നാടകഗാനങ്ങൾ

ഒരു നാളിലൊരു നാളിൽ

 

ഒരു നാളിലൊരുനാളിലൊരുനാളിൽ
നിന്നെ ഒരുക്കുമല്ലോ ഞങ്ങളൊരുക്കുമല്ലോ
പൂ കൊണ്ടും പൊന്നു കൊണ്ടും
പുടവ കൊണ്ടും നിന്നെ
പൂമകളെപ്പോലൊരുക്കുമല്ലോ
ഞങ്ങളൊരുക്കുമല്ലോ
( ഒരു നാളിൽ...)

പനിനീരിൻ കുളിരുള്ള മണിയറയിൽ
പാരിജാതമണമുള്ള മണിയറയിൽ
മണവാളൻ വിരുന്നിനു വരുന്ന നാളിൽ
നിന്നെ മണവാട്ടിയായി ഞങ്ങൾ ഒരുക്കുമല്ലോ
( ഒരു നാളിൽ...)

മുടി കോതി കുടമുല്ലയണിയുമല്ലോ
മുഴുതിങ്കൾതിലകവുമണിയുമല്ലോ
മിഴികളിലൊരു നാണം തളിർക്കുമല്ലോ
പിന്നെ ഇലത്താളമിടനെഞ്ഞിൽ മുറുകുമല്ലോ
( ഒരു നാളിൽ...)

അമ്മ തൻ ഓമൽക്കിനാവേ

 

അമ്മ തൻ ഓമൽക്കിനാവേ
ഉമ്മ തരാം നീയുറങ്ങ്
കണ്ണിണതാമരപ്പൂവിൽ തേനുണ്ണുവാൻ
സ്വപ്നങ്ങൾ വന്നൂ

ചന്ദനമഞ്ചലിലേറി
ചാഞ്ചക്കം ചാഞ്ചക്കമാടൂ
ചന്ദ്രികത്തൊട്ടിലിലാടും
ഒരു ചമ്പകപ്പൂ പോലുറങ്ങ്

ഓണനിലാവൊളി പോലെ
ഓമനേ നീ വന്ന നേരം
പൂക്കാത്ത കാടല്ലോ പൂത്തു
പൊൻ പൂത്താലി ചാർത്തിച്ചിരിച്ചു
(അമ്മ തൻ.....)

മായേ പാൽക്കടൽമാതേ

Title in English
Maaye palkadalmathe

മായേ പാൽക്കടൽമാതേ ത്രിഭുവന
തായേ താമരമലർകളേ
കാഞ്ചനകമലദലങ്ങൾ തഴുകും
കാലടിയിതാ തൊഴുതേൻ
അഞ്ജനമിഴികളിൽ നിന്നുമനുഗ്രഹ
ചന്ദ്രിക ചൊരിയൂ ചൊരിയൂ
(മായേ....)

കുങ്കുമമണിയും നെറ്റിയിലിളകും
കുറുനിരയിതാ തൊഴുന്നേൻ
നിൻ തിരുമാറിൽ ശ്രീഹരി പകരും
ചന്ദനഗന്ധം തരുമോ
(മായേ...)

പുന്നെൽക്കതിരിനു താളം നൽകിയ
നിൻ കഴലിന്നായിത തൊഴുതേൻ
മായാതെന്നും മാനസനളിനിയിൽ
മായാനൃത്തം തുടരൂ
(മായെ....)

വസന്തമേ വസന്തമേ

 

വസന്തമേ വസന്തമേ വസന്തമേ നീ
വാനരാജവീഥിയിൽ നിന്നെഴുന്നള്ളൂ
മലരുകൾ മലരുകൾ മലരുകളാൽ
മാണിക്യപ്പൊൻ കിരീടം ചൂടി വരൂ

ഒളിക്കല്ലേ ഒളിക്കല്ലേ മണിമുകിലേ എന്റെ
കളിവഞ്ചിക്കൊരു മലർപ്പായ വേണം
കളിവഞ്ചി തുഴഞ്ഞു ചെന്നെതിരേൽക്കണം
നല്ലൊരഴകുള്ള മധുമാസമണവാട്ടിയെ
(വസന്തമേ...)

പറന്നു വാ പറന്നു വാ കിളിമകളേ
ഒന്നിച്ചിരുന്നൊരു വിരുന്നുണ്ണാൻ നീ വേണം
ഇടയ്ക്കു നിൻ കുറുങ്കുഴൽ സദിരു വേണം
അതിൽ തുടുതുടെ വിടരാത്ത മലർമൊട്ടുണ്ടോ
(വസന്തമേ...)

സ്വർണ്ണത്തിനു സുഗന്ധം പോലെ

 

സ്വർണ്ണത്തിനു സുഗന്ധം പോലെ
കണ്മണീ നിന്നനുരാഗം
കാണാൻ നല്ലൊരു കനകവിളക്കിൻ
കർപ്പൂരത്തിരി പോലെ
വെള്ളിനിലാവിൻ ചെല്ലവിളക്കിൽ
മുല്ലപ്പൂത്തിരിപോലെ
സ്വർണ്ണത്തിനു സുഗന്ധം പോലെ
കണ്മണീ നിന്നനുരാഗം

ശാരദസന്ധ്യാഹൃദയം ചൂടിയ
വാർതിങ്കൾക്കല പോലെ
പൗർണ്ണമിരാവിൻ നിറുകയിൽ വിരിയും
പനിനീർപൂങ്കുല പോലെ
സ്വർണ്ണത്തിനു സുഗന്ധം പോലെ
കണ്മണീ നിന്നനുരാഗം

മുന്തിരിനീരിൽ പൊൻ നുര പോലെ
ചന്ദ്രികയിൽ കുളിർ പോലെ
മുകിലിൻ കരളിൽ മുത്തുകൾ പോലെ
കമനീ നിന്നനുരാഗം
സ്വർണ്ണത്തിനു സുഗന്ധം പോലെ
കണ്മണീ നിന്നനുരാഗം

 

ഒമർഖയാമിൻ തോട്ടത്തിൽ

 

ഒമർഖയാമിൻ തോട്ടത്തിൽ
നിന്നൊരു കുല മുന്തിരിയിറുത്തു ഞാൻ
ഒരു കുല മുന്തിരി ഒരു കുല മുന്തിരി
അതിനെന്തൊരു രസലഹരി
(ഒമർഖയാമിൻ....)

പറുദീസയിലെ സുന്ദരിമാരുടെ
പളുങ്കുപാത്രത്തിൽ നല്ലൊരു
പളുങ്കു പാത്രത്തിൽ
പറന്നു മുത്തും തേനീച്ചകളുടെ
പാട്ടുകൾ മൂളും ഞാൻ ആ
പാട്ടുകൾ മൂളും ഞാൻ
(ഒമർഖയാമിൻ....)

പഴകിയ വീഞ്ഞിൻ സുഗന്ധലഹരിയിൽ
ഒഴുകി നടക്കും ഞാൻ
പവിഴച്ചുണ്ടുകൾ ചായം കലർത്തിയ
കിനാവു കാണും ഞാൻ
ഒരു കിനാവു കാണും ഞാൻ
(ഒമർഖയാമിൻ....)

 

മുത്തുകൾ വിളയും

മുത്തുകൾ വിളയും കടലേ നീയൊരു മുത്തു തരൂ
മുത്തു തരൂ മുത്തു തരൂ
തപതബാഷ്പക്കടലേ നീയൊരു മുത്തു തരൂ
മുത്തു തരൂ മുത്തു തരൂ

ചിപ്പിക്കുള്ളിൽ തപസ്സിരിക്കും
മുത്തു തരൂ
മുത്തു തരൂ മുത്തു തരൂ
നിശബ്ദതയുടെ നിറകുമ്പിളിലെ
മുത്തു തരൂ
മുത്തു തരൂ മുത്തു തരൂ

അമ്മേ അമ്മേ

 

അമ്മേ അമ്മേ ഭാരതമേ
അമ്മേ ഭാരതമേ
പ്രപഞ്ചമിരുളിലുറങ്ങിയ നാളൊരു
പ്രഭാതമായി വിടർന്നു നീ
പുണ്യഭൂമി പുണ്യഭൂമി
പർണ്ണശാലകൾ മന്ത്രമോതിയ
ധന്യധന്യഭൂമി
(അമ്മേ...)

നിൻ മുടിയാകും ഹിമശിഖരത്തിൽ
താരാഹാരങ്ങൾ
നിൻ മടിയാകും താമരയിലയിൽ
രാജഹംസങ്ങൾ
നിൻ കഴൽ തഴുകി തഴുകി പാടാൻ
സാഗരകന്യകമാർ
നിൻ മുന്നിൽ യുഗസംസ്കാരങ്ങൾ
പൂജാപുഷ്പങ്ങൾ
(അമ്മേ...)

കിന്നരം മൂളുന്ന കാട്ടീന്നെനിക്കൊരു

 

കിന്നരം മൂളുന്ന കാട്ടീന്നെനിക്കൊരു
കിങ്ങിണിച്ചെപ്പു കളഞ്ഞു കിട്ടീ ഒരു
കിങ്ങിണിച്ചെപ്പു കളഞ്ഞു കിട്ടീ

തൊട്ടാൽ ചിരിക്കുമെൻ കിങ്ങിണിച്ചെപ്പിനെ
തൊട്ടിലിലിട്ടു ഞാൻ താരാട്ടീ മണി
ത്തൊട്ടിലിലിട്ടു ഞാൻ താരാട്ടി

കണ്ണെഴുതിച്ചപ്പോൾ പൊട്ടു തൊടീച്ചപ്പോൾ
കണ്ടവരെല്ലാം കൈ നീട്ടി
പഞ്ചാരപ്പുഞ്ചിരി കൈനീട്ടം ചോദിച്ചു
കണ്ണാന്തളിപ്പൂവും കൈനീട്ടി
(കിന്നരം ...)

ഒന്നാനാം തുമ്പിയും അവൾ പെറ്റ മക്കളും
മഞ്ഞക്കുറിമുണ്ട് കൊണ്ടന്നൂ
പൊന്നരളിപ്പൂവിൻ കിണ്ണത്തിലാരാണ്
പൊന്നും ചെറുതേനും കൊണ്ടന്നൂ
(കിന്നരം...)

അല്ലിമലർക്കാവിനുള്ളിലെനിക്കൊരു

 

അല്ലിമലർക്കാവിനുള്ളിലെനിക്കൊരു
ചില്ലുകൊട്ടാരമുണ്ട്
അതിനുള്ളിലെ പൊന്നഴിക്കൂട്ടിലെനിക്കൊരു
പുള്ളിക്കുയിലുണ്ട് ഒരു പുള്ളിക്കുയിലുണ്ട്

വെള്ളിച്ചിലമ്പുകൾ തുള്ളിച്ചിരിക്കുന്ന
ചെല്ലക്കിനാവുണ്ട് എനിക്കൊരു
ചെല്ലക്കിനാവുണ്ട്
നല്ലിളനീരു പകർന്നു കൊടുക്കുമ്പോൾ
പുള്ളിക്കുയിൽ പാടും എന്റെ
പുള്ളിക്കുയിൽ പാടും
(അല്ലിമലർക്കാവിൽ..)

പാടുന്ന നേരത്ത് കൂടു തുറന്നു ഞാൻ
മാടി വിളിക്കുമല്ലോ അവളെ ഞാൻ
മാടി വിളിക്കുമല്ലോ
താമരയൂഞ്ഞാലിലെന്ന പോലെൻ കൈയ്യിൽ
താണിരുന്നാടുമല്ലോ തത്തി
താണിരുന്നാടുമല്ലോ
(അല്ലിമലർക്കാവിൽ..)