ലളിതസംഗീതം

അല്ലിമുല്ലപ്പൂവിരിയും

 

അല്ലിമുല്ലപ്പൂവിരിയും കാവിനുള്ളിൽ
നല്ലോലക്കിളിമകൾക്കൊരു കളീവീട്
കളിവീട്ടിലാട്ടുകട്ടിൽ പട്ടുമെത്ത പിന്നെ
കുളിരോടു കുളിർ പകരും കൂട്ടുകാരൻ

തെങ്ങോലത്തുമ്പത്തൊരു പൊന്നൂഞ്ഞാല്
തൈത്തെന്നലിലാടുന്നൊരു പൊന്നൂഞ്ഞാല്
പൊന്നൂഞ്ഞാലിൽ ആടിപ്പാടാൻ
ഇന്നെന്തേ വന്നീലാ കൂട്ടുകാരൻ

കദളീവനത്തിലെ തേൻ കനിയ്ക്കോ
കതിരണിപ്പാടത്തെ പൊൻ മണിയ്ക്കോ
കണ്മണിയോടോതിടാതെ
ഇന്നെങ്ങു പോയിതാ കൂട്ടുകാരൻ

ഗാനശാഖ

കതിർമണികൾ തേടി വരും

 

കതിർമണികൾ തേടി വരും കണ്മണിക്കുരുവികളെ
കണ്ടുവോ നിങ്ങൾ കണ്ടുവോ
കടലലകൾ തഴുകുമീ പുണ്യഭൂമി സഹ്യ
ഗിരിനിരകൾ കാക്കുമീ ഹരിതഭൂമി

മാമാങ്കമരങ്ങേറിയ നാവാമണല്‍പ്പുറത്ത്
ഭാരതപ്പുഴ തിരുവാതിരയാടുമ്പോൾ
കാശ്മീരധൂളി ചാർത്തിയ കാലടികൾ ചുംബിച്ച
കാലടി സൗന്ദര്യലഹരി പാടും

ശബരീശ്വരസന്നിധിയിൽ
പാവനിയാം പമ്പാനദി
ശരണം വിളി കേട്ടുണർന്നു പാടുന്നു
കൽക്കുരിശുകൾ ചൂടുന്ന കുന്നുകൾ താഴ്വരകൾ
കർത്താവിൻ തിരുനാമം വാഴ്ത്തുന്നു

ഗാനശാഖ

കണ്വനന്ദിനീ

 

കണ്വനന്ദിനി നിനക്കു യാത്രാ മംഗളമരുളുന്നു
കാണാക്കിളികൾ തൻ കളമൊഴികൾ
ഏണമൃഗങ്ങൾ തൻ നിറമിഴികൾ

നീർ പകർന്നു നീ താലോലിച്ചൊരു
നിൻ പ്രിയ വനജ്യോത്സ്ന
പൂവുകൾ തൂകും ചില്ലകൾ നീട്ടി
പുണരുന്നൂ നിന്നെ
കെട്ടിപ്പുണരുന്നു നിന്നെ
പോകല്ലേ സഖീ പോകല്ലേ ഒരു
മൂക വേദന പാടുന്നൂ

മാലിനീനദീതീരങ്ങളിലെ
മണിയരയന്നങ്ങൾ
ഓർമ്മകൾ പൂക്കും വള്ളിക്കുടിലുകൾ
ഒളിഞ്ഞു നോക്കുന്നൂ പിന്നെയും
ഒളിഞ്ഞു നോക്കുന്നൂ
കാണുവതെന്നിനി കാണുവതെന്നിനി
മൗനവേദന പാടുന്നു

ഗാനശാഖ

ഹൃദയത്തിൻ ഗന്ധർവനഗരിയിൽ

 

ഹൃദയത്തിൻ ഗന്ധർവ നഗരിയിൽ ഉല്ലാസ
പഥികനായ് നീയിന്നു വന്നൂ
ഒരു ഗാനശകലം പോൽ
ഒരു പൂവിൻ ഗന്ധം പോൽ
അതിഥിയായ് നീയിന്നു വന്നൂ

പറയാത്ത വാക്കിന്റെ പാദസരമണി
ച്ചിരിയുമായ് ഞാനിന്നുണർന്നൂ
പാടിപ്പതിയാത്ത പാട്ടിന്റെ പാരിജാതത്തിന്റെ
പരിമളം ഞാൻ നുകർന്നൂ

അറിയാത്ത തീരത്തെ ദേവദാരുക്കൾ തൻ
തണലത്തു ഞാനിന്നിരുന്നൂ
ആദ്യ പ്രണയത്തിൻ മാമ്പൂക്കൾ പൊട്ടി വിരിഞ്ഞിടും
അനുഭൂതി ഞാൻ നുകർന്നൂ

 

ഗാനശാഖ

കിളികൾ കുഞ്ഞിക്കിളികൾ

 

കിളികൾ കുഞ്ഞിക്കിളികൾ ഞങ്ങൾ
കളകളം പാടുന്ന കിളികൾ
തളിരിട്ടു നിൽക്കും നിൻ പൂവനിയിൽ നീ
തഴുകി വളർത്തുന്ന കിളികൾ ഞങ്ങൾ
കിളികൾ കുഞ്ഞിക്കിളികൾ

ഉദയകിരണങ്ങൾ നീട്ടിയ സ്വർണ്ണ
ക്കുരിശുരൂപങ്ങൾ കണ്ടുണർന്നു ഞങ്ങൾ
ഉദ്യാനപാലകാ നിന്റെ സങ്കീർത്തന
പദ്യങ്ങൾ ചൊല്ലിയുണർന്നൂ

മെഴുകുതിരികൾ നീട്ടിയ തൊഴുകൈ
മുകുള നാളങ്ങൾ കണ്ടുണർന്നൂ ഞങ്ങൾ
നിന്റെ ദേവാലയഗോപുരമണികൾ തൻ
മന്ദ്രസ്വരം കേട്ടുണർന്നു

കതിരിൻ മണികൾ നീട്ടി വിളിക്കും
കനിവിന്നുറവാം നിൻ ഹൃദയം ഞങ്ങൾ
നിൻ തിരുഹൃദയപ്പൂവാടിയിലെ
പൊൻ കുരുന്നോലക്കിളികൾ
 

ഗാനശാഖ

ഉദയചന്ദ്രികയോ

 

 

ഉദയചന്ദ്രികയോ ഉഷസ്സിൻ മുഖമോ
ഉണർന്നു കാണ്മൂ മുന്നിൽ ഞാൻ
ഉണർന്നു കാണ്മൂ മുന്നിൽ

മിഴികളിലമൃതം പകരുമഴകേ
മിന്നൽക്കൊടിമലരേ
പൂവിൽ പൂവുകൾ പോലെ നിൻ മുഖ
താരിൽ മിഴിയിണ വിരിയുന്നു
പാതി വിടർന്നൊരു പുഞ്ചിരിയോ
ഇത് പവിഴമല്ലികപൂവുകളോ

ദേവി യൗവനകേളീനർത്തന
വേദികയാം നിൻ തിരുമാറിൽ
മാരശരങ്ങൾ തൻ മാലകളോ നിൻ
മധുരമാമനുഭൂതികളോ

 

ഗാനശാഖ

ഈശ്വരൻ നിൻ പടിവാതിൽക്കൽ

 

ഈശ്വരൻ നിൻ പടിവാതില്ക്കൽ വന്നു
ഭിക്ഷാപാത്രവുമായ് നിന്നൂ
അർദ്ധങ്നാംഗനായ് ദീനനായ് നിന്നൊരാ
ഭിക്ഷുവെ നീയാട്ടിയോടിച്ചു
അവനെ നീയറിഞ്ഞില്ലാ

വീഞ്ഞും ഫലങ്ങളും ഒരുക്കി വെച്ചൂ
വീണ്ടുമവനെ നീ കാത്തു നില്പൂ
നിൻ മുന്നിൽ വന്നൊരാ ഭിക്ഷുവെക്കാണാത്ത
നിൻ മിഴി അവനെ കാണുകില്ലാ

കൂടപ്പിറപ്പിന്റെ നോവുകൾ പൂവിടും
പാതയിലൂടെ നടന്നിടുമ്പോൾ
ലോകത്തിൻ നൊമ്പരമെന്റേതായ് മാറുന്നൂ
ദേവ നിൻ ആലയമാവുന്നു ഞാൻ

 

ഗാനശാഖ

ചിത്രവർണ്ണശലഭമേ

 

ചിത്രവർണ്ണശലഭമേ നിൻ പട്ടുകുപ്പായം നിന്റെ
പട്ടുകുപ്പായം ഒരു കാമുകന്റെ പട്ടുകുപ്പായം
ചൈത്രമാസപുഷ്പമേ നിൻ
നൃത്തമുദ്രകൾ നിന്റെ നൃത്തമുദ്രകൾ
ഒരു കാമുകി തൻ നൃത്തമുദ്രകൾ

നിങ്ങളേതു പുണ്യനാളിൽ തങ്ങളിൽ കണ്ടൂ
ആദ്യം തങ്ങളിൽ കണ്ടൂ
ഏതു വള്ളിപ്പൂങ്കുടിൽ മണിതല്പമൊരുക്കീ
ആദ്യതല്പമൊരുക്കീ
നിങ്ങളേതു ഗാനത്തിന്നീരടികൾ

എത്ര സായംസന്ധ്യകളിൽ നിങ്ങൾ പിരിഞ്ഞു
തമ്മിൽ നിങ്ങൾ പിരിഞ്ഞു
എത്ര പുലർവേളകളിൽ വീണ്ടുമണഞ്ഞൂ
തമ്മിൽ വീണ്ടുമണഞ്ഞൂ
നിങ്ങളേതു രാഗത്തിൻ ചിലമ്പൊലികൾ

 

ഗാനശാഖ

കന്നിമണ്ണിന്റെ ഉണ്ണിക്കിടാങ്ങളെ

 

കന്നിമണ്ണിന്റെ ഉണ്ണിക്കിടാങ്ങളേ
കണ്ണുനീരിൽ കുതിർന്ന കിനാക്കളേ
നിങ്ങൾ വീണു മയങ്ങുമീ തൊട്ടിലിൽ
നിന്നുണരുന്നു വാസന്ത ദീപ്തികൾ

കാലമീക്കല്ലറകളിൽ മൂവന്തി
വേള തോറും കൊളുത്തിടും കൈത്തിരി
വീണ മീട്ടിടും നിങ്ങൾ തന്നോർമ്മയിൽ
താണു കുമ്പിട്ടു നിൽക്കും പുലരികൾ

നിങ്ങൾ ചെന്നിണം ചാലിച്ചു ചാർത്തിയൊ
രിന്നിലങ്ങളിൽ നാളെപ്പുലരിയിൽ
ഹാ വിരിഞ്ഞിടും പിന്നെയും നിങ്ങൾ തൻ
ജീവനാളങ്ങൾ താമരപ്പൂക്കളിൽ

ഗാനശാഖ

വീണു മയങ്ങി

 

വീണു മയങ്ങീ ഞാനാക്കൈകളിൽ
വീനയിൽ ഗാനം പോലെ
പ്രാണനിലൂടെ പായുകയായിതൊ
രാനന്ദക്കുളിരരുവി ഒരാനന്ദക്കുളിരരുവി

ഒരു മലർശയ്യയിലുറങ്ങി ഞാനൊരു
ശരശയ്യയിൽ നിന്നുണരുന്നൂ
പ്രണയമലർക്കിളി പാടിയ കൂട്ടിൽ
ഒരു കരിനാഗം ഇഴയുന്നൂ
ഇന്നൊരു കരിനാഗം ഇഴയുന്നൂ

മുറിവുകൾ തോറും മുത്തം വെയ്ക്കാൻ
മുളകളിലാടും കുളിർകാറ്റേ
തഴുകിത്തഴുകി വളർത്തുന്നു നീ
കരളിലെ നൊമ്പരത്തിരി നാളം എൻ
കരളിലെ നൊമ്പരത്തിരി നാളം
 

ഗാനശാഖ