കത്തുപാട്ടുകളുടെ രചയിതാവ് എന്ന നിലയിലാണ് നിലമ്പൂർ ചന്ദനക്കുന്നിൽ എസ് എ ജമീൽ പ്രശസ്തനായത്. സ്വാതന്ത്ര്യസമര സേനാനിയും കലാകാരനുമായ ഡോ. എസ് എം ജെ മൌലാനയുടേയും ആയിഷാ ബീവിയുടേയും ആറു മക്കളിൽ മൂന്നാമനായിരുന്നു ജമീൽ. ചെറുപ്പത്തിലേ പാതിവഴിക്കു നിന്നുപോയിരുന്നു ഔപചാരിക വിദ്യാഭ്യാസം. ബാപ്പയുടെ ചവിട്ടുഹാർമോണിയമായിരുന്നു സംഗീത ജീവിതത്തിലെ ആദ്യ കൂട്ട്. "ഇജ്ജ് ഒരു നല്ല മനിസനാവാൻ നോക്ക്" എന്നതായിരുന്നു ആദ്യമായി അഭിനയിച്ച നാടകം. നാടകാവതരണത്തിനും ഗാനമേളകൾക്കുമായി മുംബെയ്ക്കു പോയ ഇദ്ദേഹം പിന്നീടു കുറച്ചുകാലം മഹാനഗരത്തിന്റെ പ്രണയിതാവായി അവിടെക്കൂടി. തലത് മെഹമ്മൂദിന്റെ ഗാനങ്ങളെ ഒരുപാടിഷ്ടപ്പെട്ടിരുന്നു ജമീൽ. സ്വന്തം ഗാനമേളകൾക്കുവേണ്ടിയാണ് പാട്ടുകളധികവും എഴുതിയത്.
ഗായകൻ,ഗാനരചയിതാവ്, നാടക-ചലച്ചിത്ര അഭിനേതാവ്, ചിത്രകാരൻ, സൈകോതെറാപ്പിസ്റ്റ് ഇങ്ങനെ നീളുന്നു ജമീലിന്റെ കർമ്മകാണ്ഡം. മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി, ലൈലാ മജ്നു എന്നീ ചിത്രങ്ങൾക്കുവേണ്ടി പാട്ടുകൾ പാടി. ലൈലാ മജ്നുവിൽ അഭിനയിക്കുകയും ചെയ്തു.
1977ൽ നടത്തിയ അബുദാബി സന്ദർശനമാണ് കത്തുപാട്ടുകളുടെ പിറവിക്കു കാരണമായത്. വിദേശത്തു ജോലിചെയ്യുന്ന ഭർത്താവിന് വിരഹിണിയായ ഭാര്യ എഴുതുന്ന കത്തുകളും അവയുടെ മറുപടിക്കത്തുകളുമാണ് കത്തുപാട്ടുകൾ.
"മധുരാനുഭൂതികളയവിറക്കി
മനസ്സിൽ വീണടിയും പൂ പെറുക്കി
കരളിന്റെ ചുടുരക്തമഷിയിൽ മുക്കി
കത്തിന്റെ കതിർമാല കോർത്തൊരുക്കി"--എന്ന് കത്തുപാട്ടുകളെക്കുറിച്ച് അദ്ദേഹം തന്നെ പാടിയിട്ടുണ്ട്.
റുഖിയയാണ് ഭാര്യ. രമീജ, ജവഹർ, ജാസ്മിൻ എന്നിവരാണ് മക്കൾ.