ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്
നഗരത്തിലെ ഒരേ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന വ്യത്യസ്ഥ സ്വഭാവക്കാരായ നാലു കോളേജ് വിദ്യാർത്ഥികളുടെ ജീവിതം. അവർക്കിടയിലേക്ക് ഓർക്കുട്ട് എന്ന സോഷ്യൽ നെറ്റ് വർക്കിലൂടേ പരിചയപ്പെട്ട ഒരു പെൺകുട്ടി കടന്നുവരുന്നു. തുടർന്നുള്ള അവരുടെ ജീവിതത്തിലെ സംഭവങ്ങൾ.
അടിപൊളിയായി ക്യാമ്പസ് ജീവിതം ആസ്വദിക്കുന്ന സുഹൃത്തുക്കളാണു അരുൺ (വിഷ്ണു രാഘവ്) അബി (ബെൻ ലാലു അലക്സ്) റോണി ( ജോ സിബി മലയിൽ) സൂരജ് (അനുമോഹൻ) ഇവർ ഒരേ അപ്പാർട്ട് മെന്റിലെ അടുത്തടുത്ത ഫ്ലാറ്റുകളിലാണു താമസം. അരുൺ സാമ്പത്തികമായി അല്പം പിന്നിലാണു മറ്റു സുഹൃത്തുക്കൾ താരതമ്യേന സമ്പന്നരും. എങ്കിലും പലരുടേയും മാതാപിതാക്കൾ ബിസിനസ്സും മറ്റു കാര്യങ്ങളുമായി ഇവരുടേ കാര്യത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. ക്യാമ്പസ്സും, പിന്നെ ബാറും, ഡാൻസും, വായ് നോട്ടവും, ബൈക്ക് റേസിങ്ങുമായി ഇവർ ജീവിതം ആസ്വദിക്കുന്നു. അരുൺ മിക്കസമയവും ഇന്റർനെറ്റ് കഫേയിൽ സോഷ്യൽ നെറ്റ് വർക്കുകളിൽ സജ്ജീവമാണു. അങ്ങിനെ ഓർക്കുട്ടിലുടെ അരുൺ ഒരു പെൺകുട്ടിയെ പരിചയപ്പെടുന്നു. ക്രിസ്റ്റൽ എന്നാണവരുടേ പേർ, ജർമ്മൻ സ്വദേശി. അരുണിനെ അമ്പരപ്പിച്ചുകൊണ്ട് ക്രിസ്റ്റൽ ഒരു ദിവസം കേരളത്തിലേക്ക് വരാമെന്നു പറയുന്നു. ക്രിസ്റ്റലിനു താമസിക്കാൻ അരുൺ ഇവരുടെ അപ്പാർട്ട്മെന്റിൽ തന്നെ ഒരു ഫ്ലാറ്റ് സംഘടിപ്പിച്ചു കൊടൂക്കുന്നു. ക്രിസ്റ്റലുമായി പരിചയപ്പെട്ടപ്പോഴാണൂ ക്രിസ്റ്റൽ (റീമ കല്ലിങ്കൽ) മലയാളിയാണെന്നും ജർമ്മൻ ദമ്പതികളുടെ ദത്തുപുത്രിയാണെന്നും മനസ്സിലാകുന്നത്. നാട്ടിൽ തനിക്ക് നഷ്ടപ്പെട്ടുപോയ തന്റെ മാതാപിതാക്കളെ കണ്ടുപിടിക്കുക എന്നതായിരുന്നു ആഗമനോദ്ദേശം എന്ന് ക്രിസ്റ്റൽ കൂട്ടുകാരോട് പറയുന്നു.
ഇവരുടേ അപ്പാർട്ട്മെന്റിൽ തന്നെയാണൂ പ്രസിദ്ധ സിനിമാ താരം പ്രേംനാഥ് (സിദ്ദിഖ്) താമസിക്കുന്നത്. പ്രസിദ്ധ സാഹിത്യകാരൻ പ്രൊഫ. നരേന്ദ്രൻ (എം ജി ശശി) വിശ്രമ ജീവിതം നയിക്കുന്നത് ഇതേ അപ്പാർട്ട്മെന്റിൽ തന്നെയാണു. എങ്കിലും ഇതിലെ പലരും തമ്മിൽ തമ്മിൽ അടുപ്പങ്ങളില്ല. എല്ലാവർക്കും പുറമേ കാണുന്ന സന്തോഷത്തിനു പകരം ഉള്ളിലൊതുക്കിയ സങ്കടങ്ങളും സംഘർഷങ്ങളുമുണ്ട്.
ഇതിനിടയിലാണ് ഈ നാൽ വർ സംഘത്തിന്റെ ഒരു കൂട്ടുകാരൻ ഇവരുടേ അപ്പാർട്ട്മെന്റിൽ വെച്ച് അപകട മരണത്തിൽ പെടുന്നത്. അതുകൊണ്ട് കുറച്ചു നാൾ ഇവരെ നാട്ടിൽ നിന്നും മാറ്റി നിർത്താൻ ക്രിസ്റ്റൽ ഇവരുടേ മാതാപിതാക്കളോട് പറയുന്നും. എല്ലാവരുടേയും അഭിപ്രായപ്രകാരം ഈ നാൽവർ സംഘം ക്രിസ്റ്റലുമൊന്നിച്ച് തിരുവില്ലാമലയിലേക്ക് പുറപ്പെടൂന്നു. ആ ഗ്രാമത്തിൽ തനിക്ക് നഷ്ടപ്പെട്ട തന്റെ മാതാപിതാക്കളെ കണ്ടുത്തുകയായിരുന്നു ക്രിസ്റ്റലിന്റെ ലക്ഷ്യം.
ആ ഗ്രാമത്തിലെ ജീവിതം ഈ നാലു ക്യാമ്പസ് വിദ്യാർത്ഥികളുടേയും ജീവിതത്തെ വല്ലാതെ സ്വാധീനിക്കുകയും മാറ്റി മറിക്കുകയും ചെയ്യുന്നു. ക്രിസ്റ്റലിനു തന്റെ അന്വേഷണത്തിൽ നിന്ന് അപ്രതീക്ഷിതമായി പലതും കണ്ടേത്താനും സാധിക്കുന്നു.
ഓർക്കുട്ട് എന്ന സോഷ്യൽ നെറ്റ് വർക്കിങ്ങ് മുഖ്യ ടൈറ്റിൽ ആയും പ്രമേയമായും വരുന്ന മലയാളത്തിലെ ആദ്യ ചിത്രം എന്നു പറയാം.
മലയാള സിനിമയിലെ സംവിധായകൻ സിബിമലയിലിന്റെ മകൻ ജോ, നടൻ ലാലു അലക്സിന്റെ മകൻ ബെൻ ലാലു അലക്സ്, നടി ശോഭാമോഹന്റെ മകനും നടൻ വിനു മോഹന്റെ സഹോദരനുമായ അനു മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു.