നാടകഗാനങ്ങൾ

കൂടപ്പിറപ്പായ മുള്ളിന്മുനയേറ്റ

 

കൂടപ്പിറപ്പായ മുള്ളിൻ മുനയേറ്റ
പൂവിന്റെ വേദന നീ അതിൻ
മൂകമാം രോദനം നീ

കൊത്തി നുറുക്കുക കൊത്തിനുറുക്കുക
ദുഃഖക്കനികളെ കാട്ടുപക്ഷീ
അഴിക്കൂട്ടിലകപ്പെട്ട പക്ഷീ
മൃത്യുവിൻ നീളും കറുത്ത കരം പോലെ
ചുറ്റുമിരുമ്പഴികൾ:

ഉഗ്രനിഷേധത്തെ ധിക്കരിച്ചീടുന്നൊ
രുജ്ജ്വല സത്യത്തിളക്കമല്ലേ അതിൻ
ആത്മദളങ്ങളിലഗ്നി
ദിക്കുകൾ താണ്ടി കൊടുങ്കാറ്റണയുന്ന
ശബ്ദമിരമ്പിടുന്നു

ആത്മാവിൽ സ്വർഗ്ഗീയപുഷ്പങ്ങൾ

 

ആത്മാവിൽ  സ്വർഗ്ഗീയപുഷ്പങ്ങൾ ചൂടി
ആന്റിഗണിയിതാ ആന്റിഗണി
ഒരു ലില്ലിപ്പൂവിന്റെ വെണ്മയായ് ശുദ്ധിയായ്
ചുടുചോരക്കലിയാർന്ന പടനിലത്തിൽ

നിർഭയം നിന്റെ ദുരന്തകവാടത്തിൽ
നില്പൂ നീയേകയായ്
സ്വന്തരക്തത്തെ തിരിച്ചറിഞ്ഞീടുവ
തെന്നുമേ ജന്മസാഫല്യം

നിശ്ശബ്ദം നീയിങ്ങൊരു ബലിപുഷ്പമായ്
ഞെട്ടറ്റു വീഴുകിൽ പോലും
നിൻ മനസ്സാക്ഷി തൻ മൗനനിമന്ത്രണം
നിന്നെ നയിക്കട്ടെയെന്നും,

കല്യാണി കളവാണി നിൻ കിനാവിലെ

കല്യാണി കളവാണി
നിൻ കിനാവിലെ നിത്യ
കല്യാണിമുല്ലയ്ക്കും സ്വയം വരമോ
കല്യാണച്ചെറുക്കനായ് വന്നണയുവതാരോ
കണ്ണനോ കാർ വർണ്ണനോ

നീലക്കടമ്പിന്റെ നിറമാണോ
പാലൊത്ത പുഞ്ചിരി ചൊടിയിലുണ്ടോ
മഞ്ഞപ്പൂന്തുകിലുണ്ടോ
മഞ്ചാടിമാലയുണ്ടോ
നെഞ്ചിലൊരാൺ കുയിൽ പാടുന്നുണ്ടോ

കണ്ണുകൾ തേടുമക്കണ്ണനാരോ
വിണ്ണിലെ താരത്തിൻ കളിത്തോഴനോ
വർണ്ണരാജികൾ പൂക്കും വാനിൻ താഴ്വാരത്തെ
സങ്കലപരാജകുമാരനാണോ

പറയാമൊഴി തൻ

 

പറയാമൊഴി തൻ മണിച്ചെപ്പിൽ ഞാനെന്റെ
കരളിലെ മോഹങ്ങൾ ഒളിച്ചു വെച്ചൂ
അറിഞ്ഞുവെന്നോ നീയതറിഞ്ഞുവെന്നോ
അരുമപ്പെൺകിടാവേ

മാത്രകൾ കടന്നു പോം കാല്‍പ്പെരുമാറ്റമോ
കേൾപ്പൂ നാഴികമണിയിൽ
ഹൃദയമിടിപ്പിൻ രാവിൻ മൗനം
മുറിയുന്നു ഞാൻ മൂകസാക്ഷി

നേർത്ത സുഗന്ധമായ് പൂവിൻ മൊഴികളോ
കാറ്റിൽ പാറി വരുന്നൂ
നട കൊളുത്തുന്നൂ പാവം പഥികൻ
തളരുന്നു താരകൾ സാക്ഷി

ഈ മരുഭൂവിലിത്തിരി

 

ഈ മരുഭൂമിയിലിത്തിരി സ്നേഹത്തിൻ
ഈന്തല്‍പ്പഴ നിഴലുണ്ടോ
കാരുണ്യമോ വെറും കാനൽ ജലം
കാണെക്കാണെയതകലുന്നു
ആരെ കഴൽ നൊന്തുയിർ നൊന്തു കേഴുന്നൂ

അമ്മിഞ്ഞപ്പാലിൻ മധുരിമയും
അന്യമായ് തീരും പൊഞ്ചോമനകൾ
കേഴുമീ വാഴ്വിന്റെ താഴ്വരയി;
കേവലസാക്ഷിയായ് നില്പൂ കാലൻ
കാലം കിഴവനാം കാലം

പൊന്നോണവും വിഷുസംക്രമവും
ഒന്നുമോരാതെ വളർന്നിടുവോർ
വേനൽക്കിനാക്കളിൽ കണ്ടു മായും
സ്നേഹത്തിൻ ശീതളച്ഛായയെങ്ങോ
എങ്ങോ ഇനിയുമതെങ്ങോ

അന്തിക്കു ചന്തയിൽ

 

അന്തിക്കു ചന്തയിൽ ചൂടി വിൽക്കാൻ വന്ന
ചന്തമെഴും ചെറുബാല്യക്കാരീ
മുൻപിൽ നീയെത്തുമ്പോ ഖൽബിന്റെ മാനത്തെ
അമ്പിളിക്കലമാനിറങ്ങി വന്നു എന്റെ
കണ്മുൻപിലമ്പൊടു തുള്ളി നിന്നൂ

തലയിലെ തട്ടം പൊന്നൊളിചിന്നിയിളകുമ്പോ
കവിളിലെ കരിമറുക് തെളിയുമ്പോ
വിടരും ചെഞ്ചൊടിയിൽ നിന്നൊരു പിടി കുറുമുല്ല
പുതുപൂക്കൾ ഞെടിയറ്റുതിർന്നല്ലോ
എന്റെ പൊന്നമ്പിളീ എന്ന് ഞാനറിയാതെ
നിന്നെ വിളിച്ചല്ലോ

ചമയങ്ങളെല്ലാം കഴിഞ്ഞു

 

ചമയങ്ങളെല്ലാം കഴിഞ്ഞു ഇനി
യവനിക മെല്ലെയുയർത്താം
തെളിയും വിളക്കിതു സാക്ഷി
നമുക്കിനിയും കഥയൊന്നു പറയാം

കഥകൾ നരേതിഹാസങ്ങൾ ഈ
ഘടികാരം ഇതിഹാസ സാക്ഷി അതിൻ
ഹൃദയം തുടിപ്പതു കേൾക്കാം
മന്ദ്രമധുരമാം പെൻഡുല താളം
പഥികരേ നിങ്ങൾ: കാതോർക്കൂ
സ്വന്തം ഹൃദയമിടിപ്പിതിൽ കേൾക്കൂ

ചമയങ്ങളെല്ലാം കഴിഞ്ഞു ഇതാ
യവനിക ഉയരുകയായീ
കളിവിളക്കിത് സാക്ഷി നമ്മെ നമ്മൾ
കഥയിൽ പകർത്തുകയായീ

തേരിതു പായുന്നു

 

തേരിതു പായുന്നു
തേരിതു പായുന്നു നശ്വരമാകും
ദേഹമാം തേരിതു പായുന്നു
അഞ്ചിതശോഭമിത്തേരിൽ ആത്മാവെന്ന
സഞ്ചാരിയാണല്ലോ

തേരാളിയെവിടെ എവിടെ ബോധ
ചേതന തേർ തെളിക്കുന്നു
അഞ്ചിന്ദ്രിയങ്ങൾ അതിരയം പായുന്നു
പഞ്ചകല്യാണിക്കുതിരകളായി
ഖുരപതനധ്വനിതാളം മൺ
തരിയിലും മുഖരിതമാകുന്നു

പോകുവതെവിടെ എവിടെ സ്വപ്ന
ഭൂമികൾ ദൂരെയാണെന്നോ
ചഞ്ചലചപലം മനമെന്ന കടിഞ്ഞാണിൻ
ബന്ധങ്ങളെന്തേ തകരുകയായീ
രഥതുരഗങ്ങളൊടാരാരോ പിൻ
തിരിയുവിൻ എന്നരുളുന്നു

ആരോമലാകുമീയാരാമപുഷ്പത്തെ

 

ആരോമലാകുമീയാരാമ പുഷ്പത്തെ
ആമിനയെന്നു വിളിച്ചോട്ടെ എന്റെ
ആമിനയെന്ന് വിളിച്ചോട്ടെ
ആരും കൊതിക്കുമീ ചെമ്പനീർപ്പൂവിനെ
മാറോടണച്ചോട്ടെ

ഷാലിമലർ പൂന്തോപ്പിലല്ലാ ദൂരെ
ശാരോൺ മലയിലുമല്ലാ
നാലുകെട്ടിന്റെ നടുമലർ മുറ്റത്തെൻ
നാണക്കുരുന്നിനെ കണ്ടു എന്റെ
നാണക്കുരുന്നിനെ കണ്ടു

കാതിലടക്കം പറഞ്ഞു നിന്നെ
കാണാതിരിക്കുവാൻ വയ്യാ
ഓടിപ്പോവാതെയീ ഓമനച്ചന്തത്തെ
താലിച്ചരടിൽ ഞാൻ കെട്ടും പൊന്നും
താലിച്ചരടിൽ ഞാൻ കെട്ടും

പ്രിയമെഴുമെൻ

പ്രിയമെഴുമെൻ ലതാസഖികളേ നിങ്ങൾക്ക്
തെളിനീർ പകർന്നു ഞാൻ പാടാം
വളരേണം നിങ്ങൾ വളരേണം
തളിരിട്ടു പൂവിട്ടു വളരേണം

അരുമയാമെൻ പ്രേമലതികയിലും ഇന്ന്
കിരുകിരെയൊരു കുഞ്ഞു പൂവുണരും
ഒരു കിളി തൂവൽ കുടഞ്ഞുണരും പോലെ
ഇതളിതളായത് വിടരും
വിടരും വിടരും
ഒരു സുഖനൊമ്പരം
പുണരുമീ നമ്മെപ്പുണരും

പ്രിയതമ നിന്നോടല്ലാതിനിയാരോട്
പറയുവാൻ മധുരമാമീ രഹസ്യം
ഉയിരിൽ നിന്നുയിരിലേയ്ക്കെന്നെന്നുമീയാത്മ
പുളകത്തിൻ വാഹിനിയൊഴുകും
ഒഴുകും ഒഴുകും
ഒരു സ്വർഗ്ഗസംഗീതം
ഒഴുകുമീ പ്രാണനിലൂടെ