അയ്യപ്പ ഭക്തിഗാനങ്ങൾ

അയ്യപ്പഗീതങ്ങൾ

 

അയ്യപ്പഗീതങ്ങൾ പാടാൻ തുടങ്ങുമ്പോൾ
നെയ്യായുരുകുന്നു ഹൃദയം
ഇരുളിന്റെ കാടുകൾക്കപ്പുറം വിരിയുന്നു
പരമമാം ബോധത്തിന്നുദയം

മണ്ഡലം നോൽക്കും മനസ്സുകളിപ്പൊഴും
മന്ത്രിപ്പൂ ശരണം ശരണം
മഴവില്ലിൻ മാലയണിഞ്ഞോരാകാശമേ
മകരവിളക്കോ തൊഴുന്നു ഇന്ന്
മകരവിളക്കോ തൊഴുന്നു

ഇരുളും വെളിച്ചവും ഇരുമുടിയാക്കിയീ
പ്രകൃതിയും ശരണം വിളിപ്പൂ
പതിനെട്ടിനപ്പുറത്തല്ലോ നാമെല്ലാം
ഇടനെഞ്ചുടച്ച് തൊഴുന്നൂ നമ്മൾ
ഇല പൊഴിഞ്ഞെല്ലാം മറന്നു
 

പമ്പാനദിയൊരു കവിത

 

പമ്പാനദിയൊരു കവിത
അത് പാരിൽ പാവനമഹിത
ചുണ്ടിൽ പുഞ്ചിരിയമൃത്
കണി കണ്ടാലാനന്ദ വിരുത്
വേദങ്ങൾ വാഴ്ത്തുന്ന വേദം അയ്യൻ
നാദബ്രഹ്മത്തിൻ നാദം
ഇഹവും പരവും അരുളും പൊരുളും
തഴുകിപ്പണിയും പാദം താമരമലരാം പാദം

സത്തിലും ചിത്തിലും വാഴും തവ
ചിത്തം മണിവിളക്കാകും
കണ്ണും കരളും കാതും കാറ്റും
അമ്മഹസ്സതിലുണരുന്നു
എന്മനസ്സിലുമുണരുന്നു

കാലങ്ങൾ കൊളുത്തിയ ദീപം
കലികാലത്തിൽ ജ്വലിക്കുന്ന ദൈവം
സ്വാമീ നിന്നെ കാൺകെ ഉള്ളിൽ
ചന്ദ്രോദയമാണല്ലോ ചന്ദനക്കുളിരാണല്ലോ

 

ശരണമരുളീടണമെനിക്ക്

 

ശരണമരുളീടണമെനിക്ക്  മണികണ്ഠാ
ശബരിമല സ്വർഗ്ഗമാക്കുന്ന ഗണനാഥാ
സകല ദുരിതങ്ങളുമകറ്റുന്ന ദേവാ
അഭയമഭയം സ്വാമി സച്ചിദാനന്ദാ

ഇരുമുടിയിലിന്നു നാം ഇരുപതു പൊൻപങ്ങൾ
വിരവൊടു നിറച്ചു തവചരണമണയുന്നു
ഇരുളൊഴിയണേ കരളു കുളിരണേ നെഞ്ചിൽ
പൊരുളറിവു നിറയണേ ശരണമയ്യപ്പാ

കൊടിയ വനമാകുന്നു നരജീവിതം ഈ
നരകമിതു നാകമാക്കുന്ന  മണിദീപം
വഴിയറിയണേ മിഴികൾ തെളിയണേ ചൊല്ലും
മൊഴി മന്ത്രമാവണേ ശരണമയ്യപ്പാ

പരമപദമണയാൻ പാപങ്ങളൊഴിയാൻ
പകലിരവു തിരുനാമമുരുവിടാം ഞങ്ങൾ
വരമരുളണേ അമൃതു കിനിയണേ ഉള്ളിൽ
തിരികൾ തെളിയണമേ ശരണമയ്യപ്പാ

അയ്യപ്പദേവാ ശബരിഗിരീശാ

 

അയ്യപ്പദേവാ ശബരിഗിരീശാ
ജഗമിതിനെല്ലാം ഈശാ ഞങ്ങടെ
കുറവുകൾ തീർത്തരുളീശാ
അച്ഛനും നീയേ അമ്മയും നീയേ
ശിശുവിൻ രൂപവും നീയേ
ബന്ധം നീയേ ബലവും നീയേ

അൻപും നീയേ അറിവും നീയേ
അകതാരിന്നൊളിയും നീയേ
ഗുരുവും നീയേ ഗുണവും നീയേ
കാലത്തെ ജയിച്ചതും നീയേ

മലരും നീയേ മണവും നീയേ
മലരിലെ മധുവും നീയേ
പാലും നീയേ പഴവും നീയേ
പാനസുധാരസം നീയേ

ആദിയും നീയേ അന്ത്യവും നീയേ
മംഗളകാരണം നീയേ
തപസ്സും നീയേ വരവും നീയേ
വരദായകനും നീയേ

വേദം നീയേ മന്ത്രം നീയേ
ഓംകാരപ്പൊരുളും നീയേ
ധർമ്മം നീയേ ബ്രഹ്മം നീയേ
പ്രപഞ്ചകാരണം നീയേ

ഹരിഹരസുതനേ അയ്യപ്പാ

 

ഹരിഹരസുതനേ അയ്യപ്പാ
ഗിരിവരനിലയാ അയ്യപ്പാ
ശിവകല തിരളും അയ്യപ്പാ
കലിയുഗ വരദാ അയ്യപ്പാ

പമ്പാനദിയുടെ തീരത്തഴകിൽ
പൗർണ്ണമി തീർക്കും ഭഗവാനേ
ഇരുമുടിയെന്തിയ ഞങ്ങൾക്കേകൂ
ശരണം തൃച്ചേവടി തന്നിൽ അയ്യപ്പാ

ആശാപാശ തമസ്സു തെളിഞ്ഞതിൽ
ആത്മപ്രഭ കതിർ ചൊരിയേണം
മനസ്സിൻ മായാ മണ്ഡപനടയിൽ
മംഗളദീപം തെളിയേണം അയ്യപ്പാ

അന്ധതയെല്ലാം ബന്ധുരകൃപയുടെ
സ്പന്ദന ദീപ്തിയിൽ ഉരുകേണം
അന്തകാന്തകസൂനോ തിരുമുഖം
മന്ത്രദ്ധ്വനിയായ് വിടരേണം അയ്യപ്പാ
 

 

മണിവിളക്കുകൾ പവിഴം

 

മണിവിളക്കുകൾ പവിഴം ചൊരിയും
മന്ദിരത്തിൽ സ്വർണ്ണ മണികൾ
മന്ത്രമുരുവിടും നിന്നമ്പലത്തിൽ
(മണി..)

ദുഃഖമാകെ വാടിപ്പോകും നിന്റെ പാദത്തിൽ
നന്മകളും പാറി വരും കിളികൾ പോലെ
ദേവാ ദേവാ ശ്രീ മണികണ്ഠാ
(മണി..)

സകലദേവസമ്മതനേ ലോകനാഥനെ
ഓംകാരപ്പൊരുളോനേ ഹരിഹരസുതനേ
കനിയൂ കനിയൂ എന്നിൽ കനിയൂ
(മണി..)

നിൻ പ്രഭയിൽ അവനിയെല്ലാം വസന്തമാകുന്നു
നിന്നരുളിൻ മണമിവിടെ പറന്നുയരുന്നു
കനിവേ നിറവേ ധർമ്മശാസ്താവേ
(മണി..)

ജാതിയില്ല മതവുമില്ല നിൻ സവിധത്തിൽ
ഭക്തർക്കെല്ലാമൊരേ ചിന്ത അയ്യപ്പശരണം
ശരണം ശരണം സ്വാമി ശരണം
(മണി...0

കരിമലയ്ക്കപ്പുറം

 

കരിമലയ്ക്കപ്പുറം പുണ്യദിനം
കലിയുഗദേവന്റെ ജന്മദിനം
കരിപുലി വാഴും കാട്ടിൽ
ഹരിഹരസുതന്റെ ശുദ്ധോത്സവം
(കരിമല...)

പമ്പാസരസ്സിൽ കഴുകിയെടുത്തൊരു
പാപത്തിൻ നാളികേരം
പതിനെട്ടാം പടിയിലുടച്ചു
പരമപുണ്യത്തിൽ ലയിച്ചു
ഓംകാരപ്പൊരുളേ വേദാന്തപ്പൊരുളേ
അവിറ്റത്തെ പൂജാവിധികളിലെങ്ങളെ
അണയാത്ത കർപ്പൂരമാക്കൂ
ഒരിക്കലുമണയാത്ത കർപ്പൂരമാക്കൂ
(കരിമല...)

കാണണം കണി കാണണം

 

കാണണം കണി കാണണം
പുലിമേലെഴും തിരുവിഗ്രഹം
ചേരണം മമ മാനസം തവ
കാന്തിയിൽ ശബരീശ്വരാ
(കാണണം...)

അന്തകാന്തകനന്ദനൻ
തവ മന്ദഹാസവെളിച്ചമെൻ
അന്ധകാരമൊഴിക്കണം വഴി
കഴലിലഭയമെനിക്കു നൽകണം
അഴൽ മുഴുക്കെയൊഴിക്കണം
മിഴി തുറന്നു നയിക്കണം
കലിഭയമൊഴിക്കണമീശ്വരാ

ഹരിവരാസന പാഹിമാം
അരിവിമർദ്ദന പാഹിമാം
കൊടിയ കാടിതു മനുജമനമതി
ലുടനുടൻ വിളയാടണം

സ്വാമി തൻ ദർശനം

 

സ്വാമി തൻ ദർശനം സുകൃതം അതിനു
ശബരിസന്ദർശനം അവശ്യം
പോകും ഇടങ്ങളിലെല്ലാം അവന്റെ
സങ്കീർത്തനധ്വനി കേൾക്കാം

പമ്പാനദിയിൽ കളഭം കലക്കുന്ന
പൗർണ്ണമിച്ചന്ദ്രിക പാടുന്നു
ശക്തീശ്വരൻ ശനിനിവാരകൻ
ഹരിഹരനന്ദനൻ എൻ ദൈവം

ശരംകുത്തിയാലിൽ പനിനീർ തളിയ്ക്കും
ചന്ദനക്കാറ്റുകൾ പാടുന്നൂ
പാപ ദുഃഖഭയസംഹാരകൻ
പുലിവാഹനനവനെൻ ദൈവം

മാളികപ്പുറത്തിനു മന്ത്രം കോർക്കുന്ന
മായക്കുയിലുകൾ പാടുന്നു
കർമ്മങ്ങളിൽ കടും കാവൽ നിൽക്കും
കലിയുഗപാലകനെൻ ദൈവം
 

മകരസംക്രമദീപം കാണാൻ

 

 

മകരസംക്രമദീപം കാണാൻ
മനസ്സുകളേ ഉണരൂ (2)
മലയിൽ മഞ്ഞിന്റെ കുളിരു ചൂടുമീ
നടയിൽ നിങ്ങൾ വരൂ
(മകരസംക്രമ...)

ഹരിതവർണ്ണ തപോവനം
നമുക്കഭയസങ്കേതം (2)
അഖിലമാനവജന്മങ്ങൾക്കും
ശരണമീ ഗേഹം (2)
ഹരിഹരാത്മജനയ്യപ്പൻ വാഴും ശബരിഗിരിശൃംഗം (2)
സുകൃതമേകും അണയുകിൽ നാം
പരമധന്യരാകും (2)
(മകരസംക്രമ...)

ക്ഷിതിയിലേക സുദർശനം
സർവഹൃദയസായൂജ്യം (2)
കരുണസാഗരതിരകൾ തഴുകും
അമല മണിപീഠം (2)
ഹരിഹരാത്മജനയ്യപ്പൻ വാഴും
ശബരി ഗിരിശൃംഗം (
സുകൃതമേകും അണയുകിൽ നാം
പരമധന്യരാകും
(മകരസംക്രമ...)