അയ്യപ്പ ഭക്തിഗാനങ്ങൾ

സകലകലാനായകനേ

 

സകലകലാനായകനേ അയ്യപ്പാ നിൻ
ചരണമില്ലാതഭയമില്ല അയ്യപ്പാ
അമരസുഖം തന്നരുളും ഉത്തമൻ നീയെന്നും
അടി പണിയുംവേദങ്ങൾക്കർത്ഥവും നീ
(സകലകലാ...)

വന്യമൃഗങ്ങൾ വഴി മാറും
നിൻ പേരുരുവിട്ടാൽ പുത്തൻ
വാഴ്വു വരും നിന്നെയോർത്തു മാലയിട്ടാൽ
മൊഴിയിതളിൽ മധു പകരും മണികണ്ഠാ നിൻ
കഴലിണയിൽ ചുഴലുന്നു മൂവുലകങ്ങൾ
(സകലകലാ..)

അളവില്ലാതെഴുമാശകൾ ഇടരൂട്ടും നിൻ
അരുൾ വെട്ടം കൂരിരുളിൽ വഴിം കാട്ടും
മലർവനിയിൽ കർണ്ണികയായ് തീർന്നവനേ ജാതി
മതമില്ലാ തത്ത്വത്തിൻ സത്യവും നീ
(സകലകലാ...)

ദേവദേവാദിദേവാ

 

ദേവദേവാദിദേവാ നിന്റെ പാദകമലം തൊഴുന്നേൻ
സ്വാമിമന്ത്രം ശരണം ഭക്തി പൂജയേൽക്കാൻ വരണം
അയ്യപ്പാ സ്വാമി അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ

വേദം നിനക്കു നാദം എൻ മോദം കമലപാദം
ആരും തിരിയും സത്യം നിൻ
പേരും പൊരുളും നിത്യം

ജന്മം ഘോരവിപിനം നീ പുണ്യം പുലരും ദീപം
നാവിൽ നിറയും നാമം നീ പൂവിൽ കലരും ഗന്ധം

കാന്തം നയനഭാവം അതിശാന്തം മധുരരൂപം
ധ്യാനം അമൃതഗാനം എൻ ജീവൻ ചെയ്ത പുണ്യം

ചിത്രങ്ങളെഴുതുന്ന മനസ്സേ

 

ചിത്രങ്ങളെഴുതുന്ന മനസ്സേ നിൻ
ചിത്രത്തിലൊതുക്കുവതെങ്ങനെ എൻ
ശ്രീ മണികണ്ഠനെ ശ്രിതജനപാലകനേ
വർണ്ണത്തിലൊതുക്കുവതെങ്ങനെ
(ചിത്രങ്ങൾ..)

അല തല്ലിയാർക്കും കരുണാസമുദ്രം
തിരുമിഴിയിലെങ്ങനെ നീയൊതുക്കും
മലരിതൾ മിഴിയിലെങ്ങനെ നീയൊതുക്കും
നൂറു സൂര്യന്മാർ ഒരുമിച്ചുദിക്കുമാ
വാരുറ്റ മുഖമെന്നു വരച്ചു തീർക്കും
മനസ്സേ എന്നു നീ അതിൽ ജയിക്കും
(ചിത്രങ്ങൾ..)

നീലവർണ്ണം എഴുതും

 

നീലവർണ്ണം എഴുതും മിഴിയിൽ കാന്തഭാവം
കോലകളഭമണിഞ്ഞ നെറ്റിയിൽ ദേവയോഗം
മന്ദഹാസമുണർന്ന വദനം വേദവേദ്യം മണി
കണ്ഠ ഹൃദയമുദാര ശാന്തി വിഹാര കേന്ദ്രം
(നീലവർണ്ണം...)

എന്മനസ്സിൽ വിലക്കു വെയ്ക്കും ഭൂതനാഥാ
എന്റെ മിഴിയിൽ തിരി തെളിക്കും ദേവദേവാ
നിന്റെ ചിത്രം തൊഴുതു പാടാം ഭക്തിഗീതം ഞാൻ
നിന്റെ ചേവടിയിങ്കലൊരു പുഷ്പഹാരം
(നീലവർണ്ണം....)

കനകദീപം കാട്ടിലും മമ വീട്ടിലും നീ
കലിമലം കളയുന്നൊരൗഷധ നാഥനും നീ
ഇന്ദ്രചന്ദ്ര ദിവാകരാർച്ചിത പുണ്യവും സ്വാമി
സന്തതം വിടരേണമെന്നുടെയന്തരംഗം
(നീലവർണ്ണം....)

ശ്രീ ധർമ്മശാസ്താ മംഗളം

 

ശ്രീ ധർമ്മശാസ്താ മംഗളം ശ്രീ ശബരീശ്വരാ മംഗളം
അറിവും പൊരുളും അഴകും ഗുണവും
അരുളും ഗുരുവേ മംഗളം
വേദപ്പൊരുളേ മംഗളം

താമരമലരായ് ഭൂമി വിടർന്നു
നാമതിനുൾഹിമബിന്ദുക്കളായ്
നിന്നുടെ രശ്മികളാകാശത്തിൻ
പൗർണ്ണമി ഞങ്ങളിൽ തീർത്തു
സ്വർണ്ണ പൗർണ്ണമി ഞങ്ങളിൽ തീർത്തു
ഉയിരിൻ പൊരുളേ ശുഭദായകനേ

ഈ മിഴിയിതളുകൾ നിറഞ്ഞു പോയീ
നിന്നെയുണർത്തുന്ന പമ്പയായ്
നിന്തിരുപദമതിലെന്നും ചേരാൻ
നൈവേദ്യപുഷ്പങ്ങളാക്കൂ ഞങ്ങളെ
നൈവേദ്യപുഷ്പങ്ങളാക്കൂ
വരദായകനേ അമൃതം ചൊരിയൂ
 

സത്യമെന്നാൽ അയ്യപ്പൻ

 

സത്യമെന്നാൽ അയ്യപ്പൻ
തത്ത്വമെന്നാൽ അയ്യപ്പൻ
സത്യവും ശിവവും സൗന്ദര്യവുമാ
സന്നിധാനത്തിൻ സംഗമം
(സത്യമെന്നാൽ...)

ഒരു കോടിയൊരുകോടി വേദനകൾ
വന്നൊരുമിച്ചു കരിമല കയറുന്നു
ഇരുമുടിക്കെട്ടുമായ് ശരണം വിളിയുമായ്
പൊരുൾ കണ്ടുണരാൻ പടി കയറുന്നു
കരിമലവാസാ കലിയുഗദേവാ
ഹരിഹരസൂനോ ശരണം ശരണം

പല ജന്മദുരിതങ്ങൾ ശിരസ്സിലേറ്റി ഞങ്ങൾ
പതിവായി പദം തേടി വരുന്നു
കരളിലെ നെയ്യുമായി കണ്ണിൽ വിളക്കുമായ്
കർമ്മങ്ങളുടയ്ക്കാൻ മല കയറുന്നു
പന്തള നാഥാ പമ്പാവാസാ
പരമപവിത്രാ ശരണം ശരണം

ഇരുമൂർത്തിക്കല ചേരും

 

ഇരുമൂർത്തിക്കല ചേരും തിരുമൂർത്തി നീ ഭക്ത
ഹൃദയത്തിലുരുവാകും ഗുണകീർത്തി നീ

നിൻ കാൽക്കലുതിരട്ടെയെൻ വാക്കുകൾ ഭക്തി
മന്ദാരം പൊഴിയട്ടെ നിൻ നോക്കുകൾ
സന്താപനാശങ്ങൾ തവലീലകൾ തത്ത്വ
ചിന്തയ്ക്ക് വേരായി നിൻ പേരുകൾ

ശ്രുതിയായും സ്മൃതിയായും വാഴുന്നു നീ കാട്ടിൽ
കണ്ണായും കാതായും പോറ്റുന്നു നീ
മനസ്സിന്റെയിരുൾ നീക്കും മതിബിംബം നീ ഞങ്ങൾ
മകരന്ദം നുകരുന്ന വരപുഷ്പം നീ

ഇനിയുള്ള ജന്മങ്ങൾ താണ്ടുമ്പോളും നിന്റെ
കൃപ ഞങ്ങളറിയേണം തേങ്ങുമ്പോളും
സംസാരത്തിരക്കോളിൽ താഴുമ്പോളും നിന്റെ
തൃക്കൈകൾ നീട്ടിക്കര ചേർത്തീടേണം
 

അയ്യപ്പനാണെന്റെ ദൈവം

 

അയ്യപ്പനാണെന്റെ ദൈവം
അദ്വൈതപ്പൊരുളായ ദൈവം
സ്നേഹമാനയ്യന്റെ മതദർശനം
സമഭാവമാണു നിൻ നീതിസാരം

ആഡ്യപ്രഭുവല്ലെൻ ദേവൻ അവൻ
അടിയങ്ങൾക്കെല്ലാം തോഴൻ
തളരുമ്പോൾ വന്നവൻ കൈ പിടിക്കും
താങ്ങും തഴുകും തണലരുളും അയ്യൻ
താങ്ങും തഴുകും തണലരുളും

കാട്ടിൽ പുലരുന്ന ദേവൻ
മലനാട്ടിന്റെ വിധി കാക്കും നാഥൻ
ഇടറുമ്പോൾ വന്നവൻ ചുമടെടുക്കും
കൂടെ നടക്കും മിഴി തുടയ്ക്കും
അയ്യൻ കൂടെ നടക്കും മിഴി തുടയ്ക്കും

പന്തളം വാണൊരെൻ രാജൻ എന്റെ
ചിന്തയിൽ ഓംകാരരൂപൻ
പാടുമ്പോൾ വന്നവൻ ശ്രുതിയിണക്കും
കാട്ടിൽ തുണയ്ക്കും വഴി തെളിയ്ക്കും

അഖിലാണ്ഡകോടികൾക്കും

 

അഖിലാണ്ഡകോടികൾക്കും ആധാരമായവൻ
ആദ്യേശ്വരൻ അയ്യൻ അവതാരമായ്
അവതാരമായ് ശ്രീ അയ്യപ്പൻ

നീലനയനങ്ങളും വാർകൂന്തലും
കാരുണ്യം തിരതല്ലും  മുഖപത്മവും
മണിയും മണികുണ്ഠലവും മംഗള
കലയൊടുമഴകൊടുമമരാധിപനായ്
അവതാരമായ് ശ്രീ അയ്യപ്പൻ

എട്ടു തൃക്കൈകളിലിഷ്ടായുധങ്ങളും
അഷ്ടൈശ്വര്യങ്ങളും മിന്നും പ്രഭ ചേർന്നും
ശംഖം ചക്രം ഖഡ്ഗം ചാപമൊ
ടംഗജവൈരിയ്ക്കരിയൊരു സുതനായ്
അവതാരമായ് ശ്രീ അയ്യപ്പൻ
കാലകാലമാത്മജൻ കരുണാമയൻ
സാധുവാം ഭക്തരിൽ തുണയേകുവാൻ
മഹിഷീ മഥനം ചെയ്തും പ്രിയമൊടു
മഹിമകളാർന്നു വരം തരുവാനായ്
അവതാരമായ് ശ്രീ അയ്യപ്പൻ