ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടേയും ഗാനഭൂഷണം എം ജി ദേവമ്മാളുടേയും മകനായി 1949 മാർച്ച് 9ന് ജനനം. ചെറുപ്പത്തിലേ സംഗീതവും നൃത്തവും അഭ്യസിച്ചു. നാടകങ്ങൾക്കും മറ്റും സംഗീതമൊരുക്കിയ ആദ്യകാലത്തിനു ശേഷം സിനിമയുടെ രജതദീപ്തിയാൽ ആകർഷിക്കപ്പെട്ട് മദ്രാസിലേക്കു പോയി. രാഘവൻ മാഷിന്റെ "നാളീകേരത്തിന്റെ നാട്ടിലെനിയ്ക്കൊരു" എന്ന പ്രശസ്തമായ ഗാനത്തിന്റെ ഉപകരണ വാദകനായി സിനിമാരംഗത്തു പ്രവേശിച്ചു. എം എസ് വിശ്വനാഥന്റെ സഹായിയും മികച്ച സംഗീതകാരനുമായ ജോസഫ് കൃഷ്ണയുടെ (സ്വദേശം ഗോവ) ശിഷ്യനായി മദ്രാസ് ജീവിതം തുടർന്നു. 1973ൽ പി എ തോമസ് സംവിധാനം ചെയ്ത ജീസസ് എന്ന സിനിമയിലൂടെ സ്വതന്ത്രസംഗീത സംവിധായകനായി. അഗസ്റ്റിൻ വഞ്ചിമല എഴുതിയ "ഓശാന, ഓശാന" എന്നതാണ് ആദ്യഗാനം. വാഗ്ദത്തമായ അവസരങ്ങളൊക്കെ മറ്റുപല സംഗീതസംവിധായകരിലേക്കും പോകുന്ന കാഴചയിൽ നിരാശനായി ആറുവർഷത്തെ മദ്രാസ് ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചുവന്നു. എ കെ ജെ സ്കൂളിൽ സംഗീതാദ്ധ്യാപകനായി. ജന്മസിദ്ധമായ കലാവാസനയുടെ പ്രകാശനത്തിനും ജോലിയോടൊപ്പം രംഗനാഥ് സമയം കണ്ടെത്തി. ഗാനരചന, സംഗീതസംവിധാനം, നൃത്താദ്ധ്യാപനം, നാടക രചന ഇവയൊക്കെ ആ കലാകാണ്ഡത്തെ സമ്പന്നമാക്കി.
യേശുദാസും തരംഗിണി സ്റ്റുഡിയോയുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. 1981ൽ ടി കെ ആർ ഭദ്രന്റെ രചനയിൽ യേശുദാസ് തന്നെ സംഗീതം ചെയ്ത് ആലപിച്ച അയ്യപ്പഭക്തിഗാനങ്ങൾ വോളിയം 1നു ശേഷം (ഹിമശീതപമ്പയിൽ, ഗുരുസ്വാമീ, ഒരു ദിവ്യദർശനം, ഇക്കാട്ടിൽ പുലിയുണ്ട് മുതലായ ഹിറ്റ് ഗാനങ്ങൾ ഈ കാസെറ്റിലെയായിരുന്നു) രംഗനാഥ്-യേശുദാസ് കൂട്ടുകെട്ടിൽപ്പിറന്നതാണ് അയ്യപ്പഭക്തിഗാനങ്ങൾ വോളിയം 2. കവ്യാത്മകതയും സംഗീതാത്മകതയും ആലാപന വൈഭവും സല്ലയിക്കുന്ന ഒരുപിടി അർച്ചനാപുഷ്പങ്ങൾ. സ്വാമിസംഗീതമാലപിക്കും ഒരു താപസഗായകനല്ലോ ഞാൻ, വൃശ്ചികപ്പൂമ്പുലരി, ശബരിഗിരിനാഥാ ദേവാ ശരണം നീ അയ്യപ്പാ, എല്ലാ ദു:ഖവും തീർത്തുതരൂ എന്നയ്യാ, ശബരി ശൈലനിവാസാ ദേവാ ശരണാഗത, എൻമനം പൊന്നമ്പലം അതിൽ നിന്റെ ശ്രീരൂപം, മകരസംക്രമദീപം കാണാൻ മനസ്സുകളേ ഉണരൂ, അയ്യനെക്കാണാൻ സ്വാമി അയ്യനെക്കാണാൻ ഇങ്ങനെ ഇന്നും നാം കാതോർക്കുന്ന ഗാനങ്ങൾ ആ കൂട്ടുകെട്ടിൽ മലയാളത്തിനു ലഭിച്ചു. ഈ ഗാങ്ങൾ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. തരംഗിണി സ്റ്റുഡിയോയിലെ സ്ക്രിപ്റ്റ് സ്ക്രൂട്ടണൈസിങ്ങ് ഓഫീസർ (ഗാനസാഹിത്യം വിലയിരുത്തുന്ന ജോലി) പദവിയും രംഗനാഥ് വഹിച്ചു.
മലയാളത്തിലെ പ്രമുഖഗാനരചയിതാക്കളുടെ വരികളേയും മനോഹരമായി സംഗീതത്തിന്റെ തൊടുകുറി ചാർത്തിച്ച രംഗങ്ങളും രംഗനാഥിന്റെ കലാജീവിതത്തിൽ വിരളമല്ല. ഓ എൻ വിയുടെ സഞ്ചിത സംസ്കാരത്തിന്റെ പരാഗങ്ങൾ നിറഞ്ഞ അമൃതഗീതത്തിലെ പാട്ടുകൾ എങ്ങനെ മറക്കാൻ കഴിയും? പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നൂ? വാസന്തബന്ധുര വനഹൃദയം, ചെമ്പരത്തിപ്പൂവു പോലാം, നാലുമണിപ്പൂവേ, കണ്ണനെക്കണികാണാൻ, അജപാലബാലികേ. ഇവയൊക്കയും വരികളുടേയും സംഗീതത്തിന്റേയും ആലാപനത്തിന്റേയും മികവിനാൽ ആസ്വാദകരുടെ ശ്രദ്ധനേടിയ ഗാനങ്ങളാണ്. ശ്രീനാരായണഗുരുദേവന്റെ കവിതകൾക്ക് ഈണം പകരാനും രംഗനാഥിന് അവസരം ലഭിച്ചു. ദൈവദശകം (ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ) ശിവപ്രസാദപഞ്ചകം (ശിവ ശങ്കര ശർവ്വ ശരണ്യവിഭോ) തുടങ്ങിയ വിശിഷ്ട കവിതകൾ ഇദ്ദേഹത്തിന്റെ ഈണത്തിൽ നാം കേട്ടു. എനിയ്ക്കു മരണമില്ല (വയലാർ), സ്വീറ്റ് മെലഡീസ്, എന്റെ വാനമ്പാടി, കുട്ടികൾക്കു വേണ്ടിയുള്ള ഗാനങ്ങൾ, ആൽബങ്ങൾ, ഓണപ്പാട്ടുകൾ, നാടകങ്ങൾ എന്നിങ്ങനെ രംഗനാഥിന്റെ സംഭാവനകൾ ഏറെയാണ്. ധനുർവേദം, അമ്പാടിതന്നിലൊരുണ്ണി എന്നീ സിനിമകളും ഇദ്ദേഹം സംവിധാനം ചെയ്തു.
ജീസസ് എന്ന ആദ്യ ചിത്രത്തിനു പുറമേ, ആരാന്റെ മുല്ല കൊച്ചുമുല്ല (രചന: മധു ആലപ്പുഴ), പപ്പൻ പ്രിയപ്പെട്ട പപ്പൻ (രചന: ആർ കെ ദാമോദരൻ, സത്യൻ അന്തിക്കാട്. രാജാമണി ഈ ചിത്രത്തിൽ സംഗീതസംവിധാന സഹായിയായിരുന്നു), പ്രിൻസിപ്പാൾ ഒളിവിൽ (രചന: ബിച്ചു തിരുമല) തുടങ്ങിയ സിനിമകൾക്കും സംഗീതം നൽകി.
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ് ജേതാവാണ്. രാജശ്രീയാണ് ഭാര്യ.
- 9892 views