നാടകഗാനങ്ങൾ

ഓരോ കുയിലുമുണർന്നല്ലോ

 

ഓരോ കുയിലുമുണർന്നല്ലോ
ഓടക്കുഴലിലൊരീണവുമായി
ഓരോ കുയിലുമുണർന്നല്ലോ
ഓരോ പൂവുമുണർന്നല്ലോ
ഓരോ കുമ്പിൾ തേനും കൊണ്ടേ
ഓരോ പൂവുമുണർന്നല്ലോ

ഓരോ നിമിഷവുമോടിയകന്നിടും
ഓരോ സ്വപ്നങ്ങൾ
സ്വപ്നശലഭങ്ങൾ
അതു പാടുന്നൂ പാടുമ്പോളീ
ഹൃദയം ശ്രുതി മീട്ടുന്നു
( ഓരോ കുയിലും...)

ഓരോ തിരയും ചിറകു വിടർത്തിടു
മോരോ മോഹങ്ങൾ
മോഹഹംസങ്ങൾ
അതു താഴുന്നൂ താഴുമ്പോളീ
ഹൃദയം മിഴി പൊത്തുന്നൂ
(ഓരോ കുയിലും...)

കാണാനും നല്ലൊരു പെണ്ണ്

 

കാണാനും നല്ലൊരു പെണ്ണ്
പൂണാരം പോലൊരു പെണ്ണ്
കാണെക്കാണെ വളർന്നൊരു പെണ്ണ്
കല്യാണപ്രായത്തിൻ കടവെത്തും പെണ്ണ്

പട്ടം പോലെ പറക്കും പെൺൻ
പട്ടിന്റെ നൂലിന്റെ ചേലുള്ള പെണ്ണ്
തട്ടനുമിട്ട് നടന്നാൽ കുട്ടി
ത്താറാവിൻ ചേലൊത്തൊരു പെണ്ണ്
(കാണാനും...)

സുന്ദരനെറ്റിയിലു ചന്ദ്രനുദിക്കും
സുറുമക്കണ്ണില് കരിമീൻ തുടിയ്ക്കും
സുവർക്കത്തെ മാതളമാണിക്യക്കനികളേ
സൂര്യപടത്തിലു മാറത്തൊളിക്കും
(കാണാനും..)

മരീചികേ ഞാനെന്തിനു നിന്നെ

 

മരീചികേ ഞാനെന്തിനു നിന്നെ
മാടി വിളിക്കുന്നു വീണ്ടും
മാടി വിളിക്കുന്നു
ഒന്നു തൊടാൻ ഞാൻ കൈ നീട്ടുമ്പോൾ
ഓടിയൊളിക്കുന്നു നീ
ഓടിയൊളിക്കുന്നു
(മരീചികേ....)

ഒരു പകൽ സ്വപ്നം പോലെ നീയെൻ
അരികിൽ വിടർന്നപ്പോൾ
അതിനെ വലവെച്ചെന്തോ പാടിയ
വെറുമൊരു ശലഭം ഞാൻ
(മരീചികേ...)

മണലാഴിയിലൂടൊഴുകിപ്പോമൊരു
മനസ്സിൻ ദാഹം ഞാൻ
വീണക്കമ്പികൾ കാണാതലയും
ഗാനവീചിക ഞാൻ
(മരീചികേ...)

നീലക്കുരുവീ

 

നീലക്കുരുവീ നീലക്കുരുവീ
നീയെത്ര നെല്ലിനു പാടുപെട്ടു
കൂട്ടിലിരിക്കും കുരുവിക്കുഞ്ഞിനെ
തീറ്റിയുറക്കാൻ പാടുപെട്ടൂ

മാനമിരുണ്ടൊരു നേരത്തും
മാരി ചൊരിഞ്ഞൊരു നേരത്തും
മാറു തണുത്തിട്ടും മേനി വിറച്ചിട്ടും
നീയെത്ര നെല്ലിനു പാടുപെട്ടു
(നീലക്കുരുവീ...)

മേലേ പരുന്തുകൾ പാറുമ്പോൾ
താഴേ പാമ്പുകൾ ഇഴയുമ്പോൾ
ആരിയൻ പാടത്തും ആറ്റിന്റെ തീരത്തും
നീയെത്ര നെല്ലിനു പാടുപെട്ടു
(നീലക്കുരുവീ...)

കാഞ്ചനനാഗങ്ങളോ

 

കാഞ്ചനനാഗങ്ങളോ കല്പകലതകളോ
കരളിന്റെ ചന്ദനമലർച്ചില്ലയിൽ
നിന്റെ കരളിന്റെ ചന്ദനമലർച്ചില്ലയിൽ

കണ്ണിലും കരളിലും കത്തുന്ന ദാഹവുമായ്
പണ്ടു നീയിര തേടി നടന്ന കാലം
പൊന്നുഷസ്സിനെ കണ്ടും
പൊൻ പനിനീർപ്പൂവ് കണ്ടും
മന്ദഹസിച്ചു നിൽക്കേ മനുഷ്യനായ് നീ മന്നിൽ
അന്നല്ലോ മനുഷ്യനിങ്ങവതരിച്ചു
(കാഞ്ചന...)

വെണ്ണിലാവുദിച്ചാലും പൊൻ വെയിൽ ചിരിച്ചാലും
നിൻ പിന്നിലൊരു നിഴൽ പതിയിരിപ്പൂ
വെന്തു വെന്തെരിയുന്ന നിന്നിലെ മോഹങ്ങൾ തൻ
വെണ്ണീറാൽ നിലത്താരോ വരച്ച പോലെ
ഏതോ ചങ്ങല നിന്റെ പിമ്പേ ഇഴയും പോലെ
(കാഞ്ചന...)

വെള്ളിത്താരമുദിച്ചല്ലോ

 

വെള്ളിത്താരമുദിച്ചല്ലോ
ലില്ലിപ്പൂക്കൾ വിരിഞ്ഞല്ലോ
വിരുന്നിനണയൂ വിരുന്നിനണയൂ
വിണ്ണിലെ രാജകുമാരാ

ഓരോ പൂവുമുണർന്നീലേ
പൂങ്കാവുകളാകെയൊരുങ്ങീലേ
ഓടക്കുഴലിലൊരീണവുമായി
ഓരോ കുയിലുമണർന്നീലേ
(വെള്ളിത്താരമുദിച്ചല്ലോ...)

വിരുന്നുമുറികളൊരുങ്ങീലേ
കുരുന്നു പൂവിൻ കുല പോലെ
നിറമെഴുതിരികൾ നിരയായ് മിന്നും
ശരറാന്തലുകൾ ചിരിച്ചീലേ
(വെള്ളിത്താരമുദിച്ചല്ലോ...)

പറന്നു പോകും തുമ്പികളേ
പഞ്ചവർണ്ണപ്പറവകളേ
ഒരു കുറി കൂടി പൂക്കാലത്തിൻ
ചിലമ്പു താളം ചൊരിയില്ലേ
ആ ചിലമ്പുമണികൾ ചിരിക്കില്ലേ
(വെള്ളിത്താരമുദിച്ചല്ലോ...)

പായും ജീവിതവാഹിനി

 

പായും ജീവിതവാഹിനി
പാടും ജീവിതവാഹിനി
എവിടെയപാരത
എവിടെ പൂർണ്ണത
തേടുകയാണവിരാമം
(പായും...)

അനന്തമാമീ പ്രവാഹഗതിയിൽ
അലിയും ജലബിന്ദുക്കൾ
വീണലിയും ജലബിന്ദുക്കൾ
നമ്മൾ അനന്തമാമീ പ്രവാഹഗതിയിൽ
അലിയും ജലബിന്ദുക്കൾ

ഇളവെയിലേൽക്കെ പുഞ്ചിരി തൂകും
ഇരുളിൽ കണ്ണീർ തൂകും
കൂരിരുളിൻ കണ്ണീർ തൂകും
നമ്മൾ ഇളവെയിലേൽക്കെ പുഞ്ചിരി തൂകും
ഇരുളിൽ കണ്ണീർ തൂകും
(പായും..)

ഒരു നക്ഷത്രം മന്ദഹസിക്കെ
പുളകം കൊള്ളും നമ്മൾ ഹാ
പുളകം കൊള്ളും നമ്മൾ നമ്മൾ
ഒരു നക്ഷത്രം  മന്ദഹസിക്കെ
പുളകം കൊള്ളും നമ്മൾ

മനുഷ്യനെക്കണ്ടവരുണ്ടോ

 

മനുഷ്യനെക്കണ്ടവരുണ്ടോ ഉണ്ടോ
മനുഷ്യനെക്കണ്ടവരുണ്ടോ
ഇരുകാലിമൃഗമുണ്ട്
ഇടയന്മാർ മേയ്ക്കാനുണ്ട്
ഇടയ്ക്ക് മാലാഖയുണ്ട്
ചെകുത്താനുണ്ട്

മനുഷ്യനെ മാത്രമിങ്ങു
മരുന്നിനും കാണാനില്ലാ
മനുഷ്യനീ മണ്ണിലിന്നും
പിറന്നിട്ടില്ലാ
(മനുഷ്യനെ...)

കുരങ്ങിന്റെ സന്തതികൾ
കുറെയെണ്ണം വാൽ കുറുകി
കുട വടി ചെരിപ്പുമായ്
നടന്നു പോയീ
മുന കൂർത്ത നഖമെല്ലാം
മനസ്സിലൊളിച്ചു വെച്ചാൽ
മുതു കാട്ടുകുരങ്ങൊരു
മനുഷ്യനാമോ
(മനുഷ്യനെ...)

നീറുമെൻ മനസ്സൊരു മരുഭൂമി

 

നീറുമെൻ മനസ്സൊരു മരുഭൂമി
അതിൽ നീയോ വെറുമൊരു മരീചിക

ഒരിക്കലുമൊരിക്കലും
അരികിലേക്കണയാതെ
ചിരിച്ചു നീ ചിരിച്ചു നിന്നൂ
അടക്കുവാനരുതാത്തൊ
രഭിലാഷശതങ്ങളെ
വിളിച്ചു വിളിച്ചുണർത്തീ
(നീറുമെൻ മനസ്സൊരു...)

കരപുടം നീട്ടി നിന്റെ
പിറകേ ഞാൻ നടന്നലഞ്ഞൂ
കനിവിന്റെ കണികയ്ക്കായി
ഒരു മരുപ്പച്ച തേടി
അലയുമെൻ മുന്നിൽ നിന്നും
മറയുമോ മറയുമോ നീ
(നീറുമെൻ മനസ്സൊരു...)

കാണാത്തംബുരു മീട്ടി

 

കാണാത്തംബുരു മീട്ടി നടക്കും
ഓണത്തുമ്പികളേ
ഓണത്തുമ്പികളേ
അനുരാഗമെന്നൊരു രാഗം നിങ്ങൾ
ക്കറിയാമോ അറിയാമോ

അതിന്റെ മധുരശ്രുതി കേട്ടാൽ
ഹൃദയവിപഞ്ചിക പാടും താനേ
ഹൃദയവിപഞ്ചിക പാടും
പദങ്ങളറിയാതറിയാതപ്പോൾ
ഒരു നടനത്തിനൊരുങ്ങും താനേ
ഒരു നടനത്തിനൊരുങ്ങും
(കാണാത്തംബുരു....)

അതിന്റെ ലയവിന്യാസത്തിൽ
മധുരവികാരം പാടും ഉള്ളിലെ
മധുരവികാരം പാടും
കരങ്ങളറിയാതറിയാതപ്പോൾ
ഒരു പൂ തേടി പോകും
ചൂടാനൊരു പൂ തേടി പോകും
(കാണാത്തംബുരു...)