ലളിതസംഗീതം

ഗായകാ ഗന്ധർവഗായകാ

 

ഗായകാ ഗന്ധർവ്വഗായകാ പാടൂ നീ
ആയിരം പൂമുളം തണ്ടുകളിൽ
ശ്രീമയശ്യാമളമോഹനമാകുമീ
മാമലനാടിന്റെ താഴ്വരയിൽ

വർഷാമേഘങ്ങൾ നിൻ കാവ്യാംഗനയുടെ
ഹർഷാശ്രു തൂകുന്നൂ
വേനലിലീ മലർവാകകൾ നിന്നാത്മ
വേദന നേദിക്കുന്നു

കാഞ്ചനകാഞ്ചി കിലുങ്ങുന്നു കുളിർ
പൂഞ്ചോല പാടുന്നു
കാണാത്ത ഗന്ധർവനായി നീ പാടുകെൻ
മാനസപ്പൂവനിയിൽ

ഗാനശാഖ

പൂവല്ലാ പൂവമ്പല്ലാ

 

പൂവല്ലാ പൂവമ്പല്ലാ
പൂർണ്ണേന്ദുനിലാക്കതിരല്ലാ
കഞ്ജബാണന്നിഷ്ടശരങ്ങളീ
അഞ്ജനനയനങ്ങൾ നിൻ
നീലാഞ്ജനനയനങ്ങൾ

ഉഗ്രതപസ്സിൻ ഹിമശിഖരങ്ങളും
ഇക്കണ്മുനയേറ്റലിയുകയില്ലേ
താപസഹൃദയവുമുലയും വെറുമൊരു
താമരമുകുളം പോലെ
മദഭരലാസ്യവിലാസത്താലൊരു
മായാപിഞ്ചികയായ് മാറും

മർത്ത്യ മനസ്സിൻ മദനസുമങ്ങൾ
തൊട്ടു വിടർത്തുമുഷസ്സല്ലേ
ഏതൊരു ഹൃദയവുമീ മധുവർഷം
തേടും ചാതകമാവില്ലേ
കുളിരെഴുമഗ്നിജ്ജ്വാലകളായ് നീ
ആളിപ്പടരുമൊരാത്മാവിൽ
നീയൊരു തീയായ് കുളിരായ് പടരും

ഗാനശാഖ

മേടം പുലർന്നപ്പോളെൻ

 

മേടം പുലർന്നപ്പോളെൻ മനസ്സിൻ മലർ
മേടുകളിൽ കൊന്ന പൂത്തിറങ്ങീ
കിങ്ങിണിച്ചില്ലയിൽ താണിരുന്നാടുവാൻ
മഞ്ഞക്കിളിയേ നീ വന്നൂ എന്റെ
പൊന്നമ്പിളിയായ് വന്നൂ

പൊൻ നിറമോലുന്ന നെറ്റിയിലിത്തിരി
കുങ്കുമമണിയിക്കട്ടെ
ശംഖുവള കൈയ്യിലണിയിക്കട്ടെ നിന്നെ
മംഗല്യവതിയായ് ഞാൻ കാണട്ടെ
കണി കാണട്ടെ

എള്ളെണ്ണ തൻ മണമോലും മുടിച്ചാർത്തിൽ
മുല്ലപ്പൂവണിയിക്കട്ടെ
മഞ്ഞക്കസവുടയാട ചാർത്തി എന്റെ
മഞ്ചത്തിൽ നിന്നെ ഞാൻ കാണട്ടെ
കണി കാണട്ടെ

ഗാനശാഖ

ശാരോൺ താഴ്വര

 

ശാരോൺ താഴ്വര റോജാമലരുകൾ
തിരുമുടിയിൽ ചൂടീ
പരിമളമൊഴുകും പാതയിലൂടെ
ശരൂശലേം മകൾ വന്നു ഞാൻ
വന്നൂ ദേവാ ഞാൻ വന്നൂ

പൊന്നോടക്കുഴലൂതി ശലോമോൻ
മന്നവനെന്നെ വിളിച്ചു
വിളി കേട്ടോമൽച്ചിറകു വിടർത്തിയ
കിളിമകൾ ഞാൻ ഒരു
കിളിമകൾ ഞാൻ

ചെമ്മുന്തിരിനീർ പതയും പാത്രം
മന്ദം മന്ദം ഉയർത്തീ
പ്രിയതമനെന്നധരത്തിലണയ്ക്കെ
അതിലലിയും ഞാൻ
അതിലലിയും

ഗാനശാഖ

ഏതോ കഥയിലെ പെൺകിടാവേ

 

ഏതോ കഥയിലെ പെൺ കിടാവേ നിന്നെ
സ്നേഹിച്ച രാജകുമാരൻ ഞാൻ
കാലിൽ നിന്നൂർന്ന നിൻ പൊൻ പാദുകവുമായ്
കാലത്തിൻ വീഥിയിലൂടെ വന്നു
കാണാൻ വീണ്ടും വന്നു

മുന്നിൽ നവരത്നശോഭമാകും മലർ
ക്കംബളം നീർത്ത വഴിയിലൂടെ
പോയ ജന്മത്തിലെ കാമുകീകാമുകർ
പോലെ നാം കൈകോർത്തു പാടുന്നു
വനദേവത പൂമഴ പെയ്യുന്നു

ഇന്നും സമയതീരങ്ങളിൽ നാമിരു
സന്ധ്യകൾ തന്നിടവേളകളിൽ
രണ്ടു പൈതങ്ങളെപ്പോലെ കളിക്കുന്നു
മണ്ണിൽ കളിവീടു വെയ്ക്കുന്നു
പാവക്കുഞ്ഞിനെ പാടിയുറക്കുന്നു

ഗാനശാഖ

ഹൃദയത്തിൻ ചന്ദനച്ചിതയിൽ നിന്നും

 

ഹൃദയത്തിൻ ചന്ദനച്ചിതയിൽ നിന്നും
സ്വർണ്ണച്ചിറകാർന്നുയിർക്കുമെൻ സ്വപ്നങ്ങളേ
സ്വന്തം  ചിതയിൽ നിന്നുയിർക്കുമെൻ സ്വപ്നങ്ങളേ
സ്വാഗതം നിങ്ങൾക്ക് സ്വാഗതം

ആരോ കല്ലെറിഞ്ഞകലെ പറന്നു പോയൊരാ
യിരം കിളികൾ തിരികെ വന്നൂ എന്റെ
ആലിന്റെ ചില്ലയിൽ താണിരുന്നു
എന്റെ മനസ്സിന്റെയാശാതലങ്ങളിൽ
ഇന്നെന്തു വർണ്ണജാലം
വാസന്ത വർണ്ണജാലം

മണ്ണിന്റെയാത്മാവിൻ സ്വർണ്ണമുരുകി വാർന്നു
മഞ്ഞവെയിലായൊഴുകി വന്നൂ
എന്റെ കൊന്നയിലായിരം പൂ വിടർന്നു
എന്റെ മനസ്സിലും കുങ്കുമം തൂവുന്നു
സന്ധ്യ തൻ സ്വർണ്ണതാലം
ഉഷഃസന്ധ്യ തൻ സ്വർണ്ണതാലം

ഗാനശാഖ

ഇതിലേ ഈ സൗന്ദര്യതീരത്തിൽ

 

ഇതിലേ ഇതിലേ
ഇതിലേ ഈ സൗന്ദര്യതീരത്തിലുല്ലാസ
പഥികയായിതിലേ വരൂ
ഇളകും വനശ്രീ തൻ അളകങ്ങളിൽ സ്വർണ്ണ
ശലഭങ്ങളായി പരന്നു വരൂ

പറയാത്ത വാക്കിന്റെ പാദസരമണി
ച്ചിരി കേട്ടു നീയുണരൂ പാടിപ്പതിയാത്ത
പാട്ടിന്റെയേഴിതൾ പൂവിന്റെ
പരിമളം നീ നുകരൂ

എഴുതാത്ത കാവ്യത്തിൽ ഭാവസൗന്ദര്യങ്ങൾ
ഹൃദയമേ കണ്ടുണരൂ ആടി
ത്തളരാത്ത പാദങ്ങൾ താഴത്തെഴുതുന്ന
കളമൊന്നു കണ്ടുണരൂ

 

ഗാനശാഖ

മാന്തളിർ കൊണ്ട് മഞ്ചലൊരുക്കീ

 

മാന്തളിർ കൊണ്ട് മഞ്ചലൊരുക്കി
മാരനെയെതിരേറ്റു ഭൂമി കന്യക
മാരനെയെതിരേറ്റു
താമരപ്പൂവൊളിതാലത്തിൽ വാസന
താംബൂലം നീട്ടി നിന്നൂ അവൾ
താഴം പൂ കോർത്തു മെടഞ്ഞൊരു താർ മെത്ത
താഴെ വിരിച്ചു നിന്നു

ആകാശമമ്പിളിപൊന്നാലില കുട
ആഹാ നിവർത്തി നിന്നൂ
ആതിര നക്ഷത്രദേവത ഭൂമിയെ
ആശീർവദിച്ചു നിന്നൂ
നീലക്കരിമ്പിന്റെ വില്ലു കുലച്ചവൻ
നീളെ മലരമ്പെയ്തു
പൂവുകളാൽ ശരശയ്യ വിരിച്ചതിൽ
ഭൂമി മയങ്ങി വീണു

ഗാനശാഖ

നീലക്കടലേ നീലക്കടലേ

 

നീലക്കടലേ നീലക്കടലേ
പകലെരിയും കനലിൽ നിന്നോ
പവിഴമണിക്കതിരിൽ നിന്നോ
നീയെനിക്കിന്നൊരു മുത്തു തന്നൂ

മുടിയിൽ ചൂടാനല്ലല്ലോ പൂമുത്ത്
മടിയിൽ വെയ്ക്കാനല്ലല്ലോ ഈ മുത്ത്
ഒരുവരുമിന്നറിയുകില്ലെൻ
കരളിലെഴും ചിമിഴിൽ വെച്ചാൽ

കുളിരും മഞ്ഞും വന്നല്ലോ മാനത്ത്
കടലും കാറ്റും പാടുന്നു താഴത്ത്
കളമൊഴിയാമൊരു കിളിയെൻ
കരളിലിന്ന് ചിറകടിച്ചൂ

ഗാനശാഖ

സ്വരങ്ങളേ സ്വപ്നങ്ങളേ

 

സ്വരങ്ങളേ സ്വപ്നങ്ങളേ
ഏഴു നിറമുള്ള സ്വരങ്ങളേ
ഏഴഴകുള്ളൊരെൻ സ്വപ്നങ്ങളേ

വിട പറഞ്ഞെങ്ങോ
മറഞ്ഞവർ നിങ്ങളെൻ
പടിവാതിൽ കടന്നു വന്നൂ ഇന്നെൻ
പടിവാതിൽ കടന്നു വിരുന്നു വന്നൂ

ആരോ കല്ലെറിഞ്നു ദൂരെപ്പറന്നു പോയൊ
രായിരം കിളികൾ തിരികെ വന്നൂ എന്റെ
പാഴ് മരച്ചില്ലയിൽ താണിരുന്നൂ
എന്റെ മനസ്സിന്റെ ആശാലതികയിൽ
എന്തെന്തു വർണ്ണജാലം
വാസന്ത വർണ്ണജാലം

ഗാനശാഖ