കോബ്ര (കോ ബ്രദേഴ്സ്)
കോ ബ്രദേഴ്സ് എന്നു വിളിക്കുന്ന ഇരട്ട സഹോദരർ. കോ-അക്ഷരത്തിൽ തുടങ്ങുന്ന സ്ഥലങ്ങളോട് ഇഷ്ടമുള്ള കോ ബ്രദേഴ്സ് ബിസിനസ്സും മറ്റു കാര്യങ്ങളുമായി ജീവിതം ആഘോഷിക്കുന്നതിനിടയിൽ ജോൺ സാമുവലെന്ന തകർന്ന വ്യവസായിയെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ ഇരട്ടകളായ പെൺ മക്കളോട് പ്രണയം തോന്നുകയും ചെയ്യുന്നു. ജോൺ സാമുവലുമൊത്ത് ഒരുമിച്ച് ബിസിനസ്സ് ചെയ്യാൻ തുടങ്ങുമ്പോൾ അദ്ദേഹത്തിന്റെ ശത്രുക്കൾ ഇടപെടുകയും അവരോട് കോ ബ്രദേഴ്സിനു ഏറ്റുമുട്ടേണ്ടിവരികയും ചെയ്യുന്നു. എല്ലാം കലങ്ങിത്തെളിഞ്ഞ് ശുഭപര്യവസായിയാകുന്ന കഥ.
വർഷങ്ങൾക്ക് മുൻപ് കോലാലമ്പൂരിലെ ഒരു ആശുപത്രിയിൽ ജനിച്ചവരായിരുന്നു കോ ബ്രദേഴ്സ് എന്നു വിളികുന്ന രാജ(മമ്മൂട്ടി)യും കരി(ലാൽ) ഇവരുടേ ജനനസമയത്ത് ആശുപത്രിയിൽ തീവ്രവാദിയാക്രമണമുണ്ടാവുകയും രക്ഷപ്പെടാനുള്ള തിരക്കിൽ ഒരു കുട്ടി മാറിപ്പോയതായും അറിയുന്നു. കാരണം കുട്ടികളിൽ ഒരാൾ വെളുത്തവനും മറ്റൊരാൾ കറുത്തവനും ആയിരുന്നു. ഇരുവരും തമ്മിൽ യാതൊരു സാദൃശ്യങ്ങളുമുണ്ടായിരുന്നില്ല. കരി എന്ന് വിളിക്കപ്പെടുന്ന കുട്ടി ചെറുപ്പം മുതലേ പലരുടേയും അവഗണനക്കും കളിയാക്കലിനും വിധേയനാകുന്നു. പക്ഷെ എല്ലാ ഘട്ടത്തിലും രാജ അവന്റെ കൂടെ നിൽക്കുന്നു. അതുകൊണ്ട് തന്നെ മുതിർന്നപ്പോൾ മറ്റു ബന്ധുക്കളെ ഉപേക്ഷിച്ച് രാജയും കരിയും ഒരുമിച്ച് ‘ബ്രദേഴ്സ്’ ആയി ജീവിക്കുന്നു. കോ- എന്ന അക്ഷരത്തിൽ തുടങ്ങുന്ന സ്ഥലനാമങ്ങളോട് ഇവർക്ക് പ്രതിപത്തിയുള്ളതുകൊണ്ട് അത്തരം സ്ഥലങ്ങളിൽ ഇവർ താമസിക്കുന്നു. മുൻപ് ഡൽഹിയിലെ കോണാട്ട് പ്ലേസിൽ ഇവർ ബോക്സിങ്ങ് ചാമ്പ്യന്മാരായിരുന്നു. ബിസിനസ്സ് നടത്തിയും പണം ആവശ്യത്തിലധികം ഉണ്ടാക്കിയും ജീവിതം ആഘോഷിക്കുമ്പോൾ അവർ വിവാഹിതരാകാൻ ഏറെ വൈകുന്നു. അതിനു കാരണം ഇവരെപ്പോലെത്തന്നെ ഇരട്ട സഹോദരിമാരെത്തന്നെ ഒരുമിച്ച് ഒരു പന്തലിൽ വിവാഹം കഴിക്കണം എന്നതായിരുന്നു ഇവരുടേ ആവശ്യം. ഒരിക്കൽ അതിനുള്ള അവസരം വന്നപ്പോൾ കരിയുടേ വധു പള്ളിയിലെത്താൻ വൈകിയതുകൊണ്ട് രാജ ഒരു വിവാഹം മാത്രമായി നടക്കില്ല എന്നു പറയുന്നു. തെറ്റിദ്ധാരണ കൊണ്ട് ആ വിവാഹം അവർ ഉപേക്ഷിക്കുന്നു. ഇതിനിടയിലാണ് ഒരു ബംഗ്ലാവ് വാങ്ങുന്നതിനു അവർ ജോൺ സാമുവൽ (ലാലു അലക്സ്) എന്ന തകർന്ന ബിസിനസ്സ്കാരനെ കാണുന്നത്. വലിയൊരു തുകക്ക് വീട് വിൽക്കാനായിരുന്നു ജോൺ സാമുവലിന്റെ ആഗ്രഹം. കാരണം അയാൽ മുൻപ് നടത്തിപ്പോന്നിരുന്ന ആശുപത്രി അയാളുടെ കുടുംബ ശത്രുക്കളായ ഐസക്കും (ബാബു ആന്റണി) സഹോദരരും കൈവശം വെക്കുകയും മയക്കു മരുന്ന്, മദ്യം മുതലായ ബിസിനസ്സുകൾ ചെയ്തിരുന്നു. അവരിൽ നിന്നും ആശുപത്രി ലേലത്തിൽ പിടിക്കണമെന്നായിരുന്നു ജോൺ സാമുവലിന്റെ ഉദ്ദേശം. അതിനു വേണ്ടി തന്റെ ഇരട്ടപെണ്മക്കളെ (കനിഹ & പത്മപ്രിയ) അറിയിക്കാതെ അയാൾ ആ വീടു കോ ബ്രദേഴ്സിനു വിൽക്കുന്നു. ജോൺ സാമുവലിനു ഇരട്ട പെൺകുട്ടികൾ ഉണ്ടെന്നും അവർ മെഡിസിനു പഠിക്കുകയാണെന്നും അറിഞ്ഞ കോ ബ്രദേഴ്സ് തങ്ങളുടെ സെക്യൂരിറ്റികളായ ഗോപാലന്റേയും (സലീം കുമാർ) ബാലന്റേയും(മണിയൻ പിള്ള രാജു) കുബുദ്ധിയിൽ മയങ്ങി ജോൺ സാമുവലിന്റെ വീടിനു മുകളിൽ വാടകക്ക് താമസിക്കുന്നു. ജോൺ സാമുവലുമായി അമിത മദ്യപാനം നടത്തിയ ഒരു രാത്രിയിൽ സാമുവലിന്റെ മക്കൾ വീട്ടിൽ വരികയും ഈ സംഭവം കണ്ട് ദേഷ്യപ്പെട്ട് കോ ബ്രദേഴ്സിനെ വീട്ടിൽ നിന്ന് പുറത്താക്കുന്നു. പിറ്റേന്ന് ബോധം തെളിഞ്ഞ സാമുവൽ കോ ബ്രദേഴ്സിനെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരികയും മക്കളെ ഉപദേശിക്കുകയും ചെയ്യുന്നു. കോ ബ്രദേഴ്സിന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കിയ ജോൺ സാമുവൽ തന്റെ മക്കളെ അവർക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കാൻ തീരുമാനിക്കുന്നു. കോ ബ്രദേഴ്സിന്റെ പണം കൊണ്ട് ജോൺ സാമുവൽ ആശുപത്രി തിരികെ പിടിക്കുകയും അത് പുനർ നവീകരണം നടത്തുകയും ആശുപത്രിയിലെ ഹെൽത്ത് ക്ലബ്ബ് നടത്താൻ കോ ബ്രദേഴ്സിനെ അനുവദിക്കുകയും ചെയ്യുന്നു. ആ സമയത്താണ് കോ ബ്രദേഴ്സിനേയും ജോൺ സാമുവലിനെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ചില തന്ത്രങ്ങൾ മെനഞ്ഞ് ഐസക്കും കൂട്ടരും വരുന്നത്. ഐസക്കിൽ നിന്നും കേട്ട വിവരങ്ങൾ ഇരുവരേയും സ്തബ്ധരാക്കുന്നു.
- Read more about കോബ്ര (കോ ബ്രദേഴ്സ്)
- 922 views