ക്ഷണേ ക്ഷണേ നവനവമായ്

 

ക്ഷണേ ക്ഷണേ നവനവമായ് മാറും
രമണീയതയാം കവിതേ
നരജീവിതമാം വേദന വാറ്റിയൊ
രമൃതമെനിക്ക് തരൂ

ഓരോ സൂര്യോദയവും പുതിയൊരു
ചാരുതയാവുന്നു
ഓരോ പൂവും ലാവണ്യത്തി
ന്നോരോ കുളിരോളം

കൂഹൂ കൂഹൂ കുയിൽ മൊഴി കേൾക്കെ
കേൾക്കെയൊരുന്മാദം
അതു കേൾക്കാൻ ഞാനേറെ നടന്നീ
തൊടികളിലണയുന്നു

കാണെക്കാണെ കൺ കുളിരുന്നൊരു
കാമിനിയീ ഭൂമി
ഉരുകുമുഷസ്സിനെ എരിയും സന്ധ്യയെ
ഇവിടെത്തിരയുന്നു