നാടകഗാനങ്ങൾ

പാലരുവീ പാലരുവീ

 

പാലരുവീ പാലരുവീ പാലരുവീ
പാലാഴിക്കടവിലെത്താൻ വഴിയറിയാമോ
വഴിയറിയാമോ

ഏതു കാട്ടിലേതുകാട്ടിൽ നീ പിറന്നു
ഏതു വീട്ടിലേതു വീട്ടിൽ നീ വളർന്നൂ
ഏതു മേനകയ്ക്ക് പുത്രിയായ് പിറന്നു
ഏതു കണ്വനോമനിച്ചു നീ വളർന്നു
( പാലരുവീ...)

എത്ര വനമുല്ലകൾക്ക് നീർ പകർന്നൂ
നിന്റെ ചുറ്റുമെത്ര മാനിണകൾ മേഞ്ഞു നിന്നു
കൈവിരലിൽ നിനക്കാരീ മോതിരം തന്നൂ
മെയ് നിറയെ മെയ് നിറയെ  കുളിരു പകർന്നൂ
(പാലരുവീ...)

ഓമൽക്കിനാവിന്റെ

 

ഓമൽക്കിനാവിന്റെ
താമരത്തേനുണ്ണാൻ
ഞാനൊരു ഹംസത്തെ കാത്തിരുന്നൂ
കാത്തിരുന്നൂ ഞാൻ കാത്തിരുന്നൂ

തൂവെള്ളത്തൊട്ടിലാട്ടി
മാതളക്കൊക്കു നീട്ടി
ആ നല്ല ഹംസമപ്പോളോടി വന്നു
ഓടി വന്നു ചാരേ ഓടി വന്നൂ

നൂറ് സ്വപ്നങ്ങളെന്നിൽ
വീണ മുറുക്കിയപ്പോൾ
ഞാനെന്നെ മറന്നെന്തോ പാടി നിന്നൂ
പാടി നിന്നൂ ഞാൻ പാടി നിന്നൂ
(ഓമൽക്കിനാവിന്റെ...)

സ്വർണ്ണച്ചിറകുള്ള മാലാഖമാരേ

 

സ്വർണ്ണച്ചിറകുള്ള മാലാഖമാരേ
എന്നിനി രക്ഷകൻ വന്നിടും പാരിൽ
എന്നിനി രക്ഷകൻ വന്നിടും
കാതരമിഴികളിൽ കണ്ണീരുമായൊരു
പാതിരാപ്പൂവിങ്ങു കാത്തു നില്പൂ

പാതയിലവൻ വരും കാലൊച്ച കേൾക്കാൻ
കാതോർത്തു കാതോർത്തു കാത്തുനില്പൂ
ഇന്നും കാത്തുനില്പൂ
(സ്വർണ്ണച്ചിറകുള്ള...)

കാഞ്ചനരഥത്തിലോ പള്ളിമേനാവിലോ
കാൽ നടയായോ ദേവനെഴുന്നള്ളും
ഈ വഴിത്താരയിങ്കൽ ഈ നിശാഗന്ധിയെന്നും
ദേവന്റെ പൂജയ്ക്കായി കാത്തുനില്പൂ
കരം കൂപ്പി നില്പൂ
(സ്വർണ്ണച്ചിറകുള്ള....)

കഥ പറയും പൈങ്കിളി

 

കഥ പറയും പൈങ്കിളീ ശാരികപ്പൈങ്കിളീ
ഒരു പുതിയ കഥ പറയൂ പൈങ്കിളീ
കദളിപ്പൊൻ കൂമ്പുകളിൽ
കിനിയുന്ന തേനുണ്ട്
കഥ പാടൂ
കഥ പാടൂ പഞ്ചവർണ്ണപ്പൈങ്കിളീ
മലയാളത്തറവാട്ടിൻ
തിരുമുറ്റത്തിനിയുമൊരു
മൈഥിലി തൻ കണ്ണീരിൻ കഥയെഴുതൂ നീ
(കഥ പറയും...)

ഇളനീര് നേദിക്കാം
വയണപ്പൂ ചൂടിക്കാം
കഥ പാടൂ
ഇനിയുമൊരു കഥ പാടൂ പൈങ്കിളീ
ഒരു നിശാഗന്ധി തൻ
നിശ്വാസപരിമളം
പുരളുമീ മണ്ണിന്റെ കഥ പറയൂ നീ
(കഥ പറയൂ..)

ആയില്യത്തമ്മേ ഉണരുണര്

 

ആയില്യത്തമ്മേ ഉണരുണര്
ആയിരം പൂതങ്ങളുണര്
വാളും ചിലമ്പും ചുവന്ന തെച്ചി
മാലയും ചാർത്തിയുണരുണര്

അരത്ത പൂമ്പട്ടുടുത്തുണരുണര്
അരളിപ്പൂ ചൂടി ഉണരുണര്
തിരുവാഭരണങ്ങളെടുത്തണിഞ്ഞ്
തുള്ളിതുള്ളി തുയിലുണര്
(ആയില്യത്തമ്മേ#.......)

ഗന്ധർവനഗരങ്ങൾ വാണരുളും
കന്യകമാരും തുയിലുണര്
തുയിലുണർത്താൻ വന്ന മാളോരും
തുള്ളി തുള്ളി തുയിലുണര്
(ആയില്യത്തമ്മേ...)

നീലയാമിനി

 

നീലയാമിനീ നീലയാമിനീ
നീയെന്റെ കളിത്തോഴി തോഴീ
(നീലയാമിനീ....)

നൂപുരങ്ങളണിഞ്ഞു ചമഞ്ഞു
നൂറു താരകളാടുമ്പോൾ
കൈയ്യിലോമൽ കളിയാമ്പലുമായ്
കണ്ടു ചിരിക്കാൻ വന്നൂ
(നീലയാമിനീ....)

ജീവിതം വെറുമൊരു നിമിഷത്തിൻ
പൂവിലുറിയ തേൻ തുള്ളി
ജീവിതം വെറുമൊരു കുറി മാത്രം
കാണും വർണ്ണചലച്ചിത്രം
(നീലയാമിനീ....)
 

ഓണനിലാവോ

 

ഓണനിലാവോ ഓമനത്തിങ്കൾ-*
പൂവിലുണർന്ന കിനാവോ
കാനനമലരിൻ കല്യാണത്തിന്
കസവിട്ട് നെയ്തൊരു കവണിയോ
(ഓണനിലാവോ....)

ആ പൂ ഈ പൂ നുള്ളി നടക്കുന്ന
താരാണാരാണാരാണ്
ആയിരം പൂവായിരം പൂ
വാരിത്തൂകുവതാരാണ്
(ഓണനിലാവോ....)

ആ മല ഈ മല കയറിയിറങ്ങുന്ന
താരാണാരാണാരാന്
ആടു മേയ്ക്കാൻ വന്നവനോ എന്നെ
പാടിയുണർത്താൻ വന്നവനോ
(ഓണനിലാവോ....)

 

വർണ്ണമയൂരമായ്

വർൺനമയൂരമായ്
വർണ്ണമയൂരമായ് മുന്നിൽ
വന്നു നിൽക്കുന്നു ഞാൻ
അഞ്ജനക്കണ്ണുള്ള
പീലി വിടർത്തുന്ന
വർണ്ണമയൂരം ഞാൻ
(വർണ്ണമയൂരമായ്...)

സ്വർണ്ണനാഗങ്ങൾ തൻ മീതെ നിന്നാടുന്ന
വർണ്ണമയൂരമിതാ
കാണിക്ക വെയ്ക്കുവിൻ കാണിക്ക വെയ്ക്കുവിൻ
മാണിക്യമെന്റെ മുന്നിൽ
(വർണ്ണമയൂരമായ്...)

ചന്ദ്രക്കുട ചൂടി ഇന്ദ്രന്റെ വില്ലേന്തി
ചന്തത്തിൻ തേരിറങ്ങി
മന്നിടം നർത്തന മണ്ഡപമാക്കിയ
വിണ്ണിലെ മേനക ഞാൻ
(വർണ്ണമയൂരമായ്...)

മായായവനിക നീങ്ങി

 

മായായവനിക നീങ്ങി
മാനസലീലാവേദിയൊരുങ്ങി
മന്ത്രമധുരൗണർന്നൂ ശംഖൊലി
മംഗള രൂപിണീ വരൂ വരൂ നീ
മംഗള്രൂപിണീ വരൂ വരൂ

മന്ത്രം ചൊല്ലി മയക്കി നിന്നെ
മൺ കുടത്തിലടക്കി
കൺ വെട്ടത്തിൽ നിന്നുമകറ്റിയ
മാന്ത്രികരെവിടെ എവിടെ
(മായായവനിക...)

ഞങ്ങടെ കുടവും തുടിയും
ഓണവില്ലും വീണയുമെല്ലാം
നാദത്തിന്നിളനീർ പകരുമ്പോൾ
ദേവീ നീയുണരില്ലേ
(മായായവനിക...)

നിന്നെത്തേടി നടന്നു ഞങ്ങൾ
നിന്നെ വിളിച്ചു കരഞ്ഞൂ
മൃണ്മയപാത്രം മൂടിയ നേരിൻ
പൊൻ വിളക്കേ തെളിയൂ
തെളിയൂ തെളിയൂ
(മായായവനിക...)

ഓ ലാ ലാ ലാ

 

ഓ... ലാ...ലാ..ഓ..ലാ..ലാ...
ഓമനക്കുഞ്ഞിനൊരുമ്മ
കണ്ണാരം പൊത്തിക്കളിക്കാൻ
കള്ളനെൻ കൂടെ വരാമോ
പൊന്നിലഞ്ഞിപ്പൂ പെറുക്കാൻ
പൊന്നാരക്കുട്ടൻ വരില്ലേ
(ഓ ലാലാലാ...)

അല്ലിമലർക്കാവിനുള്ളിൽ
തുള്ളിക്കളിക്കാൻ വരില്ലേ
പൂമണമിറ്റു തരില്ലേ
പൂന്തേനിറ്റു തരില്ലേ
( ഓ ലാലാലാ...)

താമരക്കുമ്പിളിനുള്ളിൽ
കാണാതൊളിക്കുന്നതെന്തേ
നീ നറും മുന്തിരിയല്ലേ
നീയൊരു തേൻ കുടമല്ലേ
( ഓ  ലാ ലാ ലാ...)