധ്യം പ്രകടമാകുന്ന നല്ലൊരു കാല് വെപ്പായിരുന്ന സിറ്റി ഓഫ് ഗോഡ് പക്ഷെ രണ്ടാം ദിവസം മൂലം പ്രേക്ഷകന് കയ്യൊഴിഞ്ഞു. ഒരു പക്ഷെ മികച്ച മാര്‍ക്കറ്റിങ്ങ് നടത്താമായിരുന്നെങ്കില്‍ നല്ലൊരു വിജയവും ഇന്ഡന്സ്ട്രിയില് നല്ലൊരു മാറ്റവും കൊണ്ടുവരാന്‍ കഴിയുമായിരുന്നു ഈ ചിത്രത്തിനു. കഴിഞ്ഞ വര്‍ഷത്തെ ദേശീയവും പ്രാദേശികവുമായ പുരസ്കാരങ്ങള്‍ ലഭിച്ച ‘ആദാമിന്റെ മകന് അബു’ സലീം അഹമ്മദ് എന്ന പുതുമുഖസംവിധായകന്റെ വരവറിയിച്ചു. സലീം കുമാര്‍ എന്ന എന്നും കോമാളി വേഷങ്ങളില്‍ തളച്ചിടപ്പെട്ട നടന്റെ അപാര പ്രകടനമാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഒപ്പം മധു അമ്പാട്ടിന്റെ മികച്ച ഛായാഗ്രഹണം നായകനൊപ്പം അഭിനയിച്ച സഹ താരങ്ങളുടേ മികച്ച പ്രകടനം, ലളിതവും സുഭഗവുമായ തിരക്കഥയും സംവിധാനവും ഈ ചിത്രത്തെ ബഹുമതികള്‍ക്കൊപ്പം പ്രേക്ഷകപ്രീതിക്കും കാരണമാക്കി. എടൂത്തുപറയേണ്ട മറ്റൊരു പ്രത്യേകത, ചില വാര്‍പ്പു രൂപങ്ങളില്‍ തളച്ചിടപ്പെട്ടൂപോയ അഭിനേതാക്കളുടെ ശോഭയാര്‍ന്ന പ്രകടനം ഇതില്‍ കാണാന്‍ സാധിച്ചു എന്നതാണ്. അവാര്‍ഡ് ചിത്രങ്ങളെക്കുറിച്ചുള്ള മുന്‍ ധാരണ കുറച്ചു ശതമാനം പ്രേക്ഷകരേയും ഈ ചിത്രം കാണുന്നതില്‍ നിന്നും അകല്‍ച്ച പാലിപ്പിച്ചു എന്നാണ് തിയ്യറ്ററുകള്‍ തരുന്ന സൂചന.
കഴിഞ്ഞ മാസങ്ങളില്‍ ജനപ്രിയത ഏറ്റുവാങ്ങിയ ചിത്രങ്ങലില്‍ ‘മേക്കപ്പ് മാനും സീനിയേഴ്സും’ മുന്നിട്ടു നില്ല്ക്കുന്നു. യാതൊരു പുതുമകളും അവകാശപ്പെടാനില്ലാത്ത മേക്കപ്പ് മാന്‍ എന്ന ജയറാം ചിത്രം സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്നു. സച്ചി സേതുവിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ഈ ചിത്രം ഹിറ്റായതിനു കാരണങ്ങളൊന്നുമില്ല. പക്ഷെ നിലവാരമില്ലാത്ത തമാശകളാലും മറ്റും സമ്പന്നമായ ഈ ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ സ്ഥാനം പിടിച്ചത് അല്‍ഭുതമാണ്. സസ് പെന്‍സ് നിറഞ്ഞ ‘സീനിയേഴ്സ്’ സിനിമയെ നേരമ്പോക്കായി കാണുന്നവര്‍ക്കുള്ള നല്ലൊരു വിരുന്നായിരുന്നു. പോക്കിരിരാജയുടെ സംവിധായകന് വൈശാഖിന്റെ രണ്ടാമത്തെ ചിത്രത്തിനു തിരക്കഥയൊരുക്കിയത് സച്ചി സേതു. ഈ ചിത്രങ്ങള്‍ക്കിടയിലും അവാര്‍ഡ് സംവിധായകന് ടി വി ചന്ദ്രന്റെ ശങ്കരനും മോഹനനും എന്ന ജയസൂര്യ ചിത്രം ജയസൂര്യയുടെ ഫാന്‍സിനേയും ടി വി ചന്ദ്രന്റെ ആരാധകരേയും തൃപ്തിപ്പെടൂത്തിയില്ല. ബോബന് സാമുവല്‍ എന്ന പുതിയ സംവിധായകന്റെ ആദ്യചിത്രമായ ‘ജനപ്രിയന്’ ഹിറ്റയില്ലെങ്കിലും ഏറേ പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തിയിരുന്നു. ‘കഥ പറയുമ്പോള്‍” എന്ന ഹിറ്റ് ചിത്രമൊരുക്കിയ സംവിധായകന് എം മോഹനന് ഒരുക്കിയ രണ്ടം ചിത്രമായ ‘മാണിക്യ കല്ല’ നല്ല അഭിപ്രായം നേടിയെടൂത്തുവെങ്കിലും നടന് പൃഥീരാജിന്റെ താരമൂല്യത്തില്‍ വലിയ കയറ്റമുണ്ടാക്കിയില്ല. ആദ്യ പകുതിയില്‍ ഒരു സിനിമ ചെയ്ത സിബി മലയിലിന്റെ വയലിനും, നിര്‍മ്മാണം തുടങ്ങി രണ്ടു വര്‍ഷത്തിനുശേഷം പുറത്തിറങ്ങിയ അനില്‍ സി മേനോന്റെ സുരേഷ് ഗോപി ചിത്രമായ ‘കലക്ടര്‍’ക്കും ദിലീപ് കലാഭവന്‍ മണി ടീമിന്റെ ‘ഫിലിം സ്റ്റാറിനും’ ബാബുരാജിന്റെ ‘മനുഷ്യ മൃഗ‘ത്തിനുമൊന്നും കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല. മണിചിത്രത്താഴ് എന്ന എക്കാലത്തേയും സൂപ്പര്‍ ഹിറ്റായ ചിത്രത്തിന്റെ തിരക്കഥാകൃത്ത് മധു മുട്ടം എഴുതിയ ‘കാണാക്കൊമ്പത്ത്’ മധുമുട്ടത്തൊടുള്ള പ്രേക്ഷകന്റെ ഇഷ്ടത്തെയും ബഹുമാനത്തേയും ഇല്ലാതാക്കാനേ സാധിച്ചുള്ളു. പഴയ ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗമായ ‘ഉപ്പുകണ്ടം ബ്രദേഴ്സ്’ റിലീസായത് പ്രേക്ഷകന് അറിഞ്ഞതായി തോന്നിയില്ല.
2011 ന്റെ ആദ്യപകുതി പക്ഷെ, താരപ്രഭുക്കള്ക്ക് നല്ല കാലമായിരുന്നില്ല എന്നത് ഫാന്‍സിനെ വിഷമിപ്പിക്കുമെങ്കിലും നല്ല പ്രേക്ഷകനു അതൊരാശ്വാസമായിരുന്നു. കഴിഞ്ഞ ഏഴു മാസങ്ങള്‍ ഫാന്‍സ് ക്രിമിനലുകള്‍ കാര്യമായി
ആക്രമിക്കാത്ത ദിവസങ്ങളായിരുന്നു കേരളത്തിലെ തിയ്യറ്ററുകള്‍. എസ് എന്‍ സ്വാമിയുടേ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത മമ്മൂട്ടീ ചിത്രം ആഗസ്റ്റ് 15 കനത്ത പരാജയമായി, തുടര്‍ന്ന് വന്ന, സീനു സോഹല്ലാല് എന്ന പുതുമുഖ സംവിധായകന്റെ സച്ചി സേതു തിരക്കഥ “ഡബിള്‍സ്”ഉം തുടര്‍ന്ന് വന്ന ജയരാജിന്റെ ‘ദി ട്രെയിനും’ കനത്ത പരാജയങ്ങളായി. പഴയ ഹിറ്റ് ആവര്‍ത്തിക്കാം എന്ന മുന്‍ ധാരണയില്‍ യാതൊരു ഹോം വര്‍ക്കുകളില്ലാതെ വന്ന ആഗസ്റ്റ് 15 പ്രേക്ഷകനെ വെറുപ്പിച്ചു. പഴയ നായിക നാദിയാ മൊയ്തു നായികയായെങ്കിലും ‘ഡബിള്‍സ്’നും നോണ്‍ ലീനിയര്‍ ട്രീറ്റ് മെന്റ് അന്ധമായി അനുകരിച്ച മുംബൈ ബോംബ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ‘ദി ട്രെയിനും’ മമ്മൂട്ടിയുടെ ഫാന്‍സിനെപോലും തൃപ്തിപ്പെടൂത്താനായില്ല. ജൂണ്‍ അവസാനത്തില്‍ വന്ന ബാബു ജനാര്‍ദ്ദന്റെ ആദ്യ ചിത്രം ‘ബോംബെ മാര്‍ച്ച് 12’ ബോംബെ ബോംബ് സ്ഫോടനം പോലെ പ്രേക്ഷകര്‍ക്ക് കനത്ത സ്ഫോടനമായി മാറി. മറ്റൊരു സൂപ്പര്‍ താരമായ മോഹന്‍ലാലിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. ഉദയ് കൃഷ്ണ, സിബി കെ തോമസ് എന്ന മലയാളത്തിലെ ഏറ്റവും വില പിടിച്ച തിരക്കഥാകൃത്തുകള്‍ കോറീവരച്ച് ജോഷി എന്ന പഴയ ‘സിങ്കം‘ സംവിധാനം ചെയ്ത ‘കൃസ്ത്യന്‍ ബദേഴ്സും’ റാഫി മെക്കാര്‍ട്ടിന്റെ ‘ചൈനാടൌണും’ ലാലിന്റെ പഴയ പ്രതാപത്തെ തിരിച്ചു പിടിക്കാനായില്ല എന്നു വേണം പറയാന്‍. ക്രിസ്ത്യന്‍ ബ്രദേഴ്സ് ലോക വ്യാപകമായി റിലീസ് ചെയ്തതിലൂടെ ഇനീഷ്യല്‍ കളക്ഷന്‍ ഉണ്ടാകി മുടക്കുമുതല്‍ തിരിച്ചു പിടിച്ചു എന്നു പറയപ്പെടുന്നു. എങ്കിലും മോഹന്‍ലാലും, സുരേഷ് ഗോപിയും ദിലീപും ശരത്കുമാറും അണി നിരന്ന ഉദയന്‍ - സിബി & ജോഷി കൂട്ടുകെട്ട് ഒരു 20 /ട്വിന്റി ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മാത്രമല്ല, ഈ താരങ്ങളുടെ ഫാന്‍സിന്റെ ആവശത്തെ തൃപ്തിപ്പെടുത്താന്‍ മാത്രമേ(?) സാധിച്ചുള്ളു. മുന്‍ വര്‍ഷത്തില്‍ പ്രാഞ്ചിയേട്ടന്, ബെസ്റ്റ് ആക്ടര്‍ തുടങ്ങി താര രഹിത വേഷങ്ങള്‍ ചെയ്ത മമ്മൂട്ടിക്കും 2011ലെ നാലു ചിത്രങ്ങളും കനത്ത പരാജയങ്ങളായിമാറി.
ഏഴാം മാസമായ ജൂലൈയില്‍ റീലീസായ സോള്‍ട്ട് & പെപ്പര്‍ എന്ന ചിത്രം എല്ലാവിധ മുന്‍ ധാരണകളേയ്യും കാറ്റില്‍ പറത്തി അപാരമായ വിജയത്തിലേക്ക് മുന്നേറൂന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാഫിക്കും സിറ്റിം ഓഫ് ഗോഡുമൊക്കെ കൊണ്ടു വന്ന പുതിയൊരു ആഖ്യാന-ആസ്വാദന രീതിയിലാണ് സോള്‍ട്ട് & പെപ്പര്‍ എന്നു പറയാം. താരതമ്മ്യേന താരങ്ങളല്ലാത്ത അഭിനേതാക്കള്‍, പുതുമയുള്ള കഥാ പശ്ചാത്തലം, അഭിനേതാക്കളുടേ പെര്‍ഫോര്‍മന്‍സ്, ലളിതമായ കഥയും ആവിഷ്കാരവും, മികച്ച സാങ്കേതിക പ്രകടനം എന്നിവയാല്‍ സോള്‍ട്ട് & പെപ്പര്‍ സിനിമാ പ്രവര്‍ത്തകരേയും പ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടൂത്തി. ലാല്‍, ശ്വേതമേനോന്, ആസിഫ് അലി എന്നിവര്‍ മികച്ച് പ്രകടനം കാഴ്ചവെച്ചുവെങ്കിലും സ്ഥിരം വേഷങ്ങള്‍ക്ക് വിരുദ്ധമായ കഥാപാത്രത്തെ ചെയ്ത ബാബുരാജ് നന്നായി സ്കോര്‍ ചെയ്തു. ജൂലായ് രണ്ടാം വാരത്തിലിറങ്ങിയ സമീര്‍ താഹയുടെ ‘ചാപ്പാ കുരിശ്’ മലയാള കമേഴ്സ്യല്‍ സിനിമയിലെ നവ വസന്തത്തിന്റെ വരവറിയിക്കുന്ന ഒരു വ്യത്യസ്ഥ സിനിമയായിരുന്നു. ലളിതമായ കഥയും ആവിഷ്കാരവും, താര പൊലിമയില്ലാത്ത അഭിനേതാക്കള്‍ മികച്ച സാങ്കേതിക മികവ് എന്നിവയാല്‍ മാത്രമല്ല ഇതുവരെ മലയാളാ സിനിമ പിന്നിട്ട വഴിയില്‍ നിന്നു വേറിട്ടു ചലിക്കാനും വെല്ലുവിളിക്കാനുമുള്ള ചങ്കൂറ്റവും ചാപ്പാകുരിശ് മലയാളത്തിനു കാട്ടിത്തരുന്നുണ്ട്.
2011 ന്റെ ആദ്യപകുതിയെ അപഗ്രഥിക്കാമെങ്കില് ഏറെയും പതിരുകളാണെങ്കിലും മണ്ണില്‍ വീണ് വീണ്ടും മുളപൊട്ടുന്ന ഉഗ്രശേഷിയുള്ള വിത്തിനങ്ങള്‍ കുറച്ചെങ്കിലും ഉണ്ടെന്നുള്ളത് ഏറെ ആശ്വാസം പകരുന്ന കാഴ്ചയാണ്. ട്രാഫിക്, മേല്‍ വിലാസം, സിറ്റി ഓഫ് ഗോഡ്, സോള്‍ട് & പെപ്പര്‍, ചാപ്പ കുരിശ് എന്നിവ പുതു തലമുറയിലെ പുതിയ കാഴ്ചകളും പ്രവൃത്തികളുമാണ്. മലയാള കമേഴ്സ്യല്‍ സിനിമ പഴയ ലാവണം വിട്ടൊഴിഞ്ഞ് പുതുമ തേടുന്നുവെന്നത് ചെറിയ കാര്യമല്ല, താരപ്രഭുക്കള്‍ സിംഹാസനത്തിലിരുന്നു മാടമ്പി ഭരണം നടത്തുന്ന ഈ ചട്ടമ്പി നാട്ടില്‍. ഇനിയെങ്കിലും താന്തൊന്നികളും പ്രമാണികളുമില്ലാത്ത ഒരു നല്ല നാള് മലയാള സിനിമയില്‍ വരുമെന്നുള്ളൊരു ശുഭപ്രതീക്ഷ എണ്ണത്തില്‍ കുറവാണെങ്കിലും 2011 ന്റെ ആദ്യ പകുതി തരുന്നുണ്ട്. അത്രയും ആശ്വാസം.
മലയാള സിനിമ 2011 ന്റെ ആദ്യ പകുതി വിലയിരുത്തുന്ന ലേഖനം
Nice to hear something good
പ്രിയനന്ദന്റെ ചിത്രം
Melvilasam
ബാബുരാജെന്ന നടൻ
മാറ്റം അതുണ്ടായേ
മലയാളസിനിമ വഴിത്തിരിവിൽ
Thank you very much.Liked
കാലികപ്രസക്തിയോടെ വിശദമാക്കിയ